ഭാരതം സ്വാതന്ത്ര്യത്തിൻ്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. ആ സമയം അമ്മ വിദേശത്തായിരുന്നു.

ഓരോ വിമാനത്തില്‍ കയറുമ്പോഴും അതില്‍ പേപ്പറുകള്‍ കിട്ടും. അവ വായിച്ചിട്ടു്, മക്കള്‍ വിഷമത്തോടെ പറയും, അമ്മേ, ഭാരതത്തെക്കുറിച്ചു് എഴുതിയിരിക്കുന്നതു കണ്ടോ? ഒരു പുരോഗതിയുമില്ല. പട്ടിണിയാണു്. മലിനീകരണമാണു്. അങ്ങനെ ഓരോരോ പ്രശ്‌നം എടുത്തെടുത്തു് എഴുതിയിരിക്കുന്നു.
ഓരോ മൂന്നു ദിവസം കഴിയുമ്പോഴും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയാണു്. ഈ സമയത്തെല്ലാം വിമാനത്തില്‍ കിട്ടുന്ന പത്രങ്ങളില്‍, ഭാരതത്തെ കുറ്റപ്പെടുത്തിയുള്ള വാര്‍ത്തകള്‍ മാത്രം. ആരും നന്നായി എഴുതിക്കണ്ടില്ല.
അവസാനം യൂറോപ്പില്‍ വന്നപ്പോള്‍ ഒരു പത്രത്തില്‍ കണ്ടു, ‘അവരില്‍ ഉയര്‍ച്ചയില്ല എന്നു പറയുവാന്‍ കഴിയില്ല; സ്വാതന്ത്ര്യം കിട്ടിയ നാള്‍വച്ചു നോക്കുമ്പോള്‍ അല്പം പുരോഗതി കാണുവാനുണ്ടു്’ എന്നു്. എത്രയോ ദിവസങ്ങള്‍ക്കു ശേഷമാണു ഇങ്ങനെയെങ്കിലും കാണുവാന്‍ കഴിഞ്ഞതു്. അതിനാല്‍, സ്വാതന്ത്ര്യത്തിൻ്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മള്‍ എന്താണു ചെയ്യേണ്ടതു്?
മക്കള്‍, പുകവലിക്കുന്നവര്‍ അതു് ഉപേക്ഷിക്കുമെന്നു പ്രതിജ്ഞ എടുക്കണം. മദ്യപിക്കുന്നവര്‍ അതു് ഉപേക്ഷിക്കും എന്നു തീരുമാനിക്കണം. അങ്ങനെ ചെറുപ്പക്കാരായ മക്കള്‍ ഒന്നിച്ചുകൂടി അനാവശ്യ കാര്യങ്ങള്‍ക്കു വിനിയോഗിക്കുന്ന പണം സ്വരൂപിച്ചാല്‍ അതുകൊണ്ടു ഗ്രാമങ്ങളിലെ കുടിലുകള്‍ മാറ്റി വീടുവച്ചുകൊടുക്കാം.
പണമില്ലാതെ വിദ്യാഭ്യാസം നിര്‍ത്തേണ്ടി വന്ന സാധുക്കുട്ടികള്‍ക്കു ഫീസു കൊടുത്തു പഠിപ്പിക്കാം. ചെറുപ്പക്കാരായ മക്കള്‍ക്കു ഗ്രാമങ്ങളിലെ ഓടകളും മറ്റും വൃത്തിയാക്കി ഗ്രാമാന്തരീക്ഷത്തെ മലിനീകരണത്തില്‍ നിന്നും മുക്തമാക്കാം. ഇങ്ങനെ ഓരോരുത്തരും ശ്രമിച്ചാല്‍, നമ്മുടെ ഭാരതം ഐശ്വര്യ പൂര്‍ണ്ണമാകും. ഭൂമിതന്നെ നമുക്കു സ്വര്‍ഗ്ഗമാക്കി മാറ്റുവാന്‍ കഴിയും.
നമ്മുടെ രാജ്യത്തുള്ള പണക്കാരായ മക്കള്‍ വിചാരിച്ചാല്‍ ശേഷിക്കുന്നവരെ രക്ഷിക്കാം. എന്നാല്‍ ഇന്നതിനു് ആരും ശ്രമിച്ചു കാണുന്നില്ല. അതിനാല്‍ മക്കള്‍ മുന്‍കൈയെടുത്തു ശ്രമിക്കണം. മുന്‍പു പറഞ്ഞതുപോലെ ഫലാകാംക്ഷ വിട്ടു പ്രവര്‍ത്തിക്കുവാന്‍ മക്കള്‍ തയ്യാറാകണം.
ഇതിനര്‍ത്ഥം എല്ലാം വേണ്ടെന്നു വയ്ക്കണമെന്നല്ല. ആവശ്യത്തിനു കഴിക്കുക. ആവശ്യത്തിനു സംസാരിക്കുക. ആവശ്യത്തിനു് ഉറങ്ങുക. മറിച്ചു് ഇവയൊക്കെ ആവശ്യത്തിലധികമായാല്‍ സ്വാര്‍ത്ഥതയെന്നു പറയും.
മദ്യപാനവും പുകവലിയും ആനന്ദത്തിനു വേണ്ടിയാണെന്നു പറയും. എന്നാല്‍ യഥാര്‍ത്ഥ ആനന്ദം ഉള്ളിലാണു്. ബാഹ്യവസ്തുക്കളിലല്ല. ഇതു മനസ്സിലാക്കുമ്പോള്‍ അവയിലേക്കുള്ള ആസക്തി താനേ പോകും. ആ പണം സാധുക്കള്‍ക്കു വേണ്ടി മാറ്റിവയ്ക്കാന്‍ കഴിയും.
നേരത്തെ പറഞ്ഞ കൃപയ്ക്കും കാരുണ്യത്തിനും നമുക്കു പാത്രമാകുവാന്‍ കഴിയും. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കു സഹായകമാവും. മറ്റു രാജ്യക്കാര്‍ക്കു് ഇനിയെങ്കിലും നമ്മളെ കുറ്റപ്പെടുത്തി പേപ്പറിലെഴുതാനുള്ള അവസരം മക്കള്‍ സൃഷ്ടിക്കരുതു്. ആ ഒരു പ്രതിജ്ഞയാണു് ഇന്നു മക്കള്‍ എടുക്കേണ്ടതു്.
ജന്മദിനാഘോഷങ്ങളില്‍ ഒന്നും അമ്മയ്ക്കു താത്പര്യമില്ല. മക്കള്‍ മക്കളുടെ ജന്മോദ്ദേശ്യം മനസ്സിലാക്കുക. അതാണു വേണ്ടതു്. അതിനു് ആരെങ്കിലും തയ്യാറായാല്‍ അതാണു് അമ്മയ്ക്കു് ഏതൊരാഘോഷത്തെക്കാളും ആനന്ദം പകരുന്നതു്. അമ്മയുടെ അടുത്തുവന്ന പല മക്കളും ത്യാഗജീവിതം നയിക്കുവാന്‍ തയ്യാറായി.
പല മക്കളും കുടി നിര്‍ത്തി. അവരുടെ ആഡംബര ജീവിതം നിര്‍ത്തി. ഇതിൻ്റെയൊക്കെ ഫലമായി ചുരുങ്ങിയ നാളിനുള്ളില്‍ ഇത്രയൊക്കെ സേവ ചെയ്യുവാന്‍ നമുക്കു ഭാഗ്യമുണ്ടായി. ഇതുപോലെ അമ്മയുടെ എല്ലാ മക്കളും വിചാരിച്ചാല്‍ ഭൂമി തന്നെ സ്വര്‍ഗ്ഗമാക്കാന്‍ പറ്റും. അതിനുള്ള മനസ്സു് എല്ലാവരിലും ഉണ്ടാകട്ടെ.

Download Amma App and stay connected to Amma