പരസ്പരം സ്നേഹിക്കുവാനും സേവിക്കുവാനും ക്ഷമിക്കുവാനും സഹിക്കുവാനും കരുണാപൂര്‍വ്വം പെരുമാറാനും പഠിപ്പിക്കുന്ന ജീവിത രഹസ്യമാണു മതം.

അദ്വൈതം അനുഭവമാണു്. എങ്കിലും അതു നിത്യജീവിതത്തില്‍ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും രൂപത്തില്‍ പ്രകാശിപ്പിക്കാം. ഈ മഹത്തായ പാഠമാണു സനാതന ധര്‍മ്മത്തിൻ്റെ ഗുരുക്കന്മാരായ ഋഷീശ്വരന്മാരും മഹാത്മാക്കളും നമ്മെ പഠിപ്പിക്കുന്നതു്.
നാം മറന്നുപോയ മതത്തിൻ്റെ ഭാഷ കാരുണ്യത്തിൻ്റെ ഭാഷയാണു്. മതം പഠിപ്പിക്കുന്ന സ്നേഹത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും ഭാഷ നമ്മള്‍ മറന്നു പോയിരിക്കുന്നു. ഇന്നു ലോകത്തില്‍ക്കാണുന്ന സകലപ്രശ്‌നങ്ങളുടെയും അടിസ്ഥാനകാരണം, സ്നേഹവും കാരുണ്യവുമില്ലായ്മയാണു്.
വ്യക്തിജീവിതങ്ങളിലെ പ്രശ്‌നങ്ങള്‍, രാഷ്ട്രത്തിൻ്റെ പ്രശ്‌നങ്ങള്‍ എന്തിനധികം! ലോകത്തിൻ്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം മതം ഉപദേശിക്കുന്ന സ്നേഹവും കാരുണ്യവും നമുക്കു് ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ പോയതാണു്. ഊണും ഉറക്കവുംപോലെ മതം നമ്മുടെ ജീവിതത്തിൻ്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭാഗമാകണം.
മതത്തിനു് ഒരു പുതുജീവന്‍ ഇന്നാവശ്യമാണു്. അതിന്നു് ഒരു പുതുജീവനും ഓജസ്സും നല്‌കേണ്ടതുണ്ടു്. എന്നാല്‍ മാത്രമേ കാരുണ്യവും സ്നേഹവും നമ്മുടെ ഹൃദയത്തില്‍ ഉണരുകയുള്ളൂ; സ്നേഹവും കാരണ്യവും മാത്രമേ അന്ധകാരത്തെ അകറ്റി പ്രകാശവും പരിശുദ്ധിയും ലോകത്തില്‍ പരത്തുകയുള്ളൂ.
സ്നേഹം എല്ലായിടത്തുമുണ്ടു്. എന്നാല്‍ ലോകത്തില്‍ക്കാണുന്ന എല്ലാ സ്നേഹവും യഥാര്‍ത്ഥസ്നേഹമല്ല. നാം നമ്മുടെ വീട്ടുകാരെ സ്നേഹിക്കുന്നു. എന്നാല്‍ അയല്‍വാസിയെ അതുപോലെ സ്നേഹിക്കുന്നില്ല. നമ്മുടെ മകനെയോ മകളെയോ സ്നേഹിക്കുന്നു. അതുപോലെ മറ്റു കുട്ടികളെ സ്നേഹിക്കാന്‍ നാം തയ്യാറാകുന്നില്ല. നമ്മുടെ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കുന്നില്ല.
നമ്മുടെ മതത്തെ നാം സ്നേഹിക്കുന്നു. മറ്റുള്ള മതങ്ങളെ സ്നേഹിക്കുന്നില്ല. നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നതുപോലെ മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നില്ല മാത്രമല്ല, നാം മറ്റു രാജ്യങ്ങളിലുള്ളവരോടു വിരോധം പുലര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ നമ്മുടെതു് യഥാര്‍ത്ഥ സ്നേഹമല്ല; പരിമിതമായ മമതയാണു്. പരിമിതവും ഇടുങ്ങിയതുമായ ഈ മമതയെ ദിവ്യമായ പ്രേമമാക്കി മാറ്റുക എന്നതാണു് ആദ്ധ്യത്മികതയുടെ ലക്ഷ്യം.