ഭാരതത്തിൻ്റെ സ്വത്തു് സ്നേഹമാണു്. ജീവിതത്തിൻ്റെ അടിസ്ഥാനമാണു് സ്നേഹം.

ഇന്നു നമ്മള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവും ആയ പ്രശ്‌നങ്ങളില്‍ തൊണ്ണൂറു ശതമാനവും കഴിഞ്ഞകാല ദുഃഖങ്ങളില്‍നിന്നും വേദനകളില്‍നിന്നും ഉണ്ടായിട്ടുള്ളതാണു്. ഇങ്ങനെയുള്ള ഉണങ്ങാത്ത അനവധി മുറിവുകളുമായിട്ടാണു് ഓരോരുത്തരും ഇന്നു നടക്കുന്നതു്.

ഇത്തരം മുറിവുകള്‍ ഉണക്കാന്‍ വൈദ്യശാസ്ത്ര രംഗത്തു് ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇതിനൊരു ഒറ്റമൂലിയുണ്ടു്. പരസ്പരം ഹൃദയം തുറക്കുക. വികാരവിചാരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക. ഒരാളുടെ കുറവറിഞ്ഞു നികത്തുവാനായിരിക്കണം അന്യൻ്റെ ശ്രമം.

മക്കളേ, പരസ്പരം വിശ്വാസവും പ്രേമവും വര്‍ദ്ധിക്കുമ്പോള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ കുറയും. സ്നേഹമാണു ജീവിതത്തിൻ്റെ അടിസ്ഥാനം. അറിഞ്ഞോ അറിയാതെയോ നാം ഇതിനെ അവഗണിക്കുന്നതാണു് ഇന്നുള്ള സകല പ്രശ്‌നങ്ങള്‍ക്കും കാരണം.

ശരീരത്തിനു വളരാന്‍ ഭക്ഷണമാണു വേണ്ടതെങ്കില്‍ ആത്മാവിനു വളരാന്‍ വേണ്ടതു പ്രേമമാണു്. മുലപ്പാലിനു നല്കുവാനാവാത്ത ശക്തിയും വീര്യവും സ്നേഹത്തിനു നല്കുവാന്‍ കഴിയും. അതിനാല്‍ മക്കള്‍ പരസ്പരം സ്നേഹിച്ചു് ഒന്നായിത്തീരണം. അതാണു് അമ്മയുടെ ആഗ്രഹം. ഈ ഒരാദര്‍ശമാണു മക്കള്‍ വളര്‍ത്തിയെടുക്കേണ്ടതു്.