ഒരാളുടെ ദേഷ്യംകൊണ്ടും അവിവേകം കൊണ്ടുമുള്ള ദോഷം ബാലന്‍സു ചെയ്യുന്നതു്, മറ്റൊരാളുടെ ക്ഷമയും വിനയവും ശാന്തതയുംകൊണ്ടാണു്.

ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരേ സ്വഭാവക്കാര്‍ ആയിരിക്കണമെന്നില്ല. എടുത്തുചാട്ടക്കാരനും അവിവേകിയും മുന്‍കോപിയും ആയ ഒരാള്‍ അവിടെയുണ്ടാകാം. എന്നാല്‍ അതേ കുടുംബത്തില്‍ത്തന്നെ സാത്ത്വികനും ശാന്തനും വിവേക പൂര്‍വ്വം ആലോചിച്ചു ശ്രദ്ധയോടുകൂടി കര്‍മ്മങ്ങള്‍ ചെയ്യുന്നവനുമായ ഒരാളുണ്ടായെന്നും വരാം.

ഇവരില്‍ ആരായിരിക്കും ആ കുടുംബത്തില്‍ ഐക്യവും താളലയവും നിലനിര്‍ത്തുന്നതു്? തീര്‍ച്ചയായും രണ്ടാമത്തെ ആള്‍തന്നെയാണു്. അദ്ദേഹത്തിൻ്റെ വിവേകവും വിനയവും ക്ഷമയുമാണു് ആ കുടുംബത്തെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുന്നതു്. മുന്‍കോപിയും അവിവേകിയും ആയവന്‍ മാത്രമാണു് അവിടെ ഉണ്ടായിരുന്നെങ്കില്‍ ആ കുടുംബം എന്നേ നശിച്ചുപോയേനേ.

അതുപോലെ ഈ ലോകകുടുംബത്തിൻ്റെ ഐക്യവും താളലയവും നിലനിര്‍ത്തുന്നതു മഹാത്മാക്കളാണു്, ഗുരുക്കന്മാരാണു്. അവരുടെ ക്ഷമയും സഹനശക്തിയും വിവേകവും സ്നേഹവും കാരുണ്യവുമാണു ലോകത്തെ നിലനിര്‍ത്തുന്നതു്. അല്ലെങ്കില്‍ ഇതെല്ലാം എന്നേ നശിച്ചു നാമവശേഷമായേനെ!

മതത്തിൻ്റെ അന്തഃസത്ത മനസ്സിലാക്കി വിവേകബുദ്ധിയോടും ശാന്തതയോടുംകൂടി പെരുമാറുന്ന ഒരംഗമെങ്കിലം ഒരു കുടുംബത്തിലുണ്ടായാല്‍ ഈ ലോകത്തിൻ്റെതന്നെ മുഖച്ഛായ മാറ്റുവാന്‍ സാധിക്കും. ഈ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ മതതത്ത്വങ്ങള്‍ക്കു മാത്രമേ കഴിയൂ.

മതത്തിൻ്റെ യഥാര്‍ത്ഥാദര്‍ശം ഉള്‍ക്കൊണ്ടാല്‍ അന്യരുടെ ദുഃഖം നമ്മുടെ ദുഃഖമായി മാറുന്നു. അന്യൻ്റെ സന്തോഷം നമ്മുടെ സന്തോഷമായി തീരുന്നു; ഹൃദയത്തില്‍ കാരുണ്യം ഉണരുന്നു; മറ്റുള്ളവരുടെ കഷ്ടപ്പാടും വേദനയും അറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നു. ആത്മാവിൻ്റെ ഏകത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ മാത്രമേ മറ്റുള്ളവരോടു പൂര്‍ണ്ണമായ കാരുണ്യവും സ്നേഹവും തോന്നുകയുള്ളൂ. അതാണു മതത്തിൻ്റെ ലക്ഷ്യം.