‘എൻ്റെ മതമാണു വലുതു്’ എന്നു ഒരാള്‍. ‘അല്ലാ, എൻ്റെ മതമാണു വലുതു്’ എന്നു മറ്റൊരാള്‍. ഈ ബഹളം തുടരുകയാണു്. മതം മത്സര വേദിയായി തീര്‍ന്നിരിക്കുന്നു.

ഇടുങ്ങിയ മനഃസ്ഥിതിയും അസൂയയും കാരണം മതത്തിൻ്റെ യഥാര്‍ത്ഥ തത്ത്വവും സന്ദേശവും ജനങ്ങള്‍ക്കു് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മതത്തിൻ്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വളരുന്ന കലഹങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും കാണുമ്പോള്‍ അമ്മയ്ക്കു് ഒരു കഥ ഓര്‍മ്മ വരുകയാണു്.

ഒരു ആശുപത്രിയിലെ രണ്ടു വാര്‍ഡുകളില്‍ രോഗം വര്‍ദ്ധിച്ചു വേദന കൊണ്ടു പിടയുന്ന രണ്ടു രോഗികള്‍ കിടക്കുകയാണു്. അവര്‍ക്കു വേണ്ടി മരുന്നു വാങ്ങി അവരുടെ ബന്ധുക്കള്‍ തിരിയെ വരുകയായിരുന്നു. ഒരാളിനു തെക്കു ഭാഗത്തുള്ള വാര്‍ഡിലേക്കും മറ്റെയാളിനു വടക്കു ഭാഗത്തുള്ള വാര്‍ഡിലേക്കുമാണു പോകേണ്ടതു്. 

ഇടവഴിയില്‍ ഒരു ഭാഗത്തുവച്ചു് അവര്‍ കണ്ടുമുട്ടി. ഒരുസമയത്തു് ഒരാളിനു മാത്രം കഷ്ടിച്ചു കടന്നുപോകാന്‍ പറ്റുന്ന വിധമായിരുന്നു ആ വാതില്‍. വഴി മാറി കൊടുക്കാന്‍ രണ്ടു പേരും തയ്യാറായില്ല. ‘എനിക്കാദ്യം പോകണം; നീ പിന്നെപ്പോയാല്‍ മതി’ എന്നാണു് ഇരുകൂട്ടരുടെയും  ഭാവം. വഴക്കും വാഗ്വാദവുമായി, അവസാനം കൈയേറ്റത്തില്‍ അവസാനിച്ചു.

പാവം രോഗികള്‍ വേദന കൊണ്ടു പിടഞ്ഞു പിടഞ്ഞു് ഉറക്കെ നിലവിളിക്കുകയാണു്. അപ്പോഴും മത്സര ബുദ്ധി കൊണ്ടു മദം മൂത്തു് അന്ധരായ ബന്ധുക്കള്‍ മരുന്നും കൈയില്‍ പിടിച്ചു തമ്മിലടിച്ചു കൊണ്ടിരുന്നു.

മതാനുയായികള്‍ പലപ്പോഴും ഈ ബന്ധുക്കളെ അനുകരിക്കുന്നതു നമുക്കു് ഇന്നു കാണാം. മതഭ്രാന്തു പിടിച്ചു് അന്ധരായ ഇവര്‍ മതത്തിൻ്റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാക്കുന്നില്ല. ഈശ്വരനിലേക്കു് അടുക്കുന്നതിനു പകരം ഇവര്‍ ഈശ്വരനില്‍ നിന്നു് അകലുകയാണു ചെയ്യുന്നതു്. സ്വയം അധഃപതിക്കുകയാണു ചെയ്യുന്നതു്. 

അന്ധമായ മദമാത്സര്യങ്ങള്‍ മൂലം പരസ്പരം സഹിക്കുവാനോ, ക്ഷമിക്കുവാനോ മനുഷ്യന്‍ തയ്യാറാകുന്നില്ല. സ്നേഹിക്കുവാനുള്ള കഴിവു് ഇന്നു മനുഷ്യനു പാടേ നഷ്ടപ്പെട്ടിരിക്കുന്നു.