”നീ ലോകത്തില്‍ ജീവിക്കൂ, ജോലി ചെയ്തുകൊള്ളൂ, സുഖങ്ങള്‍ അനുഭവിച്ചുകൊള്ളൂ; എന്നാല്‍ ഒരു കാര്യം ഉള്ളില്‍ എപ്പോഴും ഓര്‍ക്കണം സമ്പാദിക്കലും തേടലും കരുതി വയ്ക്കലും എല്ലാം കഷണ്ടിത്തലയ്ക്കു ചീപ്പു ശേഖരിച്ചു വയ്ക്കുന്നതു പോലെയേ ഉള്ളൂ.

ഇതിന്നര്‍ത്ഥം ലോകമെല്ലാം ഉപേക്ഷിച്ചു കാട്ടില്‍ പോയി കണ്ണടച്ചിരിക്കണം എന്നാണോ എന്നു മക്കള്‍ ചോദിക്കാം. അല്ല. ലോകം ഉപേക്ഷിക്കണം എന്നില്ല. എന്നാല്‍ അലസതയും തമസ്സും പാടില്ല. ഏതു കാലത്തു ജീവിച്ചാലും എങ്ങനെ ജീവിച്ചാലും സമയമാകുമ്പോള്‍ മരണം വന്നെത്തും.
നമുക്കുള്ളതെല്ലാം ഒറ്റയടിക്കു് അപഹരിച്ചു് അതു നമ്മളെ പരാജയപ്പെടുത്തും. എല്ലാം ഇട്ടിട്ടു നമുക്കു പോകേണ്ടി വരും. നാം നേടിയതും സമ്പാദിച്ചതും സ്വന്തക്കാരെന്നു നിനച്ചതും ഒന്നും നമുക്കു സഹായത്തിന് എത്തുകയില്ല. അതുകൊണ്ടു്, മതം പറയുന്നു ”ഈ ജീവിതത്തിൻ്റെ ലക്ഷ്യം ശരീരത്തെ സംരക്ഷിക്കലും പോഷിപ്പിക്കലും മാത്രമല്ല; നിൻ്റെ ആത്മസ്വരൂപമായ പൂര്‍ണ്ണതയിലേക്കുയരുക എന്നതു കൂടിയാണു്.”
ലോകത്തിൻ്റെ നശ്വരസ്വഭാവം മനസ്സിലാക്കി ജീവിക്കുന്ന ഒരാളിനു പ്രതിസന്ധികളെ നേരിടേണ്ടി വരുമ്പോള്‍ തളരാതെ, ആത്മധൈര്യം കൈവിടാതെ സന്തോഷപൂര്‍വ്വം ജീവിതത്തെ പുല്കുവാന് സാധിക്കും. നീന്തലറിയാത്ത ഒരുവനു കടലിലെ തിരമാലകളെ നേരിടുവാന്‍ പ്രയാസമാണു്. ശക്തമായ തിരകള്‍ അയാളെ മറിച്ചിട്ടുവെന്നും വരാം. ചിലപ്പോള്‍ അയാള്‍ മുങ്ങിമരിച്ചെന്നും വരാം.
നേരെ മറിച്ചു്, നീന്തല്‍ പഠിച്ച ഒരുവനു തിരമാലകളില്‍ കളിച്ചു രസിക്കുന്നതു് ആനന്ദകരമായ ഒരനുഭവമാണു്. തിരമാലകള്‍ക്കു് അവനെ കീഴടക്കാനാവില്ല. അതു പോലെ ലോക സുഖങ്ങളുടെ അസ്ഥിരത മനസ്സിലാക്കി ജീവിക്കുന്ന ഒരുവനു ജീവിതത്തിലെ വൈരുദ്ധ്യങ്ങള്‍, ആനന്ദ പൂര്‍ണ്ണമായ ഒരു ലീലയായി അനുഭവപ്പെടുന്നു. അനുകൂലവും പ്രതികൂലവുമായ ജീവിത അനുഭവങ്ങളെ അവന് പുഞ്ചിരിച്ചു കൊണ്ടു് സമദൃഷ്ടിയോടെ സ്വാഗതം ചെയ്യും.
എന്നാല്‍ ഈ തത്ത്വം ഉള്‍ക്കൊള്ളാത്തവനു ജീവിതം താങ്ങാനാവാത്ത ഭാരമായിരിക്കും, സദാ ദുഃഖപൂര്ണ്ണമായിരിക്കും. മതം ജീവിത പ്രതിസന്ധികളെ സമചിത്തതയോടും ശാന്തിയോടും നേരിടുവാനുള്ള ശക്തിയും ധൈര്യവും നല്കുന്നു. ജീവിതത്തെ സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ, ഉത്സാഹത്തോടെ പുണരുവാന്‍ മതം മനുഷ്യനു വഴിയൊരുക്കുന്നു. മതതത്ത്വങ്ങള്‍ നല്ലതുപോലെ ഉള്‍ക്കൊണ്ടു ജീവിക്കുന്ന ഒരുവനു ജീവിതം, നിഷ്കളങ്കനായ ഒരു കുട്ടിയുടെ കേളിപോലെ ആനന്ദ പൂര്‍ണ്ണമായിരിക്കും.

Download Amma App and stay connected to Amma