മറ്റുള്ളവരുടെ ദുഃഖങ്ങള്‍ അറിഞ്ഞു് അവരുടെ ഹൃദയം പങ്കിടുന്ന ഒരു മനോഭാവമാണു നമുക്കുണ്ടാകേണ്ടതു്. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുകയാണു്.

ഒരു കടയുടെ മുന്നില്‍ ‘പട്ടിക്കുട്ടികളെ വില്ക്കുവാനുണ്ടു്’ എന്ന ബോര്‍ഡു കണ്ടു് ഒരു കുട്ടി അവിടേക്കു കയറിച്ചെന്നു. ഒരു പട്ടിക്കുഞ്ഞിനെ വാങ്ങണമെന്നു് അവനു് അതിയായ ആഗ്രഹം. വില ചോദിച്ചപ്പോള്‍ രണ്ടായിരം മുതല്‍ അയ്യായിരം വരെ വിലവരും എന്നു കടയുടമ പറഞ്ഞു, ”എൻ്റെ അടുത്തു് അത്രയും പൈസയില്ല. എന്തായാലും അവയെ ഒന്നു കാണുവാന്‍ സാധിക്കുമോ?” കുട്ടി ചോദിച്ചു, കുട്ടിയുടെ ആഗ്രഹം നിസ്സാരമായി തള്ളിക്കളയാന്‍ കഴിയാതെ കടയുടമ ഒരു വിസിലടിച്ചു.

ഒരു തള്ളപ്പട്ടിയും കുറെ പട്ടിക്കുഞ്ഞുങ്ങളും കടയുടെ ഉള്ളില്‍നിന്നു പുറത്തേക്കു വന്നു. പട്ടിക്കുഞ്ഞുങ്ങളെ കൗതുകത്തോടെ നോക്കിനിന്ന കുട്ടി ഏറ്റവും പിന്നിലായി ഞൊണ്ടി ഞൊണ്ടി വരുന്ന ഒരു പട്ടിക്കുഞ്ഞിനെ കണ്ടിട്ടു ചോദിച്ചു, ”അയ്യോ! അതിനെന്തുപറ്റി?” ”ജനിച്ചപ്പോഴേ അതിൻ്റെ ഒരു കാലിനു മുടന്തുണ്ടു്. വ്യത്യാസമുണ്ടാകില്ല എന്നാണു ഡോക്ടര്‍ പറഞ്ഞതു്” കടയുടമ പറഞ്ഞു.

ഞൊണ്ടി ഞൊണ്ടി വരുന്ന ആ പട്ടിക്കുഞ്ഞിനെ ദയനീയമായി നോക്കിക്കൊണ്ടു കുട്ടി ചോദിച്ചു, ”അതിനെ എനിക്കു വിലയ്ക്കു തരുമോ? പക്ഷേ മുഴുവന്‍ കാശും ഒന്നായി തരുവാന്‍ എനിക്കിപ്പോള്‍ ആവില്ല. കുറച്ചു പണം ഇപ്പോള്‍ തരാം. ബാക്കി മാസാമാസം തവണയായി അടച്ചു കൊള്ളാം.” ആശ്ചര്യത്തോടെ കുട്ടിയെ നോക്കിക്കൊണ്ടു കടയുടമ ചോദിച്ചു. ”എന്തിനാ കുഞ്ഞേ, നിനക്കീ മുടന്തന്‍ പട്ടിക്കുട്ടിയെ? നിന്നോടൊപ്പം ഓടിച്ചാടി കളിക്കാന്‍ അതിനു കഴിയില്ലല്ലോ. നല്ല മറ്റൊന്നിനെ വാങ്ങിക്കൂടേ?”

പക്ഷേ, കുട്ടി മുടന്തുള്ള പട്ടിക്കുഞ്ഞിനെത്തന്നെ വേണമെന്നു നിര്‍ബ്ബന്ധിച്ചു. അവസാനം കടക്കാരന്‍ പറഞ്ഞു, ”എങ്കില്‍ വില യൊന്നും തരണമെന്നില്ല. ഞാന്‍ നിനക്കതിനെ സൗജന്യമായി തന്നുകൊള്ളാം.” ”മറ്റു പട്ടിക്കുട്ടികള്‍ക്കുള്ള അതേ വില തന്നേ ഞാനതിനെ വാങ്ങൂ” എന്നു കുട്ടിയും വാശിപിടിച്ചു.

ഒരു മുടന്തന്‍ പട്ടിക്കുഞ്ഞിനു വേണ്ടി ഇത്രമാത്രം നിര്‍ബ്ബന്ധം പിടിക്കുന്നതിൻ്റെ കാരണം കടക്കാരന്‍ ചോദിച്ചപ്പോള്‍ കുട്ടി തൻ്റെ ഒരു കാല്‍ മേശപ്പുറത്തു് ഉയര്‍ത്തി വച്ചു ധരിച്ചിരുന്ന പാൻ്റല്പം മുകളിലേക്കുയര്‍ത്തി തൻ്റെ കൃത്രിമക്കാല്‍ കാണിച്ചുകൊണ്ടു പറഞ്ഞു, ”ഇതാ ഇതു കണ്ടില്ലേ എനിക്കും ഒരു കാലില്ല. അതുകൊണ്ടു് ആ പട്ടിക്കുഞ്ഞിൻ്റെ ഹൃദയം എനിക്കും എൻ്റെ ഹൃദയം അതിനും പങ്കിടാന്‍ സാധിക്കും. എൻ്റെ വേദന അതിനും അതിൻ്റെ വേദന എനിക്കും അറിയാന്‍ കഴിയും.”

അമ്മ ഇതു പറഞ്ഞെങ്കിലും മറ്റുള്ളവരുടെ വേദന മനസ്സിലാക്കാന്‍ നമുക്കും അതേ ദുഃഖം വരണമെന്നില്ല. അതില്ലാതെതന്നെ മറ്റുള്ളവരുടെ വേദന നമുക്കറിയാന്‍ കഴിയും. അതിനാല്‍ അവരുടെ ദുഃഖം നമ്മുടെ ദുഃഖമായിക്കാണാനും നമ്മുടെ സുഖം അവരുടെ സുഖമാക്കിത്തീര്‍ക്കാനും മക്കള്‍ ശ്രമിക്കുക. ഈ ഒരു മനോഭാവമാണു നമുക്കുണ്ടാകേണ്ടതും വളര്‍ത്തിയെടുക്കേണ്ടതും. പ്രയാസമാണു് എന്നറിയാം. എന്നാലും മക്കള്‍ ശ്രമിക്കൂ.