അമ്മയുടെ ദർശനത്തിനായി അമൃതപുരിയിൽ എത്തിയിട്ടുള്ളവർക്ക് ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു മുഖമാണ് ദമയന്തിയമ്മയുടേത്. സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ വന്ദ്യയായ മാതാവ്, ഗ്രാമീണ നൈർമല്യവും, വാത്സല്യവും തുളുമ്പുന്ന ആ പുഞ്ചിരിയും, ലാളിത്യവും ആർക്കും വിസ്മരിക്കുവാൻ സാധിക്കുന്നതല്ല. പുണ്യശ്ലോകയായ ആ മാതാവ് ഇന്ന് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു.

ദമയന്തിയമ്മ

“അമ്മയെ ലോകമെങ്ങുമുള്ള നിരവധിയാളുകൾ ഗുരുവായി കാണുന്നു, എന്നാൽ അമ്മയുടെ ഗുരു ആരാണ്?” ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ശ്രീ മാതാ അമൃതാനന്ദമയി ദേവിയോട് ചോദിച്ചു. സ്വതസിദ്ധമായ പുഞ്ചിരി തൂകികൊണ്ട് അമ്മ പറഞ്ഞത് ഈ പ്രപഞ്ചത്തിൽ ഓരോന്നിൽ നിന്നും നമുക്ക് പഠിക്കാനുണ്ട്, അതുകൊണ്ടു തന്നെ പ്രപഞ്ചം മുഴുവൻ അമ്മയ്ക്ക് ഗുരുവാണ് എന്നാണ്. എന്നാൽ ഒരു വ്യക്തിയെ എടുത്തു പറയണമെങ്കിൽ അത് അമ്മയുടെ മാതാവായ ദമയന്തിയമ്മയായിരിക്കും എന്ന് അമ്മ കൂട്ടിച്ചെർത്തു. ദമയന്തിയമ്മ എങ്ങനെയാണ് മൂല്യാധിഷ്ടിതമായ ഒരു ജീവിതവീക്ഷണം പുലർത്തിയതെന്നും, അത് എപ്രകാരമൊക്കെ അമ്മയെ സ്വാധിനിച്ചു എന്നുമൊക്കെ അമ്മ തന്നെ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. (കൂടുതൽ ഇവിടെ വായിക്കുക)

കൊല്ലം ജില്ലയിലെ ഒരു സാധാരണ കടലോരഗ്രാമത്തിൽ ജനിച്ചു വളർന്ന ദമയന്തിയെന്ന ബാലികയ്ക്ക് വേണ്ടി കാലം കരുതിവച്ചിരുന്നത് അസാധാരണമായ ഒരു നിയോഗമായിരുന്നു. ഗുരുവായും, മാതാവായും, ആശ്രയകേന്ദ്രമായും ജനകോടികൾ നെഞ്ചേറ്റുന്ന ഒരു വിശിഷ്ട വ്യക്തിത്വത്തിന് ജന്മം നൽകുക! ഇന്ന് ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ, രാഷ്ട്രത്തലവന്മാർ, പണ്ഡിതശ്രേഷ്ഠന്മാർ ഒക്കെ അമൃതപുരിയിലെത്തുന്നു, എല്ലാവർക്കും മാതാ അമൃതാനന്ദമയി ദേവി “അമ്മ”യാണ്. അമ്മയ്ക്ക് അവരൊക്കെ മക്കളും. എന്നാൽ ആ അമ്മയ്ക്ക് ജന്മം നൽകുക, മകളായി വളർത്തുക എന്ന മഹാഭാഗ്യം സിദ്ധിച്ചത് ദമയന്തിയമ്മയ്ക്കായിരുന്നു. മിതവ്യയം, സഹജീവിസ്നേഹം, കൃത്യനിഷ്‌ട, സൂക്ഷ്മത, ഭക്തി തുടങ്ങി ഓരോ ഗുണവും ദമയന്തിയമ്മയുടെ പ്രവർത്തികളിൽ കാണാമായിരുന്നുവെന്നു അമ്മ പറയാറുണ്ട്.

വേദാന്തമോ, ആധ്യാത്മിക ശാസ്ത്രങ്ങളോ പഠിച്ചിട്ടില്ല എങ്കിലും, ആ തത്ത്വങ്ങൾ ദമയന്തിയമ്മയെ പോലുള്ളവരുടെ ഓരോ പ്രവർത്തിയിലും കാണാൻ സാധിക്കുമെന്ന് അമ്മ പറയാറുണ്ട്. വീട്ടിൽ ആരെങ്കിലും അതിഥികൾ വന്നാൽ, ചോറും കൂട്ടാനുമൊക്കെ കൊടുത്ത് അവരെ ദമയന്തിയമ്മ സത്കരിക്കും. ഭക്ഷണം തീർന്നുപോയാൽ കുഞ്ഞുങ്ങൾക്ക് കഞ്ഞിവെള്ളത്തിൽ തേങ്ങ ചിരകിയിട്ട് നൽകും, മിക്കപ്പോഴും വീട്ടുകാർക്ക് പിന്നെയൊന്നും കഴിക്കാൻ ഉണ്ടാവില്ല. എന്നാൽ അപ്പോഴും അതിഥികളുടെ വിശപ്പ് ശരിക്കും മാറിയോ എന്നതായിരിക്കും ദമയന്തിയമ്മയുടെ ചിന്ത. അമ്മയുടെ അഭിപ്രായത്തിൽ ഇതുതന്നെയാണ് പ്രായോഗികമായ വേദാന്തം. ഇടതുകൈ വേദനിക്കുമ്പോൾ വലതുകൈ തലോടുന്നതുപോലെ, അപരന്റെ ദുഖത്തെ സ്വന്തം ദുഖമായും, അപരന്റെ സുഖത്തെ സ്വന്തം സുഖമായും അറിയുന്നതാണ് ശരിയായ ആത്മീയത. ഈ ഗുണം ദമയന്തിയമ്മയിൽ, അമ്മ ദർശിച്ചു.
ഇന്ന് ലോകമെമ്പാടുമുള്ള ആശ്രമശാഖകളും, സ്ഥാപനങ്ങളും വഴിനടക്കുന്ന സേവാപ്രവർത്തനങ്ങളെല്ലാം ഈ പ്രായോഗിക വേദാന്തത്തിന്റെ നിദർശനമാണ്.

ഓരോ പ്രകാശനാളത്തിനു പിന്നിലും സ്വയമെരിഞ്ഞു തീരുന്ന ഒരു തിരിയുണ്ട് എന്ന് പറയുന്നതുപോലെ, “അമ്മയുടെ അമ്മ” എന്ന മഹാഭാഗ്യത്തിന് പിന്നിലും ദമയന്തിയമ്മ നടന്നു തീർത്ത കഠിനമായ വഴികളുണ്ട്.

ഓരോ പ്രകാശനാളത്തിനു പിന്നിലും സ്വയമെരിഞ്ഞു തീരുന്ന ഒരു തിരിയുണ്ട് എന്ന് പറയുന്നതുപോലെ, “അമ്മയുടെ അമ്മ” എന്ന മഹാഭാഗ്യത്തിന് പിന്നിലും ദമയന്തിയമ്മ നടന്നു തീർത്ത കഠിനമായ വഴികളുണ്ട്. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന തികച്ചും സാധാരണക്കാരായ മനുഷ്യർ അധിവസിക്കുന്ന ഒരു തീരദേശ ഗ്രാമമായിരുന്നു ആലപ്പാട്. ഈശ്വര വിശ്വാസികളും, ആചാരാനുഷ്ഠാനങ്ങളിലൊക്കെ നിഷ്ഠയുള്ളവരുമായിരുന്നുവെങ്കിലും, ആധ്യാത്മികതയെക്കുറിച്ചോ, ധ്യാനം മുതലായ സാധനാചര്യകളെക്കുറിച്ചോ ഒട്ടുവളരെപ്പേരും അജ്ഞരായിരുന്നു. അതുകൊണ്ടുതന്നെ ധ്യാനത്തിലിരിക്കുന്ന കുഞ്ഞു സുധാമണി, മാതാപിതാക്കളിൽ ജനിപ്പിച്ച കൗതുകം, ആശങ്കയ്ക്ക് വഴിമാറാൻ അധികസമയം വേണ്ടിവന്നില്ല. ആരെങ്കിലും പട്ടിണിയാണെന്നറിഞ്ഞാൽ അമ്മ വീട്ടിലെ സാധനങ്ങളൊക്കെ എടുത്ത് അവർക്ക് കൊണ്ട് കൊടുക്കും, ഒരിക്കൽ സ്വന്തം കമ്മൽ പോലും അമ്മ ഇപ്രകാരം ഊരി നൽകി. വീട്ടിലെ പണികളൊക്കെ എടുക്കുമെങ്കിലും, തരം കിട്ടിയാൽ ഭാവസമാധിയിൽ മണിക്കൂറുകളോളം നിശ്ചലയാകും.
ഇങ്ങനെ അമ്മയുടെ സവിശേഷ പ്രകൃതം ദമയന്തിയമ്മയുടെ മനസ്സിൽ തീകോരിയിട്ടു.

അമ്മയ്ക്ക് ഉമ്മനൽകുന്ന ദമയന്തിയമ്മ

ഗ്രാമത്തിലെ സ്ത്രീ ജീവിതങ്ങൾക്ക്, പാരമ്പര്യം നിശ്ചയിച്ചുവച്ച ചില വേലിക്കെട്ടുകളുണ്ടായിരുന്നു. ഉറക്കെ ചിരിക്കരുത്, അന്യപുരുഷന്മാരോട് സംസാരിക്കരുത്, അങ്ങനെ ഒരായിരം വേലിക്കെട്ടുകൾ. എന്നാൽ അത്തരം മാമൂലുകളെയൊക്കെ സഹജമായ മാതൃസ്നേഹത്താൽ നിഷ്പ്രഭമാക്കുകയായിരുന്നു അമ്മ. ആരെങ്കിലും ദുഖിക്കുന്നു കണ്ടാൽ, ആണായാലും, പെണ്ണായാലും, മനുഷ്യനായാലും, മൃഗമായാലും ഓടിച്ചെന്നു അവരെ സാന്ത്വനിപ്പിക്കും, കഴിയുന്ന സഹായം ചെയ്യും. പരിഹസിക്കാനും, കുറ്റപ്പെടുത്തുവാനും ആളുകളുണ്ടായിരുന്നു. ഈ കനൽവഴികളൊക്കെ താണ്ടി, അമ്മ മുന്നോട്ടു നടന്നു, ഒപ്പം ദമയന്തിയമ്മയും. ഒരിയ്ക്കൽ മുള്ളു വിരിച്ച വഴികളിൽ ലോകം പൂക്കൾ വിതാനിക്കുന്നതും ദമയന്തിയമ്മ കണ്ടു. തന്റെ മകളെ ലോകമിന്ന് സ്നേഹപൂർവ്വം “അമ്മ” എന്ന് വിളിക്കുന്നു. താൻ മടിയിലിരുത്തി ലാളിച്ച കുഞ്ഞിന്റെ മടിത്തട്ടിൽ തലചായ്ച്ച് ദമയന്തിയമ്മയും, “അമ്മേ” എന്നു വിളിക്കുന്നു.

അമ്മയെന്ന മഹാപുണ്യത്തെ ലോകത്തിനു സമ്മാനിച്ച ദമയന്തിയമ്മ ജീവിതസപര്യ പൂർത്തിയാക്കിയിരിക്കുന്നു. ദ്വാപരയുഗപുണ്യത്തിനെ ലാളിക്കാൻ ഭാഗ്യം സിദ്ധിച്ച യശോദാമ്മയെക്കുറിച്ച് ചോദിക്കാറുള്ള ചോദ്യം അറിയാതെ മനസ്സിൽ മുഴങ്ങുന്നു. “എന്ന തവം സെയ്തനേ.. “

-സൂരജ് സുബ്രഹ്മണ്യൻ