ഇന്നത്തെ കുടുംബജീവിതത്തില്‍ പുരുഷന്‍ രണ്ടു് അധികം രണ്ടു് സമം നാലു് എന്നു പറയും. എന്നാല്‍, സ്‍ത്രീയെ സംബന്ധിച്ചിടത്തോളം രണ്ടു് അധികം രണ്ടു് സമം നാലു മാത്രമല്ല, എന്തുമാകാം. പുരുഷന്‍ ബുദ്ധിയിലും സ്‍ത്രീ മനസ്സിലുമാണു ജീവിക്കുന്നതു്. ഇതുകേട്ടു പെണ്‍മക്കള്‍ വിഷമിക്കണ്ട. പുരുഷന്മാരില്‍ സ്‍ത്രീത്വവും സ്‍ത്രീകളില്‍ പുരുഷത്വവുമുണ്ടു്.
പൊതുവായി പറഞ്ഞാല്‍ പുരുഷൻ്റെ തീരുമാനങ്ങള്‍ ഉറച്ചതാണു്. അതു സാഹചര്യങ്ങള്‍ക്കു സാധാരണ വഴങ്ങിക്കൊടുക്കാറില്ല. മുന്‍പ്രകൃതംവച്ചു് ഓരോ സാഹചര്യങ്ങളില്‍ ഒരു പുരുഷന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നു മുന്‍ കൂട്ടി നിശ്ചയിക്കുവാന്‍ സാധിക്കും. എന്നാല്‍ സ്‍ത്രീ അങ്ങനെയല്ല. സാഹചര്യങ്ങള്‍ക്കു മുന്നില്‍ വഴങ്ങിക്കൊടുക്കുന്ന ദുര്‍ബ്ബലപ്രകൃതമാണു സ്‍ത്രീയുടെതു്. അവരുടെതു കാരുണ്യത്തിൻ്റെ ഹൃദയമാണു്. സ്‍ത്രീകളുടെ ദുഃഖത്തിനു മുഖ്യകാരണവും ഈ മനസ്സലിയുന്ന പ്രകൃതമാണു്. അതുപോലെ ഓരോ സാഹചര്യത്തില്‍ സ്‍ത്രീമനസ്സു് എങ്ങനെ പ്രതികരിക്കുമെന്നു മുന്‍കൂട്ടി തീരുമാനിക്കുവാനും കഴിയില്ല.
ഈ ബുദ്ധിയും മനസ്സുംകൊണ്ടാണു നമ്മുടെ യാത്ര. അതു രണ്ടു് എതിര്‍ദിശകള്‍പോലെയാണു്. അതിനാല്‍ കുടുംബജീവിതത്തില്‍ പലപ്പോഴും ശാന്തിയും സമാധാനവും ലഭിക്കുന്നില്ല. ഈ ചേര്‍ച്ചയില്ലാത്ത മനസ്സിനെയും ബുദ്ധിയെയും താളലയത്തില്‍കൊണ്ടുവരുന്ന ബന്ധുവാണു് ആദ്ധ്യാത്മികത. ഇവയെ പരസ്പരം ഘടിപ്പിക്കുന്ന കണ്ണിയാണു് ആദ്ധ്യാത്മികത. ജീവിതത്തില്‍ ആദ്ധ്യാത്മികതയ്ക്കു് വേണ്ട സ്ഥാനം നല്കുമ്പോള്‍ മാത്രമേ അതു യഥാര്‍ത്ഥ ജീവിതമാകുന്നുള്ളൂ. സാധാരണയായി ബുദ്ധി മനസ്സിലേക്കു് ഇറങ്ങിവരാറില്ല. മനസ്സു് ബുദ്ധിയിലേക്കു് ഉയരാറുമില്ല. ഇങ്ങനെയാണു് ഇന്നു നമ്മുടെ കുടുംബജീവിതം മുന്നോട്ടു പോകുന്നതു്.
പല സ്‍ത്രീകളും അമ്മയോടു വന്നു പറയാറുണ്ടു്, ”അമ്മാ, ഞാന്‍ എൻ്റെ ഹൃദയത്തിൻ്റെ വേദനകളെല്ലാം ഭര്‍ത്താവിനോടു പറയും. അദ്ദേഹം ഒന്നു മൂളുകയല്ലാതെ തിരിച്ചു ശരിക്കുള്ള മറുപടി തരാറില്ല. അതിനാല്‍ അദ്ദേഹത്തിനു് എന്നോടു സ്നേഹമുണ്ടെന്ന കാര്യത്തില്‍ എനിക്കു് ഒരു വിശ്വാസവും വരുന്നില്ല.” ഉടനെ അമ്മ പുരുഷനോടു ചോദിച്ചു ”എന്താ മോനെ ഈ കേള്‍ക്കുന്നതു്. മോനു് ആ മോളോടു സ്നേഹമില്ലേ?” ഉടനെ പറയുകയാണു്, ”അങ്ങനെയല്ലമ്മേ, എനിക്കവളോടു നിറഞ്ഞ സ്നേഹമാണുള്ളതു്.” മക്കളേ, ഇതു കല്ലിനുള്ളിലെ തേന്‍പോലെയാണു്. അതിൻ്റെ മാധുര്യം നമുക്കു രുചിക്കാന്‍ കഴിയില്ല. മധുരം നുണയണമെങ്കില്‍ കൈയില്‍ കിട്ടണം. അതുപോലെ സ്നേഹം ഉള്ളില്‍വയേ്ക്കണ്ടതല്ല. അതു വേണ്ട സമയത്തു പ്രകടമാകണം.
ഭര്‍ത്താവിൻ്റെ ഉള്ളില്‍ സ്നേഹം ഇരുന്നതുകൊണ്ടു മാത്രം സ്‍ത്രീക്കു സന്തോഷമുണ്ടാകുന്നില്ലല്ലോ. പരസ്പരം ഹൃദയം അറിയാന്‍ കഴിയാത്ത സ്ഥിതിക്കു മക്കള്‍ സ്നേഹം ഉള്ളില്‍വച്ചുകൊണ്ടിരുന്നാല്‍ മാത്രം പോരാ. പുറമേക്കു്, വാക്കില്‍ക്കൂടിയും പ്രവൃത്തിയില്‍കൂടിയും പ്രകടിപ്പിക്കുകകൂടി വേണം. കുടുംബജീവിതത്തിലെ ശാന്തിക്കും സമാധാനത്തിനുംവേണ്ടി അമ്മ പറയുന്നതാണിതു്. അതില്ലാത്ത പക്ഷം നിങ്ങള്‍ ചെയ്യുന്നതു ദാഹിച്ചു വലഞ്ഞുവരുന്ന ഒരുവൻ്റെ കൈയില്‍ ഐസുകട്ട വച്ചു കൊടുക്കുന്നതുപോലെയാണു്. ആ സമയത്തു് അവൻ്റെ ദാഹം ശമിപ്പിക്കുവാന്‍ അതുപകരിക്കില്ല. അതിനാല്‍ മക്കള്‍ അവരുടെ ലോകത്തിലേക്കിറങ്ങണം. പരസ്പരം ഉള്ളുതുറന്നു സ്നേഹിക്കണം. അതു പരസ്പരം അറിയുവാന്‍ കഴിയണം.