പ്രശാന്ത് എന്‍. IAS
യുവാക്കള്‍ക്കു്, പ്രത്യേകിച്ചു ടീനേജുകാര്‍ക്കു സ്വന്തം ബുദ്ധിയിലും കായികശക്തിയിലും വലിയ മതിപ്പാണു്. പൊതുവേ, എന്തിനോടും ഏതിനോടും എതിരിടാനും വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുമാണു് ഈ പ്രായത്തില്‍ അവര്‍ക്കു താത്പര്യം. അമ്പലങ്ങള്‍ തീരെ ഫാഷനബിള്‍ അല്ല. ദൈവവിശ്വാസം പണ്ടേ കമ്മി. ഇങ്ങനെയൊക്കെയാണെങ്കിലും കാമ്പസ്സിലെ ‘ചെഗ്വേര’പോലും ഗണപതിക്കു തേങ്ങ അടിക്കുന്ന സീസണ് ആണു പരീക്ഷാക്കാലം. മാര്‍ച്ച് മാസം പരീക്ഷയുടെ സീസണ്, ഭക്തിയുടെയും.

പരീക്ഷ പാസ്സാക്കിത്തരാന്‍ ദൈവം ഇടപെടുമോ? മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് തരപ്പെടുത്തിത്തരുമോ? ചിന്തിക്കേണ്ട വിഷയമാണു്. ഒന്നും പഠിക്കാതെ നന്നായി പ്രാര്‍ത്ഥിച്ചാല്‍ മാത്രം പാസ്സാവുമോ? നേരെമറിച്ചു്, പാഠങ്ങള്‍ കിറുകൃത്യമായി പഠിച്ചാല്‍ വിജയം ഉറപ്പാണോ? ഇനി ഇതൊന്നുമല്ല, എല്ലാം കര്‍മ്മഫലം അനുസരിച്ചായതുകൊണ്ടു പഠനവും പ്രാര്‍ത്ഥനയുമൊക്കെ കൊണ്ടു വല്ല കാര്യവുമുണ്ടോ? ഇത്രയൊന്നും ചിന്തിക്കാന്‍ മെനക്കെടാതെ സീസണല്‍ ഭക്തിയില്‍ ആറാടി നില്ക്കുന്ന യുവതലമുറയോടു രണ്ടു വാക്കു്…
സ്വപ്രയത്നം തന്നെയാണു കര്‍മ്മം. നന്നായി പഠിച്ചാല്‍ ഫലം ഉണ്ടു്. സംശയമില്ല. എന്നാല്‍ ‘ഫലം’ ഈ കര്‍മ്മത്തെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നതു്. നാം ജീവിതത്തില്‍ ആകെ ചെയ്യുന്നതു പഠനം എന്ന ഒരൊറ്റ കര്‍മ്മം മാത്രമല്ലല്ലോ! ജീവിതത്തില്‍ ചെയ്തുകൂട്ടുന്ന ഓരോ പ്രവൃത്തിക്കും ഓരോ പ്രഭാവം (ഇംപാക്ട്) ഉണ്ടാക്കാന്‍ സാധിക്കും. എന്തു്, ഏതു്, എവിടെ, എങ്ങനെ എന്നു വ്യക്തമായും പൂര്‍ണ്ണമായും പ്രവചിക്കാന്‍ മനുഷ്യരാല്‍ സാദ്ധ്യമല്ലെന്നു മാത്രം. പരീക്ഷ ലക്ഷ്യമാക്കി പഠിക്കുന്നവര്‍ക്കു ഫലം ലഭിക്കുന്നതു വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെയാണു് എന്നു ചുരുക്കം.
മലയാളസാഹിത്യം അരച്ചു കലക്കി പഠിച്ചാണു് ഒരു യുവകോമളന് പരീക്ഷാഹാളില്‍ പ്രവേശിച്ചതു്. മലയാളസാഹിത്യത്തില്‍ ഗഹനമായ പാണ്ഡിത്യംതന്നെ ഉണ്ടാക്കിയെടുത്തിരുന്നു ഈ മിടുമിടുക്കന്‍. പക്ഷേ, പരീക്ഷ എഞ്ചിനീയറിങ് അഞ്ചാം സെമസ്റ്ററിൻ്റെതായിരുന്നു. പഠിച്ച ഒരൊറ്റ മഹാകാവ്യവും നോവലും ഉപകാരപ്പെട്ടില്ല എന്നു മാത്രമല്ല, പരീക്ഷ സാമാന്യം നല്ല രീതിയില്‍ പൊട്ടാനും സാധിച്ചു. അപ്പോ, പഠിച്ചിട്ടു കിം ഫലം? പാത്രം അറിഞ്ഞു വിളമ്പുക എന്നു പറയും പോലെ പരീക്ഷ അറിഞ്ഞു പഠിക്കുക എന്ന അടിസ്ഥാനപാഠം ഓര്‍ക്കുക.
ശരം തൊടുക്കുന്ന അര്ജ്ജുനന് കിളിയുടെ കണ്ണു മാത്രം കാണുന്നതുപോലെ, ഉചിതം (Relevent) ആയതുമാത്രം കൊള്ളാനും അനുചിതം (Irrelevent)ആയവ തള്ളാനും സാധിക്കണം. നമ്മള് ചെയ്യുന്ന കര്‍മ്മം ശരിയായ ദിശയിലാവുന്നതു് അപ്പോള്‍ മാത്രമാണു്. കണക്കുപരീക്ഷയ്ക്കു കണക്കു പഠിച്ചുകൊണ്ടു പോവുക മാത്രമല്ല, ചോദ്യങ്ങള്‍ കൂടുതല്‍ വരാന്‍ സാദ്ധ്യതയുള്ള ഭാഗങ്ങള്‍ കൂടുതല്‍ പഠിക്കുകയും വേണം. ‘റെലവൻ്റി’നെ ‘ഇറെലവൻ്റി’ല്‍നിന്നും വേര്‍തിരിച്ചറിയാനുള്ള കഴിവിനെയാണു വിവേകം എന്നു പറയുന്നതു്.
അറിവു് (Knowledge) ഉണ്ടായതുകൊണ്ടു മാത്രം അതു പ്രകടിപ്പിക്കാന്‍ (Perform) സാധിക്കണമെന്നില്ല, അനുയോജ്യമായ സാഹചര്യം കൂടെ വേണം. വിവേകം, ബുദ്ധിശക്തി, ഓര്‍മ്മശക്തി, സമചിത്തത ഇവയൊന്നും സ്വപ്രയത്നത്താല്‍ ഉണ്ടാവുന്നതല്ല. ഇതിനെയാണു് ഈശ്വരകൃപ എന്നു പറയുന്നതു്. ഈശ്വരകൃപയിലേക്കുള്ള മാര്‍ഗ്ഗം കാരുണ്യത്തോടെയുള്ള പ്രവൃത്തിയാണു് എന്നു പലവട്ടം അമ്മ വ്യക്തമാക്കിയിട്ടുണ്ടു്.
വിദ്യാഭ്യാസമോ തലചായ്ക്കാന്‍ ഒരു കൂരയോ ഒരു നേരത്തെ അന്നമോ ഇല്ലാത്ത കോടികള്‍ ജീവിക്കുന്ന ഒരു വലിയ ലോകത്തിലാണു നമ്മളും ജീവിക്കുന്നതു്. അവര്‍ക്കു മുന്നില്‍ പരീക്ഷകളില്ല. എന്നാല്‍ ജീവിതം തന്നെ ഒരു കടുത്ത പരീക്ഷണമാണവര്‍ക്കു്. സഹജീവികളോടുള്ള കരുണ ഈശ്വരകൃപയിലേക്കും ഈശ്വരകൃപ ഭൗതികജീവിത വിജയത്തിലേക്കും നയിക്കുന്നു. ഇതുതന്നെയാണു് ഏറ്റവും വലിയ പ്രാര്‍ത്ഥന. പക്ഷേ, ഇതൊരു സീസണല്‍ കരുണ (മാര്‍ച്ച് മാസത്തില്‍) ആവരുതെന്നു മാത്രം.

പരീക്ഷയെ മറ്റൊരു രീതിയില്‍ അഭിമുഖീകരിക്കുന്ന കൂട്ടരുമുണ്ടു്. ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുന്നവര്‍! പരീക്ഷാഫലത്തിനു പ്രാര്‍ത്ഥിക്കുന്നതു് എങ്ങനെ എന്നാണവരുടെ സംശയം. വളരെ ന്യായം. പത്താംക്ലാസ്സില്‍ പത്താം തവണയും തോറ്റ ടിൻ്റുമോന്‍ അച്ഛനമ്മമാരോടു മൊഴിഞ്ഞതു് ‘കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന’ എന്നാണു്. പാസ്സാവുക എന്ന ഫലം ഇച്ഛിക്കരുതു് എന്നാണു ടിൻ്റുമോൻ്റെ വ്യാഖ്യാനം. ചിലരെങ്കിലും ഇങ്ങനെ നിരര്‍ത്ഥകമായി, ഫല പ്രാപ്തിയില്ലാതെ എന്തെങ്കിലും കാട്ടിക്കൂട്ടുന്നതിനെ ഇപ്രകാരം ന്യായീകരിക്കുന്നുണ്ടാകും. കര്‍മ്മം യഥാവിധി ചെയ്യാതിരിക്കാനുള്ള മുട്ടാപ്പോക്കു മാത്രമാണിതു്.
കര്മ്മഫലത്തില് കണ്ണുവയ്ക്കരുതു് എന്നാണു ഗീതാവചനം. ഫലത്തില്‍ അവകാശമില്ലെന്നേ ഉള്ളൂ. പ്രവൃത്തി നിഷ്ഫലമായിരിക്കണം എന്നല്ല ഭഗവാന് പറഞ്ഞിരിക്കുന്നതു്. ഫലത്തില്‍ മാത്രം മനസ്സു് വച്ചാല്‍ കര്‍മ്മം ചെയ്യാന്‍ പറ്റാത്തവിധം മനസ്സു് ശ്രദ്ധ പതറിയതുപോലെ (Distracted) ആയിത്തീരും. കര്‍മ്മം വര്‍ത്തമാനകാലത്തിലും (Present)ഫലം ഭാവികാലത്തിലുമാണു് (Future).
ഈ നിമിഷത്തില്‍ ജീവിക്കാന്‍ അമ്മ ഉപദേശിക്കുന്നതു്, ചെയ്യുന്ന കാര്യത്തില്‍ മനസ്സുറപ്പിക്കാനാണു്. മറിച്ചു്, കര്‍മ്മത്തില്‍നിന്നും മാറി നാളെ ഉണ്ടായേക്കാവുന്ന ഫലത്തെ ചിന്തിച്ചു മനോരാജ്യം കണ്ടിരുന്നാല്‍ ചെയ്യേണ്ട കര്‍മ്മം പോലും നേരാംവണ്ണം ചെയ്യാനാവില്ല. ഏതുവിധേനയും പരീക്ഷാഫലം വരുമ്പോള്‍ ജയിക്കണമെന്നു ചിന്തിക്കുന്നവര്‍ പഠിക്കാന്‍ മെനക്കെടാതെ കോപ്പിയടിക്കാന്‍ തയ്യാറാവുന്നതു് ഇതുകൊണ്ടാണു്. അവര്‍ക്കു ഫലം മതിയല്ലോ!
ഇങ്ങനെയൊക്കെയാണെങ്കിലും പാലം കടക്കുവോളം നാരായണനെ അനുസ്മരിക്കുന്നതു നല്ല കാര്യംതന്നെ. ചന്ദനത്തിരിയുടെ പരസ്യവാചകംപോലെ, ‘പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍!’ എന്നാല്‍, ഈശ്വരന് ഇതിനൊക്കെ അപ്പുറത്താണു്. മനുഷ്യനിര്‍മ്മിതമായ പരീക്ഷകളും പരീക്ഷാഫലങ്ങളും ഈ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന ഭഗവാനു് എത്ര നിസ്സാരമാണു്!
പണ്ടു്, ശതകോടീശ്വരനായ ഒരു വിദേശമലയാളിയുടെ വീട്ടില്‍ സംഭാവന പിരിക്കാന്‍ ചെന്ന ഒരു പറ്റം യുവാക്കള്‍, അഞ്ചുരൂപയുടെ ഒരു രസീതു കീറിക്കൊടുത്ത കഥയുണ്ടു്. മുതലാളിയെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചതാണെന്നു കരുതി കാവല്ക്കാര് അവരെ ഓടിച്ചു വിട്ടു. ഇതിലും എത്രയോ കഷ്ടമാണു ലോകം മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്ന ഭഗവാൻ്റെ സമക്ഷം ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നമ്മുടെ അവസ്ഥ. നമ്മുടെ പല ആവശ്യങ്ങളും ഒന്നിരുന്നു് ആലോചിച്ചാല്‍ നമുക്കുതന്നെ നിസ്സാരമായിരിക്കും. നമുക്കുള്ളതെല്ലാം ഭഗവാന് തന്നതാണെന്നും ഭഗവാൻ്റെതല്ലാത്ത മറ്റൊന്നില്ലെന്നും കൂടെ ഓര്‍ത്താല്‍പ്പിന്നെ പ്രാര്‍ത്ഥനകളില്‍ ആവശ്യങ്ങള്‍ക്കു പകരം ജഗദീശ്വരനോടു നന്ദി പറയാന്‍ മാത്രമേ സമയംകിട്ടൂ.
പൊതുവേ, യുവത്വത്തിൻ്റെ മാസ്മരികതയില്‍ മുഴുകിയും സ്വന്തം കഴിവുകളില്‍ വല്ലാതെ ഭ്രമിച്ചും ജീവിക്കുന്നവരാണു യുവാക്കള്‍. ആ ജീവിതത്തില്‍ ഒരല്പം അലോസരം ഉണ്ടാക്കുന്നതു പ്രവചനാതീതവും അനിശ്ചിതവുമായ അക്കാഡമിക്ക് പരീക്ഷകളാണു്. അനിശ്ചിതത്വവും നിസ്സഹായതയും സ്വാഭാവികമായും ആരെയും അലോസരപ്പെടുത്തും. ഒന്നിരുത്തി ചിന്തിപ്പിക്കുകയും ചെയ്യും.
ഇതുവഴി സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും കഴിവുകളുടെ അതിര്‍വരമ്പുകള്‍ തിരിച്ചറിയാനും ആ കഴിവുകള്‍ക്കൊക്കെ അപ്പുറത്തുള്ള ശക്തിയോടു് അടുക്കുവാനും ഉപകരിക്കുന്നു എന്നതാണു സത്യം. പരീക്ഷകളില്‍ നന്നായി പഠിച്ചു് ഉന്നത വിജയം നേടുന്നതിനോടൊപ്പം ഓരോ പരീക്ഷയും ഓരോ ജീവിതപരീക്ഷണവും ഓരോ ആത്മീയാനുഭവമാക്കി മാറ്റി അമ്മയോടു കൂടുതല്‍ അടുക്കുവാന്‍ ഇടവരുത്തട്ടെ. അതിനു് അമ്മ അനുഗ്രഹിക്കട്ടെ.

Download Amma App and stay connected to Amma