പ്രൊഫ. മേലേത്ത് ചന്ദ്രശേഖരന്‍

ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിൻ്റെ നിഴലില്‍ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കില്‍ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങള്‍കൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ടു് ഐന്‍സ്‌റ്റിനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കള്‍ ശ്രമിച്ചതു്. പ്രവചനാത്മകമായ മറ്റൊരു ദാര്‍ശനികമൊഴി ഓര്‍ക്കുന്നു.

“The contemporary situation is pregnant with great possibilities, immense dangers, or immeasurable rewards. It may be the end by destroying itself or its spiritual vitality may revive and a new age may dawn when this earth will become a real home of humanity.”- (Recovery of faith)

ഭാരതീയദര്‍ശനത്തിൻ്റെ ലോകാചാര്യനായ ഡോ. എസ്. രാധാകൃഷ്ണൻ്റെ ഈ വാക്കുകള്‍ക്കുമുണ്ടു പ്രവചനസ്വഭാവം. യാന്ത്രികസംസ്‌കാരത്തിൻ്റെ വ്യാപ്തിയോടുകൂടിയാണു ലോകജീവിതം ഏകത്വത്തില്‍നിന്നു നാനാത്വത്തിലേക്കുള്ള പ്രയാണമാരംഭി ച്ചതു്. അതോടെ ‘ഇദം ന മമ’ എന്ന ത്യാഗമന്ത്രം ‘ഇദം മമ’ എന്ന ഭോഗതന്ത്രമായി മാറിക്കഴിഞ്ഞു. ലോകത്തിനു നിരുപാധിക സ്‌നേഹത്തിൻ്റെ തിരിച്ചറിവുണ്ടാക്കുക എന്നതു് ഒരു വെല്ലുവിളിയാണെന്നു മനസ്സിലാക്കുകയും തളരാതെ മാനവികതയുടെ ഏകീകരണത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുന്ന ഒരു മഹാത്മാവു് ഇവിടെ അനിവാര്യമാണു്. ഭാരതത്തിൻ്റെ ചിരന്തനമായ ഭൂതകാല പാരമ്പര്യബോധത്തില്‍ നിന്നു തപസ്സുചെയ്തു് ഉദാരതയുടെ പൂര്‍ണ്ണതയിലെത്തിയ ഒരു മഹാത്മാവുണ്ടായി ഈ ലോകത്തു്, ആധുനികകാലത്തു്, ഈ മലയാളനാട്ടിലെ ഒരു കുഗ്രാമത്തില്‍നിന്നു്! ആ സംരക്ഷക ചൈതന്യമാണു മാതാ അമൃതാനന്ദമയീദേവി.

വിനാശത്തിൻ്റെ വക്കത്തു കിടക്കുന്ന പുതിയ ലോകത്തെ വിവേകത്തിൻ്റെ മഹാസ്വപ്‌നങ്ങളിലേക്കു കണ്‍മിഴിപ്പിക്കാനാണു് അമ്മ നിരന്തരമായി ലോകപര്യടനങ്ങള്‍ നടത്തുന്നതു്. 1987ല്‍ ആരംഭിച്ച ഈ പര്യടനങ്ങള്‍ എത്രത്തോളം സഫലമാണെന്നതിൻ്റെ പ്രത്യക്ഷ നിദര്‍ശനമാണു് 2003ല്‍ നാം കണ്ടതു്. അന്നു് അമൃതവര്‍ഷം 50 ആഘോഷിച്ചതു 191 രാജ്യങ്ങളുടെ പ്രാതിനിധ്യത്തോടെയായിരുന്നു. ലോകത്തിൻ്റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള ആത്മീയ മത നായകന്മാര്‍ കൊച്ചിയിലൊത്തു കൂടി. ലോക സമാധാനത്തിൻ്റെയും സമന്വയചിന്തയുടെയും യജ്ഞമാണു് അവിടെ നടന്നതു്. വിശ്വശാന്തിയുടെ ലയമാധുര്യത്തിനായി മതങ്ങള്‍ സമാശ്ലേഷിച്ചു. ഈ ദൗത്യത്തിൻ്റെ തുടര്‍ച്ചയാണു് ഇന്നും അമ്മ വിശ്വഗതമായി നടത്തിക്കൊണ്ടിരിക്കുന്ന പര്യടനങ്ങള്‍.

അമ്മയുടെ പര്യടനങ്ങളെ മൂന്നു വിഭാഗത്തില്‍ പെടുത്താവുന്നതാണു്. ഒന്നു്, കേരളീയം. രണ്ടു്, ഭാരതീയം. മൂന്നു്, അന്തര്‍ദ്ദേശീയം. മലയാളത്തിൻ്റെ മണ്ണില്‍ വേരൂന്നി ഭാരതഭൂഖണ്ഡമാകെ തടിയും ശാഖയും നിവര്‍ത്തി ലോകസാകല്യത്തിലേക്കു പടര്‍ന്നു വിതതവിശാലമാകുന്ന ഒരു മഹാവൃക്ഷത്തിൻ്റെ പ്രതീതിയാണു് അമ്മയുടെ ലോകപര്യടനങ്ങള്‍ സൃഷ്ടിക്കുന്നതു്. വിശ്വമാനവരാശിക്കൊട്ടാകെ പൂവും കായും സമൃദ്ധമായി കൊടുക്കുന്ന ഒരു മഹാവൃക്ഷം! അമ്മയുടെ ലോകപര്യടനത്തിനു മതമോ ജാതിയോ വര്‍ഗ്ഗമോ ഭാഷയോ ഒന്നും തടസ്സമാകുന്നില്ല. അതിന്നു്, ഇപ്പറഞ്ഞവയെല്ലാം ഒന്നിലൊതുങ്ങുകയാണു് വിശ്വപ്രേമത്തില്‍! ജപ്പാനിലും ജര്‍മ്മനിയിലും അമേരിക്കയിലും മറ്റേതു് അന്യരാജ്യങ്ങളിലും അമ്മയ്ക്കു് ഒന്നേ വിതയ്ക്കാനുള്ളൂ. ഭാരതത്തിൻ്റെ അക്ഷയമായ ഈ അമൃതശാന്തി.

അമ്മ എന്തിനാണു പര്യടനങ്ങള്‍ക്കിറങ്ങുന്നതു്? ഒരിടത്തു സ്വസ്ഥമായിരുന്നാല്‍പ്പോരെ? ഇങ്ങനെ ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ ആശയപ്രചരണത്തിനു വ്യക്തിഗതവും സമൂഹഗതവുമായ രണ്ടു വഴികളുണ്ടു്. മക്കള്‍ അമ്മയെത്തേടി എത്തുന്നതും അമ്മ മക്കളെത്തേടി എത്തുന്നതും. പാരസ്പര്യത്തിൻ്റെ രണ്ടു മുഖങ്ങളാണതു്. സ്ഥലകാലരാശികളെ അതിലംഘിക്കുന്ന തേജസ്സിൻ്റെ പരിക്രമണമാണതു്. സനാതനധര്‍മ്മത്തിലധിഷ്ഠിതമായ മാനവികതയെ ഏകലക്ഷ്യമാക്കുമ്പോള്‍ സമാധാന പ്രചരണത്തിനുള്ള ഏകമാര്‍ഗ്ഗവും ഇത്തരം ലോകപര്യടനങ്ങള്‍ തന്നെയാകുന്നു. ഇതെഴുതുമ്പോള്‍ അമ്മയുടെ വിശ്വഗതങ്ങളായ പല പ്രഭാഷണങ്ങളുടെയും അലയൊലി എൻ്റെ മനസ്സിലുണ്ടു്.

1993 സെപ്തംബര്‍ മൂന്നാം തീയതി ചിക്കാഗോവില്‍ വച്ചു നടന്ന വിശ്വമതമഹാസമ്മേളനത്തില്‍ വച്ചു് അമ്മ പറഞ്ഞു, ”മനുഷ്യനെ ഈശ്വരനാക്കുക ഇതാണു മതത്തിൻ്റെ, സനാതനധര്‍മ്മത്തിൻ്റെ ലക്ഷ്യം. ഹൃദയവും ഹൃദയത്തിൻ്റെ ഭാവങ്ങളും നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. നാം മറന്നുപോയ മതത്തിൻ്റെ ഭാഷ കാരുണ്യത്തിൻ്റെ ഭാഷയാണു്. മതം പഠിപ്പിക്കുന്ന സ്‌നേഹത്തിൻ്റെയും പരസ്പരവിശ്വാസത്തിൻ്റെയും ഭാഷ നമ്മള്‍ മറന്നുപോയിരിക്കുന്നു.” 1893ല്‍ ഒരു ശതവര്‍ഷം മുന്‍പു്, ഇതേ ചിക്കാഗോവില്‍വച്ചാണു സ്വാമി വിവേകാനന്ദനും വിശ്വമത സമന്വയത്തിനുവേണ്ടി ലോകജനതയെ ആഹ്വാനം ചെയ്തതു്.

ആ പാരമ്പര്യത്തിൻ്റെ തുടര്‍ച്ചയെന്നോണം അമ്മ തുടര്‍ന്നു, ”മക്കളേ, നിങ്ങള്‍ നിങ്ങളിലെ അനന്തശക്തിയെക്കുറിച്ചു ബോധവാന്മാരാകൂ. നിങ്ങള്‍ ഭയം കൊണ്ടു വിറയേ്ക്കണ്ട ആട്ടിന്‍ക്കുട്ടികളല്ല. തേജസ്സും ഗാംഭീര്യവുമുള്ള സിംഹക്കുട്ടികളാണു്. വിശ്വം നിയന്ത്രിക്കുന്ന മഹാശക്തിയാണു്.” പിന്നീടു് 1995ല്‍ ഐക്യരാഷ്ട്ര സഭയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന അന്തര്‍മതസമ്മേളനത്തിലും രണ്ടായിരത്തില്‍ ലോകസമാധാന ഉച്ചകോടിയിലും 2005ല്‍ ന്യൂയോര്‍ക്കില്‍ വച്ചു നടന്ന സമ്മേളനത്തിലും മറ്റും അമ്മയുടെ അരുള്‍മൊഴികളില്‍ മുഴങ്ങിയതു മാനവമഹാമൈത്രിയുടെ സന്ദേശമായിരുന്നു.

”ഒരു തുള്ളി വെള്ളം നദിയാകില്ല. അതു് ഒഴുകുകയുമില്ല. പല തുള്ളികള്‍ ഒരുമിച്ചു ചേരുമ്പോഴാണു് അതു നദിയായി ഒഴുകുന്നതു്. അതുപോലെ, മനുഷ്യമനസ്സുകളുടെ ഉള്ളിലുണരുന്ന സ്‌നേഹത്തിലൂടെ മാത്രമേ ഹൃദയങ്ങള്‍ ഒന്നിച്ചൊഴുകൂ. അതിലൂടെ മാത്രമേ ഐക്യവും ശാന്തിയുമുണ്ടാകൂ.” ലോക സാമൂഹ്യ ദുര്‍നിയമങ്ങളെ സ്‌നേഹസുന്ദര പാതയിലൂടെ നികത്താനുള്ള അമ്മയുടെ ദൗത്യത്തിനു വേഗം കൂട്ടുന്നതാവട്ടെ മക്കളുടെയും സമര്‍പ്പണബോധം.