9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം64

അമൃതപുരി: സംസ്‌കാരത്തിനോടും പ്രകൃതിയോടുമുള്ള ആദരവ് ഓരോ ഭാരതീയന്റെയും ജീവശ്വാസമായി മാറണമെന്ന് ശ്രീ മാതാ അമൃതാനന്ദമയി ദേവി. അതു കൊണ്ട് തന്നെ സംസ്‌കാരത്തെയും പ്രകൃതിയേയും നിലനിര്‍ത്തിക്കൊുള്ള വികസനമാണ് നമ്മള്‍ നടത്തേതെന്നും അമ്മ പറഞ്ഞു. 64 ാം ജന്മദിനാഘോഷ ചടങ്ങില്‍ ജന്മദിന സന്ദേശം നല്‍കുകയായിരുന്നു അമ്മ.

കര്‍മ്മങ്ങളെ മുന്‍ നിര്‍ത്തി ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും പണം സമ്പാദിക്കുന്നതും തെറ്റല്ലെങ്കിലും പണത്തിനു വേണ്ടി ജീവിക്കരുതെന്നും അമ്മ ഓര്‍മ്മിപ്പിച്ചു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന വിഷാദവും ഒറ്റപ്പെടലും ലഹരിയും യുദ്ധത്തെക്കാല്‍ ഭീകരമാണെന്ന് അമ്മ പറഞ്ഞു. ബുദ്ധിയും ഓര്‍മ്മശക്തിയും മാത്രം വികസിപ്പിച്ച് കുഞ്ഞുങ്ങളെ യന്ത്രങ്ങളാക്കി മാറ്റുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇതിനുത്തരവാദിയെന്നും അമ്മ പറഞ്ഞു. ജീവിതത്തില്‍ ചിട്ടയും മൂല്യവും തിരികെ കൊണ്ടുവന്നാല്‍ ഈ പ്രതിസന്ധി മറികടക്കാമെന്നും അമ്മ നിര്‍ദ്ദേശിച്ചു. കള്ളപ്പണം തടയാന്‍ നോട്ടു വിതരണം കൊണ്ടുവന്നത് ബാഹ്യമായ നടപടി മാത്രമാണ്. ഇത് ലക്ഷ്യ പ്രാപ്തിയില്‍ എത്താന്‍ സ്വാര്‍ഥതയും അഹങ്കാരവും വെടിയണമെന്നും അമ്മ പറഞ്ഞു. വിദ്യാലയത്തിന്റെയും തൊഴിലിടങ്ങളുടെയും രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ശുചിയാക്കാൻ എല്ലാവരും തയ്യാറാവണമെന്നും അമ്മ ജന്മദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

8 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64

എല്ലാവര്‍ക്കും ഒരേ പോലെ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതും സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ രംഗത്ത് അമൃതാനന്ദമയി മഠം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. മഠം ഇതാണ് ചെയ്യുന്നത്, സാധാരണക്കാരുടെ ജീവിതത്തിനാണ് പരിവര്‍ത്തനം വരുത്തുന്നത്. അമ്മയുടെ 64 ാം ജന്മദിനത്തോടനുബന്ധിച്ച് അമൃതാനന്ദമയി മഠത്തിന്റെ മൂന്ന് സേവന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. അമൃതപുരിയിലെ ദര്‍ശന ഹാളില്‍ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മികച്ച സമൂഹം ഉണ്ടായാലേ ഐശ്യര്യ സമ്പൂര്‍ണ്ണമായ രാഷ്ട്രമുണ്ടാകൂ . അമൃതാനന്ദമയി മഠം നടത്തുന്ന ഇത്തരം സംരംഭങ്ങള്‍ ഈ ദിശയിലുള്ളതാണെന്ന് രാഷ്ട്രപതി പറഞ്ഞു.

കേരളം ആദ്ധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദിയാണ്. ശ്രീ ശങ്കരാചാര്യരും ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും ആധ്യാത്മികതക്കൊപ്പം സാമൂഹ്യ പരിഷ്‌കരണത്തിലും ഒരേ പോലെ പരിവര്‍ത്തനം സൃഷ്ടിച്ചവരാണ്. ആദിശങ്കരാചാര്യരും അയ്യങ്കാളിയും പോലെ അമ്മയുടെ പ്രവർത്തനം രാഷ്ട്ര നിർമാണത്തിന് സഹായിക്കുന്നു. സഹജീവികളെ സ്‌നേഹിക്കുകയും നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും തുല്യ അവസരം നല്‍കുകയും ചെയ്യുക എന്നത് അനിവാര്യമാണ്. ഈ ദിശയിലുള്ള അമൃതാനന്ദമയി മഠത്തിന്റെ പ്രവര്‍ത്തനവും മഠം 50000 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പും പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന പെന്‍ഷനും തുല്യ അവസരം നല്‍കുന്നതില്‍ നിര്‍ണ്ണായകമാണ്. അമൃത വിശ്വ വിദ്യാപീഠം രാജ്യത്തെ മികച്ച സര്‍വകലാശാലയെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രപതി ഒര്‍മ്മിച്ചു. ” വിദ്യാഭ്യാസം ഡിഗ്രി നേടുന്നതല്ല; നേടിയ ഡിഗ്രി രാഷ്ട്രനിര്‍മ്മാണത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്. അമ്മയും വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാട് ആണ് പുലര്‍ത്തുന്നത്.” ഗവേഷണത്തിന് പണം കിട്ടുന്നതോ എത്ര ഗവേഷണ പ്രബന്ധങ്ങള്‍
അവതരിപ്പിച്ചതോ അല്ല ബുദ്ധി ശക്തി അളക്കുന്നത്. അതിന് പകരം പാവപ്പെട്ട സാധാരണക്കാര്‍ക്ക് എത്ര പ്രയോജനമുണ്ടായി എന്നതാണ് ഇതിന്റെ മാനദണ്ഡം” അമ്മയുടെ ഈ വാക്കുകള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് അമ്മ പുലര്‍ത്തുന്ന ചിന്തയുടെ പ്രതിഫലനമാണ് രാഷ്ട്രപതി തുടര്‍ന്നു.

കൊച്ചിയിലെ അമൃത ആശുപത്രി 43 ലക്ഷം പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ ഒരുക്കി എന്നത് മഠത്തിന്റെ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ്. ഡല്‍ഹിക്കടുത്ത് ഫരീദാബാദില്‍ മഠത്തിന്റെ പുതിയ ആശുപത്രി വരുന്നത് സേവനത്തിന്റെയും സ്വാന്ത്വനത്തിന്റെയും രംഗത്ത് ഏറെ
നിര്‍ണ്ണായകമായാണ് ഞാന്‍ കാണുന്നത് എന്ന് രാഷ്ട്രപതി പറഞ്ഞു.

ദേശീയതലത്തില്‍ 5000 ഗ്രാമങ്ങളില്‍ ശുദ്ധ ജലം നല്‍കാനുള്ള ജീവാമൃതം പദ്ധതിയാണ് രാഷ്ട്രപതി ഇന്ന് സമര്‍പ്പിച്ചത്. നൂറു കോടി രൂപയാണ് പദ്ധതിയുടെ ചിലവ് കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.

വെളി സ്ഥലത്തെ വിസര്‍ജ്ജനം ഒഴിവാക്കിയ 12 ഗ്രാമങ്ങള്‍ക്ക് രാഷ്ട്രപതി സാക്ഷ്യപത്രം നല്‍കി. അമൃതാനന്ദമയി മഠം സ്വാശ്രയ ഗ്രാമവികസന പദ്ധതിയായ അമൃതാ സെര്‍വ്വിന്റെ ഭാഗമാണിത്.

കൊച്ചി അമൃത ഇന്‍സ്റ്റിട്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് നടത്തുന്ന 2000 ത്തോളം സൗജന്യ ശസ്ത്രക്രിയകളുടെ സാക്ഷ്യപത്രവും രാഷ്ട്രപതി നല്‍കി. 53 കോടി രൂപ ചിലവില്‍ 200 ഹൃദയ ശസ്ത്രക്രിയകളും 70 മസ്തിഷ്‌ക ശസ്ത്രക്രിയകളും 20 വൃക്ക മാറ്റ ശസ്ത്രക്രിയകളും ഇതില്‍ ഉള്‍പ്പെടുന്നു.

ദേശീയ ഗാനത്തിനു ശേഷം വേദിയില്‍ നിന്ന് ഇറങ്ങും മുന്‍പ് രാഷ്ട്രപതി അമ്മയുടെ അടുത്തെത്തി. പതിവു പോലെ സ്‌നേഹാശ്ലേഷത്തിലൂടെ അനുഗ്രഹിക്കുമ്പോഴാണ് രാഷ്ട്രപതി അമ്മയോട് ആഗ്രഹങ്ങൾ പറഞ്ഞത്. ആദ്യത്തേത് ‘തന്റെ എല്ലാവിധ കഴിവുകളും രാഷ്ട്ര സേവനത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയണമേ’ എന്ന് അദ്ദേഹം അമ്മയോടു പറഞ്ഞു. രണ്ടാമതായി എല്ലാ വിധത്തിലും ലോകത്തെ ഏറ്റവും ശക്തിശാലിയായ രാഷ്ട്രമാക്കാനാണ് അമ്മയുടെ അനുഗ്രഹം അദ്ദേഹം തേടിയത്. ”മോന്റെ ഈ ആഗ്രഹങ്ങള്‍ സഫലീകരിക്കട്ടെ” എന്ന അമ്മയുടെ അനുഗ്രഹവുമായാണ് കേരളത്തിലാദ്യമായെത്തിയ രാഷ്ട്രപതി മടങ്ങിയത്.

9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64

രാജ്യത്തെ ദളിത് ആദിവാസി മേഖലകളില്‍ അമ്മ ചെയ്യുന്ന സേവനം മഹത്തരവും മാതൃകാപരവുമാണെന്ന് കേന്ദ്ര പട്ടിക വര്‍ഗ്ഗ മാന്ത്രി ജുവല്‍ ഒറോം. എല്ലാവരേയും ഒരു പോലെ കാണാനാണ് അമ്മ ശ്രമിക്കുന്നത് അതു കൊണ്ടുതന്നെ ഈശ്വരീയ അംശം താന്‍ അമ്മയിലും ദർശിക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു.

ജന്മദിനങ്ങള്‍ ആര്‍ഭാടമായി ആഘോഷിക്കുമ്പോള്‍ പാവങ്ങളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും കണ്ണീരൊപ്പാനും അവര്‍ക്കായി സേവന പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിക്കാനുമാണ് ജന്മദിനത്തില്‍ ശ്രീ മാതാ അമൃതാനന്ദമയി സമയം കണ്ടെത്തുന്നതെന്ന് രാജ്യസഭാ ഉപാധ്യ്ക്ഷന്‍ പി ജെ കുര്യന്‍. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരിലും കാരുണ്യവും സഹായവുമെത്തിക്കുന്ന അമ്മ സനാതന ധര്‍മ്മത്തിന്റെ മൂര്‍ത്തീ ഭാവമാണെന്നു പി ജെ കുര്യന്‍ പറഞ്ഞു.

സര്‍ക്കാരിനു പോലും സാധ്യമല്ലാത്ത സേവന പ്രവര്‍ത്തനമാണ് അമ്മ ചെയ്യുന്നതെന്നും ഇത് എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും കേന്ദ്ര മന്ത്രി വൈ എസ് ചൗധരി പറഞ്ഞു.

ജന്മദിനത്തില്‍ മറ്റാർക്കും ചെയ്യാന്‍ കഴിയാത്തത്ര സേവന പ്രവര്‍ത്തങ്ങള്‍ അശരണര്‍ക്കായി സമര്‍പ്പിക്കുന്ന അമ്മ ലോകത്തിനു മുന്നില്‍ ഹൃദയദീപമായാണ് പ്രകാശിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി സത്യപാല്‍ സിംഗ് പറഞ്ഞു.

ഐക്യരാഷ്ട്ര സഭയില്‍ മലയാളത്തിന്റെ മാധുര്യമാവാന്‍ അമ്മക്ക് കഴിഞ്ഞുവെന്നത് മലയാളത്തിന്റെ ഭാഗ്യമാണെന്നും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമജ്ജ്വല പ്രതീകമാണ് അമ്മയെന്നും ലോക് സഭാ എം പി എം കെ രാഘവന്‍ ആശംസിച്ചു.

ഓരോ വര്‍ഷം കഴിയുന്തോറും അമ്മയുടെ കാരുണ്യം വറ്റാത്ത നീരുറവയായി ഓരോ ഇടത്തേക്കും ഒഴുകിയെത്തുകുയാണെന്നും തുടർന്ന് സംസാരിച്ച കെ സിവേണു ഗോപാല്‍ എം പി പറഞ്ഞു. അമ്മയുടെ സ്‌നേഹം അനുഭവിക്കുന്നതോടൊപ്പം അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64

ദൈവത്തിന്റെ പ്രതീകവും മനുഷ്യന്റെ വേഷവും സമൂഹത്തിന്റെ സ്വാന്ത്വനവുമാണ് ശ്രീ മാതാ അമൃതാനന്ദമയി ദേവിയെന്ന് ഡോ മാര്‍ ക്രിസ്റ്റംവലിയ തിരുമേനി. അമ്മയുടെ അറുപത്തിനാലാമത് ജന്മവാര്‍ഷികാഘോഷത്തില്‍ ആശംസകള്‍ നേരുകയായിരുന്നു തിരുമേനി. അമ്മയുമായുള്ള ബന്ധം പണ്ടേ തുടങ്ങിയതാണ് അത് തന്റെ ജീവിതത്തിലെ എന്നുമുള്ള നല്ല ഓര്‍മ്മകളാണെന്നും തിരുമേനി വ്യക്തമാക്കി. “നീ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണെന്ന് മരിച്ച് സ്വര്‍ഗ്ഗതില്‍ പോയാല്‍ ദൈവം ചോദിക്കും . അമൃതപുരിയില്‍ വരാന്‍ കഴിഞ്ഞതും അമ്മയെ കാണാന്‍ കഴിഞ്ഞു എന്നതുമാണ് അതിനുള്ള തന്റെ ഉത്തരം” തിരുമേനി പറഞ്ഞു.

ചോദ്യം : മന്ത്രജപം എങ്ങനെ നടത്താം?

അമ്മ: മന്ത്രജപം നടത്തുമ്പോള്‍ ഒന്നുകില്‍ ഇഷ്ടദേവതയുടെ രൂപത്തിലോ അല്ലെങ്കില്‍ മന്ത്രശബ്ദത്തിലോ മാത്രം ശ്രദ്ധിക്കുക. ജപിക്കുന്നതോടൊപ്പം മന്ത്രങ്ങളുടെ ഓരോ അക്ഷരവും മനസ്സില്‍ ഭാവന ചെയ്യുന്നതു നല്ലതാണു്. മന്ത്രം ജപിക്കുമ്പോഴുള്ള ശ്രുതിയില്‍ മനസ്സിനെ നിര്‍ത്താം. നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനാണു മന്ത്രജപം ഏറെയും ഉപകരിക്കുന്നതു്. പരമാത്മതത്ത്വത്തിലെത്തുന്നതിനുള്ള തുഴയാണു മന്ത്രം. ഇന്നു നമ്മുടെ

മനസ്സു് നാനാത്വത്തില്‍ ബന്ധിച്ചിരിക്കുകയാണു്. അതിനെ അവിടെനിന്നും വിടുവിച്ചു് ഈശ്വരനില്‍ നിര്‍ത്തുവാന്‍ മന്ത്രജപം സഹായിക്കും. മന്ത്രം ജപിക്കുമ്പോള്‍ ഇഷ്ടരൂപത്തിനെ കാണുവാന്‍ കഴിയുന്നില്ലെന്നു പറഞ്ഞു പലരും വിഷമിക്കുന്നതു കണ്ടിട്ടുണ്ടു്. അവിടുത്ത രൂപം കണ്ടില്ലെങ്കിലും അവിടുത്തെ നാമത്തെ ഓര്‍ത്താല്‍ മതി. മന്ത്രജപം തുടര്‍ന്നാല്‍ മതി. അക്ഷരത്തിലോ ആ ശ്രുതിയിലോ ശ്രദ്ധ നിര്‍ത്തുക. ധ്യാനസമയത്തു രൂപത്തില്‍ മാത്രം മനസ്സിനെ നിര്‍ത്താന്‍ കഴിയുമെങ്കില്‍ അതുമതി, മന്ത്രം ജപിക്കണം എന്നില്ല. എന്നാല്‍ പ്രവൃത്തികള്‍ ചെയ്യുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും ഒക്കെയും മനസ്സില്‍ മന്ത്രജപം തുടരണം. അപ്പോള്‍ സൂക്ഷ്മമായി നമ്മുടെ മനസ്സു് ഈശ്വരനില്‍ വിശ്രമിക്കും. ഏകാഗ്രത വേണ്ടത്ര കിട്ടുന്നില്ലെങ്കില്‍ വേണ്ട, മന്ത്രശബ്ദത്തിലെങ്കിലും ശ്രദ്ധ വയ്ക്കാമല്ലോ.

ഓരോ മന്ത്രം ജപിക്കുമ്പോഴും ഓരോ പുഷ്പം അവിടുത്തെ പാദങ്ങളില്‍ അര്‍ച്ചിക്കുന്നതായി ഭാവന ചെയ്യാം. കണ്ണിനു കാഴ്ചയില്ലാത്തവര്‍ തപ്പിത്തപ്പിയാണു് ഓരോ വസ്തുവും എടുക്കുന്നതു്. അതുപോലെ കണ്ണടച്ചു ഹൃദയത്തില്‍നിന്നു പുഷ്പം എടുത്തു ഭഗവാന്റെ ആ പാദങ്ങളില്‍ത്തന്നെ കൊണ്ടുവയ്ക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ മന്ത്രശബ്ദത്തിലോ അക്ഷരങ്ങള്‍ ഭാവന ചെയ്തു് അതിലോ മനസ്സിനെ നിര്‍ത്തണം. ഏതു രീതിയിലായാലും മനസ്സിനെ അലയാന്‍ വിടരുതു്. ഭഗവാനില്‍ത്തന്നെ ബന്ധിച്ചു നിര്‍ത്തണം.