ചോദ്യം : ഇവിടെ താമസിക്കുന്ന ബ്രഹ്മചാരികള്‍ക്കു് എല്ലാവര്‍ക്കും സാക്ഷാത്കാരം കിട്ടുമോ?

അമ്മ: ഇവിടുത്തെ മക്കള്‍ രണ്ടുരീതിയില്‍ വന്നിട്ടുള്ളവരാണു്. ഭൗതികകാര്യങ്ങളില്‍ പൂര്‍ണ്ണവൈരാഗ്യം വന്നിട്ടു സ്വയം തീരുമാനം എടുത്തു വന്നവരുണ്ടു്. അവരെക്കണ്ടിട്ടു് അതനുകരിച്ചു തുടക്കത്തിലെ ആവേശംമൂലം നില്ക്കുന്നവരുമുണ്ടു്. ശ്രമിച്ചാല്‍ അവര്‍ക്കും സംസ്‌കാരം ഉള്‍ക്കൊണ്ടു നീങ്ങാം. ചീത്തസ്വഭാവത്തില്‍ കഴിഞ്ഞിരുന്നവര്‍പോലും സത്സംഗംകൊണ്ടു നല്ല മാര്‍ഗ്ഗത്തിലേക്കു വന്നിട്ടില്ലേ? വാല്മീകി കൊള്ളയും കൊലയും ചെയ്തു നടന്നിരുന്ന കാട്ടാളനായിരുന്നു. സത്സംഗവും അതനുസരിച്ചുള്ള ശ്രമവുംമൂലം ആദി കവിയായി, മഹര്‍ഷിയായി. പ്രഹ്‌ളാദന്‍ രാക്ഷസകുലത്തിലായിരുന്നിട്ടുകൂടി സത്സംഗംകൊണ്ടു ഭഗവത്ഭക്തന്മാരില്‍ അഗ്രഗണ്യനായി. തുടക്കത്തിലെ ആവേശംകൊണ്ടാണു വരുന്നതെങ്കിലും ഇവിടുത്തെ തത്ത്വങ്ങള്‍ ഗ്രഹിച്ചു്, അതിനെ ഉള്‍ക്കൊണ്ടും ജീവിതത്തില്‍ പകര്‍ത്തിയും ജീവിക്കാന്‍ ശ്രമിച്ചാല്‍ മാറിവരാം. വയറിങ് നടത്തുന്ന ഒരാളുമായുള്ള നിരന്തര സഹകരണംകൊണ്ടു പ്രത്യേകപഠനം കൂടാതെതന്നെ വയറിങ് ജോലികള്‍ എല്ലാം പഠിക്കാന്‍ കഴിയുന്നില്ലേ? കൂടെനിന്നു കണ്ടില്ലായിരുന്നെങ്കില്‍ പഠിക്കാന്‍ കഴിയില്ല. അതു പോലെ ആശ്രമത്തിലെ സാമീപ്യംകൊണ്ടും സഹകരണംകൊണ്ടും കാലക്രമത്തില്‍ നന്നാകാം. സംസ്‌കാരത്തെ ഉണര്‍ത്തിക്കൊണ്ടുവരാം. വളരെനാളത്തെ സഹകരണംകൊണ്ടും മാറ്റമൊന്നും സംഭവിക്കുന്നില്ല എങ്കില്‍, അവരവരുടെ പൂര്‍വ്വജന്മകര്‍മ്മഫലം എന്നു കണ്ടാശ്വസിക്കാം. വേറെ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ഒരു ഗ്രാമത്തില്‍, ഒരു സന്ന്യാസി ആലിന്റെ ചുവട്ടില്‍ വന്നിരുന്നു ദിവസവും ജപധ്യാനങ്ങള്‍ ചെയ്യുമായിരുന്നു. ഗ്രാമവാസികള്‍ അദ്ദേഹത്തിനു പഴങ്ങളും പലഹാരങ്ങളും കാണിക്കവച്ചു വേണ്ട ശുശ്രൂഷകളും നല്കി. ഇതു ദിവസവും കാണാറുണ്ടായിരുന്ന ഒരു യുവാവു കരുതി ‘ഇങ്ങനെ ഒരു സന്ന്യാസിയായാല്‍ ജീവിക്കാന്‍ പ്രയാസമുണ്ടാകില്ല’ എന്നു്. അയാള്‍ അടുത്തൊരു ഗ്രാമത്തില്‍പ്പോയി സന്ന്യാസവസ്ത്രവും ധരിച്ചു് ഒരു ആല്‍ച്ചുവട്ടിലിരുന്നു ജപ ധ്യാനങ്ങള്‍ തുടങ്ങി. രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സന്ന്യാസിയെ പൂജിക്കുവാനായി ആളുകളുടെ വരവാരംഭിച്ചു. മധുരപലഹാരങ്ങളും പഴങ്ങളും ധാരാളമെത്തി. സ്വാമിയെ കാണുവാന്‍ വരുന്നവരുടെ കൂട്ടത്തില്‍ സുന്ദരികളായ അനേകം പെണ്‍കുട്ടികളും ഉണ്ടായിരുന്നു. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സന്ന്യാസിയെ കാണാനില്ല. ആള്‍ ഒരു പെണ്‍കുട്ടിയെയുംകൊണ്ടു സ്ഥലം വിട്ടു. അനുകരിക്കാന്‍ മാത്രമായി വരുന്നവര്‍ക്കു രക്ഷപ്പെടാന്‍ കഴിയില്ല, പൂര്‍ണ്ണഅര്‍പ്പണവും വിശ്വാസവും ഉള്ളവര്‍ മാത്രം രക്ഷപ്പെടും. അല്ലാത്തവര്‍ അവരുടെ വഴിക്കു പോകും. അവരെക്കുറിച്ചു് എന്തിനു ചിന്തിക്കണം? ഇതൊരു യുദ്ധക്കളമാണു്. ഇവിടെ ജയിക്കാമെങ്കില്‍ അവനു ലോകത്തെ മുഴുവന്‍ കീഴടക്കാം. പ്രപഞ്ചത്തെ മുഴുവന്‍ ചൊല്പടിക്കു നിര്‍ത്താം.

ചോദ്യം : ജോലി ചെയ്യുമ്പോള്‍ എങ്ങനെ മന്ത്രം ജപിക്കാനും രൂപം സ്മരിക്കാനും കഴിയും? മന്ത്രം മറന്നുപോകില്ലേ?

അമ്മ: മക്കളേ, നമ്മുടെ ഒരു സഹോദരനു് അസുഖമായി അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നു കരുതുക. നമ്മള്‍ ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കിലും ആ സഹോദരനെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ കഴിയുമോ? ഏതു ജോലി ചെയ്യുമ്പോഴും അവനെക്കുറിച്ചുള്ള ചിന്ത മാത്രമായിരിക്കും. ‘അവനു ബോധം വീണ്ടുകിട്ടിക്കാണുമോ? സംസാരിക്കുമോ? അസുഖം കുറഞ്ഞുകാണുമോ? എന്നവനു വീട്ടില്‍വരാന്‍ കഴിയും?’ എന്നിങ്ങനെ സഹോദരന്‍ മാത്രമായിരിക്കും മനസ്സില്‍. എന്നാല്‍ ജോലികളും നടക്കും. ഇതേപോലെ ഈശ്വരനെ നമ്മുടെ ഏറ്റവുമടുത്ത ബന്ധുവായും സ്വന്തമായും കരുതി അതനുസരിച്ചു ജീവിച്ചാല്‍ ഏതു ജോലി ചെയ്യുമ്പോഴും ഈശ്വരനെ സ്മരിക്കാനും മന്ത്രം ജപിക്കാനും പ്രയാസമുണ്ടാകില്ല.

ചോദ്യം : ധ്യാനസമയത്തു ജപം നടത്തണമെന്നുണ്ടോ? എങ്ങനെ ധ്യാനസമയത്തു മനസ്സിനെ ധ്യാനരൂപത്തില്‍ ബന്ധിക്കുവാന്‍ സാധിക്കും?

അമ്മ: ധ്യാനിക്കുന്ന സമയത്തു ജപിക്കണമെന്നില്ല. ഇഷ്ടദേവതയുടെ രൂപം പാദാദികേശം കേശാദിപാദം ആവര്‍ത്തിച്ചു കണ്ടു കൊണ്ടിരിക്കണം. ഇഷ്ടമൂര്‍ത്തിയെ പ്രദക്ഷിണം ചെയ്യുന്നതായും അവിടുത്തോടൊപ്പം ഓടിച്ചാടിക്കളിക്കുന്നതായും ഭാവന ചെയ്യാം. ഇഷ്ടമൂര്‍ത്തി നമ്മില്‍നിന്നു വിട്ടകലുന്നതായും അവിടുത്തോടൊപ്പം എത്താനായി നമ്മള്‍ പിന്നാലെ ഓടുന്നതായും ഭാവന ചെയ്യാം. അവിടുത്തെ മടിയില്‍ കയറി ഇരിക്കുന്നതായും അവിടുത്തേക്കു് ഉമ്മ നല്കുന്നതായും മനസ്സില്‍ കാണാം. അവിടുത്തെ മുടി ചീകി ഒതുക്കിക്കൊടുത്തു കൊണ്ടിരിക്കുന്നതായും അല്ലെങ്കില്‍ അവിടുന്നു നമ്മുടെ മുടി കോതിമിനുക്കുന്നതായോ സങ്കല്പിക്കാം. ഇങ്ങനെയൊക്കെ ഭാവനചെയ്യുന്നതു ഇഷ്ടമൂര്‍ത്തിയില്‍ മനസ്സിനെ ബന്ധിക്കുന്നതിനാണു്.

”അമ്മേ, അമ്മേ, എന്നെ നയിക്കൂ; അച്ഛാ അച്ഛാ; എന്നെ നയിക്കൂ; നിത്യത്തിന്റെ പ്രകാശമേ എന്നെ നയിക്കൂ; കാരുണ്യത്തിന്റെ ദേവതേ എന്നെ നയിക്കൂ” എന്നിങ്ങനെ അവിടുത്തെ രൂപം കണ്ടുകൊണ്ടു പറയണം. മനസ്സു് ഒരു സെക്കന്‍ഡുകൊണ്ടു് എത്രയോ ദൂരമാണു സഞ്ചരിക്കുന്നതു്. അങ്ങനെയുള്ള മനസ്സിനെ എങ്ങും വിടാതിരിക്കാനാണു് ഈ ക്രിയകളൊക്കെ നമ്മള്‍ ചെയ്യുന്നതു്. വേദാന്തത്തില്‍ ഇതൊന്നും കാണില്ലായിരിക്കാം. പക്ഷേ, ഇതില്‍ക്കൂടിയേ വേദാന്തത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ അനുഭവതലത്തില്‍ കൊണ്ടുവരാന്‍ കഴിയൂ.

9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64

ശ്രീ മാതാമൃതാനന്ദമയി ദേവി ചെയ്യുന്ന മഹത്തായ സേവന പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊണ്ട് സത്യധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മള്‍ ഒരോരുത്തരും സ്വയം സമര്‍പ്പിക്കാന്‍ തയ്യാറാവണമെന്ന് ശ്രീ വിവേകാനന്ദ വേദിക് വിഷന്‍ അദ്ധ്യക്ഷയും ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാര ജേതാവുമായ ഡോ എം ലക്ഷ്മികുമാരി.

അമ്മയുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര പട്ടിക വര്‍ഗ്ഗ മന്ത്രി ജുവല്‍ ഒറോമില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

അമ്മ ചെയ്യുന്ന വലിയ സേവനങ്ങള്‍ക്കൊപ്പം ഒരു അണ്ണാന്‍ കുഞ്ഞിന്റേതു പോലുള്ള പങ്കു മാത്രമാണ് താന്‍ ഇതു വരെ ചെയ്തത്. അതു കണ്ടെത്തി അമ്മ അനുഗ്രഹിച്ചത് വലിയ പുണ്യമായി കരുതുന്നതായും ഈ പുരസ്‌കാരം എല്ലാ സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നതായും ലക്ഷ്മികുമാരി പറഞ്ഞു.

123456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

അമൃതാനന്ദമയി മഠത്തിന്റെ സ്വാശ്രയ സ്വയംപര്യാപ്ത ഗ്രാമ പദ്ധതി വഴിത്തിരിവാകുന്നു. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്നും ഗ്രാമങ്ങളുടെ സ്വയം പര്യാപ്തതയിലൂടെ മാത്രമേ ഭാരതം വികസിക്കൂ എന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ ചിന്തയിലും സ്വാശ്രയ ഗ്രാമം തന്നെയായിരുന്നു രാമരാജ്യം എന്ന സങ്കല്പത്തിന്റെ അടിത്തറ. പൗരാണിക ഭാരതത്തില്‍ ഗ്രാമീണ ജീവിതം സ്വയം പര്യാപ്തവും സുസ്ഥിരവുമായിരുന്നു. കൃഷി മുതല്‍ ആതുര ശ്രുശ്രൂഷ വരെ എല്ലാ മേഖലകളിലും തനത് സമ്പ്രദായം അവര്‍ വികസിപ്പിച്ചിരുന്നു. പരാശ്രയത്തിലേയ്ക്ക് വഴുതി മാറിയ ഗ്രാമജീവിതത്തെ വീണ്ടും സമ്പുഷ്ടമാക്കാനാണ് അമ്മ മാതൃകാ ഗ്രാമവികസന പദ്ധതിയ്ക്ക് രൂപം കൊടുത്തത്. അമ്മയുടെ 60 ാം ജന്മദിനത്തോടനുബന്ധിച്ച് 2013 ലാണ് പദ്ധതി ആരംഭിച്ചത്.

സ്വയം പര്യാപ്ത ഗ്രാമം എന്ന ഈ പദ്ധതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി 101 ഗ്രാമങ്ങളാണ് ഏറ്റെടുത്തത്. ”നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂടി ഭക്ഷണം നല്‍കി നിലനിര്‍ത്തുന്നത് ഗ്രാമീണ ജനതയുടെ അദ്ധ്വാനമാണ് പക്ഷെ ഇപ്പോള്‍ ഗ്രാമങ്ങളെ പാര്‍ശ്വവല്‍ക്കരിച്ച് ചൂഷണം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗ്രാമങ്ങളാണ് നമ്മുടെ അടിസ്ഥാനമെന്ന കാര്യം അംഗീകരിച്ച് ഒരു മനസ്സോടെയും ഒരേ ഹൃദയത്തോടെയും അവരേയും ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കാനും പുരോഗതിയിലേയ്ക്ക് നയിക്കാനുമുള്ള ബാധ്യത നമുക്കുണ്ട് ” ഈ പദ്ധതി വിഭാവന ചെയ്തു കൊണ്ട് ശ്രീ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞ വാക്കുകളാണ്.

മൊത്തം ജനസംഖ്യയുടെ 69 ശതമാനം ഇന്നും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത് 35 ശതമാനം ഗ്രാമീണര്‍ക്കേ നല്ല കുടിവെള്ളമുള്ളൂ 31 ശതമാനം ഗ്രാമീണര്‍ക്കേ ശൗചാലയങ്ങളുള്ളൂ ഏതാണ്ട് 59 ശതമാനവും നിരക്ഷരരാണ് ഈ അടിത്തറയില്‍ നിന്നാണ് സ്വയം പര്യാപ്ത ഗ്രാമ പദ്ധതി തുടങ്ങിയത് 101 ഗ്രാമങ്ങളുടെയും ജീവിതത്തില്‍ സമഗ്രമായ മാറ്റമാണ് വരുത്തിയത്. തമിഴ് നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സാഡിവയല്‍ എന്ന ആദിവാസി ഗ്രാമം മികച്ച ഉദാഹരണമാണ്. പലതരത്തിലുള്ള കൃഷി ചെയ്ത് പരാജയപ്പെട്ട ഗ്രാമീണ കര്‍ഷകരെ ഒന്നിച്ച് ചേര്‍ത്ത് ജൈവ നെല്‍ കൃഷി തുടങ്ങി. കൂട്ടു കൃഷിയായാണ് പദ്ധതി തുടങ്ങിയത്. 20 കൃഷിക്കാരുടെ 35 ഏക്കര്‍ നിലമാണ് ഒന്നിച്ചാക്കി ജൈവ നെല്‍ കൃഷി നടത്തിയത്. ഭവാനിയെന്ന നെല്ലിനമാണ് കൃഷി ചെയ്തത് .ഓരോരുത്തര്‍ക്കും ഏക്കറിന് 20000 രൂപയോളം ഒറ്റ കൃഷിയില്‍ത്തന്നെ ലാഭം കിട്ടി കൃഷി നഷ്ടത്തെത്തുടര്‍ന്ന് ജീവിതം വഴി മുട്ടിയ ഒരു ഗ്രാമം പുന രുജ്ജീവിക്കപ്പെടുകയായിരുന്നു. ” ജൈവ കൃഷി ഞങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചു പ്രതിബന്ധങ്ങളുങ്കെിലും ഞങ്ങള്‍ ഇത് തുടരും മണ്ണിനെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ജൈവകൃഷി അനിവാര്യമാണ് ” ഗ്രാമത്തിലെ കാളി സ്വാമി പറയുന്നു.

ഗ്രാമീണ സ്ത്രീകള്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉതകുന്ന രീതിയിലുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും രൂപം കൊടുത്തിട്ടുണ്ട്. ഒരോ ഗ്രാമത്തിലും അമൃതയുടെ ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരും എത്തുന്നു.

ഉത്തരപ്രദേശിലെ സരായി നൂറുദ്ദീന്‍പൂര്‍ എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ക്ക് നെയ്ത്തിലും ബാഗ് നിര്‍മ്മാണത്തിലുമാണ് പരിശീലനം നല്‍കിയത്. ഗ്രാമീണ സ്ത്രീകളുടെ ജീവിതം സ്വയം പര്യാപ്തമാക്ക്കാൻ  ഉതകുന്ന രീതിയില്‍ ഇവിടെ ബാഗുകളും മറ്റും നിര്‍മ്മിക്കുന്നു.

തമിഴ്‌നാട്ടിലെ സാഡിവയലില്‍ ജിമുക്കി നിര്‍മ്മിക്കുന്ന യൂണിറ്റാണ് തുടങ്ങിയത്. പരിശീലം നേടിയ സ്ത്രീകള്‍ കരകൗശല ഉല്പന്നമെന്ന നിലയിലാണ് ജിമുക്കി ഉണ്ടാക്കുന്നതും വിപണിയില്‍ ഇറക്കുന്നതും.

മഹാരാഷ്ട്രയിലെ റാന്‍സായിയില്‍ യന്ത്രസഹായമില്ലാതെ കറിമസാലപ്പൊടികള്‍ ഉണ്ടാക്കുന്ന സ്ത്രീകളുടെ സംരംഭമാണ് തുടങ്ങിയത്. തൊട്ടടുത്ത ഗ്രാമങ്ങളില്‍ ഇതിന് വന്‍ ഡിമാന്റാണ് ലഭിച്ചിട്ടുള്ളത്.

ഒഡീഷയിലെ ഗുപ്തപാദ ഗ്രാമത്തില്‍ കൂണ്‍ കൃഷി തുടങ്ങി, കൂണ്‍ കൃഷി ചെയ്യുന്ന ഒരു ബെഡ്ഡിന് 30 രൂപ വെച്ച് സ്ത്രീകള്‍ തന്നെയാണ് ഒരുക്കിയത്. ഒരു കിലോ കൂണിന് 50 രൂപ മുതല്‍ 60 രൂപ വരെ വെച്ചു വിററഴിക്കുന്നു.

പശ്ചിമ ബംഗാളിലെ കാളി നഗറില്‍  പ്രാദേശിക വിപണിയില്‍ കാളീ നഗറിലെ സ്ത്രീകള്‍ ഉണ്ടാക്കുന്ന പപ്പടമാണ് ഇന്ന് വിററഴക്കപ്പെടുന്നത്.

ഉത്തരാഖണ്ഠിലെ ദുണ്ഠയില്‍ പേപ്പര്‍ ബാഗുകളും ഉപയോഗശൂന്യമായ പേപ്പറുകളുടെ പുനരുപയോഗത്തിനുള്ള പദ്ധതിയാണ് നടപ്പിലാക്കിയത്.ഇത് കൂടാതെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാഡുകള്‍ക്ക് പകരം പരിസ്ഥിതിയെ ബാധിക്കാത്ത പരുത്തിത്തുണിയുടെ പാഡുകള്‍ നിര്‍മ്മിക്കുന്ന ഗ്രാമീണ യൂണിറ്റുകളും മിക്ക ഗ്രാമങ്ങളിലും നടപ്പാക്കിയിരിക്കുന്നു.

ഉപയോഗയോഗ്യമായ കുടിവെള്ളം, സാക്ഷരത, യോഗ തുടങ്ങിയവയ്ക്കും പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

വൃക്ഷത്തൈ നടീല്‍ എല്ലാ ഗ്രാമങ്ങളിലും വിപുലമായി നടത്തി വരുന്നു.

എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ സ്ത്രീകള്‍ക്ക് തന്നെ പരിശീലനം നല്‍കി നടപ്പാക്കിയ പദ്ധതി, വൻ വിജയമാണ് കൈവരിച്ചത്. ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധത്‌യ്ക്ക് സ്ത്രീകള്‍ തന്നെയാണ് മുന്‍ കൈ എടുക്കുന്നത്.

സാക്ഷരതാ പദ്ധതിയിലും ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് ചേന്നിട്ടുള്ളത് വൈദ്യുതി എത്താത്ത ഗ്രാമങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുതി എത്തിക്കാനുള്ള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

സ്വാമി ജ്ഞാനാമൃത പുരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമൃത സെര്‍വ്വ് നടപ്പാക്കുന്നത്.