തിരുവനന്തപുരം ബ്രഹ്മസ്ഥാന വാര്‍ഷികാഘോഷവേളയില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ശ്രീ. പി പരമേശ്വരന്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന് 24/1/2010.

‘യാ ദേവീ സര്‍വ്വഭൂതേഷു മാതൃരൂപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ’

ശക്തിമയിയും വാത്‌സല്യമയിയുമായ ജഗദ്ഗുരു ശ്രീമാതാ അമൃതാനന്ദമയീ ദേവിയുടെ തൃപ്പാദങ്ങളില്‍ സാഷ്ടാംഗ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഏതാനും വാക്കുകള്‍ സംസാരിക്കാന്‍ മുതിരുകയാണ്.

നമ്മുടെ തലസ്ഥാന നഗരി ഒരു പുണ്യനഗരിയായി മാറിയിരിക്കുകയാണ്, ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണ്. എല്ലാവഴികളും അമ്മയുടെ അടുക്കലേക്ക്… ഭക്തജനങ്ങളുടെ പ്രവാഹം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വാസ്തവത്തില്‍ ഈ തരത്തിലുള്ള പുണ്യതീര്‍ത്ഥങ്ങള്‍ മനസ്സിനെ ശുദ്ധീകരിക്കുവാന്‍ ആവശ്യമാണ്. നിത്യസ്‌നാനം ദേഹത്തെ ശുദ്ധീകരിക്കും, ഈ തരത്തിലുള്ള സത്‌സംഗങ്ങള്‍, ഭക്തജനസമാഗമങ്ങള്‍, മഹാത്മാക്കളുടെ സാന്നിദ്ധ്യം, ഇത് നൂറുനൂറു വ്യാപാരങ്ങളില്‍ മുങ്ങിയിരിക്കുന്ന മനുഷ്യന്റെ മനസ്സിനെ ശുദ്ധീകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ, പ്രയോജനപ്രദമായ, അവസരമാണ്. വാസ്തവത്തില്‍ ഈ തരത്തിലുള്ള സംഗമങ്ങളില്‍ കൂടിയാണ്, തീര്‍ത്ഥസ്‌നാനങ്ങളില്‍ കൂടിയാണ്, നമ്മുടെ സമൂഹം ഇന്നും കുറെയെങ്കിലും ഭദ്രമായി, കുറെയെങ്കിലും സുരക്ഷിതമായി, കുറെയെങ്കിലും നന്മയോടുകൂടി, നിലനില്ക്കുന്നത്. ഭരണകൂടത്തിന്റെ സ്വാധീനം കൊണ്ടോ, പോലീസിന്റെ പ്രഭാവം കൊണ്ടോ, ജയിലുകളും കോടതികളും ഉള്ളതു കൊണ്ടോ ഒന്നുമല്ല സമൂഹം ഭദ്രമായി, സുരക്ഷിതമായി നിലനില്ക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലൂടെ ശുദ്ധീകരിക്കപ്പെടുന്ന മനസ്സുകളാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്സ്, നമ്മുടെ ഓരോരുത്തരുടെയും ജീവിതം, നമ്മുടെ കുടുംബ ജീവിതം, നമ്മുടെ സമൂഹ ജീവിതം ഇതിനെയെല്ലാം നിലനിര്‍ത്തുന്നത്.

ഭാരതം പുണ്യതീര്‍ത്ഥങ്ങളുടെ നാടാണ്. ഭാരതത്തിലുടനീളം ആയിരക്കണക്കിന് പുണ്യതീര്‍ത്ഥങ്ങളുണ്ട്. ഈ പുണ്യതീര്‍ത്ഥങ്ങളെല്ലാംതന്നെ മഹാത്മാക്കളുടെ സാന്നിദ്ധ്യംകൊണ്ട് ചൈതന്യമാര്‍ജ്ജിച്ചവയാണ്. അതുപോലെ തന്നെ പുണ്യനദികളുടെ സംഗമങ്ങള്‍ പുണ്യതീര്‍ത്ഥസ്ഥാനങ്ങളാണ്. പ്രയാഗയായാലും ഹരിദ്വാര്‍ ആയാലും അതുപോലെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളെല്ലാംതന്നെ മഹാത്മാക്കളുടെ നിരന്തരമായ സാന്നിദ്ധ്യം കൊണ്ടും പുണ്യപവിത്ര നദികളുടെ നിരന്തരമായ പ്രവാഹംകൊണ്ടും ശുദ്ധിയാര്‍ജ്ജിച്ചവയാണ്. നദികള്‍ സ്വയമേ പവിത്രങ്ങളാണ്. കാരണം അവ ഒഴുകുന്നു. നിരന്തരമായി പ്രവഹിച്ചുകൊണ്ടിരിക്കുന്ന, ഒന്നും സൂക്ഷിച്ചുവയ്ക്കാതെ, എല്ലാം സദാ നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാഹങ്ങളാണ് നദികള്‍. അത്തരം പ്രവാഹങ്ങള്‍ പവിത്രങ്ങളാണ്. അത്തരം നദികളുടെ സംഗമങ്ങളാണ് തീര്‍ത്ഥാടനകേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അമ്മയുടെ ജീവിതവും ഒരു മഹാപ്രവാഹമാണ്. ഒരിടത്തും തങ്ങിനില്ക്കാതെ, ഒന്നും സൂക്ഷിച്ചുവയ്ക്കാതെ, എല്ലാ വരദാനങ്ങളും സമൂഹത്തിന്, ലോകത്തിന്, നിരന്തരം പ്രദാനം ചെയ്തുകൊണ്ട് ഒഴുകുന്ന പവിത്രമായ ഒരു അമൃതഗംഗാപ്രവാഹമാണ്, വാസ്തവത്തില്‍ അമ്മയുടെ ജീവിതം. അമ്മയുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലങ്ങളെല്ലാം തന്നെ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാനും, നമ്മുടെ വിചാരങ്ങളെ, ആശയങ്ങളെ പവിത്രമാക്കാനും സഹായിക്കുന്നവയാണ്.

ഭാരതം മുഴുവന്‍ ഒരു പുണ്യതീര്‍ത്ഥമായി, ഒരു പുണ്യക്ഷേത്രമായി, പവിത്രഭൂമിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റ് പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം, ഭൂഖണ്ഡങ്ങളെ സംബന്ധിച്ചിടത്തോളം, അവ ഭോഗപ്രധാനമാണ്. ഭാരതം ത്യാഗപ്രധാനമാണ്. ഇത് ഋഷിമാരുടെ നാടാണ്, ഋഷിപരമ്പരയുടെ നാടാണ്. ആര്‍ഷസംസ്‌കാരത്തിന്റെ നാടാണ്. ആ പരമ്പരയ്ക്ക് ഒരിക്കലും കണ്ണിയറ്റുപോയിട്ടില്ല. പൈതൃകകാലം തുടര്‍ന്നിങ്ങോട്ട് ഒരു നദീപ്രവാഹം പോലെ നമ്മുടെ ഋഷിമാരുടെ പരമ്പരയും നിലനിന്നുപോന്നിട്ടുണ്ട് ആ പാരമ്പര്യം കാലാകാലങ്ങളില്‍ നമ്മുടെ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. പലപ്പോഴും പലകാരണങ്ങള്‍കൊണ്ടും സംസ്‌കാരങ്ങള്‍ക്ക് ലോപം സംഭവിക്കാം. പുറത്തുനിന്നുകൊണ്ടുള്ള കടന്നുകയറ്റം കൊണ്ടാകാം, ഉള്ളില്‍ നിന്നുള്ള മലിനീകരണം കൊണ്ടാകാം, സംസ്‌കാരത്തിന് ലോപം സംഭവിക്കാം, മൂല്യബോധത്തിന് ക്ഷതം സംഭവിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാം, ധര്‍മ്മത്തിന് എപ്പോഴാണോ ച്യുതിയുണ്ടാകുന്നത്, ധര്‍മ്മത്തിന് ലോപം സംഭവിക്കുന്നത്, അത്തരം സന്ദര്‍ഭങ്ങളിലെല്ലാം, നമ്മുടെ ഭാരതത്തില്‍ നാം കണ്ടുവന്നിട്ടുള്ള ഒരു പ്രതിഭാസം എന്തെന്നാല്‍ ഓരോ സന്ദര്‍ഭത്തിലും, ഓരോ പ്രദേശത്തും, മഹാത്മാക്കള്‍ അവതരിക്കും, അവതാര പുരുഷന്മാരുണ്ടാകും. അത്തരം അവതാരങ്ങള്‍, മഹാത്മാക്കള്‍, ധര്‍മ്മത്തെ പുനഃസ്ഥാപിക്കും. ആചരണത്തില്‍ കൂടി ജനങ്ങളുടെ മുന്നില്‍ ധര്‍മ്മത്തെ അവര്‍ പുനരുദ്ധരിക്കും. സമൂഹം വീണ്ടും ധര്‍മ്മാധിഷ്ഠിതമായി മുന്നോട്ടുപോകും. അങ്ങനെ അനേകായിരം കൊല്ലങ്ങളിലൂടെ, ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളതുപോലെ അവതാരങ്ങളുടെ പരമ്പരയില്‍ കൂടി, നമ്മുടെ ഭാരതീയ സംസ്‌കാരം, നമ്മുടെ ജീവിത ദര്‍ശനം, നമ്മുടെ ആര്‍ഷ പാരമ്പര്യം നിലനിന്നുപോന്നിട്ടുണ്ട്. ഈ ആര്‍ഷപാരമ്പര്യം നിലനിന്നുപോന്നതുകൊണ്ടാണ് മറ്റു പല രാഷ്ട്രങ്ങള്‍ അസ്തമിച്ച കാലത്തും നമ്മുടെ ഭാരതം സജീവമായി, ഐശ്വര്യ പൂര്‍ണമായി, സമാധാനപരമായി നിലനിന്നുപോന്നിട്ടുള്ളത്. ഉള്ളില്‍നിന്നും പുറത്തുനിന്നും ഉള്ള അസ്വസ്ഥതകളും, അക്രമങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും, ഈ ധര്‍മ്മം നിലനിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ എല്ലാകാലത്തും നിരന്തരമായി നടന്നുപോന്നിട്ടുണ്ട്. മറ്റുപല രാഷ്ട്രങ്ങളിലും സംഭവിച്ചതുപോലെ നമ്മുടെ രാജ്യത്തില്‍ ഈ ജീവിതത്തിന്റെ ഗംഗാപ്രവാഹം ഒരിക്കലും അസ്തമിച്ചിട്ടില്ല, ഒരിക്കലും ഭംഗം വന്നുപോയിട്ടില്ല. പൈതൃകകാലം മുതല്‍, ഉപനിഷത്തുകളുടെ കാലത്തും, ബുദ്ധന്റെയും വര്‍ദ്ധമാനമഹാവീരന്റെയും ഒക്കെ കാലത്തും, പുരാണ ഇതിഹാസങ്ങളുടെ കാലത്തും, പിന്നീട് വിദേശ ആക്രമണത്തില്‍ ഭാരതം അടിമപ്പെട്ടു പോയിരുന്ന കാലത്തു പോലും, ഭക്തിപ്രസ്ഥാനത്തിന്റെ ഒരു മഹാപ്രവാഹരില്‍കൂടി ഉത്തരദക്ഷിണ ഭാരതങ്ങളില്‍ മുഴുവനും, ധര്‍മ്മവും, ജീവിതമൂല്യങ്ങളും എല്ലാം നിലനിന്നുപോന്നിട്ടുണ്ട്.

ഇത് എല്ലായിടത്തും സംഭവിച്ചിട്ടുണ്ട്. നമ്മുടെ കേരളത്തിലും. ശ്രീ ശങ്കരാചാര്യരുടെ കാലം നമുക്കറിയാം. ഭാരതത്തിനു് മുഴുവനും ധാര്‍മ്മികമായ അപചയം സംഭവിച്ച കാലത്ത്, വേദാന്തധര്‍മ്മത്തെ, സനാതന ധര്‍മ്മത്തെ, പുനരുദ്ധരിക്കാന്‍ വേണ്ടി അവതരിച്ച ശ്രീ ശങ്കരാചാര്യര്‍ ഭാരതം മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ച് എല്ലാ ആരാധനാ സമ്പ്രദായങ്ങളെയും കൂട്ടിയിണക്കി, എല്ലാ ദര്‍ശനങ്ങളെയും കൂട്ടിയിണക്കി, ഒരു സന്ന്യാസപരമ്പരയ്ക്ക്, സംവിധാനത്തിന് രൂപം നല്‍കി. ഭാരതത്തിന്റെ നാലു മൂലകളില്‍ നാല് ആശ്രമങ്ങള്‍ സ്ഥാപിച്ചു. ബദരിയിലും, പുരിയിലും, ശൃംഗേരിയിലും, ദ്വാരകയിലും എല്ലാം. അവരില്‍കൂടി വൈദികധര്‍മ്മം പ്രചരിച്ചു, പിന്നീട് വന്ന ഒരു ആയിരം കൊല്ലത്തെ അടിമത്തത്തിന്റെ കാലത്തും ഭാരതം സാംസ്‌കാരികമായി, ശക്തമായി, സ്വതന്ത്രമായി നിലനിന്നത് ജഗദ്ഗുരു ശങ്കരാചാര്യസ്വാമികളുടെ തപസ്സിന്റെ, ജ്ഞാനതപസ്സിന്റെയും കര്‍മ്മതപസ്സിന്റെയും, ഫലമായിട്ടായിരുന്നു.

കേരളത്തിലും ഭക്തകവികളായ തുഞ്ചത്താചാര്യനും, പൂന്താനവും, ചെറുശ്ശേരിയും എല്ലാം അവതരിച്ചത് നമ്മുടെ ധര്‍മ്മത്തിന് അപചയം സംഭവിച്ച ഈ കാലത്താണ്. വിദേശികള്‍ നമ്മുടെ മേല്‍ അവരുടെ സംസ്‌കാരവും, അവരുടേതായ ആചാര്യമര്യാദകളും അടിച്ചേല്പിക്കുകയും മതം മാറ്റം നടത്തുകയും ഒക്കെ ചെയ്തുകൊണ്ടിരുന്ന കാലത്താണ് തുഞ്ചത്താചാര്യനും, പൂന്താനവും, ചെറുശ്ശേരിയുമെല്ലാം, അവരുടെ ഭക്തിപ്രസ്ഥാനത്തില്‍ക്കൂടി നമ്മുടെ മഹാപുരുഷന്മാരുടെ അവതാരകഥകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. രാമായണവും, മഹാഭാരതവും, ഭാഗവതവും എല്ലാം അങ്ങനെയാണ് പ്രചരിച്ചത്. പിന്നീടും വൈദേശികാധിപത്യം വന്നു, ബ്രിട്ടീഷു് ആധിപത്യം വന്നു. വിദേശ മിഷനറിമാരുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടു. സനാതനധര്‍മ്മം ക്ഷയിക്കാന്‍ തുടങ്ങി. ആ സമയത്താണ് നമ്മുടെ കേരളത്തില്‍ ശ്രീനാരായണ ഗുരുദേവനേയും, ചട്ടമ്പിസ്വാമികളേയും പോലുള്ള മഹാത്മാക്കള്‍ ഉണ്ടായി, ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിച്ച് സംസ്‌കാരം പ്രചരിപ്പിച്ച്, വേദാന്തതത്വങ്ങള്‍ പ്രചരിപ്പിച്ച്, സാംസ്‌കാരികമായ ഉന്നമനത്തിന് വഴി തെളിച്ചത്. ഭാരതീയ സംസ്‌കാരവും, അതില്‍ വിശ്വസിക്കുന്നവരും ഇന്നും നാമമാത്രമായെങ്കിലും ഭൂരിപക്ഷമായി നില്ക്കുന്നത് അത്തരം ആദ്ധ്യാത്മികാചാര്യന്മാരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ്.

ആ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട്, സ്വാതന്ത്ര്യത്തിനുശേഷം ഒരു ആഗോളവത്കരണത്തിന്റെ പരിഷ്‌ക്കാരം, പാശ്ച്യാത്യ നാഗരികതയുടെ മേധാവിത്വം, ഉപഭോഗ സംസ്‌കാരം, ആഡംബരഭ്രമം, പാശ്ച്യാത്യവത്കരണം, ഇതെല്ലാം വളരെ ശക്തമായി അലയടിച്ചുതുടങ്ങിയ കാലഘട്ടത്തിലാണ് ശ്രീമാതാ അമൃതാനന്ദമയീ ദേവി കേരളക്കരയില്‍ ഏറ്റവും പിന്നോക്ക പ്രദേശത്ത് അവതരിക്കുകയും, അമ്മയുടെ ജീവിതത്തിലൂടെ, തപസ്സിലൂടെ, ആചാരത്തിലൂടെ, സമൂഹസേവനത്തിലൂടെ ഒരു സാംസ്‌കാരിക നവോത്ഥാനം സൃഷ്ടിക്കുകയും ചെയ്തത്. ആ സാംസ്‌കാരിക നവോത്ഥാനത്തിന്റെ അലയടികള്‍ ഇന്ന് കേരളത്തില്‍ മാത്രമല്ല, ഭാരതത്തില്‍ മാത്രമല്ല, നമുക്കറിയാം, ലോകം മുഴുവന്‍ പ്രകടമായിട്ടുണ്ട്. ലോകം മുഴുവന്‍ ഇന്ന് വാസ്തവത്തില്‍ ഭാരതത്തിലേയ്ക്ക്, ഇവിടുത്തെ ആദ്ധ്യാത്മിക ആചാര്യന്മാരിലേയ്ക്ക്, മഹാത്മാക്കളിലേയ്ക്ക്, ശ്രദ്ധ ചിരിച്ചുകൊണ്ടിരിക്കുകയാണ്. അമൃതപുരി ഇന്ന് ആഗോളതലത്തിലുള്ള ആദ്ധ്യാത്മികതയുടെ തലസ്ഥാനനഗരമായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും ആളുകള്‍ അവിടേയ്ക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഉപഭോഗസംസ്‌കാരം കൊണ്ടും, അതിന്റെ തിന്മകള്‍കൊണ്ടും ലോകം അനുഭവിക്കുന്ന കഷ്ടപ്പാടുകളും, തിരിച്ചടികളും നേരിടാന്‍, അതിനെ തരണം ചെയ്യാന്‍, ഭാരതത്തിനേ സാധിക്കൂ, ഭാരതത്തിന്റെ സംസ്‌കാരത്തിനേ സാധിക്കൂ. ഉപഭോഗത്തിന്റെയും ആഡംബരത്തിന്റെയും സംസ്‌കാരം ലോകത്തില്‍ വിപത്തിന്റെ വിത്തുകള്‍ വിതയ്ക്കുകയാണ്. ഈ സമയത്ത് യഥാര്‍ത്ഥത്തിലുള്ള ആദ്ധ്യാത്മികമായ ജീവിതത്തിന്റെ സന്ദേശം ലോകത്തില്‍ പ്രചരിക്കേണ്ടതായിട്ടുണ്ട്.

അമ്മയുടെ ജീവിതത്തില്‍ നാം കാണുന്നത് ഇതുപോലെയുള്ള ഒരു വലിയ പ്രവാഹങ്ങളുടെ സംഗമമാണ്. ഒരു ത്രിവേണി സംഗമമാണ് നാം അമ്മയുടെ ജീവിതത്തില്‍ പ്രത്യക്ഷമായി കാണുന്നത്. നാമെല്ലാം ആഗ്രഹിക്കുന്നത് മൂന്നു കാര്യങ്ങളാണ്. നമുക്ക് അറിവ് വേണം, നമുക്ക് ഐശ്വര്യം വേണം, നമുക്ക് ശക്തി വേണം, ഇതുമൂന്നും എല്ലാവര്‍ക്കും ആവശ്യമാണ്. അറിവ് കൂടിയേ കഴിയൂ. ‘നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ.’ ജ്ഞാനം പോലെ നമ്മെ പവിത്രീകരിക്കുന്നതായി മറ്റൊന്നുമില്ല. പക്ഷേ, ജ്ഞാനം മാത്രം പോര, ഐശ്വര്യമായി ജീവിക്കാന്‍ സാധിക്കണം, ഐശ്വര്യം ആവശ്യമാണ്. ജ്ഞാനവും, ഐശ്വര്യവും അതോടൊപ്പം ശക്തിയും ഉണ്ടായിരിക്കണം. ഈ മൂന്നിനേയും നാം നമ്മുടെ ഹൈന്ദവ പാരമ്പര്യത്തില്‍ മൂന്നു ദേവതകളായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. അറിവിന്റെ ദേവതയാണ് സരസ്വതി, ഐശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മി, ശക്തിയുടെ ദേവതയാണ് ദുര്‍ഗ്ഗ. ഇതു മൂന്നും ഒരേ ദേവതയുടെ മൂന്നു ഭാഗങ്ങളാണ്, മൂന്നു ദേവതകളല്ല, ഒരേ ദേവതയുടെ മൂന്നു ഭാഗങ്ങളാണ്. ഐശ്വര്യത്തിന്റെ രൂപമായ മഹാലക്ഷ്മി, അറിവിന്റെ ആവിഷ്‌കാരമായ സരസ്വതി, ശക്തിയുടെ പ്രഭവമായ ദുര്‍ഗ്ഗാദേവി, ഈ മൂന്നിന്റെയും സമന്വയം നമുക്ക് നമ്മുടെ അമ്മയില്‍ കാണാന്‍ സാധിക്കും. ഏതു കാര്യത്തെക്കുറിച്ചും അറിവ് ലഭിക്കാന്‍ ഏറ്റവും വലിയ പണ്ഡിതന്മാര്‍ പോലും അമ്മയുടെ അടുക്കല്‍ വരുന്നതായി നമുക്ക് കാണാം. അതുപോലെ അമ്മയുടെ പ്രവര്‍ത്തനം എവിടെയെല്ലാം എത്തിയിട്ടുണ്ടോ അവിടെ ഐശ്വര്യവും വളര്‍ന്നുവരുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഇന്നത്തെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി ജീവിതം നയിക്കണമെങ്കില്‍ കരുത്താവശ്യമാണ്. ശാരീരികമായ കരുത്തുവേണം, മാനസികമായ കരുത്തുവേണം, ബുദ്ധിപരമായ കരുത്തുവേണം, ആത്മീയമായ കരുത്തുവേണം, ഈ കരുത്തു് നമ്മള്‍ക്ക് അമ്മയുടെ ജീവിതത്തില്‍ നിന്നും, ഉപദേശത്തില്‍ നിന്നും കിട്ടുന്നുണ്ട്.

വാസ്തവത്തില്‍ ഇതെല്ലാം സമ്പത്തുകളാണ്. ഈ സമ്പത്തുകളെയാണ് ഭഗവദ്ഗീതയില്‍ ‘ദൈവീസമ്പത്ത്’ എന്നു പറയുന്നത്. സമ്പത്തിനെ രണ്ടായി വിഭജിച്ചിട്ടുണ്ട്, ‘ദൈവീസമ്പത്ത്’, ‘ആസുരി സമ്പത്ത്’. അമ്മ പ്രതിനിധീകരിക്കുന്നത് അറിവിലായാലും, ഐശ്വര്യത്തിലായാലും, ശക്തിയിലായാലും ദൈവീസമ്പത്താണ്. ശ്രീമദ് ഭഗവദ്ഗീതയില്‍ ഈ രണ്ടു സമ്പത്തുകളെയും വിവരിക്കുന്ന സമയത്ത് അര്‍ജ്ജുനന് സംശയം, ‘ഞാന്‍ ദൈവീ സമ്പത്തിലാണോ, ആസുരീ സമ്പത്തിലാണോ പെടുന്നത്?’ ഭഗവാന്‍ പറയുന്നു ‘മാ ശുചാ സമ്പതം ദൈവീകം അഭിജാതോസി പാണ്ഡവ’, ‘ദുഃഖിക്കേണ്ടതില്ല, നീ ജനിച്ചീരിക്കുന്നത് ദൈവീസമ്പത്തിലാണ്.’ അമ്മയുടെ ഭക്തന്മാരായിട്ടുള്ള, അമ്മയുടെ ആരാധകരായിട്ടുള്ള, അമ്മയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഉറപ്പായിട്ടു പറയാന്‍ സാധിക്കും നാമെല്ലാം ഈ ദൈവീസമ്പത്തിന്റെ അവകാശികളാണെന്ന്. ഐശ്വര്യപൂര്‍ണമായ സമ്പത്ത്.

സമ്പത്ത് രണ്ടുതരത്തിലുണ്ടാകാം, ദൈവീകവും ആകാം, ആസുരികവുമാകാം. ധര്‍മ്മാനുഷ്ഠാനത്തില്‍ കൂടി ധാര്‍മ്മികമായി ആര്‍ജ്ജിക്കുന്ന സമ്പത്ത് ദൈവീസമ്പത്താണ്. അധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ അധാര്‍മ്മികമായി കുന്നുകൂട്ടുന്ന സമ്പത്ത് ആസുരിസമ്പത്താണ്. ലങ്കയില്‍ നാം കണ്ടത് ആസുരിസമ്പത്താണ്, അയോദ്ധ്യയില്‍ നാം കണ്ടത് ദൈവീസമ്പത്താണ്. ലങ്ക ദഹിപ്പിക്കപ്പെട്ടു, അയോദ്ധ്യയില്‍ പട്ടാഭിഷേകം നടന്നു. ദൈവീസമ്പത്തിനാണ് വിജയം, അത് ഐശ്വര്യത്തിനാണെങ്കിലും, അറിവിനാണെങ്കിലും, കരുത്തിനാണെങ്കിലും, ഈ ദൈവീസമ്പത്ത്, ഇതാണ് വാസ്തവത്തില്‍ ഇന്ന് നാമോരുത്തരും വ്യക്തിപരമായും, സാമൂഹികമായും നേരിടുന്ന വെല്ലുവിളികള്‍ക്കും, ഭീഷണികള്‍ക്കും, പരിഹാരമായിട്ടുള്ളത്. ദൈവീകമായ സമ്പത്ത് സമ്പാദിക്കണം, ദൈവീകമായ അറിവ് സമ്പാദിക്കണം, ദൈവീകമായ കരുത്ത് സമ്പാദിക്കണം, ഇതുകൊണ്ട് നമുക്ക് നമ്മുടെ ജീവിതത്തില്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ സാധിക്കും.

ഇന്ന് വാസ്തവത്തില്‍ ലോകത്തില്‍ ആസുരീസമ്പത്തുകൊണ്ടുണ്ടാകുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ നാം കാണുന്നു. ഉപഭോഗത്തിനുവേണ്ടി, ആഡംബരത്തിനുവേണ്ടി, പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നാം കാണുന്നു. ഈ ചൂഷണത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനം വരുന്നത് നാം കാണുന്നു. ഹിമാലയത്തിലെ മഞ്ഞുമലകള്‍ ഉരുകിക്കൊണ്ടിരിക്കുന്നതായി നാം കാണുന്നു. പറയുന്നത് ഏറിപ്പോയാല്‍ ഒരു നാല്‍പതോ, അന്‍പതോ കൊല്ലം കഴിഞ്ഞാല്‍ ഹിമാലയത്തിന്റെ ശിഖരങ്ങള്‍, അവിടുത്തെ മഞ്ഞുരുകി ഇല്ലാതായിത്തീരുമെന്നാണ്. കാലാവസ്ഥയ്ക്ക് വരുന്ന ഈ വ്യതിയാനം കാരണം സമുദ്രതീരത്തിലെ ജലനിരപ്പുയര്‍ന്ന് ഭൂഖണ്ഡങ്ങള്‍ തന്നെ കടലില്‍ ആണ്ടുപോകാം. സുനാമി കൊണ്ട് സംഭവിച്ചതുപോലെ. ഈ ഉപഭോഗത്തിന്റെ ഫലമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നു, മനുഷ്യനെ ചൂഷണം ചെയ്യുന്നു. അതിന്റെ ഭാഗമായി ഉപഭോഗഭ്രാന്ത് വര്‍ദ്ധിക്കുന്നു. മദ്യപാനം വര്‍ദ്ധിക്കുന്നു, സ്ത്രീപീഡനം വര്‍ദ്ധിക്കുന്നു. ആത്മഹത്യ പെരുകുന്നു. ഇതെല്ലാം നാം ലോകത്തില്‍ കാണുന്നു. കേരളത്തിലും ഇത് നാം കാണുന്നു. ഇതിനെന്താണ് പരിഹാരം? ഈ ആസുരീ സമ്പത്തിന് പരിഹാരം ദൈവീസമ്പത്ത് വളര്‍ത്തിയെടുക്കുകയെന്നതാണ്.

ദൈവീസമ്പത്തിന്റെ മൂര്‍ത്തിമദ്ഭാവമായ നമ്മുടെ അമ്മ ശ്രീമാതാ അമൃതാനന്ദമയീ ദേവി, അമ്മയുടെ ജീവിതത്തില്‍ കൂടി, ഉപദേശങ്ങളില്‍ കൂടി അമ്മ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. ഇന്നിപ്പോള്‍ ഭൂമിയില്‍ വെള്ളം കിട്ടാനില്ലാതാകുന്നു. അപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ വിചാരിക്കുന്നത് ചന്ദ്രമണ്ഡലത്തില്‍ വെള്ളം ഉണ്ട് അവിടെ പോയി വെള്ളം എടുക്കാം, ചൊവ്വായില്‍ കേറി കുടിയേറിപ്പാര്‍ക്കാം, ഇതാണ് ഇന്ന് ശാസ്ത്രം ശ്രമിക്കുന്നത്. ചൊവ്വയിലും, ചന്ദ്രനിലും പോയി താമസിക്കാം, അവിടെ വെള്ളം ഉണ്ട് അതുകൊണ്ട് ഉപജീവിക്കാം, അമ്മ പറയുകയുണ്ടായി ‘നിങ്ങള്‍ ചന്ദ്രനില്‍ പോയിട്ട് എന്തുചെയ്യും? ചൊവ്വയില്‍ പോയിട്ട് എന്തുചെയ്യും? ഈ ഭൂമിയില്‍ മനുഷ്യരെപ്പോലെ ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, ഇവിടുത്തെ നദികള്‍ എല്ലാം നിങ്ങള്‍ മലിനമാക്കിക്കഴിഞ്ഞെങ്കില്‍, ഇവിടുത്തെ ജലസ്രോതസ്സുകളെല്ലാം വറ്റി വരണ്ടുപോയിട്ടുണ്ടെങ്കില്‍, ഈ മാനസികാവസ്ഥയോടുകൂടി നിങ്ങള്‍ ചന്ദ്രനില്‍ ചെന്നാല്‍ ഇതുതന്നെയല്ലെ ചെയ്യുക? ചൊവ്വയില്‍ ചെന്നാലും നിങ്ങള്‍ ഇതുതന്നെയല്ലെ ചെയ്യുക? നാം ചെയ്യേണ്ടത് ഈ ഭൂമിയില്‍ ജീവിക്കാന്‍ പഠിക്കുക, മനുഷ്യരായി ജീവിക്കുവാന്‍ പഠിക്കുക, നല്ല മനുഷ്യരായി ജീവിക്കുവാന്‍ പഠിക്കുക, സത്ഗുണങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുക, ദൈവീസമ്പത്തുകള്‍ ഉള്‍ക്കൊള്ളുക, ഭോഗത്തിനു പകരം ത്യാഗം ശീലിക്കുക, സമൂഹത്തെ സേവിക്കുക, കഷ്ടപ്പെടുന്നവരെ സഹായിക്കുക, ഈ മനോഭാവത്തോടുകൂടി നമുക്ക് ഈ ഭൂമിയില്‍ ജീവിക്കുവാന്‍ കഴിഞ്ഞാല്‍ നമുക്ക് വേണ്ടതെല്ലാം പ്രദാനം ചെയ്യാന്‍ ഈ ഭൂമാതാവിനു് കഴിയും.

വിഭവങ്ങള്‍ വേണ്ടിടത്തോളം ഉണ്ട്. നാമൊരിക്കലും ഈ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതില്‍ വിശ്വസിച്ചിരുന്നില്ല, പാശ്ചാത്യസംസ്‌കാരമാണ് ചൂഷണം. നാമതില്‍ വിശ്വസിച്ചിരുന്നില്ല. ദോഹനം -കറന്നെടുക്കുക നാം പശുവിന്റെ അകിട്ടില്‍ നിന്ന് പാല്‍ കറന്നെടുക്കുന്നു, പശുവിനെ ചൂഷണം ചെയ്യുകയല്ല. അമ്മയുടെ മുലപ്പാല്‍ നുകര്‍ന്നു് കുടിക്കും, ചൂഷണം ചെയ്യുകയല്ല. പ്രകൃതിമാതാവില്‍ നിന്ന് നാം ദോഹനം ചെയ്യും, കറന്നെടുക്കും. അത് വീണ്ടും നികന്നു വരും, വീണ്ടും വളര്‍ന്നുവരും, വീണ്ടും വര്‍ദ്ധിച്ചുമിരിക്കും, ഒരിക്കലും ക്ഷയമുണ്ടാവുകയില്ല, അക്ഷയയാണ് അമ്മ. ഭൂമാതാവ് അക്ഷയയാണ്, പ്രകൃതിമാതാവ് അക്ഷയയാണ്. നാം ചൂഷണത്തിനു പകരം ദോഹനത്തിന്റെ സംസ്‌കാരം അഭ്യസിച്ചാല്‍ ഈ ഭൂമിയില്‍ നമുക്ക് സുഖമായിട്ട് ജീവിക്കാന്‍, ഐശ്വര്യത്തോടുകൂടി ജീവിക്കാന്‍, സാധിക്കും. ഈ ഐശ്വര്യത്തിന്റെ സമ്പത്ത്, ഈ ദൈവികമായ കരുത്ത്, ഈ ദൈവികമായ അറിവ്, ഇതു് നമുക്ക് പകര്‍ന്നുതരിക വഴിയാണ് ഇന്ന് നാശത്തിലേക്കും നശീകരണത്തിലേയ്ക്കും നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിന് അമ്മ വഴികാട്ടിയായി തീരുന്നത്, ജഗദ്ഗുരുവായിത്തീരുന്നത്.

ഭാരതത്തില്‍ മാത്രമല്ല ലോകമെമ്പാടും ഈ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഭാരതത്തിന്റെ സനാതനധര്‍മ്മത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് അമ്മ വാസ്തവത്തില്‍ ഒരു വലിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചരിത്രത്തില്‍ പങ്കാളികളാണ് നമ്മളെല്ലാം. പക്ഷേ, നാമത് അറിയുന്നില്ല. ശ്രീരാമന്റെ കാലത്ത് വാനരന്മാര്‍ അറിഞ്ഞിരുന്നില്ല, തങ്ങളൊരു വലിയ യുഗപരിവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണെന്ന്. ശ്രീകൃഷ്ണന്റെ കാലത്ത് ഗോപന്മാരും ഗോപികമാരും അറിഞ്ഞിരുന്നില്ല തങ്ങള്‍ ഒരു വലിയ യുഗപരിവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണെന്ന്. ഇന്ന് നാമും മനസ്സിലാക്കുന്നുണ്ടോയെന്ന് ആലോചിക്കണം, ഒരു പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയില്‍ നാമറിഞ്ഞോ അറിയാതെയോ പങ്കാളികളായിക്കൊണ്ടിരിക്കുകയാണെന്ന്. അമ്മ ഒരു യുഗപരിവര്‍ത്തനത്തിന്റെ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്, ലോകമെമ്പാടും ഒരു യുഗപരിവര്‍ത്തനം വരുത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ കൊല്ലം അമ്മ വര്‍ക്കലയില്‍, ശിവഗിരിയില്‍ പോയി. ശ്രീനാരായണദേവന്റെ തപസ്സുകൊണ്ട് പവിത്രമായിത്തീര്‍ന്ന ശിവഗിരിയില്‍ ശ്രീമാതാ അമൃതാനന്ദമയീ ദേവി സന്ദര്‍ശനം നടത്തി. അത് വെറുമൊരു സന്ദര്‍ശനമായിരുന്നില്ല അത് ഒരു ചരിത്രം സൃഷ്ടിച്ചതായിരുന്നു, ഒരു ചരിത്രം മാറ്റിക്കുറിക്കലായിരുന്നു. 1920കളില്‍ മഹാത്മാഗാന്ധി വര്‍ക്കലയില്‍ ശിവഗിരി സന്ദര്‍ശിച്ചു, അത് വെറുമൊരു സന്ദര്‍ശനം മാത്രമായിരുന്നില്ല അതിനെ തുടര്‍ന്നാണ് അയിത്തത്തിന് എതിരായ വലിയൊരു പ്രസ്ഥാനം കേരളത്തില്‍ രൂപംകൊണ്ടതും ക്ഷേത്രപ്രവേശനമൊക്കെ നിര്‍വ്വഹിക്കപ്പെട്ടതും. അത് ഒരു ചരിത്രം കുറിക്കലായിരുന്നു.

അതിനുശേഷം അമ്മ പന്മന ആശ്രമത്തില്‍ പോയി, ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ആശ്രമത്തില്‍! ശ്രീ ചട്ടമ്പിസ്വാമികളും, ശ്രീ നാരായണഗുരുദേവനും യോജിച്ച് സഹകരിച്ച് പ്രവര്‍ത്തിച്ചാണ് കേരളത്തില്‍ ഇന്ന് നവോത്ഥാനം കൊണ്ടുവന്നത്. അയിത്തത്തിനെതിരായി, മദ്യപാനത്തിനെതിരായി, ആലസ്യത്തിനെതിരായി, അജ്ഞതയ്‌ക്കെതിരായി ഒരു വലിയ സാമൂഹിക വിപ്ലവം സംഘടിപ്പിച്ചത് അവരായിരുന്നു. ആ രണ്ടു സ്ഥലങ്ങളിലും അമ്മ സന്ദര്‍ശനം നടത്തിയ വഴി ഒരു പുതിയ നവോത്ഥാനത്തിന്റെ തുടക്കം, ഒരു പുതിയ ചരിത്രം രചിക്കുകയാണ്.

കഴിഞ്ഞ ദിവസം ജഗദ്ഗുരു ശങ്കരാചാര്യസ്വാമികള്‍, അദ്ദേഹം തിരുവനന്തപുരത്ത് വന്നിരുന്നു. ഇവിടുത്തെ പൗരാവലി വലിയൊരു സ്വീകരണം നല്‍കി. അതിനുശേഷം ആചാര്യസ്വാമികള്‍ വലിയ മുന്നറിയിപ്പൊന്നും കൂടാതെ തന്നെ നേരെ അമൃതപുരിയിലെ ആശ്രമത്തിലേയ്ക്ക് പോയി. അമ്മയുടെ സന്നിധാനത്തില്‍ ചെന്നു. അവിസ്മരണീയമായ ഒരു സംഭവമായിരുന്നു അത്. അഭൂതപൂര്‍വ്വമായ ഒരു സംഭവമായിരുന്നു. ഒരു പത്തോ ഇരുപതോ കൊല്ലം മുന്‍പ് ആലോചിക്കാന്‍ കഴിയാത്ത ഒരു സംഭവമായിരുന്നു. ശങ്കരാചാര്യ സ്വാമികള്‍ നേരെ അമൃതപുരിയില്‍ ചെന്ന് അമ്മയുടെ ആഥിത്യം സ്വീകരിക്കുകയും, അമ്മയെ സന്ദര്‍ശിക്കുകയും, അമ്മ തൃക്കൈകള്‍ കൊണ്ടു് കൊടുത്ത രുദ്രാക്ഷമാല സ്വയം അണിയുകയും അതിനുശേഷം അവിടെ കൂടിയിരുന്ന ഭക്തജനങ്ങളെ അഭിമുഖീകരിക്കുകയും ചെയ്തു. ഇതും വലിയ ഒരു പരിവര്‍ത്തനത്തിന്റെ ലക്ഷണമാണ്.

നമുക്കറിയാം മഹാത്മാക്കള്‍, അവതാരപുരുഷന്മാരെല്ലാം, ഉടലെടുക്കുമ്പോള്‍ അവര്‍ക്ക് ജീവിതത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും, ഒരുപാട് കഷ്ടപ്പാടുകള്‍ നേരിടേണ്ടിവരും. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചില്ലേ ? ശ്രീരാമചന്ദ്രന് 14 കൊല്ലം വനവാസം അനുഭവിക്കേണ്ടി വന്നില്ലേ ? ശ്രീകൃഷ്ണനെ മോഷ്ടാവെന്ന് വിളിച്ചില്ലേ! സ്യമന്തക മണി മോഷ്ടിച്ച കള്ളനെന്ന് വിളിച്ചില്ലേ ? എല്ലാ അവതാരപുരുഷന്മാര്‍ക്കും, മഹാപുരുഷന്മാര്‍ക്കും സമൂഹത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങളെ പരിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും തടസ്സങ്ങള്‍ നേരിടും. (ജയേന്ദ്രസരസ്വതി) ശങ്കരാചാര്യസ്വാമികള്‍ക്കും അത് ഉണ്ടായി. ജയിലില്‍ കഴിയേണ്ടി വന്നു. പക്ഷേ അഗ്നിപരീക്ഷ കഴിഞ്ഞ് സീതാദേവി പുറത്തുവന്നതുപോലെ വന്നുകഴിഞ്ഞപ്പോള്‍ ആചാര്യസ്വാമികള്‍ക്ക് എല്ല്യൂാ സ്ഥലത്തും ജനങ്ങള്‍ സത്യം മനസ്സിലാക്കി സ്വീകരണവും, പാദപൂജയും എല്ലാം നടത്തുകയാണ്. ആ സ്വാമികള്‍ അമൃതപുരിയില്‍ ചെന്നു. അമ്മ സ്വീകരിച്ചു. ഇതും ഒരു വലിയ പരിവര്‍ത്തനത്തിന്റെ, ഒരു പുതിയ ചരിത്രം നിര്‍മ്മിക്കപ്പെടുന്നതിന്റെ, അനുഭവമാണ്

ഡിസംബര്‍ മാസം 31-ന് അമ്മ ഡല്‍ഹിയില്‍ വന്നു. എല്ലാ വിദേശ മന്ത്രാലയങ്ങളുടെയും ആസ്ഥാനമായ ചാണക്യപുരിയില്‍, എല്ലാ എംബസികളും, അംബാസിഡര്‍മാരും താമസിക്കുന്ന ആ ചാണക്യപുരിയില്‍, വിവേകാനന്ദകേന്ദ്ര ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഉത്ഘാടന കര്‍മ്മത്തിനുവേണ്ടി അമ്മ സദയം അവിടെ എത്തിച്ചേര്‍ന്നു. അമേരിക്കയിലായിരുന്ന അമ്മ ആ കര്‍മ്മത്തിനുവേണ്ടി മാത്രം അവിടെ പറന്നു വന്നു. പലരും ചോദിച്ചു, അമ്മ വന്നാല്‍ എന്താണ് ചെയ്യുക? അവിടെ വന്നിരിക്കുന്ന ആളുകളെല്ലാവരും ഹിന്ദിയും ഇഗ്ലീഷും മാത്രം അറിയുന്നവരാണ്, അതും വലിയ പ്രഗല്‍ഭരായ ആളുകളാണ്, എംബസിയില്‍പ്പെട്ടവരാണ്, അതുപോലെ വളരെ പ്രമുഖരായ ആളുകളാണ്, അപ്പോള്‍ അമ്മ വന്ന് അവരെ ആശീര്‍വദിച്ചിട്ടു് പോകും അല്ലേ? അത്രയല്ലേ ചെയ്യൂ, എന്ന് പലരും പറഞ്ഞിരുന്നു. അമ്മ ഡല്‍ഹിയില്‍ വന്ന് അവിടുത്തെ ഏറ്റവും പ്രമുഖരായ ആളുകള്‍ അടങ്ങുന്ന ഒരു വലിയ സദസ്സില്‍, ആ സദസ്സിനെ അഭിമുഖീകരിച്ച് 45 മിനിട്ട് നേരം സന്ദേശം നല്‍കി. ഒരേ സമയം ഹിന്ദിയിലും ഇംഗ്ലീഷിലും അത് വിവര്‍ത്തനം ചെയ്തു. അത് കേട്ടുകൊണ്ടിരുന്നവരെല്ലാം അത്ഭുതസ്തബ്ധരായി പോയി! ഒരു വലിയ ദൗത്യം നിര്‍വ്വഹിക്കുകയായിരുന്നു അതുവഴി അമ്മ ചെയ്തത്. ഭാരതത്തില്‍ താമസിക്കുന്ന എല്ലാ എംബസികളുടെയും കേന്ദ്രത്തില്‍ വച്ച് സ്വാമി വിവേകാനന്ദന്റെ ജീവിതത്തെയും, സന്ദേശത്തെയും കുറിച്ച് 45 മിനിട്ടുനേരം നടത്തിയ പ്രഭാഷണം. അത് അച്ചടിച്ച് പുസ്തകമായി ഇവിടെ വന്നു കഴിഞ്ഞു. അത്ഭുതകരമായ, ആശയസമ്പുഷ്ടമായ ഒരു പ്രഭാഷണം.

ഞാന്‍ പറഞ്ഞു വരുന്നത് ഇന്നത്തെ മാറിവരുന്ന ലോക പരിതഃസ്ഥിതിയില്‍, പല പ്രശ്‌നങ്ങളും, പ്രതിസന്ധികളും നേരിടുന്ന ആഗോള പരിതഃസ്ഥിതിയില്‍, ഭാരതവും ഒരുപാട് വെല്ലുവിളികള്‍ നേരിടുന്ന ഈ പരിതഃസ്ഥിതിയില്‍, ഈ കാലാവസ്ഥ വ്യതിയാനത്തിന്റെയെല്ലാം ഫലമായി ഈ ഭൂമി തന്നെ നിലനില്‍ക്കുമോ, ഈ മാനവരാശി ഇതിനെ അതിജീവിക്കുമോ എന്നെല്ലാം ഭയപ്പെടുന്ന ഒരു അവസ്ഥയില്‍, ലോകരാഷ്ട്രത്തിന്റെ തലവന്മാരെല്ലാം കോപന്‍ഹേഗനിലും മറ്റും ഒരുമിച്ചുകൂടി എങ്ങനെയാണ് ഈ ലോകത്തെ രക്ഷിക്കുക എന്ന് ഗൗരവപൂര്‍വ്വം ചിന്തിക്കുമ്പോള്‍, അതിനുള്ള മാര്‍ഗ്ഗം, ഈ ഭോഗത്തിന്റെയും ആഡംബരത്തിന്റെയും, ഭൗതികവാദത്തിന്റെയും പരിഷ്‌കാരമല്ല, നേരെ മറിച്ച് ഭാരതത്തിലെ ഋഷിമാര്‍ മുന്നോട്ടു വച്ചിട്ടുള്ള ത്യാഗനിഷ്ഠമായ ‘തേന ത്യക്‌തേന ഭുഞ്ജീഥാ’ ത്യാഗത്തില്‍ കൂടി ആസ്വദിക്കുക, ഈ സന്ദേശം, ഗീതയുടെ സന്ദേശം, ഉപനിഷത്തിന്റെ സന്ദേശം, സനാതനധര്‍മ്മത്തിന്റെ സന്ദേശം ഇതാണ് അമ്മ ലോകത്തിന് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.

ഒരു നൂറുകൊല്ലം മുന്‍പ് സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ വെച്ച് പറഞ്ഞു ‘ഈ പാശ്ചാത്യ നാഗരികത ഒരു അഗ്നിപര്‍വ്വതത്തിന്റെ വക്കിലാണ് നിലനില്‍ക്കുന്നത്, ഇത് പൊട്ടിത്തെറിക്കും നിങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍. ഇതിനു് രക്ഷ നല്കാന്‍ പോകുന്നത് ഭാരതത്തിലെ ഉപനിഷത്തിന്റെ സന്ദേശമാണ്’ എന്ന്. ആ സന്ദേശമാണ് ഇന്ന് അമ്മയില്‍ കൂടി പാശ്ചാത്യ നാടുകളിലും, ഐക്യരാഷ്ട്രസഭകളിലും, ലോകമെമ്പാടും പ്രചരിച്ചു
കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ഇത്ര വലിയ ഒരു സംഭവം, ഒരു ചരിത്ര നിര്‍മ്മാണ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ കണ്‍മുന്‍പില്‍ വച്ച്. അതിന് സാക്ഷികളാണ് നാം, അതില്‍ പങ്കാളികളാണ് നാം, വാസ്തവത്തില്‍ ഈ തലമുറയില്‍ ഈ സന്ദര്‍ഭത്തില്‍ ഇവിടെ ജനിച്ച്, ഇതിലെല്ലാം പങ്കാളികളാകാന്‍ കഴിയുന്ന നാം എന്തോ വലിയ പൂര്‍വ്വജന്മസുകൃതത്തിന്റെ ഫലമായി അതിന്റെ
ഭാഗ്യമനുഭവിക്കുന്നവരാണ്. ഇതു് പൂര്‍ണമായി ഉള്‍ക്കൊള്ളുവാനും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ഈ ആദ്ധ്യാത്മികത, ഈ സനാതനധര്‍മ്മം, ഈ ലളിത ജീവിതം, ഈ സ്വഭാവശുദ്ധി, ഈ ചാരിത്രശുദ്ധി, ഈ അറിവ്, ഈ കരുത്ത്, ഇത് നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞാല്‍ ഭാരതം വീണ്ടും ജഗദ്ഗുരുവായി മാറും.

ജഗദ്ഗുരു ശങ്കരാചാര്യരെക്കുറിച്ച് നാം പറഞ്ഞു. ഇന്ന് ശ്രീമാതാ അമൃതാനന്ദമയീ ദേവി ജഗദ്ഗുരുവാണ്. വാസ്തവത്തില്‍ ഭാരതം എല്ലാക്കാലത്തും ജഗദ്ഗുരുവായിരുന്നിട്ടുള്ള നാടാണ്. വീണ്ടും ഇന്നത്തെ സാഹചര്യത്തില്‍ ഭാരതത്തിന്റെ സന്ദേശത്തിന് ലോകം മുഴുവനും പ്രസക്തിയുണ്ട്. പക്ഷേ, അത് നാം ആചരിച്ചു് കാണിച്ചുകൊടുക്കണം, പുസ്തകത്തില്‍ എഴുതി പ്രസിദ്ധീകരിച്ചതുകൊണ്ടായില്ല, ഓരോ ഭാരതീയനും, ഓരോ ഹിന്ദുവും ഈ സനാതനധര്‍മ്മമനുസരിച്ച് ജീവിക്കുന്ന, ശക്തമായ ആത്മീയ തേജസ്സിന്റെ പുഞ്ജങ്ങളായി മാറണം. അതിനുള്ള അവസരമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ഇത് പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ അമ്മയുടെ അനുഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു,

നമസ്‌കാരം.

******

(മലയാളത്തിന്റെ പ്രിയങ്കര നടനായ ശ്രീ മോഹന്‍ലാല്‍, അമ്മയുടെ 56ാം ജന്മദിനത്തില്‍ ‘അമൃതനിധി’ പഠനസഹായം സ്വീകരിക്കാനെത്തിയ കുട്ടികളോട് നടത്തിയ പ്രസംഗത്തില്‍ നിന്ന്)


അമ്മേ, ഈ മകന്റെ പ്രണാമം.

ഇന്ന് ഈ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് എന്റെ പൂര്‍വ്വപുണ്യമാണ്. ഒപ്പം എന്റെ അമ്മയുടെ അനുഗ്രഹാശിസ്സുകളും. മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ ജന്മത്തില്‍ ഞാനമ്മയെ ആദ്യമായി കാണുന്നത്. ഇന്ന് കാണുന്ന സമൃദ്ധിയും പ്രൗ™ിയും അന്നീ ഗ്രാമത്തിനില്ലായിരുന്നു. ഒരു സാധാരണ നാട്ടിന്‍പുറം. കായല്‍ കടന്ന് ഞാനമ്മയുടെ വീട്ടുമുറ്റത്ത് എത്തി. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരോടെല്ലാം കളിതമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് ആര്‍ത്തുല്ലസിച്ചു നടക്കുന്ന അസാധാരണത്വമുള്ള ഒരു സാധാരണക്കാരിയെയാണ് ഞാനവിടെ കണ്ടത്. ദര്‍ശനസമയമായി. അമ്മ കളരിയില്‍ കയറി വാതില്‍ അടച്ചു. പ്രാര്‍ത്ഥന ആരംഭിച്ചു. താമസം വിനാ അമ്മ വാതില്‍ തുറന്ന് വെളിയില്‍ വന്നു. തികച്ചും വ്യത്യസ്തവും ഭീതിദവുമായ രൂപവും ഭാവവും. വാളും ശൂലവും പിടിച്ച് പുരാണവര്‍ണ്ണിതയായ കാളീരൂപം. അതുകാണുവാനും അനുഭവിക്കുവാനും എനിക്ക് യോഗമുണ്ടായി. അതാണ് ഞാന്‍ ആര്‍ജ്ജിച്ച പുണ്യം.

അന്നുമുതല്‍ തുടങ്ങി ഈ ജന്മത്തില്‍ എനിക്ക് അമ്മയോടുള്ള ബന്ധം. ആയത് ഇന്നും അനുസ്യൂതം തുടരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ജിജ്ഞാസയോടെ, ഭക്തിയോടെ ഉറ്റുനോക്കുന്ന ഒരു പുണ്യസങ്കേതമായിത്തീര്‍ന്നിരിക്കുന്നു അമൃതപുരി. അവരുടെ തീര്‍ത്ഥാടനകേന്ദ്രം. വിവിധ ജാതിമതവിശേഷങ്ങള്‍ ഇവിടെ ഒഴുകിയെത്തി ഒന്നായിച്ചേരുന്നു. ഇത്രയധികം ആളുകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന കേന്ദ്രബിന്ദു എന്താണ്? എന്ത് അസുലഭതയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത് ?

അത് രണ്ട് അക്ഷരത്തില്‍ ഒതുങ്ങുന്ന ലളിതവും ശുദ്ധവുമായ ഒരു മന്ത്രമാണ് അമ്മ. ഇവിടെ എത്തുന്നവരെല്ലാം അമ്മയുടെ മക്കളാണ്. ഓംകാരത്തില്‍ അലിയാന്‍ വിധിക്കപ്പെട്ട ഓമന മക്കള്‍. ഓരോരുത്തരും അമ്മയുടെ അടുത്ത് എത്തുന്നു. അമ്മ വാത്സല്യപൂര്‍വ്വം കെട്ടിപ്പുണര്‍ന്ന് ഉമ്മ വയ്ക്കുന്നു. അവാച്യമായ നിര്‍വൃതി മക്കളനുഭവിക്കുന്നു. ഇതാണ് അമ്മ നല്‍കുന്ന പ്രഖ്യാതമായ, അസാധാരണമായ, ദര്‍ശനം. ബി.ബി.സി. അമ്മയുമായി നടത്തിയ അഭിമുഖത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ അമ്മയോട് ചോദിച്ചു. ‘അമ്മ എന്തിനാണ് എല്ലാവരേയും പുണരുന്നത്?’ അമ്മ പറഞ്ഞു: ‘നദി എന്തിനാണ് ഒഴുകുന്നത് എന്ന് നദിയോടു് ചോദിക്കുന്നതുപോലെയാണത്. ഒഴുകുന്നത് നദിയുടെ സ്വഭാവമാണ്. അതുപോലെ ഇത് അമ്മയുടെ സ്വഭാവമാണ്. ഒരമ്മ മക്കളോട് കാട്ടുന്ന സ്‌നേഹ ഭാവമാണിത്.’ എത്ര ലളിതവും ഭാവനാ സമ്പൂര്‍ണ്ണവുമാണ് ആ മറുപടി!

അമ്മയുടെ ആലിംഗനത്തിന്റെ പിന്നില്‍ അപൂര്‍വ്വം ചിലര്‍ അല്പമായി അറിയുന്ന ഒരു രഹസ്യമുണ്ട്. അമ്മയുടെ വാത്സല്യ പ്രകടനത്തിന് അടിമപ്പെടുന്ന വ്യക്തിയുടെ ഉള്ളില്‍ താനറിയാതെ ഒരു രാസപ്രവര്‍ത്തനം നടക്കുന്നു; ഒരു ആന്തരിക ശുദ്ധീകരണം. അവരുടെ ദുര്‍വ്വികാരങ്ങള്‍ അവരറിയാതെ അമ്മയുടെ സ്പര്‍ശനമേറ്റ് മഞ്ഞുപോലെ ഉരുകുന്നു. അവയുടെ സ്ഥാനത്ത് സാത്വിക വികാരങ്ങള്‍ ഒഴുകി എത്തുവാന്‍ വഴിയൊരുക്കുന്നു. അമ്മയെ അടിക്കടി കാണുവാനും അനുഭവിക്കാനും ഉല്‍ക്കടമായ ആഗ്രഹം ജനിപ്പിക്കുന്നു. അത്ഭുതമായ പരിണാമ പ്രക്രിയ ആരംഭിക്കുകയായി. നെഗറ്റീവ് ഊര്‍ജ്ജം പുറംതള്ളപ്പെടുന്നു. പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. അങ്ങനെ പുതിയ മനുഷ്യന്‍ ജനിക്കുന്നു. ഇതാണ് ഞാനറിഞ്ഞതും അനുഭവിക്കുന്നതുമായ ദര്‍ശന രഹസ്യം.

കാരുണ്യമൂര്‍ത്തിയായ അമ്മയുടെ സഹായഹസ്തം എത്താത്ത മേഖലകളില്ല. വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, ആയുര്‍വേദ കോളേജുകള്‍, സാന്ത്വന ചികിത്സാകേന്ദ്രങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, അമൃതകുടീരങ്ങള്‍ ഇങ്ങനെ എത്രയെത്ര ജീവകാരുണ്യ പദ്ധതികള്‍! ഒതുങ്ങി മാറിനിന്ന് അത്ഭുതത്തോടും ആദരവോടും കൂടി ഓരോന്നും നോക്കിക്കാണുന്നതിന് പകരം ആവുംവിധം നമുക്കതില്‍ പങ്കാളികളാകാം. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും നറുമധുരം നമുക്ക് നുകരാം. ഇതാണ് അമ്മയുടെ ജന്മദിന വേളയില്‍ നമുക്ക് നല്‍കാവുന്ന വിലപ്പെട്ട ഉപഹാരം. പ്രാര്‍ത്ഥനയോടെ നമുക്കത് സമര്‍പ്പിക്കാം.

അമ്മയുടെ എല്ലാ ജന്മദിന വേളകളിലും ജീവകാരുണ്യമേഖലയില്‍ അമ്മ നടത്തുവാന്‍ ഇച്ഛിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചുള്ള അറിവുണ്ടാകാറുണ്ട്. ഈ വര്‍ഷവും വ്യത്യസ്തമല്ല. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ഉറ്റവരുടെ സഹായമില്ലാതെ അനാഥത്വത്തില്‍ അമ്പരന്നു നില്‍ക്കുന്ന കൊച്ചു കുരുന്നുകള്‍ക്ക് അമ്മ നീട്ടുന്ന സഹായഹസ്തം. അവര്‍ക്കു വേണ്ട ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം ആദിയായ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഈ സഹായ പദ്ധതി അമ്മ നടപ്പിലാക്കുകയാണ്. ഈ രണ്ടു പദ്ധതികളും ഔപചാരികമായി ഉത്ഘാടനം ചെയ്യാന്‍ അമ്മ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മയുടെ ആ ആജ്ഞ ഞാന്‍ അനുസരിക്കുന്നു. രണ്ടു പദ്ധതികളും ഞാന്‍ ഉത്ഘാടനം ചെയ്തുകൊള്ളുന്നു. ലോകമംഗളത്തിനായുള്ള തീവ്രസാധനയില്‍ മുഴുകിയിരിക്കുകയാണ് അമ്മ. ഒപ്പം അമ്മയുടെ സന്യാസശിഷ്യരും. ഈ ഉത്തമലക്ഷ്യം അമ്മയുടെ വാക്കുകളിലൂടെ ഞാനവതരിപ്പിക്കുകയാണ്.

‘ഈ ലോകത്ത് ഓരോരുവനും നിര്‍ഭയം ഉറങ്ങുവാന്‍ ഇടവരട്ടെ. ഒരു രാത്രി എങ്കിലും ഓരോരുവനും വയറുനിറയെ ഭക്ഷണം കഴിക്കാന്‍ ഇടവരട്ടെ. ഒരു ദിവസമെങ്കിലും ലോകമെമ്പാടും നടക്കുന്ന ആക്രമണങ്ങളില്‍ ഒരുവനും പരിക്കേറ്റ് ആശുപത്രിയില്‍ പോകുവാന്‍ ഇടവരാതിരിക്കട്ടെ. ഒരു ദിവസമെങ്കിലും ദുഃഖിതര്‍ക്കും നിരാലംബര്‍ക്കും വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തുവാന്‍ ഓരോരുവനും ഇടവരട്ടെ. ഒരു ദിവസമെങ്കിലും ഈ ചെറിയ സ്വപ്നം സാധിതമാകേണമേ’

ഈ സ്വപ്നസാക്ഷാത്ക്കാര യജ്ഞത്തില്‍ നമുക്ക് ഏവര്‍ക്കും പങ്കാളികളാകാം. അതാണ് എന്റെ അമ്മ, നിങ്ങളുടെ അമ്മ, നമ്മുടെ അമ്മ, ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നിറഞ്ഞ കൂപ്പുകൈ, നന്ദി, നമസ്‌കാരം.

26 സെപ്തംബര്‍ 2009, അമൃതപുരി

******

അമ്മയുടെ മനസ്സില്‍ എന്നും ഓണം
ശ്രീജിത്ത് കെ. വാരിയര്‍, മലയാള മനോരമ, 11/9/2005

ആവണിയിലെ പൂവണി പോലെ അമ്മ ചിരിക്കുന്നു. പ്രണവമാകുന്ന പ്രാര്‍ത്ഥനപോലെ, സാഗരത്തിന്റെ സാന്ദ്രമന്ത്രം പോലെ അമ്മ മൊഴിയുന്നു.

ഹൃദയവിശുദ്ധിയുടെ ആ ഗംഗോത്രിയില്‍നിന്ന് ഒരു കമണ്ഡലു തീര്‍ത്ഥകണമെങ്കിലും ഏറ്റുവാങ്ങാന്‍ ഭക്തസഹസ്രങ്ങള്‍. മാതാ അമൃതാനന്ദമയീ മഠത്തില്‍ എന്നും തിരുവോണനിലാവാണ്. ഭക്തരാണിവിടെ പൂക്കണി. അവര്‍ തന്നെയാണ് പൂക്കളവും. ഓണക്കളം ഓടിയെത്തി മായ്ച്ചുകളയുന്ന കളിക്കുട്ടിയായി തൊട്ടപ്പുറത്ത് കടല്‍. കാലുഷ്യമില്ലാത്ത കുഞ്ഞിന്റേതെന്നപോലെ, ഈ ഓണത്തുടിപ്പുകള്‍ കണ്ട് ആനന്ദിക്കുന്ന അമ്മ.

ഈ കടലിനും മറുകടലിനും അപ്പുറം ശിഷ്യപരമ്പരകള്‍ക്ക് സ്‌നേഹം പകരുന്ന അമ്മയായി മാറും മുന്‍പ് ഈ കടലോരത്തിന്റെ പഞ്ചാരമണല്‍ത്തിട്ടകളില്‍ കളിച്ചുവളര്‍ന്ന ഒരു ചെറുപ്പമുണ്ട് മാതാ അമൃതാനന്ദമയിയ്ക്ക്. പൂവിളികള്‍ ആ മനസ്സിലും ഉയരുന്നുണ്ട്. ഓര്‍മ്മകളുടെ പൂക്കൂടകളില്‍ അമ്മ അതൊക്കെ ശേഖരിച്ചുവച്ചിട്ടുമുണ്ട്. സമീപകാലത്ത് മാധ്യമങ്ങള്‍ക്കു നല്‍കിയ ഏറ്റവും ദീര്‍ഘമായ ഈ അഭിമുഖത്തിലൂടെ അമ്മ ഓര്‍മ്മകളുടെ പൂക്കാലത്തിലേയ്ക്കു മടങ്ങുന്നു.

അമ്മയുടെ ഓര്‍മ്മയിലെത്തുന്ന ആദ്യത്തെ ഓണക്കാല സ്മൃതിയെന്താണ്?

ഈ ഗ്രാമത്തില്‍ എന്നു തിരുവോണമാണ് മോനെ. അടുത്തടുത്തു വീടുകള്‍. അഞ്ച് ഏക്കറിനുള്ളില്‍ നൂറോളം വീടുകള്‍ കാണും. സാധാരണ ദിവസങ്ങളില്‍തന്നെ ഞങ്ങള്‍ കൂട്ടുകാരൊക്കെ ഒരു വീട്ടില്‍ കൂടും, പഠിക്കും, അവിടെത്തന്നെ കിടന്നുറങ്ങും. കുട്ടികള്‍ തൊട്ടപ്പുറത്ത് വീട്ടിലുണ്ട്, സുരക്ഷിതരാണെന്ന വിശ്വാസം അച്ഛനും അമ്മയ്ക്കും ഉണ്ട്. ഏതുവീട്ടില്‍ പോയാലും ഊണുകഴിക്കുകയാണെങ്കില്‍ നമുക്കും തരും. വന്നവര്‍ പോയിക്കഴിഞ്ഞ് കഴിക്കാം എന്നില്ല. അടുപ്പിലെ തീ പോലും അങ്ങോട്ടും ഇങ്ങോട്ടും കൈമാറും. അവിടെ സന്ധ്യാദീപം കൊളുത്തിയാല്‍ ഇവിടെ കൊണ്ടുവരും. പരിചയമില്ലാത്തവര്‍ വന്നാലും വീട്ടില്‍ താമസിപ്പിക്കും. കുടില്‍കെട്ടും ധര്‍മ്മവും സ്‌നേഹവുമൊക്കെ പഠിപ്പിച്ച ആദ്യകാല അനുഭവങ്ങളാണിതൊക്കെ.

ആഘോഷങ്ങള്‍ക്ക് ഈ നാടിന് പ്രത്യേകതകളില്ലേ?

ഉണ്ട്, അന്നന്നു ജോലിയ്ക്കുപോയി കിട്ടിയിട്ടല്ലേ മക്കള്‍ കഴിയുന്നത്? അവര്‍ക്കും ബാങ്ക്‌ നിക്ഷേപമൊന്നുമില്ല. പണം കിട്ടുമ്പോള്‍ പാത്രങ്ങളും വെങ്കലവുമൊക്കെ വാങ്ങിവയ്ക്കും. മഴക്കാലത്ത് ഇതൊക്കെ വിറ്റിട്ടു ജീവിയ്ക്കും. ഓണമാകുമ്പോള്‍ പുതുവസ്ത്രം നിര്‍ബന്ധമായി വാങ്ങും. എന്നും വീട്ടില്‍ മീന്‍ കാണും പക്ഷേ, ഓണത്തിനും ഉത്സവദിവസങ്ങളിലും ശിവരാത്രിയ്ക്കും മാത്രമാണ് മീനില്ലാത്തത്.

അന്‍പതും അറുപതും വീട്ടുകാര്‍ ഒരു മുറ്റത്തു കൂടി വലിയ ഊഞ്ഞാലുകളിലാടും. ‘മാവേലി നാടുവാണീടും..’ എന്നൊക്കെ പാടും. പത്തും പതിനഞ്ചും ആണും പെണ്ണുമൊക്കെ അക്കൂട്ടത്തിലുണ്ടാകും. ഒരു വ്യത്യാസവുമില്ല. 12 വയസ്സിനുശേഷം പെണ്‍കുട്ടികളെ കടയിലൊന്നും വിടില്ല. പക്ഷേ, ഓണക്കാലത്ത് ആ നിബന്ധനകളൊന്നുമില്ല. വീട്ടില്‍നിന്നും തല്ലും അടിയും കിട്ടാത്ത ദിവസങ്ങളാണത്. പെണ്ണുങ്ങള്‍ ഓടിയാല്‍ ഭൂമികുലുങ്ങുമെന്നു പറയും. ആണുങ്ങള്‍ക്കാകാം. ധൈര്യമായി കൂവാനും ബഹളം വയ്ക്കാനും വിടുന്നത് ഓണദിവസങ്ങളിലാണ്. ആ ദിവസം ഓടാം, കൂവാം, ഉച്ചത്തില്‍ മിണ്ടാം, അയലത്തിനപ്പുറത്തേയ്ക്ക് ധൈര്യമായി പോകാം.

വീട്ടിലെ സാഹചര്യം എങ്ങനെയായിരുന്നു?

അമ്മ (ദമയന്തി) 11 പ്രസവിച്ചു. നാലുപേര്‍ മരിച്ചുപോയി. അച്ഛന്‍ (സുഗുണാനന്ദന്‍) വലിയ ദാനധര്‍മ്മിയാണ്. പക്ഷേ, മുന്‍ശുണ്ഠിയാണ്. അച്ഛനും അമ്മയും മറ്റുസഹോദരങ്ങളും ഇപ്പോഴുമുണ്ട്. അമ്മയുടെ വീട്ടില്‍ എനിക്കു പന്ത്രണ്ടുവയസ്സുള്ളപ്പോള്‍ വരെ ധാരാളം കൃഷിയുണ്ട്. ഓണത്തിന് അവിടുന്ന് പച്ചക്കറിയൊക്കെ കൊണ്ടുവരും. എനിക്ക് 27 വയസ്സാകുംവരെ ഞങ്ങള്‍ക്കും കുറച്ചു കൃഷിയുണ്ടായിരുന്നു.

മാനുഷ്യരെല്ലാരും ഒന്നുപോലെ എന്നുപറയുന്നത് പാലിക്കാന്‍ ഏറെ ശ്രദ്ധിച്ചയാളാണ് അമ്മ. വീട്ടില്‍ ആരുവന്നാലും എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കണം എന്നാണ് ചിന്ത. ഉള്ളതെല്ലാം അവര്‍ക്കു കൊടുത്തിട്ട് കഞ്ഞിവെള്ളത്തില്‍ തേങ്ങയിട്ട് ഞങ്ങള്‍ക്കു തരും. എന്നാലും വന്നവര്‍ക്കു നന്നായി കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന ചിന്തയാണ് അമ്മയ്ക്ക്. വീടിന്റെ മുന്നില്‍ മുറുക്കാനും ചായയും ബീഡിയുമൊക്കെ എപ്പോഴുമുണ്ടാകും. വരുന്നവരെ തൃപ്തിപ്പെടുത്തുക എന്നല്ലാതെ ഞങ്ങക്കില്ല എന്നൊരു ചിന്ത വീട്ടിലില്ല.

മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഓണത്തിന്റെ തത്വം അമ്മയുടെ ചെറുപ്പകാല ചിന്തകളെ സ്വാധീനിച്ചിട്ടുണ്ടോ?

എത്ര പാവപ്പെട്ടവരും പുതിയ വസ്ത്രമൊക്കെ വാങ്ങുന്ന കാലമാണ് അത്. വലിയവനും ചെറിയവനും പരസ്പരം ഇല്ലാതാകുന്ന അവസ്ഥ. വലിയവന്‍ താഴേക്കു വരുന്നു. ചെറിയവന്‍ വലിയവന്റെ നിലയിലാകുന്നു. അഹങ്കാരമില്ലാതാകുന്നു. വിത്തില്‍നിന്ന് വൃക്ഷത്തിലേയ്ക്ക് വളരും പോലെ. ഞങ്ങളുടെ വീട്ടില്‍ തെങ്ങില്‍ കയറാന്‍ വരുന്ന ആള്‍ക്ക് ഒരു ജോടി വസ്ത്രം കൊടുക്കും. ആശാരിപ്പണിക്കാര്‍ക്കുമുണ്ട് ദക്ഷിണ. മൂപ്പത്തിമാരാണ് വസ്ത്രം വാങ്ങിക്കൊടുക്കുന്ന വേറെ ഒരുവിഭാഗം. താഴ്ന്ന ജാതിക്കാര്‍ക്കും വസ്ത്രം കൊടുക്കാറുണ്ട്.

താഴ്ന്ന ജാതിക്കാരോട് അവഗണന ഉണ്ടായിരുന്നോ?

അതുണ്ട് മോനെ. താഴ്ന്ന ജാതിക്കാര്‍ക്ക് വസ്ത്രം വാങ്ങിക്കൊടുക്കുമെങ്കിലും എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുക. അലക്കുകാരെ വിളിക്കും പക്ഷേ, അവരെക്കൊണ്ട് കിണര്‍ തൊടിക്കില്ല. വെള്ളം നമ്മള്‍ കോരിക്കൊടുക്കും. ഞാനാണെങ്കില്‍ അവരെക്കൊണ്ടുതന്നെ കോരിപ്പിക്കും. അമ്മയുടെ അച്ഛനൊന്നും അത് തീരെ ഇഷ്ടമില്ല. കിണറ്റില്‍ നമ്മുടെ വെള്ളമാണ്. അത് അവര്‍ക്കു കൊടുക്കുന്നുമുണ്ട്. പിന്നെ കോരിക്കൊടുക്കുന്നതില്‍ എന്താണ് തെറ്റ് മോനെ?

ഓണപ്പരീക്ഷയെക്കുറിച്ചൊക്കെ എന്താണ് ഓര്‍മ്മ?

ആ കാലത്ത് ടെന്‍ഷന്‍ വരാനുള്ള പുസ്തകങ്ങളൊന്നുമില്ല മോനെ. ഞാനാണെങ്കില്‍ ഒന്നില്‍ പഠിച്ചിട്ടില്ല. നേരിട്ട് രണ്ടാം ക്ലാസ്സില്‍ ചേര്‍ന്നു. ശ്രായിക്കാട്ടെ ഓലക്കുടിലാണ് സ്‌ക്കൂള്‍. നാലുവരെ പഠിച്ചു. അഞ്ചില്‍ രണ്ടുമാസമേ പഠിച്ചുള്ളൂ. അപ്പോഴെക്കും അമ്മയ്ക്കു സുഖമില്ലാതായി. പഠിപ്പുനിര്‍ത്തി. അന്ന് മൂന്നിലൊന്നും ഇംഗ്ലീഷും ഹിന്ദിയുമില്ല. അഞ്ചാം ക്ലാസ്സിലാണ് ഇംഗ്ലീഷ് സ്‌പെല്ലിങ്ങ് പഠിപ്പിക്കുന്നതുതന്നെ. കലണ്ടര്‍ നോക്കിയാണ് ഞാന്‍ പിന്നെ ഇംഗ്ലീഷ് പഠിച്ചത്.

ചെറുപ്പത്തിലെ കളികള്‍ ?

മിക്കപ്പോഴും മാവില്‍ എറിയാന്‍ പോകും. ഇവിടത്തെ കായലില്‍ ആറുമാസമെങ്കിലും നല്ല വെള്ളമാണ്. അതില്‍ കിടന്നു മദിക്കും. അഞ്ചുവയസ്സുവരെയുള്ള കുട്ടികള്‍ക്കൊന്നും അന്ന് ഉടുപ്പിട്ടില്ലെങ്കില്‍ നാണമൊന്നുമില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ ഉടുപ്പൊക്കെ അഴിച്ചു കരയിലേയ്ക്കൊറ്റ ഏറാണ്. സഹോദരന്മാര്‍ വന്ന് വഴക്കു പറയുമ്പോഴാണ് കരയ്ക്കു കയറുക.

ദിനചര്യകള്‍ എങ്ങനെയായിരുന്നു?

വെളുപ്പിന് എഴുന്നേറ്റില്ലെങ്കില്‍ തലയില്‍ ഒരു കുടം വെള്ളം വീഴും. ഏറ്റവും വലിയ ചീത്തയും കേള്‍ക്കും. അമ്മ പശുവിനെയും ആടിനെയും കോഴിയേയുമൊക്കെ വളര്‍ത്തിയിരുന്നു. ചിട്ടി നടത്തിയിരുന്നു. വെളുപ്പിന് മൂന്നിന് അമ്മ ഉണരും. കീര്‍ത്തനം ചൊല്ലും. ചീനിയുടെ (മരച്ചീനിയുടെ) തൊലി പശുവിനു കൊടുക്കാന്‍ പോകുമ്പോള്‍ കാണാം ഓരോ വീട്ടിലും പത്തും പതിനഞ്ചും മക്കള്‍. ചിലപ്പോള്‍ ഭക്ഷണമുണ്ടാവില്ല. മറ്റൊരു വീട്ടില്‍ ജോലിയുണ്ട് അതുകൊണ്ട് ഭക്ഷണവുമുണ്ട്. ഇതൊക്കെ എന്റെ ഉള്ളില്‍ വിചിത്രമായ ചോദ്യമുണ്ടാക്കി കുഞ്ഞേ. ദുഃഖിക്കുന്നവരെ സൃഷ്ടിക്കുന്നവരെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. കുഴിയില്‍ വീണവരെ പിടിച്ചുണര്‍ത്തുന്ന ഉള്‍വിളിക്ക് എവിടെ നിന്നാണ് എനിക്ക് ഉത്തരം കിട്ടിയതെന്ന് അറിയില്ല.

പൂ പറിയ്ക്കാന്‍ പോവില്ലേ?

ഇവിടെ അടുത്തുതന്നെ ആവശ്യത്തിനു പൂ ഉണ്ടാകും. കുറച്ചു വലുതായപ്പോഴാണ് അകലേയ്ക്കൊക്കെ പോയത്. വലുതായപ്പോള്‍ കുറച്ചു കാലം തയ്യല്‍ പഠിക്കാന്‍ പോയിരുന്നു. അതു കഴിഞ്ഞു മടങ്ങുമ്പോഴും പൂ പറിയ്ക്കാറുണ്ട്.

ഓണത്തിനപ്പുറം എന്തായിരുന്നു നാട്ടിലെ ഉത്സവം?

പത്തിരുപതു വര്‍ഷം മുന്‍പ് ഈ ഗ്രാമത്തില്‍ ക്ഷേത്രങ്ങളില്ല. എങ്കിലും വര്‍ഷത്തില്‍ പച്ചപന്തലിടും. വഴിനീളെ വിളക്കു കത്തിച്ചുവയ്ക്കും ഫോട്ടോയും വയ്ക്കും. ദൂരെയ്ക്കൊന്നും പോകില്ല. ഇവിടത്തെ സ്വര്‍ഗ്ഗം ഓച്ചിറ ക്ഷേത്രം വരെ പോകുന്നതാണ്. അപ്പോഴും അച്ഛന്റെ കക്ഷത്തില്‍ കയ്യുണ്ടാകും. വര്‍ഷത്തില്‍ ഒരിക്കലാണ് ഈ യാത്ര.

ഓണത്തിനും വരുന്നില്ലേ മാറ്റം?

ഉത്സവങ്ങള്‍ക്കൊക്കെ ഇപ്പോള്‍ സിലബസ്സായി. ടൈംടേബിള്‍ പോലെ എല്ലാം ചടങ്ങുകള്‍. ജീവിതവും അതുപോലെ. പഠിക്കാന്‍ സിലബസ്സ് വേണം. അവിടെ അല്പം മത്സരവുമാകാം. ഞാന്‍ എതിര്‍ക്കില്ല. പക്ഷേ, കുടുംബത്തില്‍ അതുവേണോ കുഞ്ഞേ? ഇപ്പോള്‍ കാര്‍ഡുവാങ്ങി അയയ്ക്കും. ‘ഐ ലൗ യു’ എന്നെഴുതും. അതിനൊരു പ്രത്യേക ദിവസം വയ്ക്കേണ്ട കാര്യമില്ല. പ്രേമം സ്വാഭാവികമായി ഉള്‍ത്തട്ടില്‍നിന്നും വരേണ്ടതല്ലേ? ചെണ്ട പറഞ്ഞു പഠിപ്പിക്കാനാവുമോ? പ്രേമവും അനുഭവിച്ചു പഠിക്കേണ്ടതല്ലേ?

പണ്ടൊക്കെ മക്കളെല്ലാം ഓണത്തിനു വീട്ടില്‍ വരും. ഒരുമിച്ചു കഴിച്ചു കഴിയും. ഇപ്പോഴും വരുന്നുണ്ട് പക്ഷേ, എല്ലാവരും കൂടി ഹോട്ടലില്‍ പോകും അല്ലെങ്കില്‍ പായ്ക്കറ്റ് വാങ്ങി കഴിക്കും. അന്ന് നെല്ലുകുത്തി അരിയുണ്ടാക്കും പായസത്തിന്. അദ്ധ്വാനത്തിന്റെ ഒരു വശം കൂടി അതിനുണ്ട്. ഇപ്പോള്‍ പത്തുലക്ഷത്തിന്റെ വാഹനത്തില്‍ കയറി ജിംനേഷ്യത്തില്‍ പോകും. കാര്യമില്ല. അതിനുപകരം നടന്നാല്‍ മതി. വയസ്സു വളരെ നീളുന്നുണ്ട് പക്ഷേ, ചെറുപ്പത്തിലേ വാര്‍ദ്ധക്യമാണിന്ന്. പണ്ട് വാര്‍ദ്ധക്യത്തിലും ചെറുപ്പമായിരുന്നു.

എല്ലാ ദിവസവും തിരുവോണമാകണം എന്നതാണ് എന്റെ ആഗ്രഹം മോനെ. ഞാന്‍ ഉദ്ദേശിക്കുന്ന ഓണം അതാണ്. ആ തത്വം മനസ്സിലാക്കാന്‍ ആത്മീയത അറിയണം.

ഗുരുശിഷ്യബന്ധമാണ് എന്റെ ലോകത്തില്‍ പ്രധാനം. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാകുമ്പോള്‍ അത് എന്റെയും നിന്റെയുമാകും. എന്നും ഒരുപോലെ തന്നെ. തിരുവോണത്തിന് പടിഞ്ഞാറ് സൂര്യനുദിച്ച് കിഴക്ക് അസ്തമിക്കാറില്ലല്ലോ? ഓണത്തിന്റെ തത്വമനസരിച്ച് ജീവിച്ച് എന്നും തിരുവോണമാക്കി മാറ്റാന്‍ നമുക്കു കഴിയണം. എങ്കിലേ നമുക്കു നമ്മുടെ ധര്‍മ്മം നിറവേറ്റാന്‍ കഴിയൂ. എല്ലാവര്‍ക്കും അവരവരുടെ ധര്‍മ്മമുണ്ട്. ടീച്ചര്‍ അമ്മയുടെ ധര്‍മ്മവും അമ്മ ടീച്ചറുടെ ധര്‍മ്മവും കാണിച്ചിട്ടു കാര്യമില്ല. ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്നല്ല ആ ഉപദേശം നമ്മുടെ ജീവിതത്തില്‍ ഉപയോഗപ്രദമാക്കുകയാണ് വേണ്ടത്.

ബുദ്ധി വളരുന്നുണ്ട് പക്ഷേ, വിവേക ബുദ്ധിയിലേയ്ക്കു വരുന്നില്ല. അറിവുണ്ട്, ബുദ്ധിയില്ല. ബുദ്ധി വളരുന്നു ഹൃദയം തകരുന്നു. ഇന്നെല്ലാം യാന്ത്രികമാണ്. നല്ല വീടുണ്ട് പക്ഷേ, കുടുംബങ്ങള്‍ തകരുന്നു. അമ്മയെയും അച്ഛനെയും നോക്കിയില്ലെങ്കില്‍ നമ്മുടെ കുഞ്ഞ് നമ്മളെയും നോക്കില്ല. കൊടുക്കുന്നതാണ് കിട്ടുക.

പണ്ട് അമ്മ കറിയ്ക്കരച്ചുകൊണ്ടിരിക്കുമ്പോള്‍ അപ്പുറത്ത് എവിടെയെങ്കിലും കുഞ്ഞ് കാണും. കരഞ്ഞാല്‍ കേള്‍ക്കാത്ത ദൂരത്ത് പക്ഷേ, കുഞ്ഞ് വിശന്നുകരയുമ്പോള്‍ അമ്മയ്ക്ക് മുല ചുരത്തുന്നതായി തോന്നും. പ്രേമത്തിന്റെ തരംഗമാണ് ആ നെഞ്ചില്‍ വന്നുതട്ടുന്നത്.

പാശ്ചാത്യ ലോകത്ത് 15 വയസ്സുവരെയെ മക്കള്‍ മാതാപിതാക്കള്‍ക്കൊപ്പമുള്ളൂ. മൃഗമനസ്സ് പൊങ്ങുന്ന പ്രായമല്ലേ മോനെ? അവര്‍ക്കു സ്വാതന്ത്ര്യം വേണം. ബന്ധങ്ങളെ നിയമങ്ങള്‍ വച്ച് ആണി തറച്ചുവയ്ക്കുകയാണവിടെ. അതല്ലല്ലോ സ്വാതന്ത്ര്യം. സ്‌നേഹമുണ്ടെങ്കില്‍ ഭാരമില്ലല്ലോ? കര്‍മ്മമല്ല, മനോഭാവമാണ് വലുത്.

ഇന്ത്യയുടെ പോക്കും പടിഞ്ഞാറോട്ടല്ലേ?

അവിടെ പതിമൂന്നു വയസ്സിലെങ്കിലും പെണ്ണിന് ബോയ്ഫ്രണ്ടില്ലെങ്കില്‍ മാതാപിതാക്കള്‍ മാനസിക രോഗികളെ ചികിത്സിക്കുന്ന ഡോക്ടറെ കാണിക്കും. 18 വയസ്സാകുമ്പോള്‍ കുട്ടികള്‍ വീടുവിടും. പിന്നെ പിറന്നാളിനോ മറ്റോ അമ്മയ്ക് ഒരു കാര്‍ഡ് അയയ്ക്കും. ഇതൊക്കെ ഇവിടേയ്ക്കും വളരെ വേഗം പടരുന്നുണ്ട്. നമുക്കും സ്വാഭാവികത നഷ്ടപ്പെടുന്നു. എല്ലാം നമുക്ക് ഉള്‍ക്കൊള്ളാം. പക്ഷേ, നമ്മുടേത് നഷ്ടപ്പെടുത്തരുത്. അന്ധമായ ആവേശവും അനുകരണവും വേണ്ട.

ഇനിയുള്ള അമ്മമാരുടെ കാര്യത്തില്‍ വിഷമമുണ്ട് മോനെ. മക്കള്‍ക്കോ മരുമക്കള്‍ക്കോ അവരെ നോക്കാന്‍ പറ്റുമോ? അമ്മായിഅമ്മ പഴയ അമ്മയാണ്. അവര്‍ക്ക് ചീത്തകേട്ടു ശീലമുണ്ട്. ഇപ്പോള്‍ വന്ന മരുമകള്‍ പക്ഷേ, അതുകേള്‍ക്കില്ല. മുന്‍വിധിവച്ച് പോകുന്നവരാണവര്‍. അപ്പോള്‍ യുദ്ധം വരും. പ്രായം വരുമ്പോള്‍ അച്ഛനും അമ്മയ്ക്കും കൊച്ചുകുട്ടികളുടെ ബുദ്ധിയാണ്. കുട്ടിളെ അടിച്ചു പഠിപ്പിക്കാം. പക്ഷേ, വലുതായാലോ? ആരും നോക്കാനില്ലാത്ത അമ്മമാരെ ഇങ്ങോട്ടുകൊണ്ടുവരാന്‍ ഞാന്‍ പറയും. അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ഇവിടെ അതിനു സൗകര്യമൊരുക്കാന്‍ ആലോചിക്കുകയാണ്. ആശ്രമത്തിന്റെ വിവിധകേന്ദ്രങ്ങളിലും അമ്മമാരെ സംരക്ഷിക്കാന്‍ സൗകര്യമുണ്ടാക്കണം.

ഓര്‍മ്മയിലെ കളിക്കുട്ടിയില്‍നിന്ന് ദിവ്യ മാതൃത്വത്തിന്റെ ചൈതന്യത്തിലേയ്ക്ക് അമ്മ തിരികെ എത്തുന്നു. രാവേറെ ചെന്നിരുന്നു. പക്ഷേ, വെണ്‍നിലാവുചോരുന്ന ചിരിയുമായി അമ്മ മക്കള്‍ക്കൊപ്പം പകല്‍പോലെ ശോഭപരത്തുന്നു. നിത്യതേജ്വസിനിയായി.

15 ആഗസ്റ്റ് 2002, സ്വാതന്ത്ര്യദിനസന്ദേശം,
ശ്രീ മാതാ അമൃതാനന്ദമയീ ദേവി
മക്കളേ,
ഋഷികളുടെ നാടാണു ഭാരതം. ലോകത്തിനു് എക്കാലത്തും നന്മയും ശ്രേയസ്സും നല്കുന്ന സംസ്‌കാരമാണു് അവര്‍ നമുക്കു പകര്‍ന്നു നല്കിയതു്. ആ സംസ്‌കാരം നമുക്കു് അമ്മയാണു്. അതിനെ നാം സംരക്ഷിക്കുകയും ഉദ്ധരിക്കുകയും വേണം. ‘മാതൃ ദേവോ ഭവ’, ‘പിതൃ ദേവോ ഭവ’, ‘ആചാര്യ ദേവോ ഭവ’, ‘അതിഥി ദേവോ ഭവ’ ഇതാണു നമ്മുടെ പൂര്‍വ്വികര്‍ ഉപദേശിച്ചതു്. അങ്ങനെയാണു് അവര്‍ ജീവിച്ചു കാണിച്ചതു്. ഈ സ്‌നേഹമാണു സമൂഹത്തെ കൂട്ടിയിണക്കുന്ന കണ്ണി. ഇന്നു് ആ കണ്ണി പൊട്ടി ഓരോ വ്യക്തിയും ഓരോ ദ്വീപായി മാറുന്ന കാഴ്ചയാണു നാം കണ്ടുവരുന്നതു്.

പാശ്ചാത്യസംസ്‌കാരത്തില്‍നിന്നു നമുക്കു പലതും പഠിക്കുവാനുണ്ടു്. എന്നാല്‍ അതോടൊപ്പം നാം നമ്മുടെ സംസ്‌കാരം കാത്തുസൂക്ഷിക്കുകയും വേണം. ഇന്നു സര്‍വ്വത്ര അനുകരണമാണു്. നമ്മുടെ ജീവിതംതന്നെ അനുകരണമായി മാറിയിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തെ നഷ്ടമാക്കി മറ്റൊന്നു് ഉള്‍ക്കൊള്ളുന്നതു് ഉടുപ്പിനനുസരിച്ചു ശരീരത്തെ വെട്ടിമുറിക്കുന്നതുപോലെയാണു്, വിശപ്പടക്കാന്‍ കൃത്രിമ ആപ്പിള്‍ കടിക്കുന്നതു പോലെയാണു്. അതുകാരണം നമ്മിലെ സ്വാഭാവികത നഷ്ടമാവുന്നു; നാം ശാരീരികമായും, മാനസികമായും ദുര്‍ബ്ബലരായിത്തീരുന്നു.

നാം കുട്ടികള്‍ക്കു സ്‌നേഹം കൊടുക്കുകയും ഒപ്പം ബോധത്തെ ഉദ്ധരിക്കുകയും വേണം. ബോധവത്കരണം എന്നു പറഞ്ഞാല്‍, സാധാരണ പുല്ലിലൂടെ കുറെനാള്‍ നടന്നാല്‍ വഴി തെളിയും. എന്നാല്‍ പാറക്കല്ലിലൂടെ എത്ര നടന്നാലും വഴി തെളിയില്ല. നനഞ്ഞ കളിമണ്ണുപയോഗിച്ചു പാത്രം ഉണ്ടാക്കിയാല്‍ അതു നന്നായി കിട്ടും. അതുപോലെ ചെറുപ്പത്തില്‍ കുട്ടികള്‍ക്കു സംസ്‌കാരം കൊടുത്തു വളര്‍ത്തിയാല്‍ പെട്ടെന്നു് അവരെ ഉദ്ധരിച്ചുകൊണ്ടുവരുവാന്‍ പറ്റും. ഇരുട്ടുമുറിയിലെ ചെടി സൂര്യപ്രകാശത്തിനു നേരെ വളരും. അതുപോലെ കുട്ടികള്‍ സ്‌നേഹവും അംഗീകാരവും ശ്രദ്ധയും ആഗ്രഹിക്കുന്നു. അതു കിട്ടുന്നിടത്തേക്കു പോകുവാന്‍ അവര്‍ തയ്യാറാകും. അതിനാല്‍ അതുകൂടി അവര്‍ക്കു നല്കാന്‍ നാം തയ്യാറാകണം.

Amma waving India flag

പണ്ടു്, സമൂഹത്തില്‍ പ്രചരിച്ചിരുന്ന കളികള്‍ക്കും കലകള്‍ക്കുമെല്ലാം പ്രചോദനം ആദ്ധ്യാത്മികതയായിരുന്നു. ഇതുമൂലം അവ മനസ്സുകളില്‍ നല്ല സംസ്‌കാരങ്ങളെയാണു് ഉണര്‍ത്തിയിരുന്നതു്. എന്നാല്‍ ഇന്നു ടി.വി.യും സിനിമയും മറ്റും സംസ്‌കാരത്തിനു ഭീഷണിയായിത്തീരുകയാണു്. കലയുടെ ആത്മീയമായ അടിസ്ഥാനം പുനരുദ്ധരിക്കേണ്ടതു സമൂഹത്തിന്റെ താളലയം നിലനിര്‍ത്താന്‍ ആവശ്യമാണു്.

എല്ലാവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. എല്ലാവരും അവരുടെ അവകാശങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. കര്‍ത്തവ്യം മറക്കുന്നു. ഒരിടത്തു് അമിതമായ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അതു മറ്റൊരിടത്തു മുറിവുണ്ടാക്കും. ഇതു നമ്മള്‍ മറക്കരുതു്. സ്വാര്‍ത്ഥത വര്‍ദ്ധിച്ചു് അധര്‍മ്മം വളരുമ്പോഴാണു പ്രകൃതിയുടെ താളലയം നഷ്ടമാകുന്നതു്. നിയന്ത്രണമില്ലാതെ മനസ്സിലുയരുന്ന ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍ പോയാല്‍ അതു് നമ്മെ നിരാശയിലേക്കേ നയിക്കുകയുള്ളൂ. ഒരാഗ്രഹം സാധിച്ചാലുടന്‍ ഇരട്ടി ആഗ്രഹങ്ങള്‍ അവിടെ വന്നു കഴിയും. അതിനാല്‍ ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞു് ആഗ്രഹങ്ങളെ നിയന്ത്രിക്കുവാന്‍ നാം പഠിക്കണം. എടുക്കുക എന്നതിലുപരി കൊടുക്കുക എന്ന ധര്‍മ്മംകൂടി ഉണ്ടെന്നു നാം ഉള്‍ക്കൊള്ളണം. ഇല്ലെങ്കില്‍ നമ്മുടെ ധര്‍മ്മം തന്നെ നശിച്ചുപോകും.

സ്ത്രീ സഹോദരിയാണു്, അമ്മയാണു്, ഭാര്യയുമാണു്. പുരുഷന്‍ സഹോദരനാണു്, പിതാവാണു്, ഭര്‍ത്താവുമാണു്. ഓരോന്നിനെയും അതാതിന്റെ സ്ഥാനത്തു ശുദ്ധമായ ഭാവത്തില്‍ വീക്ഷിക്കുവാന്‍ നമുക്കു സാധിക്കണം. സദാചാരവും സംസ്‌കാരവും നഷ്ടമാകാതെ സൂക്ഷിക്കുവാനും നിലനിര്‍ത്തുവാനും നമുക്കു കഴിയണം. ഭാര്യാഭര്‍ത്തൃബന്ധത്തില്‍ ഇരുവരും ഒരാത്മാവെന്ന ഏകത്വബോധം ഉണരണം. അതുപോലെ മുതിര്‍ന്നവരെയും ഗുരുജനങ്ങളെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും നാം കുട്ടികളെ പരിശീലിപ്പിക്കണം.

കുടുംബജീവിതത്തെയും സമൂഹജീവിതത്തെയും പ്രകൃതിയെത്തന്നെയും താങ്ങിനിര്‍ത്തുന്ന സ്‌നേഹത്തെ നാം നമ്മുടെ ഉള്ളില്‍ പുനരുദ്ധരിക്കണം. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മാതാപിതാക്കളോടും ഗുരുജനങ്ങളോടുമുള്ള കടമ, വ്യക്തിക്കു സമൂഹത്തോടുള്ള കടമ, വിദ്യാര്‍ത്ഥികള്‍ക്കു് അദ്ധ്യാപകരോടുള്ള കടമ, മുതിര്‍ന്നവര്‍ക്കു് ഇളംതലമുറയോടുള്ള കടമ, ഓരോ പൗരനും രാഷ്ട്രത്തോടുള്ള കടമ ഇവയെല്ലാം ജനഹൃദയങ്ങളില്‍ ഉണര്‍ത്താന്‍ നാം ശ്രമിക്കണം.

നമ്മെ പ്രസവിച്ച അമ്മ നമുക്കു തന്നതു തിരിച്ചു കൊടുക്കാന്‍ നമുക്കൊരിക്കലും കഴിയില്ല. പത്തുമാസം ചുമന്നു പ്രസവിച്ചു നമ്മെ വളര്‍ത്തിയ നമ്മുടെ അമ്മയോടുള്ള കടപ്പാടു തീര്‍ക്കാന്‍ നമുക്കു സാധിക്കില്ല. പക്ഷേ, അമ്മയുടെ ജീവിതത്തില്‍ വേദന അനുഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ അതു പങ്കുവയ്ക്കാനും അമ്മയെ അനുസരിക്കാനും സ്‌നേഹിക്കുവാനും അമ്മയുടെ ആവശ്യങ്ങള്‍ യഥാവസരം നിറവേറ്റാനുമുള്ള ഒരു മനഃസ്ഥിതി നാം വളര്‍ത്തിയെടുക്കണം.

നമ്മുടെ സംസ്‌കാരവും നമ്മുടെ മാതൃഭൂമിയും നമുക്കമ്മയാണു്. ആ സംസ്‌കാരവുമായുള്ള ബന്ധം നഷ്ടപ്പെട്ടാല്‍ നാം നൂലുപൊട്ടിയ പട്ടങ്ങള്‍പോലെയാകും. ആ സംസ്‌കാരത്തെ ഉദ്ധരിക്കുകയും മാതൃഭൂമിയെ സേവിക്കുകയും ചെയ്യേണ്ടതു നമ്മുടെയെല്ലാം ധര്‍മ്മമാണു്. സംസ്‌കാരത്തെയും ധര്‍മ്മത്തെയും ഉദ്ധരിക്കുക വഴി ശാന്തിയും ഐശ്വര്യവും പുലരുന്ന ഒരു രാഷ്ട്രവും ഒരു ലോകവും പടുത്തുയര്‍ത്തുവാന്‍ നമുക്കു കഴിയും. പ്രകൃതിയുടെതന്നെ താളലയം പുനഃസ്ഥാപിക്കുവാന്‍ കഴിയും.

അതിനായി മക്കളെല്ലാവരും നിശ്ചയദാര്‍ഢ്യത്തോടെ ഒത്തൊരുമിച്ചു പ്രയത്‌നിക്കുക. മക്കളുടെ പ്രയത്‌നം സഫലമാകുവാന്‍ അമ്മ പരമാത്മാവില്‍ അര്‍പ്പിക്കുന്നു.

*****