Category / അമൃതവാണി

സര്‍വ്വ പാപനാശിനിയായ ഗംഗയാണ് നിസ്വാര്‍ത്ഥസേവനം. – അമ്മ

അറിവിന്‍റെ കണ്ണുകളിലൂടെ ലോകത്തെ കാണുകയും കാരുണ്യത്തിന്‍റെ കൈകളിലൂടെ ദുഃഖിതര്‍ക്ക് ആശ്വാസം നല്കുകയും ചെയ്താല്‍ ശാന്തിയുടെയും ആനന്ദത്തിന്‍റെയും തീത്ത് നമുക്ക് തീര്‍ച്ചയായും ചെന്നണയാം. – അമ്മ

സമൂഹത്തില്‍ നല്ല മാറ്റം വരണമെന്നു നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു നമ്മുടെ ഭാഗത്തുനിന്നു് ഒരു പ്രയത്നം  ഉണ്ടാകണം. നമ്മള്‍ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണം. നമ്മള്‍ നന്നാകണമെന്നു വെറുതെ ആഗ്രഹിച്ചാല്‍ മാത്രം പോരാ. ഒരല്പം ത്യാഗം, ഒരല്പം പ്രയത്നം മക്കളുടെ ഭാഗത്തുനിന്നു് ഉണ്ടാകണം. – അമ്മ

നമുക്കു് ഏതൊരു സാധനം കിട്ടണമെങ്കിലും അതിനു് ഒരു വില കൊടുക്കണം. അങ്ങോട്ടു് ഒന്നും കൊടുക്കാതെ എന്തെങ്കിലും നേടാന്‍ കര്‍മ്മരംഗത്തു സാദ്ധ്യമല്ല. നല്ല ഉദ്യോഗം കിട്ടണമെങ്കില്‍ ഉറക്കമൊഴിച്ചു കഷ്ടപ്പെട്ടു പഠിക്കണം. നല്ല വിളവു കിട്ടണമെങ്കില്‍ സമയത്തു വിത്തു വിതച്ചു വേണ്ട വളവും വെള്ളവുമെല്ലാം കൊടുക്കണം. – അമ്മ

സംസ്‌കാരം നശിപ്പിക്കാന്‍ എളുപ്പമാണു്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ജീവിതവും നരകത്തിലേക്കാണു പോകുന്നതെന്നു നമ്മള്‍ അറിയുന്നില്ല. അഗാധമായ കുഴിയില്‍ച്ചെന്നു വീണുകഴിഞ്ഞിട്ടു കരകേറാന്‍ പാടുപെടുന്നതിലും നല്ലതു് ആദ്യമേ വീഴാതെ ശ്രദ്ധിക്കുകയല്ലേ? – അമ്മ