Category / അമൃതവാണി

സംതൃപ്തിയാണു് ഏറ്റവും വലിയ ധനം. ലോകത്തിലെ ഏറ്റവും വലിയ ദരിദ്രനാണെങ്കിലും, സംതൃപ്തിയുണ്ടെങ്കില്‍ അവനാണു ധനികന്‍. ധനികനാണെങ്കിലും, സംതൃപ്തിയില്ലെങ്കില്‍, അവനാണു ദരിദ്രന്‍.

കോപം, കോപിക്കുന്നവനേയും ഏറ്റുവാങ്ങുന്നവനെയും അപകടപ്പെടുത്തും. ശരീരത്തിലുണ്ടാവുന്ന മുറിവു വേഗം പൊറുക്കും. കോപത്താല്‍ പറയുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന മുറിവു് ഉണങ്ങുകയില്ല. അതിനാല്‍ കോപം വരുന്നു എന്നറിഞ്ഞാല്‍, അതു പ്രകടിപ്പിക്കുകയോ ഉള്ളില്‍ അമര്‍ത്തുകയോ അല്ല, അതിനെ വിവേകബുദ്ധികൊണ്ടു് ഇല്ലാതാക്കുകയാണു വേണ്ടതു്.

കണ്ണുകള്‍ ഇല്ലാത്തതു മൂലം അന്ധത ബാധിച്ചവരെ പിന്നെയും നയിക്കാം. എന്നാല്‍ അഹങ്കാരത്തിന്റെ അന്ധത ബാധിച്ചാല്‍ നാം പരിപൂര്‍ണ്ണമായും അന്ധകാരത്തിലാകും, അതു നമ്മെ കൂരിരുട്ടിലേക്കു തള്ളും.

ചിന്ത വാക്കും, വാക്കു പ്രവൃത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിന്റെ ഗതി മാറ്റുക പ്രയാസമാണു്. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാന്‍ പറ്റുന്ന ഏകമാര്‍ഗ്ഗം ധ്യാനമാണു്.

ബാഹ്യഘടകങ്ങള്‍ കൂട്ടിയിണക്കി നാം ലോകത്തെയാകെ ഒുരുഗ്രാമമാക്കി ചുരുക്കിക്കൊണ്ടു വന്നു. എന്നാല്‍ ആന്തികഘടകങ്ങള്‍- നമ്മുടെയെല്ലാം ബുദ്ധിയും ഹൃദയവും, ഒന്നിപ്പിക്കുന്നതില്‍ നാം വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നതാണു ആഗോളവത്കരണത്തിന്‍റെ പരാജയത്തിനു കാരണം. – അമ്മ