ചോദ്യം : സ്തുതിയിലും നിന്ദയിലും സമചിത്തനായിരിക്കണം എന്നു പറയാറുണ്ടല്ലോ. എന്നാല്‍, ദേവന്മാര്‍ ഭഗവാനെ സ്തുതിച്ചപ്പോള്‍, അവിടുന്നു പ്രീതനായി എന്നു പറയുന്നുണ്ടു്. അപ്പോള്‍ ഭഗവാന്‍ സ്തുതിക്കു വശംവദനായില്ലേ?

അമ്മ: ഭഗവാന്‍ ബാഹ്യമായ സ്തുതിയില്‍ മയങ്ങുന്ന ആളല്ല. അവിടുന്നു സമചിത്തനാണു്. സ്തുതിയും നിന്ദയും അവിടുത്തേക്കു് ഒരുപോലെയാണു്. നമ്മള്‍ പട്ടിക്കാട്ടം വലിച്ചെറിഞ്ഞാലും, തിരിയെ ‘ഐസ്‌ക്രീം’ തരുന്നതിനുള്ള മനസ്സാണു് അവിടുത്തേക്കുള്ളതു്. അതാണു സമചിത്തത.

കൊച്ചുകുട്ടികള്‍ കുസൃതികള്‍ കാണിക്കുമ്പോള്‍ നമ്മള്‍ ദേഷ്യപ്പെടുന്നതിനു പകരം എടുത്തു ലാളിക്കും. കുഞ്ഞുചെയ്യുന്ന തെറ്റുകള്‍ സഹിക്കും, ക്ഷമിക്കും. അഥവാ, അടിക്കുന്നുവെങ്കില്‍ അതു ദേഷ്യം കൊണ്ടല്ല, കുഞ്ഞിൻ്റെ ഉയര്‍ച്ചയ്ക്കു വേണ്ടി മാത്രമായിരിക്കും. പറഞ്ഞതു് അനുസരിക്കാതെ ഏതെങ്കിലും കുറുക്കുവഴിയെ പോയി കാലുതട്ടിമുറിച്ചു കൊണ്ടുവന്നാല്‍, വേദന അറിയാതിരിക്കുന്നതിനുള്ള മരുന്നു് ഉടനെ നല്കരുതു്. വീണ്ടും അഹങ്കാരവും അശ്രദ്ധയുംമൂലം അവിവേകം കാട്ടും. അപകടത്തില്‍പ്പെടും. ആദ്യം കുറച്ചു വേദന അറിഞ്ഞാല്‍ പിന്നീടു ശ്രദ്ധിക്കും.

അതുപോലെ ഭഗവാന്‍ ദേവന്മാരെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. ദേവന്മാരെ ആദ്യം ഒന്നു വിഷമിപ്പിക്കുന്നതിനുവേണ്ടി അവര്‍ എത്തി കുറെസമയം കഴിഞ്ഞിട്ടും ഭഗവാന്‍ കണ്ണു തുറന്നില്ല. ദേവന്‍മാര്‍ പലവട്ടം വിളിച്ചിട്ടും ഭഗവാന്‍ അറിഞ്ഞ ഭാവം കാണിച്ചില്ല. അവസാനം അവര്‍ ഹൃദയംനൊന്തു് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഭഗവാന്‍ കണ്ണു തുറന്നു. പ്രാര്‍ത്ഥനയുടെ ഫലമായി ഭഗവാൻ്റെ രൂപം അവര്‍ക്കു് ഉള്ളിലും ദര്‍ശിക്കുവാന്‍ കഴിഞ്ഞു. അല്ലാതെ, ആ മന്ത്രങ്ങള്‍ ഭഗവാനെ പുകഴ്ത്തി കാര്യം നേടാന്‍ വേണ്ടി ചൊല്ലിയതല്ല. ഭഗവാനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഭക്തൻ്റെ പ്രാര്‍ത്ഥനയാണു്. ആത്മസ്വരൂപത്തെ വെളിവാക്കുന്നതിനുള്ള പ്രാര്‍ത്ഥനയാണതു്. ഭക്തൻ്റെ നിഷ്‌ക്കളങ്കമായ മനസ്സു് കണ്ടാണു ഭഗവാന്‍ പ്രസന്നനായതു്. അല്ലാതെ ഹൃദയമില്ലാത്ത സ്തുതികൊണ്ടു ഭഗവാനെ പ്രീതിപ്പെടുത്താന്‍ പറ്റില്ല.