(തുടർച്ച)
ചോദ്യം : ഈശ്വരനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു പ്രയത്‌നിക്കേണ്ട ആവശ്യമുണ്ടോ?

മക്കളേ, തത്ത്വങ്ങള്‍ പ്രചരിപ്പിക്കേണ്ടതു് ആചരണത്തിലൂടെ ആയിരിക്കണം. പ്രസംഗംകൊണ്ടു മാത്രം തത്ത്വം പ്രചരിപ്പിക്കാന്‍ കഴിയില്ല. പ്രസംഗമല്ല പ്രവൃത്തിയാണാവശ്യം. സംസാരിച്ചു കളയുന്ന സമയം മതി, അതു പ്രാവര്‍ത്തികമാക്കുവാന്‍. സമൂഹത്തില്‍ നിലയും വിലയുമുള്ളവരുടെ ചെയ്തികളാണു സാധാരണക്കാര്‍ അനുകരിക്കുന്നതു്. അതിനാല്‍ ഉന്നതപദവിയിലിരിക്കുന്നവര്‍ എപ്പോഴും മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം.

ഒരു രാജ്യത്തിലെ മന്ത്രി, ഒരു ഗ്രാമമുഖ്യൻ്റെ വീട്ടില്‍ അതിഥിയായി എത്തി. ആ രാജ്യത്തിലെ ഏറ്റവും അധികം അഴുക്കുനിറഞ്ഞ ഒരു ഗ്രാമമായിരുന്നു അതു്. റോഡുകളിലും കവലകളിലും ചപ്പു ചവറുകള്‍ കുന്നുകൂടിക്കിടന്നിരുന്നു. ഓടകളില്‍ അഴുക്കുവെള്ളം കെട്ടിനിന്നു. എവിടെയും ദുര്‍ഗന്ധം. ഗ്രാമം ഇത്ര വൃത്തികേടായി കിടക്കുന്നതിൻ്റെ കാരണം മന്ത്രി ചോദിച്ചു. ഗ്രാമമുഖ്യന്‍ പറഞ്ഞു ‘ഇവിടുത്തെ ജനങ്ങള്‍ക്കു സംസ്‌കാരം വളരെ കുറവാണു്. ഒരു വൃത്തിയുമില്ല. പരിസരം വൃത്തിയായി കിടക്കണം എന്നുകൂടി അവര്‍ക്കറിയില്ല. എത്ര പറഞ്ഞുകൊടുത്താലും അനുസരിക്കില്ല. മടിയന്മാരാണു്. അവരെക്കൊണ്ടു ഞാന്‍ മടുത്തു. എവിടെയും നാറുന്ന ചപ്പും ചവറുമാണു്.” ഇങ്ങനെ ജനങ്ങളെ ദുഷിച്ചുകൊണ്ടു ഗ്രാമത്തലവന്‍ സംസാരിച്ചു. മന്ത്രി ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിഞ്ഞു് ഉറങ്ങുന്നതിനായി കിടന്നു.

അടുത്ത ദിവസം വെളുപ്പിനു്, ഗ്രാമമുഖ്യന്‍ എഴുന്നേറ്റു നോക്കുമ്പോള്‍ മന്ത്രിയെ കാണാനില്ല. വീട്ടില്‍ എല്ലായിടവും അന്വേഷിച്ചു. കണ്ടില്ല. പരിഭ്രമമായി. അവസാനം അന്വേഷിച്ചു ചെല്ലുമ്പോള്‍ ഒരു കവലയില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ടു മന്ത്രി തീ കത്തിക്കുകയാണു്. അതു കണ്ടപ്പോള്‍ ഗ്രാമമുഖ്യനു വെറുതെ നില്ക്കുവാന്‍ കഴിഞ്ഞില്ല. ”മന്ത്രി ജോലി ചെയ്യുമ്പോള്‍ ഞാന്‍ എങ്ങനെ വെറുതെ നോക്കിനില്ക്കും?” ഗ്രാമമുഖ്യനും മന്ത്രിയുടെ സഹായത്തിനെത്തി. രാവിലെ ജനങ്ങള്‍ ഉണര്‍ന്നു നോക്കുമ്പോള്‍ രാജ്യത്തിലെ മന്ത്രിയും തങ്ങളുടെ ഗ്രാമമുഖ്യനും തെരുവു വൃത്തിയാക്കുന്നതാണു കണ്ടതു്. അവര്‍ അദ്ഭുതപ്പെട്ടു! മന്ത്രിയും ഗ്രാമമുഖ്യനും ജോലി ചെയ്യുമ്പോള്‍ എങ്ങനെ കാഴ്ചക്കാരായി മാറിനില്ക്കും? എല്ലാവരും സന്തോഷത്തോടെ അവരോടൊപ്പം പണിക്കു ചേര്‍ന്നു. ഓടകള്‍ വൃത്തിയായി. റോഡുകളിലെ ചപ്പുചവറുകള്‍ നീങ്ങി. ആ ഗ്രാമം മുഴുവന്‍ വെടിപ്പായി. വളരെ വേഗം ഗ്രാമത്തിൻ്റെ മുഖഛായതന്നെ മാറി. മന്ത്രി ഓട വൃത്തിയാക്കുന്നതു കണ്ടപ്പോള്‍ അതുവരെ, കുറ്റം മാത്രം പറയാന്‍ അറിയാമായിരുന്ന ഗ്രാമമുഖ്യനും ജോലി ചെയ്യുവാന്‍ മടി ഉണ്ടായില്ല. തങ്ങളുടെ മന്ത്രിയും ഗ്രാമമുഖ്യനും പണിയെടുക്കുന്നതു കണ്ടപ്പോള്‍, പരിസരത്തെ ഒരു കരിയിലകൂടി മാറ്റുവാന്‍ മടിച്ചിരുന്ന ജനങ്ങളും അദ്ധ്വാനത്തിനു തയ്യാറായി.

മക്കളേ, മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്ന സമയം വേണ്ട, പ്രവര്‍ത്തിച്ചു കാട്ടിക്കൊടുക്കുവാന്‍. മറ്റുള്ളവര്‍ ചെയ്യുന്നുണ്ടോ എന്നു നോക്കാതെ, സ്വയം ചെയ്യുവാന്‍ തയ്യാറാകണം. അപ്പോള്‍ നമ്മളെ സഹായിക്കാന്‍ ആളുണ്ടാകും. മറിച്ചു്, കുറ്റം പറയാന്‍ നിന്നാല്‍, നമ്മളോടൊപ്പം മറ്റുള്ളവരുടെ മനസ്സുകൂടി ദുഷിക്കുന്നു. പ്രയോജനവുമില്ല. അതിനാല്‍ മക്കളേ, നമുക്കു വാക്കല്ല, പ്രവൃത്തിയാണാവശ്യം. അതിലൂടെ മാത്രമേ മാറ്റം സാധിക്കുകയുള്ളൂ.