(തുടർച്ച) ചോദ്യം : ഇന്നത്തെ സാമൂഹികപ്രശ്‌നങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം?

നമ്മള്‍ ചിന്തിച്ചേക്കാം, അന്ധകാരം നിറഞ്ഞ ഈ സമൂഹത്തില്‍ ഞാന്‍ ഒരാള്‍ ശ്രമിച്ചതുകൊണ്ടു് എന്തു മാറ്റം സംഭവിക്കാനാണെന്നു്. നമ്മുടെ കൈവശം ഒരു മെഴുകുതിരിയുണ്ടു്. മനസ്സാകുന്ന മെഴുകുതിരി

അതില്‍ വിശ്വാസമാകുന്ന ദീപം കത്തിക്കുക. അന്ധകാരം നിറഞ്ഞ ഇത്രയധികം ദൂരം, ഈ ചെറിയ ദീപംകൊണ്ടു് എങ്ങനെ താണ്ടാനാകും എന്നു സംശയിക്കേണ്ടതില്ല. ഓരോ അടിയും മുന്നോട്ടു വയ്ക്കുക, നമ്മുടെ പാതയില്‍ പ്രകാശം തെളിഞ്ഞു കിട്ടും.

ഒരാള്‍ വളരെ ദുഃഖിതനായി, നിരാശനായി എന്തു ചെയ്യണമെന്നറിയാതെ വഴിയരികില്‍ നില്ക്കുകയായിരുന്നു. ആ സമയം അതു വഴി നടന്നുപോയ ഒരാള്‍, അയാളെ നോക്കി ഒന്നു ചിരിച്ചു. എല്ലാവരാലും തഴയപ്പെട്ടു ജീവിതാശതന്നെ വെടിഞ്ഞുനിന്ന ആ മനുഷ്യനു്, ആ ചിരി എന്തെന്നില്ലാത്ത ആശ്വാസമാണു നല്കിയതു്. ഒരാളെങ്കിലുംതന്നെ നോക്കി ചിരിക്കുവാനുണ്ടല്ലോ എന്ന ചിന്തതന്നെ അദ്ദേഹത്തിനു് ഉന്മേഷം പകര്‍ന്നു. ഈ സമയം, അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്‍പു തൻ്റെ കഷ്ടപ്പാടില്‍ തന്നെ സഹായിച്ച ഒരു സുഹൃത്തിനെക്കുറിച്ചോര്‍ത്തു. അദ്ദേഹം ഉടനെതന്നെ ഒരു കത്തു് എഴുതി തൻ്റെ പഴയ സുഹൃത്തിനു് അയച്ചു. കുറെക്കാലമായി യാതൊരു വിവരവുമില്ലാതിരുന്ന സുഹൃത്തിൻ്റെ കത്തു കിട്ടിയപ്പോള്‍, കൂട്ടുകാരനു വളരെ സന്തോഷം തോന്നി. അദ്ദേഹം ഉടനെ അടുത്തു നിന്ന ഒരു സാധുവിനു പത്തു രൂപ എടുത്തു കൊടുത്തു. അയാള്‍ ആ തുകകൊണ്ടു് ഒരു ലോട്ടറിടിക്കറ്റു വാങ്ങി. അദ്ഭുതകരമെന്നു പറയട്ടെ നറുക്കെടുപ്പുഫലം വന്നപ്പോള്‍ ലോട്ടറി അയാള്‍ക്കുതന്നെ.

ലോട്ടറിത്തുകയും വാങ്ങിപ്പോകുമ്പോള്‍, വഴിയരികില്‍ ഒരു യാചകന്‍ അസുഖമായി കിടക്കുന്നതു കണ്ടു. ദൈവം തനിക്കു തന്ന പണമല്ലെ, അതില്‍ കുറച്ചു് ആ പാവത്തിനു് ഉപകരിക്കട്ടെ എന്നു ചിന്തിച്ചു, അയാള്‍ ആ യാചകനെ ആശുപത്രിയില്‍ എത്തിച്ചു. ശുശ്രൂഷയ്ക്കുവേണ്ട പണവും നല്കി. ആ യാചകന്‍ അസുഖം ഭേദമായി ആശുപത്രിയില്‍നിന്നും മടങ്ങുമ്പോള്‍ വഴിയരികില്‍ ഒരു നായ്ക്കുട്ടി വെള്ളത്തില്‍ വീണു നനഞ്ഞു കുതിര്‍ന്നു നടക്കുവാന്‍പോലുമാകാതെ തളര്‍ന്നു കിടക്കുന്നതു കാണാനിടയായി. തണുപ്പും വിശപ്പും കാരണം അതു നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. യാചകന്‍, ആ നായ്ക്കുട്ടിയെ തൻ്റെ വസ്ത്രത്തില്‍ പൊതിഞ്ഞു തോളിലെടുത്തു നടന്നു. വഴിയരികില്‍ അല്പം തീ കൂട്ടി തണുപ്പകറ്റാന്‍ അതിനെ സഹായിച്ചു. തൻ്റെ ഭക്ഷണത്തോടൊപ്പം, ആ നായയ്ക്കും ആഹാരം നല്കി. തണുപ്പും മാറി ആഹാരവും കിട്ടിക്കഴിഞ്ഞപ്പോള്‍, നായ്ക്കുട്ടിയുടെ തളര്‍ച്ച മാറി. അതു് ആ യാചകൻ്റെ പിന്നാലെകൂടി. അവര്‍ രാത്രി അന്തിയുറങ്ങാന്‍ ഒരു വീട്ടുപടിക്കല്‍ അനുവാദം ചോദിച്ചു. ആ വീട്ടുകാര്‍, വീട്ടുവരാന്തയില്‍ അവര്‍ക്കു കിടക്കുവാന്‍ അനുവാദം നല്കി. അന്നുരാത്രി, നായയുടെ നിലയ്ക്കാത്ത കുര കേട്ടു് ആ യാചകനും വീട്ടുകാരും ഉണര്‍ന്നുനോക്കുമ്പോള്‍, വീടിൻ്റെ ഒരു ഭാഗത്തു തീ പടരുന്നു. ആ വീട്ടിലെ കുട്ടി കിടന്നുറങ്ങുന്ന മുറിയുടെ ഭാഗത്താണു തീ പടര്‍ന്നു പിടിച്ചിരിക്കുന്നതു്. വീട്ടുകാര്‍ ചെന്നു നോക്കുമ്പോള്‍ ആ മുറിയുടെ ഒരു ഭാഗത്തു തീ ആളിപ്പടരുകയാണു്. അവര്‍ വേഗംതന്നെ കുട്ടിയെ പുറത്തെടുത്തു. എല്ലാവരുംകൂടി ഒത്തു ചേര്‍ന്നു ശ്രമിച്ചതിൻ്റെ ഫലമായി തീ പടര്‍ന്നു പിടിക്കാതെ അണയ്ക്കുവാന്‍ സാധിച്ചു. ആ യാചകനും നായയ്ക്കും കിടക്കാനിടം നല്കിയതു്, ആ വീട്ടുകാര്‍ക്കു രക്ഷയായി. തീയില്‍നിന്നും രക്ഷപ്പെട്ട ആ ബാലന്‍ വളര്‍ന്നു വലുതായപ്പോള്‍ ഒരു മഹാത്മാവായി തീര്‍ന്നു. അദ്ദേഹത്തിൻ്റെ സാമീപ്യത്തിലൂടെ എത്രയോ ജനങ്ങള്‍ ശാന്തി നേടി.

ഇതിൻ്റെയെല്ലാം തുടക്കം നോക്കുമ്പോള്‍, ആദ്യത്തെ ആളുടെ ചിരിയാണെന്നു കാണാം. അദ്ദേഹം ഒരു പൈസപോലും ചെലവു ചെയ്തില്ല. നടന്നുപോകുമ്പോള്‍ വഴിയരികില്‍ നിന്ന ഒരാളെ നോക്കി ഒന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. അതു് ഏതൊക്കെ രീതിയിലാണു മറ്റുള്ളവരുടെ ജീവിതത്തെ സ്വാധീനിച്ചതു്; അവരുടെ ജീവിതത്തില്‍ പ്രകാശം പരത്തിയതു്! നമ്മള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുന്ന ഏറ്റവും നിസ്സാരമായ പ്രവൃത്തിപോലും മഹത്തായ സ്വാധീനമാണു സമൂഹത്തില്‍ വരുത്തുന്നതു്. പെട്ടെന്നു നാം അറിഞ്ഞെന്നു വരില്ല. തീര്‍ച്ചയായും ഏതൊരു പ്രവൃത്തിക്കും ഫലമുണ്ടു്. അതിനാല്‍ നമ്മുടെ ഏതൊരു പ്രവൃത്തിയും മറ്റുള്ളവര്‍ക്കു നന്മ വരുത്തുന്ന വിധമാകാന്‍ ശ്രദ്ധിക്കണം. ഒരു പുഞ്ചിരി ക്കുപോലും മഹത്തായ വിലയാണുള്ളതു്. അതു നല്കുന്നതില്‍ നമുക്കാകട്ടെ യാതൊരു നഷ്ടവുമില്ല. എന്നാല്‍ ഇന്നു പലപ്പോഴും നമ്മുടെ ചിരി മറ്റുള്ളവരെ കളിയാക്കിയുള്ളതാണു്. അതല്ല വേണ്ടതു്, നമ്മുടെതന്നെ വിഡ്ഡിത്തം ഓര്‍ത്തു ചിരിക്കുവാന്‍ നമുക്കു സാധിക്കണം.

നമ്മള്‍ ഒറ്റപ്പെട്ട ദ്വീപുകളല്ല. ഒരു ചങ്ങലയിലെ കണ്ണികള്‍പോലെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നവരാണു്. നമ്മള്‍ ചെയ്യുന്ന കര്‍മ്മം അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെയും സ്വാധീനിക്കുന്നുണ്ടു്. ഒരാളിലുണ്ടാകുന്ന മാറ്റം അടുത്തയാളിലും പ്രതിഫലിക്കും. മറ്റുള്ളവര്‍ നന്നായതിനുശേഷം നമുക്കു നന്നാകാം എന്നു ചിന്തിക്കുന്നതു ശരിയല്ല. അവര്‍ മാറിയില്ലെങ്കിലും നമ്മള്‍ മാറാന്‍ തയ്യാറായാല്‍ അതിനനുസൃതമായ മാറ്റം സമൂഹത്തിലും കാണു വാന്‍ കഴിയും. പ്രത്യക്ഷത്തിലുള്ള വലിയ മാറ്റം കണ്ടില്ല എന്നു കരുതി നിരാശപ്പെടേണ്ടതില്ല; മാറ്റം ആന്തരികമായി സംഭവിക്കുന്നുണ്ടു്. നമ്മളിലുള്ള ഏതൊരു നല്ല മാറ്റവും സമൂഹത്തിലും തീര്‍ ച്ചയായും പരിവര്‍ത്തനം വരുത്തുകതന്നെ ചെയ്യും.