ചോദ്യം : അമ്മേ, ക്ഷേത്രത്തില്‍ പോകുന്നുണ്ടു്, അമ്മയുടെ അടുത്തു വരുന്നുണ്ടു്, പിന്നെ എന്തിനു ധ്യാനിക്കണം ജപിക്കണം?

അമ്മ: മക്കളേ, നിങ്ങള്‍ ഇവിടെ എത്ര വര്‍ഷങ്ങള്‍ വന്നാലും, ക്ഷേത്രത്തില്‍ ആയിരം ദര്‍ശനം നടത്തിയാലും നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു വിചാരിക്കേണ്ടാ. നാല്പതു വര്‍ഷമായി ക്ഷേത്രത്തില്‍ പോകുന്നു, ഒരു ഫലവുമില്ലെന്നു പറഞ്ഞു് ഈശ്വരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഹൃദയം ശുദ്ധമായില്ലെങ്കില്‍ യാതൊരു ഫല വുമില്ല. വീട്ടില്‍ച്ചെന്നു ചെയ്യേണ്ട ജോലികളെ ചിന്തിച്ചും, തിരിയെ പോകാനുള്ള ധൃതിവച്ചും വന്നാല്‍ യാതൊരു പ്രയോജനവുമില്ല. ക്ഷേത്രത്തില്‍ ചെന്നാലും, ഇവിടെ വന്നാലും, ഈശ്വരനാമം ജപിക്കുക. എങ്കിലേ, നിങ്ങള്‍ക്കു ഫലപ്രാപ്തിയുണ്ടാവുകയുള്ളൂ. നിങ്ങളുടെ ഹൃദയം ഈശ്വരലോകത്തിലേക്കു റ്റിയൂണ്‍ ചെയ്യണം.

തിരുപ്പതിയിലോ കാശിയിലോ പോയതുകൊണ്ടുമാത്രം മുക്തി കിട്ടത്തില്ല. അവിടെച്ചെന്നു കുളിച്ചു വലത്തിട്ടെന്നും പറഞ്ഞിട്ടു ഫലമില്ല. തിരുപ്പതിയില്‍ ചെന്നതുകൊണ്ടു മുക്തി കിട്ടുമായിരുന്നെങ്കില്‍ അവിടെ ബിസിനസ്സു ചെയ്യുന്നവര്‍ക്കൊക്കെ മുക്തി കിട്ടണ്ടേ? കൊള്ളയും കൊലയും ചെയ്തു കാശിയില്‍ കഴിയുന്നവര്‍ക്കൊക്കെ മോക്ഷം കിട്ടണ്ടേ? അതില്ല. നിങ്ങളുടെ ഹൃദയമാണു ശുദ്ധമാക്കേണ്ടതു്. എങ്കിലേ എവിടെച്ചെന്നാലും ഫലമുള്ളൂ.

ഇന്നു് അതല്ല, നേരത്തെ ലോഡ്ജും ബുക്കു ചെയ്തു വീട്ടില്‍നിന്നു തിരിക്കുമ്പോഴേ വീട്ടുകാര്യവും നാട്ടുകാര്യവും പറഞ്ഞുകൊണ്ടായിരിക്കും യാത്ര. ക്ഷേത്രത്തില്‍ പോയാലും പൈസ കൊടുത്താലും വിളക്കു കത്തിച്ചാലും നമ്മള്‍കൂടി നാമം ജപിച്ചാലേ കാര്യമുള്ളൂ. മെറ്റലില്‍ അഴുക്കില്ലെങ്കിലേ കോണ്‍ക്രീറ്റു് ഉറയ്ക്കൂ. അതുപോലെ നാമജപത്തിലൂടെ ഹൃദയം ശുദ്ധമായെങ്കിലേ ഈശ്വരനെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിയൂ. നാമജപംകൊണ്ടു മാത്രമാണു മനസ്സിനെ ശുദ്ധീകരിക്കുവാന്‍ പറ്റുന്നതു്.

ടി.വി. കേന്ദ്രത്തില്‍നിന്നു പരിപാടികള്‍ അയയ്ക്കുന്നുണ്ടു്. ഇവിടെ സ്റ്റേഷന്‍ അനുസരിച്ചുവച്ചാലല്ലേ അതില്‍ കിട്ടുകയുള്ളൂ, സ്റ്റേഷന്‍ ശരിയാക്കാതെ ഒന്നും കാണുന്നില്ലെന്നു പറഞ്ഞു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടെന്താണു പ്രയോജനം? ഈശ്വരന്‍റെ കൃപ നമ്മളില്‍ എന്നുമുണ്ടു്. പക്ഷേ, നമുക്കു പ്രയോജനപ്പെടണമെങ്കില്‍ അദ്ദേഹത്തിന്‍റെ ലോകവുമായി നമ്മള്‍ ട്യൂണ്‍ ചെയ്യണം. അതില്ലാതെ അദ്ദേഹത്തെ പഴിച്ചിട്ടു കാര്യമില്ല. ഈശ്വരന്‍റെ ലോകവുമായി ട്യൂണ്‍ ചെയ്യാത്തിടത്തോളം കാലം നമ്മളിലുള്ളതു അറിവില്ലായ്മയുടെ അപശ്രുതിയാണു്. ഈശ്വരന്‍റെ ശ്രുതിയല്ല. അവിടുന്നു കൃപാലുതന്നെ. നമ്മള്‍ ഒരു നല്ല മനസ്സിനെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുക. അതാണു വേണ്ടതു്.