ചോദ്യം: അമ്മയുടെ ജീവിതത്തിന്റെ സന്ദേശം എന്താണു്?
അമ്മ: അമ്മയുടെ ജീവിതംതന്നെ അമ്മയുടെ സന്ദേശം. അതു സ്‌നേഹമാണു്.

ചോദ്യം : അമ്മയുടെ സാമീപ്യത്തിൽ എത്താൻ കഴിഞ്ഞിട്ടുള്ളവർക്കെല്ലാം, അമ്മയുടെ സ്‌നേഹത്തെക്കുറിച്ചു് എത്ര പറഞ്ഞാലും മതിയാകുന്നില്ല. ഇതെങ്ങനെ സാധിക്കുന്നു?
അമ്മ: അമ്മ അറിഞ്ഞുകൊണ്ടു് ആരെയും പ്രത്യേകിച്ചു സ്‌നേഹിക്കാറില്ല. സ്‌നേഹം എന്നതു സംഭവിക്കുകയാണു്. സ്വാഭാവികമായി അങ്ങനെ ആയിത്തീരുന്നതാണു്. അമ്മയ്ക്കു് ആരെയും വെറുക്കുവാനാവുന്നില്ല. അമ്മയ്ക്കു് ഒരു ഭാഷ മാത്രമേ അറിയുകയുള്ളു. അതു സ്‌നേഹത്തിന്റെ ഭാഷയാണു്. സകലർക്കും മനസ്സിലാകുന്ന ഭാഷയാണതു്. ഇന്നു ലോകം അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യവും സ്വാർത്ഥതയില്ലാത്ത സ്‌നേഹത്തിനു വേണ്ടിയുള്ളതാണു്.

സകലരും സ്‌നേഹത്തെക്കുറിച്ചു സംസാരിക്കാറുണ്ടു്. പരസ്പരം സ്‌നേഹിക്കുന്നതായി പറയാറുമുണ്ടു്. എന്നാൽ ഇതിനെ യാഥാർത്ഥ സ്‌നേഹമെന്നു പറയാനാവില്ല. ഇന്നു നമ്മൾ സ്‌നേഹമെന്നു വിചാരിക്കുന്നതു സ്വാർത്ഥതയുടെ മാലിന്യം കലർന്നതാണു്. സ്വർണ്ണം പൂശിയ ആഭരണം പോലെയാണതു്. അണിയാൻ കൊള്ളാം. എന്നാൽ മാറ്റില്ല. വിലയില്ല. കൂടുതൽ നിലനില്ക്കുകയുമില്ല. അസുഖംമൂലം ആശുപത്രിയിൽ കൊണ്ടുപോയ ഒരു കുട്ടിയുടെ കഥ പറയാറുണ്ടു്. ആശുപത്രിയിൽനിന്നും തിരിച്ചു കൊണ്ടുപോരുന്ന സമയം കുട്ടി അച്ഛനോടു പറയുകയാണു്, ”അച്ഛാ! അവിടെയുള്ള എല്ലാവർക്കും എന്നോടു് എന്തൊരു ഇഷ്ടമാണെന്നോ. അച്ഛനു് അവരുടെ അത്രയും സ്‌നേഹമുണ്ടോ? അവിടുത്തെ ഡോക്ടർക്കും നേഴ്‌സിനും അറ്റൻഡർക്കും വാച്ച്മാനും ഒക്കെ എന്തൊരു സ്‌നേഹമാണു്. എന്നോടു വിശേഷങ്ങൾ ചോദിക്കും. എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും, ഷീറ്റു വിരിച്ചുതരും, ആഹാരം സമയത്തിനു തരും, വഴക്കൊന്നും പറയില്ല. എന്നാൽ അച്ഛനും അമ്മയും എന്നെ എത്രയാണു ഭള്ളു പറയുന്നതു്.” ഈ സമയം നേഴ്‌സ് ഒരു പേപ്പർ കൊണ്ടു വന്നു് അച്ഛനെ ഏല്പിച്ചു. ഇതു കണ്ട മകൻ അതെന്താണെന്നു ചോദിച്ചു. അച്ഛൻ പറഞ്ഞു, ”അതു നീ ഇപ്പോൾ പറഞ്ഞില്ലേ അവരുടെ സ്‌നേഹത്തെക്കുറിച്ചു്. ആ സ്‌നേഹത്തിനുള്ള ബില്ലാണിതു്.”

മക്കളേ, ഇതുപോലെയാണു് ഇന്നു ലോകത്തു കാണുന്ന സ്‌നേഹം. ഏതൊരു സ്‌നേഹത്തിന്റെയും പിന്നിൽ എന്തെങ്കിലും ഒരു സ്വാർത്ഥത കാണാൻ കഴിയും. കമ്പോളത്തിലെ കച്ചവടമനോഭാവം വ്യക്തിബന്ധങ്ങളിലും കടന്നുകൂടിക്കഴിഞ്ഞു. ആരെ കാണുമ്പോഴും നമ്മുടെ ആദ്യചിന്ത അവരിൽനിന്നു തനിക്കെന്തു നേട്ടമുണ്ടാകുമെന്നാണു്. ഒന്നും നേടുവാനില്ലെങ്കിൽ അവിടെ ബന്ധം സ്ഥാപിക്കപ്പെടുന്നില്ല. നേട്ടത്തിനു കോട്ടം തട്ടുമ്പോൾ ബന്ധവും മുറിയുന്നു. അത്രമാത്രം സ്വാർത്ഥത മനുഷ്യമനസ്സുകളിൽ നിറഞ്ഞു കഴിഞ്ഞു. ഇതിന്റെ ഭവിഷ്യത്താണു് ഇന്നു മനുഷ്യസമൂഹം അനുഭവിക്കുന്നതു്. ഇന്നു് ഒരു വീട്ടിൽ മൂന്നു പേരുണ്ടെങ്കിൽ മൂന്നു ദ്വീപിൽ കഴിയുന്നവരെപോലെയാണു്. യഥാർത്ഥ ശാന്തിയും സമാധാനവും എന്തെന്നുകൂടി അറിയാൻ പാടില്ലാത്ത അവസ്ഥയിലെത്തി നില്ക്കുന്നു ലോകം. ഇതു മാറണം. സ്വാർത്ഥതയുടെ സ്ഥാനത്തു നിസ്സ്വാർത്ഥത വളരണം. പരസ്പരം ബന്ധത്തിന്റെ പേരിൽ വിലപേശുന്നതു അവസാനിപ്പിക്കണം. സ്‌നേഹം ബന്ധപാശമാകരുതു്. ജീവശ്വാസമാകണം. ഇതാണു് അമ്മയുടെ ആഗ്രഹം. ‘ഞാൻ സ്‌നേഹമാണു്, സ്‌നേഹസ്വരൂപമാണു്.’ ഈ ഒരു ഭാവം നമുക്കു വന്നുകഴിഞ്ഞാൽ പിന്നെ ശാന്തി തേടി എവിടെയും അലയേണ്ടതില്ല. ശാന്തി നമ്മളെ തേടി എത്തും. മനസ്സിന്റെ ഈ വിശാലതയിൽ സർവ്വവൈരുദ്ധ്യങ്ങളും അലിഞ്ഞില്ലാതാവും; സൂര്യോദയത്തോടെ മഞ്ഞൊഴിയുന്നതുപോലെ.