ഓരോ ചിന്തയും ഓരോ വികാരവും മാനസ തടാകത്തിലേക്കു് എറിയുന്ന ഓരോ കല്ലുപോലെയാണു്. അതവിടെ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. ഇളകി മറിഞ്ഞു കൊണ്ടിരിക്കുന്ന ഉപരിതലം കാരണം നമുക്കു് അടിത്തട്ടു വേണ്ടപോലെ കാണാന്‍ കഴിയാതെ വരുന്നു.

മനസ്സു്
മനസ്സു് ഒരിക്കലും വെറുതെ ഇരിക്കുകയില്ല. ഒന്നുകില്‍ ഏതെങ്കിലും ആഗ്രഹം പൂര്‍ത്തീകരിക്കുവാനുള്ള വെമ്പല്‍. അല്ലെങ്കില്‍ ക്രോധം, അസൂയ, മമത. അതുമല്ലെങ്കില്‍ വിദ്വേഷം. ഒന്നും ഇല്ലെങ്കില്‍ പഴയകാലത്തെ സ്മരണകള്‍ തിങ്ങി കയറുകയായി. മധുരസ്മരണകള്, കയ്പേറിയ അനുഭവങ്ങള്‍. സന്തോഷംകൊണ്ടു മതിമറന്ന നിമിഷങ്ങള്‍. കഴിഞ്ഞതിനെക്കുറിച്ചുള്ള പശ്ചാത്താപം. പ്രതികാരചിന്ത. ഇങ്ങനെ എന്തെങ്കിലുമൊക്കെ പൊങ്ങിവന്നുകൊണ്ടിരിക്കും.
ഭൂതകാലസ്മരണകള് മറഞ്ഞാല്‍പ്പിന്നെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും, പ്രതീക്ഷകളും വരവായി. അങ്ങനെ മനസ്സു് സദാ ചലിച്ചുകൊണ്ടിരിക്കുന്നു. അതു് എപ്പോഴും തിരക്കിലാണു്. ഒരു നിമിഷംപോലും ഒഴിഞ്ഞിരിക്കുകയില്ല. നമ്മള് മുകള്‍ ഭാഗം മാത്രമേ കാണുന്നുള്ളൂ. അവിടെ ഉയരുന്ന അലകളെ മാത്രമേ കാണുന്നുള്ളൂ. ഈ അലകളുടെ ചലനം കാരണം അടിത്തട്ടും ചലിക്കുന്നു എന്നു നമ്മള് തെറ്റിദ്ധരിക്കുന്നു. എന്നാല്‍ അടിത്തട്ടു നിശ്ചലമാണു്. അതു് ഒരിക്കലും ചലിക്കുന്നില്ല.
മതത്തിൻ്റെ പരമമായ ലക്ഷ്യം
ഉപരിതലത്തിലെ ചലനം വികാര വിചാരങ്ങള്‍ സൃഷ്ടിക്കുന്ന ചലനം, അടിത്തട്ടിൻ്റെ ചലനമായി നമ്മള് തെറ്റിദ്ധരിക്കുന്നു. ചലനം പുറമേക്കു മാത്രമേ ഉള്ളൂ. അതും ചിന്തകള്‍ കാരണം. ചലനമറ്റ അടിത്തട്ടു കാണണം എന്നുണ്ടെങ്കില്‍ മുകള്‍ ഭാഗം നിശ്ചലവും നിശ്ശബ്ദവുമായിത്തീരണം. ഓളങ്ങള്‍ അടങ്ങണം. ചാഞ്ചാടുന്ന മനസ്സെന്ന പെന്‍ഡുലം നിശ്ചലമാകണം. പരിപൂര്‍ണ്ണവും ശാന്തിപൂര്‍ണ്ണവുമായ ആ നിശ്ചലാവസ്ഥ കൈവരിക്കുക എന്നതാണു മതത്തിൻ്റെ പരമമായ ലക്ഷ്യം.
ഈ നിശ്ചലാവസ്ഥ കൈവന്നാല്‍ നമുക്കു് ഉള്‍വശം നോക്കിക്കാണുവാന്‍ കഴിയും. നാനാവിധമായ രൂപങ്ങള്‍ മറയുന്നു, സത്യത്തിൻ്റെ യഥാര്‍ത്ഥ മുഖം ചലിക്കാത്ത പ്രപഞ്ചസാരം നമുക്കു മുന്പില് തെളിയുന്നു. നമ്മുടെ എല്ലാ സംശയങ്ങളും തീരുകയായി. അതുവരെ കണ്ടതെല്ലാം നിഴലുകളായിരുന്നു എന്നു് ആ നിമിഷം നാം മനസ്സിലാക്കുന്നു. ആത്മദര്‍ശനത്തിലൂടെ എല്ലാത്തിൻ്റെയും യഥാര്‍ത്ഥസ്വരൂപം ദര്‍ശിക്കുക എന്നതാണു് മതത്തിൻ്റെ ലക്ഷ്യം. ആ പരമാവസ്ഥയില്‍ എല്ലാ ഭേദചിന്തകളും ഇല്ലാതാകുന്നു. ഒരേ ആത്മാവുത്തന്നെ സകല വസ്തുക്കളിലൂടെയും പ്രകാശിക്കുന്നതു കാണുമാറാകുകയും ചെയ്യുന്നു.
സത്യത്തെ അനുഭവിച്ചറിഞ്ഞ ഒരാളിൻ്റെ ഉള്ളില്‍ സമസ്ത ജീവരാശികളോടും പ്രേമം ഉണരുന്നു. ദിവ്യ പ്രേമത്തിൻ്റെ ഈ പൂര്‍ണ്ണതയില്‍ പരിമളം പരത്തുന്ന കാരുണ്യപുഷ്പം ഇതള്‍ വിടര്‍ത്തുന്നു. കാരുണ്യം മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കാണില്ല. അവരുടെ കുറവുകളും ദൗര്‍ബ്ബല്യവും കാണില്ല. കാരുണ്യം രണ്ടു രാജ്യങ്ങളെയോ രണ്ടു മതങ്ങളെയോ വേര്‍തിരിച്ചു കാണുകയില്ല. കാരുണ്യത്തിനു ‘ഞാന്‍ എൻ്റെതു്’ എന്ന ഭാവമില്ല. അതുകൊണ്ടു് അവിടെ ഭയമോ കാമമോ ക്രോധമോ ഇല്ല. കാരുണ്യം എല്ലാം ക്ഷമിക്കുന്നു. എല്ലാം മറക്കുന്നു.

Download Amma App and stay connected to Amma