സനാതന ധര്‍മ്മം  ഏതെങ്കിലും ജാതിക്കോ വര്‍ഗ്ഗത്തിനോ വേണ്ടിയുള്ളതല്ല. ലോകം ഇതു മനസ്സിലാക്കണം. മാനവ ലോകത്തിനു മുഴുവന്‍ വീര്യവും പ്രചോദനവും അരുളുന്ന ശക്തി കേന്ദ്രമാണു സനാതന ധര്‍മ്മം.

സനാതനധര്‍മ്മത്തിൻ്റെ സാരഥികളായ ഋഷികളും സന്ന്യാസികളും ഒരിക്കലും സ്വയം ഒന്നും അവകാശപ്പെട്ടിട്ടില്ല. ആത്മനിഷ്ഠരായിരുന്ന അവര്‍ക്കു പരമമായ സത്യം പ്രത്യക്ഷാനുഭവമായിരുന്നു. അതു വാക്കുകളിലൂടെ വിവരിക്കുവാന്‍ അവര്‍ക്കു വിഷമമായിരുന്നു.

പരിമിതമായ ഭാഷകൊണ്ടു വാക്കുകള്‍ക്കതീതമായ സത്യത്തെക്കുറിച്ചു് എങ്ങനെ പറയും? അതുകൊണ്ടു് അവര്‍ സദാ മൗനം ഭജിച്ചു. എങ്കിലും അജ്ഞാനമാകുന്ന ഇരുട്ടില്‍ അലയുന്നവരോടും ഈശ്വരസാക്ഷാത്കാരത്തിനു വ്യാകുലപ്പെടുന്നവരോടും ഉള്ള കരുണകൊണ്ടു് അവര്‍ ഒടുവില്‍ സംസാരിക്കുകതന്നെ ചെയ്തു. പക്ഷേ പറയുന്നതിനു മുന്‍പു് അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു.

‘സര്‍വ്വേശ്വരാ, എൻ്റെ വാക്കുകള്‍ മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ, എൻ്റെ മനസ്സു് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ’. 

പരമാത്മാവിനോടു് അവര്‍ പ്രാര്‍ത്ഥിച്ചു:’പരമമായ സത്യത്തിൻ്റെ അനുഭവം ഞാന്‍ വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ ശ്രമിക്കുകയാണു്. എൻ്റെ അനുഭവം പൂര്‍ണ്ണതതന്നെ ആകയാല്‍ അതു വാക്കുകള്‍ കൊണ്ടു വിവരിക്കാന്‍ സാധിക്കില്ല. എങ്കിലും ഞാന്‍ ശ്രമിക്കുകയാണു്. ഞാന്‍ സംസാരിക്കുമ്പോള്‍ സത്യത്തിൻ്റെ പൊരുള്‍ എൻ്റെ വാക്കുകളില്‍ക്കൂടി പ്രകാശിക്കുവാന്‍ അനുഗ്രഹിക്കേണമേ. എൻ്റെ വാക്കുകള്‍ എൻ്റെ അനുഭവത്തിലും എൻ്റെ അനുഭവം വാക്കുകളിലും പ്രതിഫലിക്കുമാറാകണേ.’

ഋഷികളുടെ മഹത്തായ ഈ അനുഭവം ലോകത്തിനു പകര്‍ന്നുകൊടുക്കുക എന്നതു നാമോരോരുത്തരുടെയും കടമയാണു്. മറ്റു മതവിശ്വാസികളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കണമെന്നതു പ്രധാനം തന്നെ. അതേസമയം സനാതന ധര്‍മ്മം ഏതാനും ചില വ്യക്തികളിലൊതുങ്ങുന്നതല്ല എന്നും, ഓരോരുത്തര്‍ക്കും നേരിട്ടനുഭവിക്കാവുന്ന ഒന്നാണെന്നും ലോകത്തിനു നമ്മള്‍ വെളിവാക്കി ക്കൊടുക്കണം. സര്‍വ്വരും ഈ പരമസത്യത്തിൻ്റെ മൂര്‍ത്തരൂപങ്ങളാണു്.

സനാതന ധര്‍മ്മ വിശ്വാസികള്‍ മുഴുവന്‍ ലോകത്തിൻ്റെയും ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രയത്‌നിക്കണം. അപ്പോള്‍ മാത്രമേ ഋഷിമാരുടെ സങ്കല്പം സത്യമായിത്തീരുകയുള്ളൂ. ഋഷികള്‍ ഒരു പ്രത്യേക മതവിഭാഗം ഉണ്ടാക്കാനല്ല ശ്രമിച്ചതു്. അവര്‍ മാനുഷിക മൂല്യങ്ങള്‍ക്കും ആദ്ധ്യാത്മിക സത്യങ്ങള്‍ക്കും സ്ഥാനം കൊടുത്തു. അതുകൊണ്ടാണു് അവര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ മുഴുവന്‍ പ്രപഞ്ചത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചതു്. ഉദാഹരണമായി,

ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ

‘ഈ ലോകം മുഴുവന്‍ ആനന്ദമായിക്കഴിയട്ടെ’

‘ഓം സര്‍വ്വേഷാം സ്വസ്തിര്‍ ഭവതു. സര്‍വ്വേഷാം ശാന്തിര്‍ ഭവതു. സര്‍വ്വേഷാം പൂര്‍ണ്ണം ഭവതു. സര്‍വ്വേഷാം മംഗളം ഭവതു. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’

‘എല്ലാവര്‍ക്കും സ്വസ്തി ഭവിക്കട്ടെ. എല്ലാവര്‍ക്കും ശാന്തി ഭവിക്കട്ടെ. എല്ലാവര്‍ക്കും പൂര്‍ണ്ണത ഭവിക്കട്ടെ. എല്ലാവര്‍ക്കും മംഗളം ഭവിക്കട്ടെ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’