മക്കളേ, ഈശ്വരന്‍ നമ്മെ രക്ഷിക്കുന്ന ആളാണു്. അല്ലാതെ നമ്മള്‍ രക്ഷിക്കേണ്ട ആളല്ല.

നദിക്കു വെള്ളത്തിൻ്റെ ആവശ്യമില്ല. പക്ഷേ ഓടയ്ക്കു നദീജലത്തിൻ്റെ ആവശ്യമുണ്ടു്. എങ്കിലേ ഓട വൃത്തിയാകൂ. നമ്മുടെ മനസ്സു് ഇന്നു മാലിന്യങ്ങള്‍ നിറഞ്ഞ ഓടയാണു്. ഈശ്വരനാകുന്ന നദിയിലെ വെള്ളം കോരി വേണം നമ്മുടെ മനസ്സാകുന്ന ഓട വൃത്തിയാക്കുവാന്‍. മാലിന്യങ്ങള്‍ നിറഞ്ഞ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുവാനും വിശാലമാക്കാനും അങ്ങനെ എല്ലാവരെയും നിഷ്കാമമായി സ്നേഹിക്കുവാനും സേവിക്കുവാനും കഴിയണെമെങ്കില്‍ നമുക്കു് ഈശ്വരകൃപ കൂടിയേ തീരൂ.

മക്കളേ, ഈ ലോകത്തു നമ്മുടെ പ്രധാന കര്‍ത്തവ്യം സഹജീവികളെ സഹായിക്കുക എന്നതാണു്. ഈശ്വരനു നമ്മുടെ അടുക്കല്‍ നിന്നു് ഒന്നും വേണ്ട. അവിടുന്നു സദാ പൂര്‍ണ്ണനാണു്. ഈശ്വരനു് എന്തെങ്കിലും ആവശ്യമുണ്ടെന്നു കരുതുന്നതു സൂര്യനു മെഴുകുതിരി കാണിച്ചു്, ‘സൂര്യഭഗവാനേ, എൻ്റെ പ്രകാശത്തില്‍ ഭൂമി വലയം ചെയ്തു വാ’ എന്നു പറയും പോലെയേ ഉള്ളൂ.

പാവങ്ങളോടും കഷ്ടപ്പെടുന്നവരോടുമുള്ള കാരുണ്യമാണു് ഈശ്വരനോടുള്ള കടമ. നിസ്സ്വാര്‍ത്ഥമായ ലോകസേവനമാണു് ആത്മാന്വേഷണത്തിൻ്റെ തുടക്കം. പലരും ധ്യാനിക്കുന്നതു്; കണ്ണു് രണ്ടും കാണാതായി മൂന്നാം കണ്ണു തുറക്കുന്നതിനു വേണ്ടിയാണു്. അതൊരിക്കലും ഉണ്ടാകില്ല. ആദ്ധ്യാത്മികതയുടെ പേരും പറഞ്ഞു് ഈ ലോകത്തിനു നേരെ കണ്ണടയ്ക്കാന്‍ പറ്റില്ല. ഒരു പുരോഗതിയും ഉണ്ടാകില്ല. രണ്ടു കണ്ണും തുറന്നിരിക്കവെത്തന്നെ  ഏതിലും ഏകത്വത്തെ ദര്‍ശിക്കുന്നതാണു് ആത്മസാക്ഷാത്കാരം, അഥവാ ആദ്ധ്യാത്മികപൂര്‍ണ്ണത. അതാണു മൂന്നാം കണ്ണു്.

മൊട്ടായിരിക്കുമ്പോള്‍ ഒരു പുഷ്പത്തിൻ്റെ  സൗന്ദര്യവും സൗരഭ്യവും ആര്‍ക്കും അറിയാനോ ആസ്വദിക്കാനോ സാധിക്കുന്നില്ല. എന്നാല്‍ പുഷ്പം വിരിയുമ്പോള്‍ അതിൻ്റെ ഭംഗിയും പരിമളവും ചുറ്റും ആനന്ദം വിതറുന്നു. നമ്മുടെ ഹൃദയം ഇപ്പോള്‍ പൂമൊട്ടു പോലെ  കൂമ്പിയിരിക്കുകയാണു്. ഈശ്വര വിശ്വാസത്തിലൂടെയും പ്രേമത്തിലൂടെയും കാരുണ്യത്തിലൂടെയും മതതത്ത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെയും ഈ ഹൃദയപുഷ്പം വിടരുകയും വികസിക്കുകയും അതിൻ്റെ സുഗന്ധവും സൗന്ദര്യവും ചുറ്റും പരന്നു ലോകത്തിനു മുഴുവന്‍ ഒരനുഗ്രഹമായി തീരുകയും ചെയ്യുന്നു. 

അമ്മ ഇതുവരെ പറഞ്ഞതു മുഴുവന്‍ ടോണിക്കിൻ്റെ ലേബല്‍ മാത്രമാണു്. ലേബല്‍ വായിച്ചതു കൊണ്ടു മാത്രം ‘ടോണിക്ക്’ കഴിച്ചതിൻ്റെ ഫലം കിട്ടില്ല. അതു കഴിച്ചാലേ കിട്ടുകയുള്ളൂ. കടലാസില്‍ തേന്‍ എന്നെഴുതി നക്കിയാല്‍ മധുരം കിട്ടില്ല. ശാസ്ത്രം പഠിച്ചതു കൊണ്ടുമാത്രം അനുഭൂതിയുണ്ടാകില്ല. മതം വാക്കാല്‍ പറയാവുന്നതല്ല. അതു ജീവിത രീതിയാണു്. അതിൻ്റെ സൗന്ദര്യം മതത്തില്‍ ജീവിക്കുന്നവരില്‍ക്കൂടിയാണു പ്രകടമാകുന്നതു്. മതതത്ത്വങ്ങളെ മനനം ചെയ്യണം. ജീവിതത്തില്‍ പകര്‍ത്തണം. അവയെ അനുഭവത്തില്‍ സാക്ഷാത്കരിക്കണം. പരമാത്മാവില്‍ ശരണാഗതിയടഞ്ഞു് ആ പരമ പദത്തെ പ്രാപിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.