അമ്മയുടെ സംഭാഷണം സശ്രദ്ധം ശ്രവിച്ചുകൊണ്ടു് ഒരു യുവാവു ധ്യാനമുറിയുടെ വാതിലിനോടു ചേർന്നിരിക്കുന്നു. അദ്ദേഹം ഋഷീകേശത്തുനിന്നും വന്നതാണ്. അവിടെ ഒരു ആശ്രമത്തിൽ കഴിഞ്ഞ നാലു വർഷമായി താമസിക്കുന്നു. എം.എ. ബിരുദധാരി. കഴിഞ്ഞമാസം ദൽഹിയിൽ വന്നപ്പോൾ ഒരു സുഹൃത്തിൽനിന്നും അമ്മയെക്കുറിച്ചറിഞ്ഞു. ഇപ്പോൾ അമ്മയെക്കാണുന്നതിനുവേണ്ടി ആശ്രമത്തിൽ എത്തിയതാണ്. രണ്ടു ദിവസമായി ആശ്രമത്തിൽ താമസിക്കുന്നു.

യുവാവ്: അമ്മേ, ഞാൻ മൂന്നു നാലു വർഷമായി സാധന ചെയ്യുന്നു. പക്ഷേ, നിരാശമാത്രം. ഈശ്വരലാഭം നേടാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ ആകെ തളരുന്നു.

അമ്മ: മോനേ, ഈശ്വരനെ ലഭിക്കാൻ ഏതു രീതിയിലുള്ള വൈരാഗ്യം വേണമെന്നറിയാമോ? വീടിനുള്ളിൽക്കിടന്ന് സുഖമായുറങ്ങുകയായിരുന്നു. പെട്ടെന്നു ചൂടുകൊണ്ടു ഞെട്ടിയുണർന്നു. നോക്കുമ്പോൾ ചുറ്റും തീ ആളിപ്പടരുന്നു. വീടു മുഴുവൻ കത്തിയെരിയുകയാണ്. ആ സമയം തീയിൽനിന്നും രക്ഷ നേടുന്നതിനായി ഒരു പരാക്രമം കാട്ടാറില്ലേ. മരണത്തെ മുന്നിൽക്കാണുന്ന ആ സമയത്തു രക്ഷയ്ക്കുവേണ്ടി എങ്ങനെ വിളിവയ്ക്കുമോ അതുപോലെ ഈശ്വരദർശനത്തിനായി കേഴണം. നിലയില്ലാത്ത വെള്ളത്തിലകപ്പെട്ട നീന്തലറിയാത്തവൻ ഒരു ശ്വാസം ലഭിക്കുന്നതിനുവേണ്ടി എങ്ങനെ സാഹസപ്പെടുന്നുവോ, അതുപോലെ പരമാത്മാവിങ്കൽ ലയിക്കുവാൻ ആവേശമുള്ളവനായിരിക്കണം. ഭഗവാനെ കാണാത്തതിലുള്ള വ്യഥ ഓരോ നിമിഷവും ഉണ്ടായിരിക്കണം. ഹൃദയം സദാ നൊന്തുപിടയണം.

ഒന്നു നിർത്തിയതിനു ശേഷം അമ്മ തുടർന്നു, ”മോനേ, ആശ്രമത്തിൽ താമസിച്ചു എന്നതുകൊണ്ടുമാത്രം ഈശ്വരനെ കിട്ടുകയില്ല. തീവ്രവൈരാഗ്യത്തോടെ സാധന ചെയ്യണം. ഈശ്വരനെയല്ലാതെ മറ്റു യാതൊന്നും വേണ്ട, ഈ ഒരു ഭാവം വരണം. പനി ബാധിച്ചവനു മധുരവും കയ്പായിത്തോന്നും. അതുപോലെ ഈശ്വരപ്രേമമാകുന്ന പനി ബാധിച്ചു കഴിഞ്ഞാൽപ്പിന്നെ, മറ്റൊന്നിലേക്കും മനസ്സുപോകില്ല. ഈശ്വരരൂപമല്ലാതെ മറ്റു യാതൊന്നും കാണുവാൻ കണ്ണിഷ്ടപ്പെടില്ല. ഈശ്വരനാമത്തിനുവേണ്ടി കാതുകൊതിക്കും. മറ്റെന്തു ശബ്ദവും അരോചകമായിത്തോന്നും; കാതുപൊള്ളും. വെള്ളത്തിൽനിന്നും കരയ്ക്കിട്ട മീനിനെപ്പോലെ, ഈശ്വരനിൽ എത്തുന്നതുവരെ മനസ്സു് പിടഞ്ഞു കൊണ്ടിരിക്കും.”

അമ്മ കണ്ണുകൾ അടച്ചു ധ്യാനമഗ്നയായി നിലകൊണ്ടു. എല്ലാവരും നിർന്നിമേഷരായി അമ്മയെ നോക്കിയിരിക്കുന്നു.

ഏതാനും മിനിറ്റുകൾ കഴിഞ്ഞ് അമ്മ എഴുന്നേറ്റു. ധ്യാനമുറിയുടെ വരാന്തയിൽക്കൂടി തെക്കുഭാഗത്തേക്കു നടന്നു. കുടിവെള്ളം ശേഖരിക്കുന്നതിനുള്ള ടാങ്ക് ധ്യാനമുറിയുടെ തെക്കുവശത്തെ ചുമരിൽനിന്നും രണ്ടടി വിട്ടു സ്ഥിതിചെയ്യുന്നു. അതിനിടയിൽക്കൂടി ഒരാൾക്കു നടന്നു പോകാം. ശുദ്ധജലം ഈ ടാങ്കിൽ ശേഖരിച്ചതിനുശേഷം മുകളിലുള്ള ടാങ്കിലേക്കു പമ്പു ചെയ്യും. അവിടെനിന്നു് എല്ലാ പൈപ്പുകളിലും എത്തും.
അമ്മ ടാങ്കിൻ്റെ ഉൾവശം ശ്രദ്ധിച്ചു. ”മക്കളേ, അകത്തു പായലു പിടിച്ചുതുടങ്ങി. ഉടനെ കഴുകണം.” അടുത്തുനിന്നിരുന്ന ബ്രഹ്മചാരികളോടു അമ്മ നിർദ്ദേശിച്ചു. പിന്നീടു് ഭക്തർക്കു ദർശനം നല്കുന്നതിനായി കുടിലിലേക്കു പോയി.