“അമൃത വാട്ടോട്ടോ ബോമ” കുട്ടികളുടെ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 5 2011

കെനിയൻ വൈസ് പ്രസിഡന്റ് കലോൻസോ മുസ്യോക മാതാ അമൃതാനന്ദമയീ ചാരിറ്റബിൾ ട്രസ്റ്റ് കെനിയയിൽ നിർമ്മിച്ച കുട്ടികളുടെ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. അമ്മയുടെ സാന്നിദ്ധ്യത്തിൽ ആതി നദീതീരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ വെച്ചാണ് ഉദ്ഘാടനം നടന്നത്. തുടക്കത്തിൽ നൂറ്റിയെട്ട് കുട്ടികളുടെ സംരക്ഷണമാണ് കേന്ദ്രം ഏറ്റെടുക്കുക.

കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിനു പുറമെ അമൃത വൊക്കേഷണൽ ട്രെയിനിങ് സെന്റർ, അമൃത കുടിവെള്ള വിതരണ പദ്ധതി എന്നിവയും ഇന്ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി.

മുപ്പത്തിയഞ്ച് കമ്പ്യൂട്ടറുകളുള്ള അമൃത വൊക്കേഷണൽ ട്രെയിനിങ് സെന്റർ സമീപത്തുള്ള ജാംസിറ്റി ചേരി പ്രദേശവാസികൾക്ക് സേവനം നല്കും. ഈ സെന്ററിന്റെ ആദ്യ കോഴ്‌സിൽ അമ്പതു പേർക്ക് അടിസ്ഥാന കമ്പ്യൂട്ടിങിൽ പരിശീലനം ലഭിച്ചു.

സംരക്ഷണകേന്ദ്രത്തിന്റെ സമീപ പ്രദേശത്തുള്ള മാസായ് വനവാസി സമൂഹത്തിന് ശുദ്ധജലം നല്കുന്ന പദ്ധതിയാണ് അമൃത കുടിവെള്ള വിതരണ പദ്ധതി. കടുത്ത വരൾച്ച നേരിടുന്നവരാണ് ഈ സമൂഹവാസികൾ.