യുവാവ് : അമ്മയെ ഒന്നു നമസ്‌കരിച്ചാൽ മതി. എൻ്റെ എല്ലാ അസ്വസ്ഥതകളും നീങ്ങും. എനിക്കതനുഭവമാണ്. എന്നാൽ എന്നെ വിഷമിപ്പിക്കുന്ന പ്രശ്‌നം അതല്ല. ഇനി ഞാൻ നാട്ടിൽ നിന്നാൽ കൂട്ടുകാർ എന്നെ വിടില്ല. അതുകൊണ്ടു രണ്ടുമൂന്നുദിവസം എനിക്കു് ഇവിടെനിന്നാൽക്കൊള്ളാമെന്നുണ്ട്. പക്ഷേ അമ്മയോടു് ചോദിക്കുവാനുള്ള ധൈര്യമെനിക്കില്ല. പെറ്റമ്മയെക്കാൾ എനിക്കു സ്നേഹം വാരിച്ചൊരിഞ്ഞു തന്ന എൻ്റെ അമ്മയുടെ മുന്നിൽ ഞാൻ വീണ്ടും തെറ്റുകാരനായിപ്പോയല്ലോ എന്നോർക്കുമ്പോൾ ആകെത്തളരുന്നു.
യുവാവിൻ്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. ആ യുവാവിനെ ആശ്വസിപ്പിക്കുവാൻ തക്ക വാക്കുകൾ ബ്രഹ്മചാരിയുടെ കൈവശമുണ്ടായിരുന്നില്ല. എന്നാൽ നിറഞ്ഞ ഹൃദയഭാരവും പേറിനില്ക്കുന്ന ആ മകൻ്റെ ഉൾത്തുടിപ്പു് അറിയാവുന്ന ഒരാൾ അവിടെയുണ്ടായിരുന്നു. ഭക്തർക്കു കിടക്കുവാനുള്ള സ്ഥലം കാട്ടിക്കൊടുത്തിട്ടു് അമ്മ ആ യുവാവിൻ്റെ സമീപത്തേക്കു വന്നു.
അദ്ദേഹം പെട്ടന്നെഴുന്നേറ്റു തൊഴുകൈകളോടെ വണങ്ങിനിന്നു. അമ്മ വാത്സല്യത്തോടെ ആ യുവാവിൻ്റെ ഇരുകരങ്ങളും ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. “മോൻ ഇത്ര ദുർബ്ബലനാണോ?” (യുവാവിൻ്റെ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ അടർന്നുവീണു.. കണ്ണുനീർ തുടച്ചുകൊണ്ടു് അമ്മ പറഞ്ഞു.)
“മോൻ വിഷമിക്കാതെ. കഴിഞ്ഞതിനെക്കുറിച്ചോർത്തു് എന്തിനു് ദുഃഖിക്കണം? ഇനി അവരു വിളിച്ചാൽ പോകാതിരുന്നാൽ മതി.”
“മോനേ, ഒരു ക്ഷേത്രത്തിലും ഒരു കള്ളുഷാപ്പിലും ഓരോ തത്തയെ വളർത്തി. ക്ഷേത്രത്തിലെ തത്ത വേദമന്ത്രങ്ങൾ ഉരുവിടുമ്പോൾ
ഷാപ്പിലെ തത്ത അസഭ്യവാക്കുകൾ പറയും, സംസർഗ്ഗം അനുസരിച്ചിരിക്കും സ്വഭാവം. മുറിയിൽ ടെലിവിഷൻ ഓൺ ചെയ്തുവച്ചിട്ടു് അവിടെയിരുന്നാൽ എത്രയായാലും നോക്കിപ്പോകും. കാണാതിരിക്കണമെങ്കിൽ ഒന്നുകിൽ അതു നിർത്തണം. അല്ലെങ്കിൽ അടുത്ത മുറിയിൽപ്പോയി ഇരിക്കണം.”
“ചീത്ത ആളുകളുമായി സഹകരിച്ചാൽ അറിയാതെ
നമ്മളെയും ആ വാസന പിടികൂടും. അതുകൊണ്ടു്, അങ്ങനെയുള്ള
ആൾക്കാരുമൊത്തു സഹകരിക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. മനസ്സിനെന്തെങ്കിലും വിഷമമുണ്ടായാൽ മോനു് അമ്മയുടെ അടുത്തുവരാമല്ലോ. മോനു് അമ്മയുണ്ടല്ലോ. കുറച്ചു ദിവസം മോനിവിടെ താമസിക്ക്. ലൈബ്രറിയിൽനിന്നു പുസ്തകങ്ങൾ എടുത്തു വായിക്കുകയും ചെയ്യാം.”
(ബ്രഹ്മചാരിയോട്) ഈ മോനു വടക്കേവീടിൻ്റെ മുകളിലത്തെ
മുറിയിൽ താമസിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്ക്.
തൻ്റെ അന്തർഗ്ഗതങ്ങൾ സദാ അറിയുന്ന അമ്മയുടെ സ്നേഹമസൃണമായ വാക്കുകൾ കേട്ടപ്പോൾ ആ യുവാവിനു് സ്വയം നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല. അയാൾ പൊട്ടിക്കരഞ്ഞു പോയി. കണ്ണുനീർ ധാര മുറിയാതെ പ്രവഹിച്ചു. പശ്ചാത്താപത്തിൻ്റെ പനിനീർധാര സ്വന്തം കരവല്ലികളാൽ തുടച്ചുനീക്കിക്കൊണ്ടു് അമ്മ സമാശ്വാസമേകി. “മോൻ പോയി കിടക്കു്, അമ്മ നാളെ സംസാരിക്കാം.”
ആ യുവാവിനെ ബ്രഹ്മചാരിയോടൊപ്പം പറഞ്ഞുവിട്ടതിനുശേഷം
ഒരു ഭക്തയെയുംകൂട്ടി അമ്മ ആശ്രമത്തിനു മുൻഭാഗത്തുള്ള തെങ്ങിൻ തോപ്പിലേക്കു് നടന്നു. അമ്മയോടു് എന്തോ സ്വകാര്യം പറയുന്നതിനുവേണ്ടി അവർ വളരെ നേരമായി അമ്മയെ കാത്തു നില്ക്കുകയായിരുന്നു. അവരെ ആശ്വസിപ്പിച്ചതിനുശേഷം അമ്മ മുറിയിലേക്കു പോയപ്പോൾ സമയം രാത്രി മൂന്നുമണി കഴിഞ്ഞിരുന്നു.