ചോദ്യം : പരിസ്ഥിതിപ്രശ്നം എത്രകണ്ടു് ഗുരുതരമാണു് ? (തുടർച്ച)
അമ്മയ്ക്കറിയാം; പണ്ടു് അച്ചുകുത്തിപ്പഴുക്കുന്നതിനു പ്രതിവിധി പശുവിൻ്റെ ചാണകമായിരുന്നു. ഇന്നു ചാണകം ഉപയോഗിച്ചാല്‍ സെപ്റ്റിക്കാകും; ആളു മരിക്കും. ശരീരം അത്ര ദുര്‍ബ്ബലമായി. പ്രതിരോധശക്തിയില്ല. രണ്ടാമതു്, പശുവിൻ്റെ ചാണകത്തിലും വിഷാംശം കലര്‍ന്നു. കാരണം, അതു കഴിക്കുന്നതു കീടനാശിനികള്‍ തളിച്ച കച്ചിയാണു്.

പരിസരശുചിത്വത്തിൻ്റെ കാര്യം ഇവിടെ മറ്റു രാജ്യങ്ങളെക്കാള്‍ കഷ്ടമാണു്. ചെരിപ്പിടാതെ വഴിയേ നടക്കാന്‍ പറ്റാത്ത അവസ്ഥയാണു്. റോഡില്‍ തുപ്പാന്‍ ഒരു മടിയുമില്ല. അതില്‍ ചവിട്ടി നടന്നാല്‍ എങ്ങനെ രോഗാണുബാധയുണ്ടാകാതിരിക്കും? പാതയോരത്തു മലമൂത്രവിസര്‍ജ്ജനം നടത്തും. ഓടകള്‍ വൃത്തിയാക്കില്ല. മറ്റു രാജ്യങ്ങളില്‍ ഇങ്ങനെയൊന്നും കാണാറില്ല.
ഇന്നു്, എവിടെയും പുതിയ തരം നെല്‍വിത്തുകളേ കാണാനുള്ളൂ. അവയ്ക്കാകട്ടെ സ്വാഭാവികമായുള്ള പ്രതിരോധശക്തി ഒട്ടില്ലതാനും; കീടനാശിനികള്‍കൊണ്ടു മാത്രമേ നിലനില്പുള്ളൂ. സാധാരണ ചെടികള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രകൃതിയോടുണ്ടായിരുന്ന സ്വാഭാവിക താളലയം ഇവയ്ക്കില്ല. നാളെ മനുഷ്യൻ്റെ അവസ്ഥയും ഇതില്‍നിന്നു ഭിന്നമായിരിക്കില്ല. എ.സി മുറിയില്‍നിന്നു വെളിയില്‍ ഇറങ്ങിയാല്‍ തളര്‍ന്നുവീഴും. ശരീരവും മനസ്സും ദുര്‍ബ്ബലമാകും.
അന്തരീക്ഷം മുഴുവനും ഫാക്ടറികളിലെയും വാഹനങ്ങളിലെയും പുക കാരണം മലിനപ്പെട്ടു കഴിഞ്ഞു. ഫാക്ടറികള്‍ ആവശ്യംതന്നെ. അവ ജനസാന്ദ്രതയുള്ള പ്രദേശത്താകരുതു്. ജനതയുടെ ആരോഗ്യം തകര്‍ക്കാന്‍ ഇടവരുത്തരുതു്. അതുപോലെ, ഫാക്ടറികള്‍ ലാഭത്തിൻ്റെ ഒരു വിഹിതം, പ്രകൃതിസംരക്ഷണത്തിനു വേണ്ടി മാറ്റിവയ്ക്കണം. പണ്ടു്, ഗ്രാമങ്ങളും മലമ്പ്രദേശങ്ങളും പുണ്യനദികളും ഫാക്ടറികളില്‍നിന്നും മലിനീകരണത്തില്‍നിന്നും വിമുക്തമായിരുന്നു. എന്നാല്‍ ഇന്നാകട്ടെ; അവിടങ്ങളിലും മാലിന്യം നിറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും നമ്മള് ഇതിനെക്കുറിച്ചു ബോധവാന്മാരായി പ്രതിവിധി ചെയ്യാന്‍ തയ്യാറായില്ല എങ്കില്‍ അതു സ്വയം അനര്‍ത്ഥത്തെ വിളിച്ചുവരുത്തലായിരിക്കും.
ഇന്നു മിക്കവരും ഓരോ സഞ്ചിയുമായാണു നടക്കുന്നതു്. അതിനകത്തു കഴിക്കേണ്ട ഗുളികകളും കുത്തി വയേ്ക്കണ്ട മരുന്നുകളുമാണു്. കാരണം, ആരോഗ്യം അത്ര ക്ഷയിച്ചു. പണക്കാര്‍പോലും പലവിധ രോഗങ്ങള്‍ കാരണം കഷ്ടപ്പെടുകയാണു്. എത്ര അനുഭവങ്ങളുണ്ടായാലും നാം പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണു വാസ്തവം. താത്കാലികസുഖത്തില്‍ നാം എല്ലാം മറക്കുന്നു.



Download Amma App and stay connected to Amma