ചോദ്യം : പരിസ്ഥിതിപ്രശ്‌നം എത്രകണ്ടു് ഗുരുതരമാണു് ?

അമ്മ : ഇന്നു പരിസ്ഥിതിപ്രശ്‌നം എന്നത്തെക്കാളുമേറെ രൂക്ഷമായിരിക്കുകയാണു്. ജനപ്പെരുപ്പം വര്‍ദ്ധിക്കുന്നു, ഫാക്ടറികള്‍ പെരുകുന്നു. എന്നാല്‍ അതിനനുസരിച്ചു പ്രകൃതിക്കുവേണ്ട സംരക്ഷണം നല്കുന്ന കാര്യം മാത്രം നമ്മള്‍ മറക്കുന്നു. ഇന്നു നമ്മുടെ പൂര്‍വ്വികര്‍ വച്ചുപിടിപ്പിച്ച വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കുവാനല്ലാതെ ഒരെണ്ണം നട്ടുവളര്‍ത്താന്‍ നമ്മെക്കൊണ്ടാകുന്നില്ല. ഈ രീതി ഇനിയും തുടരുകയാണെങ്കില്‍; പ്രകൃതി നമ്മുടെ നേരെ തിരിച്ചടിക്കും, സംശയം വേണ്ട. പിന്നീടതിനു ശാസ്‌ത്രീയകാരണങ്ങള്‍ കണ്ടെത്തിയതുകൊണ്ടു് എന്തു പ്രയോജനം? സഹിക്കേണ്ടിവന്ന വിപത്തിനും നാശനഷ്ടങ്ങള്‍ക്കും അതു പരിഹാരമാകില്ല.

പണ്ടു്, ഇന്ന മാസത്തില്‍ കൃഷി, ഇന്ന മാസത്തില്‍ വിളവെടുപ്പു് എന്നുണ്ടായിരുന്നു. അന്നു് കുഴല്‍ക്കിണറു കളൊന്നുമില്ല. പ്രകൃതി കനിഞ്ഞു നല്കുന്ന വെള്ളവും വെയിലുമേയുള്ളൂ. അന്നുള്ളവര്‍ പ്രകൃതിയുമായി ചേര്‍ ന്നാണു ജീവിച്ചതു്. അതുമായി ബലപരീക്ഷണത്തിനൊ രുങ്ങിയില്ല. അന്നു പ്രകൃതി മനുഷ്യൻ്റെ സഹായിയായിരുന്നു, സുഹൃത്തായിരുന്നു. ഇന്ന മാസത്തില്‍ വിത്തു വിതച്ചാല്‍ ഇന്ന സമയത്തു മഴ കിട്ടും; വിളവെടുക്കാം എന്നറിയാമായിരുന്നു. ഇന്നങ്ങനെയല്ല. കുഴല്‍ക്കിണറുകളും മറ്റും ഉള്ളതിനാല്‍ ഏതു സമയത്തും കൃഷി ഇറക്കാമെന്നായി. പക്ഷേ, വിളവെടുക്കുന്ന നേരത്തായിരിക്കും മഴ. മറ്റു ചിലപ്പോള്‍ പൂവു കതിരാകുന്ന നേരത്തായിരിക്കും വെള്ളപ്പൊക്കം. എല്ലാം വെള്ളത്തിലാകും. മനുഷ്യൻ്റെ സ്വാര്‍ത്ഥത വരുത്തിവച്ച വിനാശം! പ്രകൃതിയുടെ സ്വാഭാവികമായ രീതിക്കു വിരുദ്ധമായി നമ്മള്‍ എന്തുചെയ്താലും ഇതുപോലെയുള്ള തിരിച്ചടികളുണ്ടാകും. പുരോഗതി വേണ്ടെന്നല്ല ഇതിന്നര്‍ത്ഥം. സയന്‍സിനു് അതിൻ്റെതായ പരിമിതികളുണ്ടു്. പ്രകൃതിക്കു് അതിൻ്റെതായ മാര്‍ഗ്ഗവുമുണ്ടു്. ഒന്നു മറ്റൊന്നിനു തടസ്സമാകാതിരുന്നാല്‍ മതി. അവയെ കൂട്ടിയിണക്കാന്‍ ആദ്ധ്യാത്മികസംസ്‌കാരം കൂടിയേ കഴിയൂ.

ശാസ്ത്രത്തിൻ്റെ കണ്ടുപിടിത്തങ്ങള്‍ പ്രകൃതിക്കു വിരുദ്ധമായി ഉപയോഗിക്കരുതു്. മനുഷ്യന്‍ നിരന്തരമായി ദ്രോഹിച്ചതു നിമിത്തം പ്രകൃതിയുടെ ക്ഷമ നശിച്ചിരിക്കുന്നു. പ്രകൃതി തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. വേണ്ടസമയത്തു മഴയില്ല, വരള്‍ച്ച കൂടി, പ്രകൃതിക്ഷോഭം വര്‍ദ്ധിച്ചു. പ്രകൃതി അതിൻ്റെ താണ്ഡവം ആരംഭിച്ചു കഴിഞ്ഞു. പ്രകൃതിയുടെ മേലുള്ള മനുഷ്യൻ്റെ അധര്‍മ്മം കാരണം പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെ നഷ്ടമായിക്കഴിഞ്ഞു. തന്മൂലമുള്ള കഷ്ടതകളാണു മനുഷ്യന്‍ ഇന്നനുഭവിക്കുന്നതു്.