ചോദ്യം : ഇന്നത്തെ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം ജനങ്ങള്‍ ആദ്ധ്യാത്മികാചാര്യന്മാരെ സമീപിക്കുന്നതു് അവരെ ബുദ്ധിമുട്ടിക്കുകയാകുമോ ?
അമ്മ : നാം വളര്‍ത്തുന്ന ഒരു ചെടി കരിഞ്ഞുപോയാല്‍ നമ്മള് ഇരുന്നു കരഞ്ഞുകൊണ്ടിരിക്കും. അതോര്‍ത്തു കരയാതെ മറ്റൊരു ചെടി വച്ചുപിടിപ്പിക്കുക. ശ്രദ്ധയോടെ, എന്നാല്‍ മമത വയ്ക്കാതെ കര്‍മ്മംചെയ്യുക. ഇതാണു് ആദ്ധ്യാത്മികാചാര്യന്മാര് പറയുന്നതു്.

കഴിഞ്ഞതോര്‍ത്തു വിഷമിച്ചു മനുഷ്യന് തളരാന്‍ പാടില്ല. തന്നെപ്പോലെ എല്ലാവരെയും സ്നേഹിക്കാനും തനിക്കുവേണ്ടിച്ചെയ്യുന്ന കര്‍മ്മങ്ങള്‍പോലെ, മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനാണു മഹാത്മാക്കള്‍ പഠിപ്പിക്കുന്നതു്. ഇതു് ഏതെങ്കിലും സര്‍വ്വകലാശാലയില്‍നിന്നു പഠിക്കുവാന്‍ കഴിയില്ല. ആദ്ധ്യാത്മികാചാര്യന്മാരെത്തന്നെ സമീപിക്കണം.
സുഖംമാത്രം തേടിപ്പോകുന്ന നമ്മുടെ മനസ്സു പോലെയല്ല മഹാത്മാക്കളുടെ മനസ്സു്. തന്നെ വെട്ടുന്നവനും തണല്‍ കൊടുക്കുന്ന, മധുരഫലങ്ങള്‍ നല്കുന്ന, വൃക്ഷത്തിനെപ്പോലെയാണവര്‍. മെഴുകിതിരിപോലെ സ്വയം ഉരുകി സമൂഹത്തില്‍ സ്നേഹത്തിൻ്റെയും ശാന്തിയുടെയും പ്രകാശം പരത്തുന്നതാണവര്‍ക്കു സന്തോഷം.
അഹങ്കാരവും മമതയും നിറഞ്ഞ നമ്മളെ ശരിയായ പാതയില്‍, ധര്‍മ്മമാര്‍ഗ്ഗത്തില്‍, നയിക്കാന്‍ അവര്‍ക്കേ കഴിയൂ. അതവര്‍ക്കു ബുദ്ധിമുട്ടല്ല. അവര്‍ ഒരു പ്രത്യേകവ്യക്തിക്കുവേണ്ടി നിലകൊള്ളുകയില്ല. മനുഷ്യന് നന്നാകുന്നതിലവര്‍ക്കു് ആനന്ദമേയുള്ളൂ.

Download Amma App and stay connected to Amma