ചോദ്യം : വനങ്ങള്‍ ഭൂമിയുടെ അവശ്യ ഘടകമാണോ ?
അമ്മ : അതേ. വനങ്ങള്‍ പ്രകൃതിക്കു ചെയ്യുന്ന ഗുണങ്ങള്‍ നിരവധിയാണെന്നു ശാസ്ത്രം മനസ്സിലാക്കി വരുന്നതേയുള്ളൂ. അന്തരീക്ഷശുദ്ധിക്കും ഉഷ്ണം വര്‍ദ്ധിക്കുന്നതു തടയാനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും പക്ഷിമൃഗാദികളെ സംരക്ഷിക്കാനുമെല്ലാം വനങ്ങള്‍ ആവശ്യമാണു്.
മനുഷ്യൻ്റെ അത്യാവശ്യങ്ങള്‍ക്കു വനത്തില്‍നിന്നു തടിയും ഔഷധസസ്യങ്ങളും എടുക്കുന്നതില്‍ തെറ്റില്ല. നമ്മള്‍ വനത്തെ നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി. പ്രകൃതിയെ സംരക്ഷിക്കാന്‍ പ്രകൃതിക്കുതന്നെ അറിയാം. സംരക്ഷണത്തിൻ്റെ പേരില്‍ ഇന്നു മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയാണു്. പക്ഷിമൃഗാദികള്‍ കാട്ടില്‍ ആനന്ദിച്ചു കഴിയുന്നു. അവയുടെ ഏകശത്രു മനുഷ്യന്‍ മാത്രമാണു്. പ്രകൃതിയെ നശിപ്പിക്കുകവഴി മനുഷ്യന്‍ അവൻ്റെതന്നെ ശത്രുവായിത്തീര്‍ന്നിരിക്കുകയാണു്. ഒരു വൃക്ഷത്തിൻ്റെ ചുവട്ടില്‍ മഴുവെറിയുമ്പോള്‍, സ്വയം ശവക്കുഴി തോണ്ടുകയാണെന്നു് അവനോര്‍ക്കുന്നില്ല.