ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)
ഈശ്വരനോടുള്ള ഭയഭക്തി, നമ്മളിലെ ദൗര്‍ബ്ബല്യത്തെ അതിജീവിക്കാന്‍ സഹായിക്കുന്നു. ഒരു രോഗിയു ടെ മുന്നില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം ഇരുന്നാല്‍, കൊതിക്കൂടുതല്‍കൊണ്ടു് അവനതെടുത്തു കഴിക്കും. അതാണു നമ്മുടെ വാസന. അതു കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചോ മരണത്തെക്കുറിച്ചുപോലുമോ നമ്മള് ചിന്തിക്കുന്നില്ല. നമ്മള് നമ്മളെക്കാള്‍ നമ്മുടെ വാസനയ്ക്കാണു് അടിമപ്പെട്ടു കിടക്കുന്നതു്. ഈ ദുര്‍ബ്ബലതകളെ അതിജീവിക്കുവാന്‍ ഈശ്വരനോടുള്ള ഭയഭക്തി സഹായിക്കുന്നു. വളരെ നാളുകളായി സിഗരറ്റുവലി ശീലമാക്കിയ ഒരാള്‍ ‘ഇനി സിഗരറ്റു വലിക്കില്ല, വലിക്കില്ല’ എന്നു പറയുമ്പോള്‍ത്തന്നെ, സിഗരറ്റു ചുണ്ടത്തിരിക്കുന്നതു കാണാം. കാരണം; പുകവലി എന്ന വാസനയ്ക്കു് അവനടിമയായിക്കഴിഞ്ഞു. അതില്‍നിന്നു മോചനം നേടണമെങ്കില്‍ വൈരാഗ്യം കൂടാതെ പറ്റില്ല. സിഗരറ്റുവലിയുടെ ഭവിഷ്യത്തിനെക്കുറിച്ചു മനനം ചെയ്തു മനനംചെയ്തു മനസ്സിനു് ആ വാസനയെ ചെറുക്കുവാനുള്ള ശക്തി പകരണം. ഇതേപോലെ മനസ്സിനു ശക്തി പകരാനാണു് ഈശ്വരനോടുള്ള ഭയഭക്തി.

മതതത്ത്വങ്ങള്‍ കര്ശനങ്ങളായി തോന്നിയേക്കാം. ഇത്ര വേണമോ എന്നു ചിന്തിക്കാം. എന്നാല്‍ അയവില്ലാത്ത ആ നിലപാടാണു നമ്മളോടുള്ള യഥാര്‍ത്ഥ സ്നേഹം. ഓപ്പറേഷനുവേണ്ടി കൊണ്ടുവന്ന കുട്ടിയോടു ഡോക്ടര്‍ പറയുകയാണു്, ‘അയ്യോ പൊന്നുമോനേ! നിന്നെ കീറിയാല്‍ നിനക്കു വേദനിക്കും, അതുകൊണ്ടു നീ പോ!’ ഇതു് ആ കുട്ടിയോടുള്ള കാരുണ്യമാണോ, ദ്രോഹമാണോ?’ അതുപോലെ ധര്‍മ്മത്തിന്റെ പാതയില്‍നിന്നു നമ്മള് വ്യതിചലിക്കുമ്പോള്‍, അവിടുത്തോടുള്ള ഭയഭക്തി, നമ്മളെ നേര്‍വഴിക്കു തിരിച്ചുവിടുന്നു. അതു നമ്മളിലെ മാലിന്യം അകറ്റുന്നു. ഈശ്വരന് ശിക്ഷിക്കുമെന്ന പേടിതന്നെ, നമ്മില്‍ ശ്രദ്ധ വരുത്തുകയാണു ചെയ്യുന്നതു്. അവിടുത്തെ ശിക്ഷയും രക്ഷയാണു്. പറഞ്ഞതനുസരിക്കാതെ കുട്ടി തെറ്റുചെയ്തതിനു തള്ള ശിക്ഷിച്ചാല്‍ അതു സ്നേഹക്കുറവുകൊണ്ടല്ല; അപ്പോള്‍ അനുഭവിക്കുന്ന വേദന പിന്നീടവനെ വലിയ അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ സഹായിക്കും.
ഈശ്വരനോടുള്ള ഭയഭക്തിയെക്കുറിച്ചു തെറ്റായ ധാരണയാണു പലര്‍ക്കും. തെറ്റുചെയ്യാത്ത ഒരു മനുഷ്യനും കാണില്ല. ‘തെറ്റുചെയ്താല്‍ ഈശ്വരന് ശിക്ഷി ക്കും. അതില്‍നിന്നും രക്ഷ നേടാന്‍, ഈശ്വരനു പത്തു രൂപ വിളക്കിനു നേര്‍ന്നാല്‍ മതി.’ ഇതാണു പലര്‍ക്കുമുള്ള ധാരണ. ‘എന്റെ വിളക്കിലെ വെട്ടംകണ്ടു്, രണ്ടു കിലോമീറ്റര്‍ നടന്നു കഴിയുമ്പോള്‍ ഈശ്വരനു് എന്നോടു പ്രീതിയുണ്ടാകും’ എന്നു വിചാരിക്കുന്നതൊന്നും ശരിയായ ഈശ്വരവിശ്വാസമല്ല. ഉള്ള വിശ്വാസത്തെക്കൂടി നശിപ്പിക്കുന്ന ധാരണകളാണു്. പിന്നെ എന്തിനാണു ക്ഷേത്രാചാരങ്ങളും വഴിപാടുകളും എന്നു ചോദി ച്ചാല്‍, നമ്മിലെ ധര്‍മ്മബോധം വളര്‍ത്താനാണു്; നമ്മുടെ മനസ്സിനെ വിശാലമാക്കാനാണു് അവയൊക്കെ. മറി ച്ചു് ഈശ്വരനു കണ്ണുകണ്ടു നടക്കുവാന്‍ നമ്മള് തിരി കത്തിക്കേണ്ട കാര്യമില്ല. അതു്, മെഴുകുതിരി സൂര്യനു വഴികാണാനായി വെട്ടംകാട്ടുന്നതുപോലെയാണു്.

സന്ധ്യാനേരത്തു്, എണ്ണയില്‍ തിരി കത്തിക്കുന്നതു് പ്രകൃതിക്കും ഗുണമാണു്. അതില്‍നിന്നുയരുന്ന പുക അന്തരീക്ഷത്തിലെ ദുഷിച്ച അണുക്കളെ ഇല്ലാതാക്കും. ഈ ആചാരങ്ങളില്‍ക്കൂടി, പരോക്ഷമായി പ്രകൃതിസംരക്ഷണമാണു നമ്മുടെ പൂര്‍വ്വികര്‍ കണ്ടിരുന്നതു്.
വലിയ പാണ്ഡിത്യമോ, വിദ്യാഭ്യാസമോ ഇല്ലെങ്കി ലും പൂര്‍വ്വികര്‍ കാട്ടിത്തന്ന അത്തരം പ്രയോജനകരമായ ആചാരങ്ങള്‍ക്കു മുടക്കം വരുത്താതിരിക്കാന്‍ പണ്ടുള്ളവരെ സഹായിച്ചതു മതബോധമാണു്. വീട്ടില്‍ പട്ടിണിയാണെങ്കിലും, പത്തുപൈസ കിട്ടിയാല്‍ അതിനു് എണ്ണ വാങ്ങിക്കൊണ്ടുവന്നു കത്തിക്കും. അന്തിത്തിരിക്കു മുടക്കം വരുത്തില്ല. ഈശ്വരനോടുള്ള ഭയഭക്തിയാണു് ഇതിനു കാരണം.
നമ്മുടെ ഏതു കര്‍മ്മത്തിലും ഭയഭക്തി കാണുവാന്‍ കഴിയും. ഭയംകൊണ്ടാണു നമ്മള് ഏതിലും ശ്രദ്ധിക്കുന്നതു്. അല്ലാതെ നമുക്കു ശ്രദ്ധ വരാന്‍ വിഷമമാണു്. നടക്കുമ്പോള്‍ ശ്രദ്ധിക്കുന്നതു്, വീഴുമെന്ന ഭയം കൊണ്ടാണു്. ഓരോരുത്തരും അവരുടെ സംസ്കാരമനുസരിച്ചു മനസ്സില്ത്തോന്നുന്നതു പറയുകയാണെങ്കില്‍ അനാവശ്യമായി പലതും പറഞ്ഞെന്നിരിക്കും. അതു കേസായാല്‍ ജയിലില്‍ പോകേണ്ടിവരും. ആ പേടി കാരണം സംസാരത്തിലും പ്രവൃത്തിയിലും ശ്രദ്ധിക്കും. ശ്രദ്ധയോടെ പഠിക്കുന്നതു തോല്‍ക്കുമെന്ന ഭയം കൊണ്ടാണു്. ഇങ്ങനെ നോക്കിയാല്‍ ഓരോ നിമിഷവും നമ്മള് ഭയന്നാണു കഴിയുന്നതു്.

Download Amma App and stay connected to Amma