ചോദ്യം : സത്യമാണെങ്കിലും അതു വേദനിപ്പിക്കുന്നതാണെങ്കില്‍ പറയാന്‍ പാടില്ല എന്നുപറയുവാന്‍ കാരണമെന്താണു്?

അമ്മ: മക്കളേ, ആദ്ധ്യാത്മികത്തില്‍ രണ്ടു കാര്യങ്ങള്‍ പറയുന്നുണ്ടു്. സത്യവും രഹസ്യവും. സത്യമാണു് ഏറ്റവും വലുതു്. സത്യത്തെ ഒരിക്കലും കൈവെടിയാന്‍ പാടില്ല, എന്നാല്‍ എല്ലാ സത്യവും എല്ലാവരോടും തുറന്നു പറയാനുള്ളതല്ല. സാഹചര്യവും, ആവശ്യവുംകൂടി നോക്കണം. സത്യമാണെങ്കിലും അതു രഹസ്യമാക്കി വയേ്ക്കണ്ട ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം.
ഉദാഹരണത്തിനു്, ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഒരു സ്ത്രീ ഒരു തെറ്റു ചെയ്തു. അതു ലോകമറിഞ്ഞാല്‍ അവരുടെ ഭാവി ഇരുളടയും. ചിലപ്പോള്‍ അവരുടെ ജീവന്‍തന്നെ അപകടത്തിലായെന്നും വരാം. എന്നാല്‍ അതു രഹസ്യമാക്കി വച്ചാല്‍ അവര്‍ക്കു തെറ്റു പിന്നീടു് ആവര്‍ത്തിക്കാതിരിക്കാനും ഒരു നല്ല ജീവിതം നയിക്കുവാനും കഴിഞ്ഞെന്നു വരും. ഇവിടെ സത്യം തുറന്നു പറയുന്നതിനെക്കാള്‍ ഉത്തമം അതു രഹസ്യമാക്കിവയ്ക്കുന്നതാണു്. ഒരു ജീവനെയും ഒരു കുടുംബത്തെയും രക്ഷിക്കുവാന്‍ ഇതുമൂലം കഴിയും. ചില കാര്യങ്ങള്‍ രഹസ്യമാക്കിവയ്ക്കണം എന്നു പറയുവാന്‍ കാരണമിതാണു്. പക്ഷേ, സാഹചര്യം കൂടി നോക്കി വേണം ഇതു തീരുമാനിക്കാന്‍. എന്നാല്‍ ഇതൊരിക്കലും ഒരാള്‍ക്കു തെറ്റാവര്‍ത്തിക്കുവാനുള്ള പ്രേരണയാകരുതു്. നമ്മള് പറയുന്നതു് എല്ലാവര്ക്കും നന്മ വരുത്തുന്നതായിരിക്കണം. അതാണു് ഏറ്റവും പ്രധാനം. അതുപോലെ തന്നെ ഒരാളിനു വേദനയുണ്ടാക്കുന്നതാണെങ്കില്‍ സത്യമാണെങ്കിലും പറയരുതു്.
മറ്റൊരനുഭവം പറയാം. ഒരു കുട്ടി അപകടത്തില്‍പ്പെട്ടു മരിച്ചു. പത്തുനൂറു കിലോമീറ്റര്‍ അകലെയാണു് അപകടം ഉണ്ടായതു്. അതിൻ്റെ അമ്മയ്ക്കു് ആണും പെണ്ണുമായുള്ള ഏക സന്തതിയാണു് ഈ കുട്ടി. അതിൻ്റെ നഷ്ടം ആ അമ്മയെ സംബന്ധിച്ചു മരണംവരെയുള്ള ഏറ്റവും വലിയ നഷ്ടമാണു്. ഒരുപക്ഷേ, കുട്ടി മരിച്ചുവെന്നു പെട്ടെന്നു കേട്ടാല്‍ അവരും ഹൃദയം പൊട്ടി മരിച്ചു എന്നു വരും. അതിനാല്‍ അവര്‍ക്കു ഫോണ്‍ ചെയ്തതിങ്ങനെയാണു്, ”നിങ്ങളുടെ കുട്ടി ഒരു ചെറിയ അപകടത്തില്‍പ്പെട്ടു. ഇവിടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടു്. വേഗം വരണം” സത്യമിതല്ലെങ്കിലും ഇങ്ങനെ പറയുന്നതിലൂടെ ആ നൂറു കിലോമീറ്റര്‍ എത്തുന്നതുവരെയും അവര്‍ക്കു് ഒരുവിധം പിടിച്ചുനില്ക്കുവാന് കഴിയും. അത്ര നേരമെങ്കിലും ആ തീവ്രദുഃഖം അനുഭവിക്കുന്നതില്‍നിന്നും അവരെ ഒഴിവാക്കാം. അവിടെ എത്തി വിവരമറിയുമ്പോള്‍ അറിഞ്ഞോട്ടെ.
കുട്ടിക്കു് അപകടം സംഭവിച്ചു എന്നറിഞ്ഞു് ഇത്രയും ദൂരം യാത്ര ചെയ്തുവരുമ്പോഴേക്കും ഒരുപക്ഷേ, അവരില്‍ എന്തിനെയും നേരിടാനുള്ള ഒരു ശക്തി ഉണര്‍ന്നിട്ടുണ്ടാവും. മരിച്ചുവെന്നു പെട്ടെന്നു കേള്‍ക്കുമ്പോഴുള്ളത്ര ഷോക്കു് അപകടത്തെക്കുറിച്ചറിഞ്ഞു കുറെ സമയം കഴിഞ്ഞിട്ടുണ്ടാകണമെന്നില്ല. സത്യം തത്കാലം ഒന്നു മറച്ചുവച്ചതുമൂലം ഒരു ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു. മരിച്ച വ്യക്തി എന്തായാലും മരിച്ചു. അതിൻ്റെ പേരില്‍ മറ്റൊരാളെക്കൂടി കൊലയ്ക്കു കൊടുക്കേണ്ടതുണ്ടോ? ഇതുപോലുള്ള സാഹചര്യങ്ങളെക്കുറിച്ചാണു് ഇവിടെ പറയുന്നതു്. അല്ലാതെ കള്ളം പറയണം എന്നല്ല ഇതിനര്‍ത്ഥം.
ഒരാളിനു വലിയ ഗൗരവമുള്ള അസുഖമാണു്. അതിനെക്കുറിച്ചു് ഉടനെ അറിഞ്ഞാല്‍ ഹൃദയാഘാതംവരെ സംഭവിക്കാം. അതിനാല്‍ ഡോക്ടര്‍ ഉടനെ വിവരം പറയില്ല. ചെറിയൊരു അസുഖമാണു്, വിശ്രമം വേണം. മരുന്നുകള്‍ ഇന്നതൊക്കെ കഴിക്കണം എന്നും മറ്റുമേ പറയുകയുള്ളൂ. ഇതിനെ മറ്റു കള്ളങ്ങളുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റുകയില്ല. പറയുന്ന വ്യക്തിയുടെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടിയല്ല ഇതു്. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി തത്കാലം ചില കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നുവെന്നു മാത്രം.

Download Amma App and stay connected to Amma