30 Sep 2017, അമൃതപുരി
അമൃതപുരിയില്‍ നവരാത്രി ആഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശ്രമത്തിലെത്തിയ വിദേശികളും സ്വദേശികളുമായ നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്ക് വിജയദശമി ദിനത്തില്‍ അമ്മ ആദ്യാക്ഷരം കുറിച്ചു.

അറിവിനെ സ്വീകരിക്കുവാനുള്ള ആഗ്രഹം, ഉത്സാഹം, ക്ഷമ ഇവയെല്ലാ മാണ് വിദ്യയെ പൂര്‍ണ്ണതയിലേയ്ക്ക് എത്തിക്കുന്നത്. ആ വിനയവും ഉത്സാഹവും സമര്‍പ്പണഭാവവും നമ്മുടെ ജീവിതത്തില്‍ എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും ഭൗതികമായ ഐശ്വര്യത്തിലും ലാഭത്തിലും ഉപരി ഒരു സാധകന്റെ പടിപടിയായിട്ടുള്ള ആദ്ധ്യാത്മിക ഉയര്‍ച്ചയുടെയും ആത്യാന്തിക മുക്തിയുടെയും സന്ദേശമാണ് നവരാത്രി നല്‍കുന്നതെന്ന് സത്സംഗത്തില്‍ അമ്മ പറഞ്ഞു. എല്ലാത്തിനോടുമുള്ള ആദരവ് ഒരു തുടക്കക്കാരന്റെ ഭാവം ഇവ കാത്തു സൂക്ഷിച്ചാല്‍ ജീവിത വിജയം കൈവരിക്കാന്‍ കഴിയുമെന്നും അമ്മ ഓര്‍മ്മിപ്പിച്ചു.
തന്റെ ചൂണ്ടുവിരല്‍ ഗുരുവിന്റെ കൈകളില്‍ ഏല്പിക്കുന്നതുകൊണ്ടാണ് കുഞ്ഞിന് വിദ്യാരംഭം കുറിക്കാന്‍ കഴിയുന്നത്. ചൂണ്ടുവിരല്‍ അഹങ്കാരത്തിന്റെ പ്രതീകമാണ്. നമ്മള് മറ്റുള്ളവരുടെ നേരെ ചൂണ്ടി നീ തെറ്റ് ചെയ്തു എന്നു പറയാറുണ്ട്. അങ്ങിനെ പറയുമ്പോഴും മൂന്നു വിരല്‍ തന്റെ നേരെയാണ് ചൂണ്ടുന്നത് എന്ന് നമ്മള് ഓര്‍ക്കാറില്ല. മറ്റുള്ളവര്‍ ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ മൂന്നു തെറ്റുകള്‍ ചെയ്തിട്ടുണ്ട് എന്നാണ് ഈ വിരലുകള്‍ നല്കുന്ന സൂചന.
സത്സംഗത്തെ തുടര്‍ന്ന് അമ്മ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം ചൊല്ലിക്കൊടുക്കുകയും അവിടെ കൂടിയിരുന്ന ഭക്തര്‍ അത് നിലത്ത് എഴുതി ഏറ്റുചൊല്ലിയത് ഭക്തിയുടെ നിഷ്ക്കളങ്കമായ അന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് അമ്മ കുഞ്ഞുങ്ങള്‍ ഓരോരുത്തരെയായി മടിയിലിരുത്തി അരിയില്‍ ആദ്യാക്ഷരം എഴുതിച്ചു. വാദ്യ സംഗീതം നൃത്തം തുടങ്ങിയവ അഭ്യസിച്ചവരുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു.

Download Amma App and stay connected to Amma