ചോദ്യം : ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന വസ്തുക്കള്ക്കു് ആനന്ദം തരാന്‍ കഴിവില്ലെന്നു പറയുന്നു. പക്ഷേ, എനിക്കിന്നു് ആനന്ദം ലഭിക്കുന്നതു ഭൗതികവസ്തുക്കളില്‍നിന്നുമാണല്ലോ?

അമ്മ: മക്കളേ, ആനന്ദം പുറത്തുനിന്നും കിട്ടുന്നതല്ല. ചിലര്‍ക്കു ചോക്ലേറ്റു വളരെയധികം ഇഷ്ടമുള്ള സാധനമാണു്. എന്നാല്‍ അടുപ്പിച്ചു പത്തെണ്ണം കഴിച്ചു കഴിയുമ്പോള്‍ എത്ര മധുരമുള്ളതാണെങ്കിലും അതിനോടു വെറുപ്പു തോന്നും. പതിനൊന്നാമത്തെതു് എടുക്കുമ്പോള്‍ ആദ്യത്തേതുപോലുള്ള സംതൃപ്തി അതില്‍നിന്നു ലഭിക്കുന്നില്ല. അതുപോലെ ചോക്ലേറ്റു തീരെ ഇഷ്ടമില്ലാത്ത ചിലരുണ്ടു്. അവര്‍ക്കതിൻ്റെ മണം ശ്വസിക്കുന്ന മാത്രയില്‍ ഓക്കാനിക്കാന് വരും. വാസ്തവത്തില്‍ ചോക്ലേറ്റെല്ലാം ഒരുപോലെയാണു്. അവയായിരുന്നു സംതൃപ്തി തന്നിരുന്നതെങ്കില്‍ എത്ര കഴിച്ചാലും ഒരുപോലെ സംതൃപ്തി അനുഭവപ്പെടേണ്ടതല്ലേ? എല്ലാവര്ക്കും സംതൃപ്തി ലഭിക്കേണ്ടതല്ലേ? അപ്പോള്‍ സംതൃപ്തി ചോക്ലേറ്റിനെയല്ല, മനസ്സിനെയാണു് ആശ്രയിച്ചിരിക്കുന്നതു്.
പട്ടി എല്ലില്‍ കടിക്കും. ചോര കിട്ടുമ്പോള്‍ സന്തോഷമാകും. കുറെക്കഴിഞ്ഞപ്പോള്‍ വായ് അനക്കാന്‍ വയ്യ. വേദന. തളര്‍ന്നു വീണു. അപ്പോഴാണു ശ്രദ്ധിക്കുന്നതു്, എല്ലു് അതേപോലെ കിടക്കുന്നുണ്ടു്, താന്‍ നുണഞ്ഞതു സ്വന്തം മോണ കീറി വന്ന രക്തമാണു്. ബാഹ്യവസ്തുക്കളില് ആനന്ദം തേടുന്നതും ഇതില്‍നിന്നും ഭിന്നമല്ല. നമ്മള് കരുതും ആനന്ദം ഭൗതിക വസ്തുക്കളില്‍നിന്നുമാണു ലഭിക്കുന്നതെന്നു്. ജീവിതം മുഴുവന്‍ അതിനുവേണ്ടി ചെലവാക്കും. അവസാനം ഇന്ദ്രിയങ്ങള്‍ നശിച്ചു തളര്‍ന്നു വീഴും. ആനന്ദം ഉള്ളിലാണു്. പുറത്തല്ല. അതിനെ ആശ്രയിച്ചാലേ സദാ ആനന്ദവും സംതൃപ്തിയും അനുഭവിക്കുവാന്‍ സാധിക്കൂ. പുറത്തെ വസ്തുക്കള്‍ക്കും അവയെ ഗ്രഹിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കും പരിമിതിയുണ്ടു്. ഭൗതികം വേണ്ട എന്നമ്മ പറയുന്നില്ല. ഓരോന്നിൻ്റെയും പ്രയോജനം മനസ്സിലാക്കി അതിനനുസരിച്ച സ്ഥാനമേ അവയ്ക്കു ജീവിതത്തില്‍ നല്‍കാവൂ എന്നു മാത്രം. അനാവശ്യചിന്തകളും പ്രതീക്ഷകളും ആണു തെറ്റു്.
തുടരും…..

 Download Amma App and stay connected to Amma
Download Amma App and stay connected to Amma