ചോദ്യം : നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെ സ്നേഹിക്കണം എന്നു പറഞ്ഞിട്ടു് ഇന്നു് അതു് എത്രപേര്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടു് ?

അമ്മ: മക്കളേ, നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെയും സ്നേഹിക്കണമെന്നു പറഞ്ഞതുകൊണ്ടു് ആരും സ്നേഹിക്കുവാന്‍ തയ്യാറാവുകയില്ല. ആരും നന്നാകാന്‍ പോകുന്നില്ല. അതിൻ്റെ പിന്നിലെ തത്ത്വം കൂടി പറഞ്ഞു കൊടുക്കണം. ‘അയലത്തുള്ളവര്‍ സത്‌സ്വഭാവികളാകണേ’ എന്നു് ഈശ്വരനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കാണു ശാന്തി. ഉദാഹരണത്തിനു്, നമ്മുടെ അടുത്ത വീട്ടില്‍ ഒരു കള്ളനുണ്ടെങ്കില്‍ രാത്രി ഉറങ്ങാന്‍ കഴിയുമോ? വീടു വിട്ടു് ഒരു സ്ഥലത്തും പോകുവാന്‍ സാധിക്കുകയില്ല. ഒരു സമാധാനവും കാണില്ല. അവന്‍ മോഷ്ടിക്കുമോ മോഷ്ടിക്കുമോ എന്നുള്ള ചിന്ത മാത്രമായിരിക്കും സദാസമയവും. അശാന്തി മാത്രമായിരിക്കും കൂട്ടു്. എന്നാല്‍ അവൻ്റെ മനസ്സു നന്നായാല്‍ മോഷണം നിറുത്തും. വീട്ടിലുള്ള സാധനങ്ങള്‍ യഥാസ്ഥാനങ്ങളില്‍തന്നെ ഉണ്ടാകും. നമുക്കു സമാധാനമാകും.

ഇതുപോലെയാണു് ഓരോ കാര്യവും. ‘അയലത്തുകാര്‍ നന്നാകണേ’ എന്നുള്ള ചിന്തയോടെ ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നതിനനുസരിച്ചു നമ്മിലെ രത്‌നത്തെ നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ കഴിയും. ആ പ്രാര്‍ത്ഥനകൊണ്ടുള്ള നേട്ടം നമുക്കു തന്നെയാണു്. ഇന്നു് അയല്ക്കാരോടു നമുക്കു വിദ്വേഷമാണുള്ളതു്. അവരുടെ ഉയര്‍ച്ചയില്‍ ദേഷ്യവും കുശുമ്പുമാണുണ്ടാകുന്നതു്. അതുമൂലം നമ്മുടെ മനസ്സില്‍ ഇരുള്‍ പരക്കുന്നു. നമ്മള്‍ വിഷം കഴിച്ചാല്‍ നമ്മള്‍തന്നെ മരിക്കും. നമ്മുടെ ശരീരം അനേകം സെല്ലുകള്‍ കൂടിച്ചേര്‍ന്നതാണു്. വിദ്വേഷവും അസൂയയുംമൂലം അതിലെ ഓരോ സെല്ലും മരിച്ചുകൊണ്ടിരിക്കുകയാണു്.

നമ്മള്‍ സ്വയം നശിക്കുന്നു. അന്യരോടു വിദ്വേഷം വച്ചുപുലര്‍ത്തുക എന്നതു് ആത്മഹത്യയ്ക്കു തുല്യമായ ഒരു ക്രിയയാണു്. അതേസമയം അന്യരെ സ്നേഹിക്കുന്നതിൻ്റെ ഫലമായി നമ്മുടെ മനസ്സു് വിശാലമായിത്തീരുന്നു. നമ്മുടെ സ്നേഹസ്വരൂപത്തെ പ്രകാശിപ്പിക്കുവാനുള്ള ഒരു സാധനയാണതു്. മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ നമ്മുടെ മനസ്സാണു വൃത്തിയാകുന്നതു്. മനസ്സു വൃത്തിയാകുമ്പോള്‍ അതില്‍ സദ്ഗുണങ്ങളും ആനന്ദവും താനെ പ്രകാശിക്കും.