ചോദ്യം: മൃഗങ്ങളെയും മത്സ്യങ്ങളെയും മറ്റും സംരക്ഷിക്കുന്നതിനെപ്പറ്റി അമ്മ എന്തുപറയുന്നു?

അമ്മ: പ്രകൃതിയും മനുഷ്യനും പരസ്പരം ആശ്രയിച്ചു നിലനില്ക്കുന്നവയാണു്. കൃഷി ചെയ്യാന്‍ കഴിയാത്ത കടല്‍ത്തീരത്തും മഞ്ഞു പ്രദേശങ്ങളിലും ജീവിക്കുന്ന ജനങ്ങള്‍ ആഹാരത്തിനായി മത്സ്യം തേടുന്നു. വീടുവയ്ക്കുവാനും മറ്റുപകരണങ്ങളുടെ നിര്‍മ്മാണത്തിനും മരം മുറിക്കേണ്ടിവരുന്നു. ഇതൊക്കെ മനുഷ്യൻ്റെ ആവശ്യത്തിനുവേണ്ടി മാത്രമായിരിക്കണം.

എന്നാല്‍ പണ്ടുണ്ടായിരുന്ന ജീവികളില്‍ പലതും ഇന്നില്ല. പ്രകൃതിയിലുണ്ടായ മാറ്റത്തില്‍ പിടിച്ചു നില്ക്കാനാവാതെ ആ ജീവികളുടെ വംശം നശിക്കുകയാണു് ഉണ്ടായതു്. മനുഷ്യൻ്റെ അത്യാഗ്രഹം കാരണം ജീവികളുടെയും വൃക്ഷങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതായിട്ടാണു് ഇന്നു കാണുന്നതു്. മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ പ്രകൃതിയുടെ താളലയം നഷ്ടമാകുകയാണു ചെയ്യുന്നതു്. അതിനാല്‍ ഇനിയും നമ്മള്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയാണെങ്കില്‍ ആ ജീവികള്‍ക്കു വംശനാശം സംഭവിച്ചതുപോലെ, അതു മനുഷ്യൻ്റെയും നാശത്തിനു കാരണമാകും.

മനുഷ്യന്‍ പ്രകൃതിയുടെയും അതിലെ ജീവരാശിയുടെയും ഭാഗമാണു്. അതിനാല്‍ നമ്മുടെ നിലനില്പിനാവശ്യമായതു പ്രകൃതിയില്‍നിന്നെടുക്കാം. എന്നാല്‍, അതു പ്രകൃതിയുടെ താളലയം തകര്‍ക്കാനിടയാക്കാതെ നോക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ടു്. കഞ്ഞി കുടിക്കുന്നതിനു് ഒരു പ്ലാവില നുള്ളാന്‍ പോകുന്നവന്‍, ആ ശാഖ മൊത്തത്തില്‍ വെട്ടിയാല്‍ എങ്ങനെയുണ്ടാകും. അവനൊരു പത്തു പ്ലാവിലയ്ക്കു പോയിക്കഴിയുമ്പോഴേക്കും ആ വൃക്ഷത്തിലെ എല്ലാ ശാഖകളും നഷ്ടമായിക്കഴിയും. ക്രമേണ വൃക്ഷത്തിനു തന്നെ നാശം സംഭവിക്കും. എന്നാല്‍, ആവശ്യത്തിനുമാത്രം എടുക്കുന്നതില്‍ ദോഷമില്ല. അതുമൂലമുണ്ടാകുന്ന നഷ്ടം കുറച്ചു് ഇല കൊഴിയുന്നതുപോലെയേ അതിനു് അനുഭവപ്പെടുകയുള്ളൂ. എന്നാല്‍ ഒന്നിച്ചുള്ള നാശം അങ്ങനെയല്ല; അതിൻ്റെ നിലനില്പിനെത്തന്നെ ബാധിക്കും. പ്രകൃതിയിലെ ഓരോന്നും മറ്റോരോന്നിനു് ആവശ്യത്തിനുപകരിക്കുന്ന വിധമാണു് ഈശ്വരന്‍ സൃഷ്ടിച്ചിട്ടുള്ളതു്. വലിയ മത്സ്യം ചെറിയ മത്സ്യത്തെ ആഹാരമാക്കും. അതു് അതില്‍ ചെറിയ മത്സ്യത്തെ ഇരതേടുന്നു. അതിനാല്‍ തൻ്റെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍മാത്രം മനുഷ്യന്‍ പ്രകൃതിയില്‍നിന്നു് എടുക്കുന്നതില്‍ തെറ്റില്ല. മറിച്ചു്, അമിതമായി എടുക്കുന്നതെന്തും ഹിംസയാണു്. അതു മനുഷ്യൻ്റെതന്നെ അധോഗതിക്കു കാരണമാകും.