ചോദ്യം : അമ്മേ, മോക്ഷം എന്നാലെന്താണു്?
അമ്മ: മോനേ, ശാശ്വതമായ ആനന്ദത്തെയാണു മോക്ഷമെന്നു പറയുന്നതു്. അതു ഭൂമിയില്‍ത്തന്നെയാകാം. സ്വര്‍ഗ്ഗവും നരകവും ഭൂമിയില്‍ത്തന്നെ. സത്കര്‍മ്മങ്ങള്‍ മാത്രം ചെയ്താല്‍ മരണാനന്തരവും സുഖം അനുഭവിക്കാം. ആത്മബോധത്തോടെ ജീവിക്കുന്നവര്‍ എപ്പോഴും ആനന്ദിക്കുന്നു.

അവര്‍ അവരില്‍ത്തന്നെ ആനന്ദിക്കുന്നു. ഏതു പ്രവൃത്തിയിലും അവര്‍ ആനന്ദം കണ്ടെത്തുന്നു. അവര്‍ ധീരന്മാരാണു്. നല്ലതുമാത്രം പ്രവര്‍ത്തിക്കുന്ന അവര്‍ ജനനമരണങ്ങളെക്കുറിച്ചോര്‍ത്തു ഭയക്കുന്നില്ല. ശിക്ഷകളെപ്പറ്റി ചിന്തിച്ചു വ്യാകുലപ്പെടുന്നില്ല. എവിടെയും അവര്‍ ആ സത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടു ജീവിക്കുന്നു. ഒരു ത്യാഗിയെ ജയിലിലടച്ചാല്‍ അവിടെയും അദ്ദേഹം ഈശ്വരകീര്‍ത്തനങ്ങള്‍ പാടി ആനന്ദിക്കും. ധ്യാനത്തില്‍ മുഴുകും. അവര്‍ എല്ലാവരുടെയും പ്രവൃത്തികളെ ഈശ്വരമയമായി കാണുന്നു. അപ്പോള്‍ ജയില്‍ അവരെ ബന്ധിക്കുന്നില്ല. അവര്‍ ആരോടും പരിഭവം പറയാറില്ല. എപ്പോഴും ആ തത്ത്വത്തില്‍ത്തന്നെ ജീവിക്കുന്നു. തവളയ്ക്കു വാലുള്ള കാലത്തോളം വെള്ളത്തിലേ ജീവിക്കുവാന്‍ പറ്റൂ. വാലുപോയാല് അതിനു കരയിലും വെള്ളത്തിലും ജീവിക്കാം. അഹങ്കാരമാകുന്ന വാലുപോകാതെ നമുക്കു സംസാരത്തില്‍നിന്നു മുക്തരാകാന്‍ പറ്റില്ല. ആ വാലു നഷ്ടമായാല്‍ ശരീരത്തിലിരുന്നാലും ശരീരം വിട്ടാലും ആനന്ദംതന്നെ.
റബ്ബര്‍പന്തു വെള്ളത്തില്‍ വീണാല്‍ പൊങ്ങിക്കിടക്കും. കരയില്‍ വീണാലും അതിനു കുഴപ്പമില്ല. ഒന്നിനും ബന്ധിക്കുവാന്‍ കഴിയുന്നില്ല. ഇതുപോലെ ഒരു പ്രത്യേക സ്വഭാവമാണു് അവരുടെതു്. രാവും പകലും അവര്‍ക്കൊരുപോലെയാണു്. അവരുടെ ആനന്ദം അവരില്‍ത്തന്നെ. പുറംവസ്തുവിലല്ല. ഈ മാനസികാവസ്ഥതന്നെ മോക്ഷം. ശരീരം എടുത്താല്‍ സുഖവും ദുഃഖവും കൂടെയുണ്ടാകും. അതു ജീവിതത്തിന്റെ സ്വഭാവമാണു്. കര്‍മ്മങ്ങള്‍ക്കനുസരിച്ചു് അതു മാറിയും മറിഞ്ഞുമിരിക്കും. വെള്ളത്തിന്റെ സ്വഭാവമാണു തണുപ്പു്. തീയുടെ സ്വഭാവമാണു ചൂടു്. നദിയുടെ സ്വഭാവമാണു് ഒഴുക്കു്. അതു് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഒരിടത്തും സ്ഥിരമായി നില്ക്കുന്നില്ല. അതുപോലെ ജീവിതത്തിന്റെ സ്വഭാവമാണു സുഖവും ദുഃഖവും എന്നു മനസ്സിലാക്കിയാല്‍ അവ അനുഭവിക്കേണ്ടി വരുമ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കാം. അങ്ങനെയുള്ളവര്‍ക്കു് ഈ ലോകത്തില്‍നിന്നുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ ഒന്നും ബാധകമല്ല. എപ്പോഴും അവര്‍ക്കാനന്ദമാണു്. ഇതുതന്നെ മോക്ഷം.
ഒരു കുളത്തിന്റെ സമീപത്തുള്ള സത്രത്തില്‍ രണ്ടു യാത്രക്കാര്‍ രാത്രി കഴിച്ചു കൂട്ടാനെത്തി. മാക്രിയുടെയും ചീവീടിന്റെയും ശബ്ദം മൂലം ഒരു യാത്രക്കാരനു് അവിടുത്തെ താമസം അസഹനീയമായി തോന്നി. ഇവയുടെ ശബ്ദം അയാള്‍ക്കൊട്ടും സഹിക്കാന്‍ കഴിഞ്ഞില്ല. ഇതു കണ്ട കൂടെയുള്ള ആള് പറഞ്ഞു, ”രാത്രിയായാല്‍ ചീവീടും മാക്രിയും മറ്റും കരഞ്ഞു തുടങ്ങും. അതവയുടെ സ്വഭാവമാണു്. ആ സംസ്കാരത്തെ മാറ്റാന്‍ നമ്മളെക്കൊണ്ടു സാധിക്കില്ല. പിന്നെ എന്തിനതു ശ്രദ്ധിക്കണം? നമുക്കു കിടക്കാം”. ഇതു പറഞ്ഞു് അയാള്‍ കിടന്നു. പക്ഷേ, മറ്റെയാള്‍ക്കു് ഉറങ്ങാന്‍ കഴിഞ്ഞില്ല. എനിക്കു ശബ്ദം കേട്ടാല്‍ ഉറക്കം വരില്ല എന്നു പറഞ്ഞു് അയാള്‍ വേറെ സ്ഥലമന്വേഷിച്ചു യാത്രയായി. അയാള്‍ക്കു് ഒരിടത്തും ശരിയായി ഉറങ്ങാന്‍ കഴിഞ്ഞില്ല എന്തെങ്കിലും ശബ്ദം ശല്യം ചെയ്യാനുണ്ടാകും. എന്നാല്‍ ചീവീടിന്റെയും മാക്രിയുടെയും സ്വഭാവമാണു ശബ്ദമുണ്ടാക്കുന്നതെന്നു മനസ്സിലാക്കി അതവഗണിക്കാന്‍ തയ്യാറായ ആളിനു് ഉറക്കത്തിനൊരു ബുദ്ധിമുട്ടുമുണ്ടായില്ല. ഇതുപോലെ മറ്റുള്ളവരെന്തു പറയുമ്പോഴും അതവരുടെ സ്വഭാവമാണെന്നു മനസ്സിലാക്കുമ്പോഴും നമുക്കു ദുഃഖിക്കേണ്ടി വരത്തില്ല. ഈ ഒരു സംസ്കാരം വളര്‍ത്തിയെടുത്താല്‍ ഏതു പ്രതിബന്ധത്തിലും നമുക്കു സന്തോഷത്തോടെ നീങ്ങുവാന്‍ കഴിയും.
(തുടരും….)

Download Amma App and stay connected to Amma