മക്കളേ, സമസ്തവേദങ്ങളുടെയും സാരമാണു ഭഗവദ്ഗീത. മനുഷ്യരാശിക്കാകമാനം വേണ്ടിയുള്ളതാണു ഗീതാസന്ദേശം. പ്രതികൂല സാഹചര്യങ്ങളുടെ നടുവിൽ സ്വധർമ്മം എന്തെന്നറിയാതെ തളർന്നുപോയ അർജ്ജുനനെ നിമിത്തമാക്കി ഭഗവാൻ ലോകത്തിനു മുഴുവൻ നല്കിയ സന്ദേശമാണത് . അതിൽ ഭക്തിയും ജ്ഞാനവും കർമ്മവും യോഗവും മറ്റനേകം സാധനാമാർഗ്ഗങ്ങളും തത്ത്വങ്ങളും സമ്മേളിക്കുന്നു. വിഭിന്ന സംസ്‌കാരങ്ങളിലൂടെ വന്നവർക്കും പരമപദത്തിലേക്ക് ഉയരാനുള്ള മാർഗ്ഗം കാട്ടിത്തരാൻ വന്ന ആളാണു ശ്രീകൃഷ്ണഭഗവാൻ. ഒരു ഹോട്ടലിൽ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കിൽ, അത് ഇഷ്ടപ്പെടുന്നവർ മാത്രമേ അവിടെ വരുകയുള്ളൂ. ഭിന്നരുചിയിലുള്ള ആഹാരങ്ങൾ എല്ലാവരെയും ആകർഷിക്കും. ഒരേ അളവിലുള്ള വസ്ര്തം എല്ലാവർക്കും ചേരില്ല. വ്യത്യസ്ത അളവിലുള്ള വസ്ര്തങ്ങൾ ഉണ്ടെങ്കിൽ എല്ലാവർക്കും ഉപകരിക്കും. അതുപോലെ ജീവിതത്തിന്‍റെ ഏതു തുറയിൽപ്പെട്ടവർക്കും ആത്മപദത്തിലേക്ക് ഉയരാനുള്ള മാർഗ്ഗം ഗീത കാട്ടിത്തരുന്നു. ഓരോരുത്തരെയും അവനവൻ നില്ക്കുന്ന തലത്തിൽനിന്നു കൈപിടിച്ചുയർത്തുന്നതാണു ഭഗവാന്‍റെ വാക്കുകൾ.
ഗുരുവും ഗുരൂപദേശവും രണ്ടല്ല. അതുപോലെ ഭഗവാനും ഭഗവദ്ഗീതയും രണ്ടല്ല. ഭഗവാന്‍റെ ജീവിതത്തിന്‍റെ വ്യാഖ്യാനമാണു ഗീത. ഗീതയുടെ വ്യാഖ്യാനമാണു ഭഗവാന്‍റെ ജീവിതം. സകലരെയും തഴുകിത്തലോടി ഉണർത്തിയ ഒരു കുളിർകാറ്റുപോലെയായിരുന്നു ഭഗവാന്‍റെ ജീവിതം. അതുപോലെ സംസാരദുഃഖത്തിന്‍റെ ചൂടിൽ നീറുന്ന മനുഷ്യർക്കു തണലായി, സർവ്വാഭീഷ്ടങ്ങളും നല്കുന്ന കല്പവൃക്ഷമായി വിളങ്ങുന്നു ഗീത. ഭഗവാൻ വേദമാകുന്ന പാൽക്കടൽ കടഞ്ഞു നമുക്കു നല്കിയ അമൃതാണു ഗീത. ഭഗവാന്‍റെ തന്നെ ഭഗവാന്‍റെ നിത്യസാന്നിദ്ധ്യമായി ഗീത എന്നെന്നും ലോകത്തെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കും.
മക്കളേ ഗീത പഠിക്കുന്നത് കൃഷ്ണനാകാനാണ് , രാമായണം പഠിക്കുന്നത് രാമനാകാനാണ് .