ജ്ഞാനമില്ലാതെ എന്തു കര്‍മ്മം?

ജ്ഞാനമില്ലാതെ എന്തു കര്‍മ്മം ചെയ്താലും അതു നമ്മെത്തന്നെ നഷ്ടപ്പെടുന്നതിനു തുല്യമാണ്. ഡ്രൈവിങ്ങ് പഠിച്ചു വണ്ടിയോടിച്ചാല്‍ നമ്മള്‍ 98% ലക്ഷ്യത്തില്‍ തന്നെയെത്തും. പക്ഷെ, പഠിക്കാതെ വണ്ടിയോടിക്കാന്‍ ശ്രമിച്ചാല്‍, ആശുപത്രിയിലായിരിക്കും എത്തുന്നത്. ജ്ഞാനത്തോടുകൂടി കര്‍മ്മം ചെയ്യുക എന്നുള്ളത് ഭൂപടം നോക്കി സഞ്ചരിക്കുന്നതു പോലെയാണ്. ജ്ഞാനം ഇല്ലാത്ത കര്‍മ്മം നമ്മെ വഴിതെറ്റിക്കും. നമുക്ക് അത്യാവശ്യമായി വേണ്ടത് ആത്മവിശ്വാസമാണ്. നമ്മള്‍ ഇരുട്ടുപിടച്ച വഴിയിലൂടെ പോകുകയാണെങ്കില്‍ ഉള്ളില്‍ ഭയം തോന്നിയേക്കാം. എന്നാല്‍ നമ്മുടെ അടുത്ത് ഒരു പോലീസുകാരന്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ഭയം ഇല്ലാതെയാകും. ഇതേപോലെ ഈശ്വരസാന്നിദ്ധ്യം എപ്പോഴും നമുക്കൊപ്പമുണ്ട് എന്ന സത്യം മനസ്സിലുറച്ചാല്‍ പിന്നെ നമുക്ക് ധീരതയോടെ മുന്നോട്ട് നീങ്ങാന്‍ കഴിയും. ആ വിശ്വാസം ഒരു ഫില്‍റ്റര്‍ പോലെയാണ്. അത് നമ്മുടെ മനസ്സിന്റെ എല്ലാ ദുര്‍വികാരങ്ങളെയും നീക്കും.

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്