പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ നമ്മുടെ പൂര്വികന്മാര് കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയും. നമ്മുടെ പൂര്‍വികര്‍ക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതംതന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയില്‍ നിന്നും വേണ്ടത് മാത്രം എടുക്കുക. പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിത വ്രതമായിരുന്നു. പണ്ട് തേനീച്ചക്കൂടില്‍നിന്ന് തേനെടുക്കുന്നത് തേനീച്ചക്കൂട്ടില്‍ അന്പ് എയ്തിട്ടായിരുന്നു. ആ അന്പില്‍നിന്ന് ഇറ്റുവീഴുന്ന തേന്‍ ശേഖരിച്ച് വീട്ടില്‍ കൊണ്ടുപോകും. എന്നാല്‍ ഇന്നത്തെപ്പോലെ ആ തേനീച്ചക്കൂടിനെ ഒരിക്കലും അവര്‍ നശിപ്പിക്കില്ല. പണ്ടത്തെ ജനങ്ങള്‍ തന്റെ ആവശ്യത്തിനുവേണ്ടി (വിശപ്പ് ശമിക്കാന്‍ വേണ്ടി) എടുക്കുന്പോഴും അന്യജീവികളോട് കാരുണ്യം കാണിക്കാതിരുന്നില്ല.

എത്രമാത്രം സമയം ശ്രമിച്ചിട്ടാണ് തേനീച്ചകള്‍ കൂടുകെട്ടുന്നത്. ആ പ്രയത്നത്തോടുള്ള ആദരവാണ് അവര്‍ കാണിച്ചത്. അത്യാവശ്യമുള്ളത് മാത്രമേ നമുക്ക് പ്രകൃതിയില്‍നിന്ന് എടുക്കാന്‍ അവകാശമുള്ളൂ. കൂടുതല്‍ എടുക്കുന്നതും പാഴാക്കുത്തതും അധര്‍മ്മമാണ്. മക്കളെല്ലാം കൃഷിചെയ്ത് പച്ചക്കറിയും പഴങ്ങളും അമ്മയെ കാണിക്കാന്‍ കൊണ്ടുവരുമ്പോള്‍ അമ്മയ്ക്ക് അത് രത്നത്തെക്കാള്‍ മൂല്യമുള്ളതായി തോന്നാറുണ്ട്. ഒരു ചെടി നമ്മള് നട്ടുവളര്‍ത്തുമ്പോഴും അതിനെ ശുശ്രൂഷിക്കുമ്പോഴും നമുക്കു കിട്ടുന്ന ആനന്ദം അളവറ്റതാണ്. ആ സമയം പ്രകൃതിയോടു മുഴുവന്‍ നമുക്കൊരു ബന്ധം അനുഭവപ്പെടും. ആ ആനന്ദം ഒരിക്കല്‍ അനുഭവിച്ചവര്‍ പിന്നീട് ഒരിക്കലും കൃഷിയെ ഉപേക്ഷിക്കില്ല.

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

Download Amma App and stay connected to Amma