മനുഷ്യനിന്ന് സഞ്ചരിക്കുന്ന ദുരന്തം
മനുഷ്യനിന്ന് സഞ്ചരിക്കുന്ന ‘ദുരന്തങ്ങളായി’ മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ല. എങ്കില്‍പോലും അവ നടക്കുന്നതിന് മുന്‍പ് ചില മുന്നറിയിപ്പുകളും സൂചനകളും നല്‍കാനുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍, മനുഷ്യന് അവന്റെ മനസ്സിനുള്ളില്‍കൊണ്ടുനടക്കുന്ന ‘വന്‍ദുരന്തങ്ങള്‍’ കണ്ടെത്താനുള്ള ശ്രമമൊന്നും ശാസ്ത്രത്തിനിതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അഗോളതാപനം കാലാവസ്ഥാവ്യതിയാനം, മനുഷ്യന്റെയും ഭൂമിയുടെയും പ്രകൃതിയുടെയും ഭാവി, എന്നിവയെക്കുറിച്ചൊക്കെ പഠിക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സമ്മേളനങ്ങളും സംവാദങ്ങളും ഉന്നതല ചര്‍ച്ചകളും ലോകമെന്പാടും നടക്കുന്നുണ്ട്. പക്ഷെ, മനുഷ്യമനസ്സിന്റെ ‘താപനില’ അപകടകരമായ വിധത്തില്‍ ഉയരുന്നു. അവന്റെ ഉള്ളിലെ ‘കാലാവസ്ഥക്ക്’ ഗുരുതരമായ വ്യതിയാനം സംഭവിക്കുന്നു.

ഭയവും ആവലാതിയും
ജീവിതത്തിന്റെ പ്രധാന ഘടകംതന്നെ ഭയവും ആവലാതിയുമാണെന്നുള്ള അവസ്ഥയാണിന്ന്. എല്ലാവര്ക്കും ‘ടെന്‍ഷന്‍ഫ്രീ’ ജീവിതം വേണം. പക്ഷെ, മിക്കവരും ‘ഫ്രീ’ ആയിട്ട് ‘ടെന്‍ഷന്‍’ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. മാറ്റം പ്രകൃതി നിയമമാണ്. എന്നാല്‍, അനുഭവങ്ങളെ സുഖമുള്ളതും ദുഃഖമുള്ളതും ആക്കുന്നത് നമ്മള് തന്നെയാണ്. നമ്മുടെ മനസും മനോഭാവവും ആണ്. മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്തിടത്തോളം, ദുഃഖം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. എന്നാല്‍, മനസ് നമ്മുടെ നിയന്ത്രണത്തിലാകുമ്പോള്‍, ഒരു ദുരന്തത്തിനും, ചീത്ത അനുഭവത്തിനും നമ്മെ ദുഃഖിപ്പിക്കാനോ തളര്‍ത്താനോ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ കൃതജ്ഞതയാണ് സന്തോഷത്തിനാധാരം. മനസ്സില്‍ കൃതജ്ഞത നിറയുന്പോള്‍ സന്തോഷം താനേയുണ്ടാകും.
-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

Download Amma App and stay connected to Amma