ചോദ്യം: അങ്ങനെയാണെങ്കില്‍ പിന്നെ ശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ലല്ലോ?
അമ്മ: വേദാന്തം പഠിക്കുന്നതു നല്ലതാണു്. വളരെ വേഗം ഈശ്വരനിലേക്കെത്താനുള്ള മാര്‍ഗ്ഗം തെളിഞ്ഞു കിട്ടും. ഈശ്വരന് വളരെ അടുത്താണു്, തന്നില്‍ത്തന്നെയാണു്, എന്നു് അവര്‍ക്കറിയാന്‍ കഴിയും. എന്നാല്‍ ഇന്നു പലരും വേദാന്തം വെറും പറച്ചിലില്‍ മാത്രം ഒതുക്കുന്നു; അതവരുടെ പ്രവൃത്തികളില്‍ പ്രതിഫലിക്കുന്നില്ല. തലയില്‍ ചുമക്കാനുള്ള ഭാരമല്ല; മനസ്സിനു പരിശീലിക്കാനുള്ള തത്ത്വമാണു വേദാന്തം. ഇതറിയാത്തതുകൊണ്ടു പലരും അഹങ്കാരികളായി മാറുന്നു. വേദാന്തം ശരിയായി മനസ്സിലാക്കുംതോറും, ഒരുവനില്‍ വിനയം സ്വാഭാവികമായും വരും. താന്‍ ഈശ്വരസ്വരൂപം തന്നെയാണെന്നു് അറിയാന്‍ വേദാന്തം സഹായിക്കും, പക്ഷേ, അതു് അനുഭവത്തില്‍ വരുത്തണമെങ്കില്‍, വേദാന്തതത്ത്വങ്ങളനുസരിച്ചു ജീവിക്കുവാന്‍ നാം തയ്യാറാകണം.

ശര്‍ക്കര എന്നു് എഴുതി നക്കിയാല്‍ മധുരം നുകരുവാന്‍ കഴിയില്ല. മധുരം വേണമെങ്കില്‍ ശര്‍ക്കര നുണയുകതന്നെ വേണം. ബ്രഹ്മത്തെക്കുറിച്ചു വായിച്ചതുകൊണ്ടോ, പറഞ്ഞതുകൊണ്ടോ ബ്രഹ്മാനുഭവം നേടാന്‍ കഴിയില്ല. വായിച്ചതും പഠിച്ചതും പ്രവൃത്തിയില്‍ തെളിയണം. അപ്പോഴാണു് അറിവു് അനുഭവമാകുന്നതു്. ഉത്സാഹത്തിനു പ്രോത്സാഹനം ആവശ്യമാണു്. വേദാന്തം പഠിച്ചവരുടെ ജീവിതമാണു മറ്റുള്ളവര്‍ക്കു് ആ പാതയില്‍ നീങ്ങുവാന്‍ വേണ്ട പ്രചോദനം നല്കുന്നതു്. ചിലര്‍ ‘ഞാന്‍ ബ്രഹ്മം’ എന്നു പറഞ്ഞു വെറുതേ ഇരിക്കുന്നതു കാണാം. എങ്കില്‍ പിന്നെ ഈ ബ്രഹ്മം എന്തിനാണു ശരീരമെടുത്തതു്, അരൂപമായിട്ടിരുന്നാല്‍ മതിയായിരുന്നില്ലെ. നമുക്കു ശരീരം ലഭിച്ച സ്ഥിതിക്കു നമ്മള് ആ തത്ത്വം ജീവിച്ചു കാണിക്കണം. ഇതു മനസ്സിലാക്കിയവരില്‍ വിനയം സ്വാഭാവികമായും വരും.
അമ്മയുടെ ജീവിതം അമ്മ പറഞ്ഞു. മറ്റുള്ളവരും അതു് അതേ പടി സ്വീകരിക്കണമെന്നു് അമ്മ നിര്‍ബന്ധിക്കുന്നില്ല. നിങ്ങള്‍ നിങ്ങളുടെ അനുഭവംവച്ചു നീങ്ങുക. നിങ്ങള്‍ ആരെന്നറിയുക ഇതു മാത്രമേ അമ്മ പറയുന്നുള്ളൂ.

Download Amma App and stay connected to Amma