ചോദ്യം : നമ്മളില്‍ ആ നിഷ്കളങ്കതയില്ലല്ലോ അമ്മേ. ആ കുഞ്ഞുഹൃദയം നമുക്കു നഷ്ടമായിപ്പോയല്ലോ?

അമ്മ: ഇല്ല. ആ നിഷ്കളങ്കത നമുക്കു തീര്‍ത്തും നഷ്ടമായിപ്പോയി എന്നു പറഞ്ഞുകൂടാ. ഒരു കൊച്ചുകുഞ്ഞുമായി കളിക്കുമ്പോള്‍ നമ്മളും ഒരു കുഞ്ഞിനെപ്പോലെ ആകാറില്ലേ? ഒരു ഉരുള ഉരുട്ടി കുഞ്ഞിന്റെ വായില്‍ വച്ചുകൊടുക്കുമ്പോള്‍ കുഞ്ഞിനെപ്പോലെ നമ്മളും വായ തുറന്നു കാട്ടാറില്ലേ? കുട്ടികളുടെകൂടെ കളിക്കുമ്പോള്‍ നമ്മള് എല്ലാം മറന്നു് അവരെപ്പോലെയാകുന്നു. അവരെപ്പോലെ നമ്മളും സന്തോഷിക്കുന്നു. സ്വാര്‍ത്ഥത നമ്മള് മറക്കുന്നു.
കുഞ്ഞുങ്ങളുടെ നിഷ്കളങ്കഹൃദയവുമായി താദാത്മ്യം പ്രാപിക്കുന്നതുകൊണ്ടാണിതു്. എന്നാല്‍ ഇന്നു നമ്മളില്‍ ഹൃദയമല്ല, ബുദ്ധിയാണു മുന്നിട്ടു നില്ക്കുന്നതു്. മക്കള്‍ ഹൃദയത്തെ പുല്കണം. പഞ്ചസാരയും മണലും ചേര്‍ന്നു കിടന്നാല്‍ ഉറുമ്പു വന്നു പഞ്ചസാര നുണയും. ആ മാധുര്യം ആസ്വദിക്കും. ബുദ്ധിജീവിയായ മനുഷ്യനു് അതു കഴിയില്ല. ബുദ്ധി കൊണ്ടു് എല്ലാം ചികഞ്ഞുനോക്കും. എന്നാല്‍ മാധുര്യം നുകരണമെങ്കില്‍ ഹൃദയം വേണം.

Download Amma App and stay connected to Amma