ചോദ്യം: യുദ്ധത്തില്‍ പല സമയത്തും ഭഗവാന് സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചില്ലേ?
അമ്മ: വാസ്തവത്തില്‍ നമ്മുടെ കൊച്ചു ബുദ്ധികൊണ്ടു് അവിടുത്തെ ചെയ്തികള്‍ അറിയുവാനോ, അതു് ഉള്‍ക്കൊള്ളുവാനോ കഴിയില്ല എന്നതാണു സത്യം. അവിടുത്തെ ഓരോ ചലനവും ധര്‍മ്മത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ളതായിരുന്നു. മഹാത്മാക്കളുടെ പ്രവൃത്തികളെ നമ്മുടെ സാധാരണതലംവച്ചു മനസ്സിലാക്കുക സാദ്ധ്യമല്ല. വളരെ സൂക്ഷ്മമായി ചിന്തിച്ചാല്‍ മാത്രമേ, ഹൃദയശുദ്ധി ഉണ്ടെങ്കില്മാത്രമേ, മഹാത്മാക്കളുടെ ചെയ്തികളുടെ തരിമ്പെങ്കിലും പിടികിട്ടുകയുള്ളൂ.
അഹംബോധം പൂര്‍ണ്ണമായും നഷ്ടമായവരാണു മഹാത്മാക്കള്‍. അവര്‍ പറവകളെപ്പോലെയാണു്. ആകാശത്തുകൂടി പറക്കുന്ന പറവയ്ക്കു റോഡിലെ നിയമങ്ങള്‍ ബാധകമല്ല. നിയമങ്ങള്‍ അഹംബോധത്തില്‍ കഴിയുന്ന നമുക്കാണു് ആവശ്യം.
ഓരോ സന്ദര്‍ഭത്തില്‍, അതതു സാഹചര്യം അനുസരിച്ചാണു് അവിടുന്നു പ്രവര്‍ത്തിച്ചതു്. അവിടുത്തേക്കു് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ധര്‍മ്മസംസ്ഥാപനം. വ്യക്തിക്കു സ്ഥാനം നല്കുമ്പോള്തന്നെ ഒരു സമൂഹവുമായി ബന്ധപ്പെടേണ്ടി വരുന്ന സമയത്തു്, സമൂഹത്തിനാണു് അവിടുന്നു പ്രാധാന്യം കൊടുത്തതു്. ഗീതയിലെ ശ്രീകൃഷ്ണനെ നോക്കുക. ആത്മോപദേശകനായ അവിടുന്നു തനിക്കു വേണ്ടിയല്ല യുദ്ധത്തില്‍പങ്കെടുത്തതു്.

Download Amma App and stay connected to Amma