ചോദ്യം : ധര്‍മ്മം നിലനിര്‍ത്താനാണെങ്കില്‍ക്കൂടി ഹിംസയുടെ മാര്‍ഗ്ഗം സ്വീകരിക്കുന്നതു ശരിയാണോ?
അമ്മ: ഒരു കര്‍മ്മം ഹിംസയോ അഹിംസയോ എന്നു തീരുമാനിക്കേണ്ടതു്, ചെയ്യുന്ന പ്രവൃത്തി നോക്കിയല്ല; അതിന്റെ പിന്നിലെ മനോഭാവമാണു മുഖ്യം.
ഒരു വീട്ടില്‍ജോലിക്കു നില്ക്കുന്ന പെണ്‍കുട്ടിക്കു വീട്ടമ്മ വളരെയധികം ജോലി നല്കി. തന്നെ ഏല്പിച്ച താങ്ങാവുന്നതിലധികം ജോലി എത്രകണ്ടു ശ്രമിച്ചിട്ടും സമയത്തിനു ചെയ്തു തീര്‍ക്കാനാവാതെ, കേള്‍ക്കേണ്ടിവന്ന വഴക്കോര്‍ത്തു് ആ കുട്ടി നിന്നു കരയുകയാണു്. അതിന്റെ ദുഃഖം കാണുവാനോ കേള്‍ക്കുവാനോ അവിടെ ആരുമില്ല. അതേ വീട്ടമ്മതന്നെ സ്‌കൂളില്‍പഠിക്കുന്ന തന്റെ കുട്ടി പാഠം വായിക്കാതെ കളിച്ചു നടക്കുന്നതിനു് അടിച്ചു. ആ കുട്ടി മുറിയുടെ മൂലയില്‍ഇരുന്നു കരയുന്നു. ഇവിടെ രണ്ടു കുട്ടികളും കരയുന്നുണ്ടു്. ആ വീട്ടമ്മ, സ്വന്തം കുട്ടിയെ വടി കൊണ്ടടിച്ചതിനു ഹിംസയെന്നു പറയുവാന്‍കഴിയില്ല. കാരണം, തന്റെ മകളുടെ ഭാവി നന്നാകണം എന്ന സദുദ്ദേശത്തോടെയാണു് അടിച്ചതു്. അതു ഹിംസയല്ല; സ്വപുത്രിയോടുള്ള സ്‌നേഹത്തിന്റെ ഒരു രൂപം മാത്രമാണതു്. പഠിക്കുന്നതിനു വേണ്ടി അദ്ധ്യാപകന്‍കുട്ടികളെ ശിക്ഷിക്കുന്നതിനെ, ആരും ഹിംസയെന്നു വിളിക്കില്ല. ജോലിക്കാരിയെ അടിച്ചില്ല എങ്കില്‍പ്പോലും ആ കുഞ്ഞിനോടു കാട്ടിയതു് ക്രൂരതയാണു്, ഹിംസതന്നെയാണു്. സ്വന്തം കുട്ടിയോടു് അങ്ങനെ പെരുമാറുവാന്‍ഒരമ്മയ്ക്കു കഴിയുമോ? ഇവിടെ അവര്‍ചെയ്ത രണ്ടു പ്രവൃത്തികളുടെയും പിന്നിലുള്ള മനോഭാവമാണു ശ്രദ്ധിക്കേണ്ടതു്.
മാരകരോഗം പിടിപെട്ട ഒരു രോഗി ഓപ്പറേഷനിടയില്‍മരിച്ചു. എന്നിട്ടും അവസാന നിമിഷംവരെ ആ ജീവന്‍രക്ഷിക്കാന്‍കഠിനാദ്ധ്വാനം ചെയ്ത ആ ഡോക്ടറെ എല്ലാവരും പുകഴ്ത്തി. ഒരു കള്ളന്‍ഓപ്പറേഷനു് ഉപയോഗിക്കുന്ന കത്തികൊണ്ടു മോഷണത്തിനു തടസ്സംനിന്ന വാച്ചുമാനെ കുത്തി. അതു കൊലപാതകമായി, കേസായി. ഡോക്ടറുടെ പ്രവൃത്തി അഹിംസയാണെങ്കില്‍ കള്ളന്‍ ചെയ്തതു ഹിംസയാണു്. കേസില്‍ ജഡ്ജി കള്ളനെ തൂക്കികൊല്ലാനും വിധിച്ചു. ജഡ്ജിയുടെ വിധിന്യായം ഹിംസയാണെന്നു് പറയാന്‍പറ്റുമോ? അദ്ദേഹം തന്റെ കടമ നിര്‍വ്വഹിക്കുക മാത്രമേ ചെയ്തുള്ളൂ. കൊലപാതകം, മോഷണം തുടങ്ങിയ ദ്രോഹപ്രവൃത്തികളില്‍നിന്നും സമൂഹത്തെ രക്ഷിക്കുവാന്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ അതാവശ്യമാണു്.
ചെയ്യുന്ന പ്രവൃത്തികളുടെ പിന്നിലെ മനോഭാവമാണു് ഒരു കര്‍മ്മത്തെ ഹിംസയും അഹിംസയുമാക്കി മാറ്റുന്നതു്. വയറു നിറച്ചു ഭക്ഷണം കഴിക്കുവാനുള്ളപ്പോള്‍, സ്വാദു കൂട്ടുവാന്‍, കറിവയ്ക്കുന്നതിനു വളര്‍ത്തുന്ന കോഴിയെ കൊല്ലുന്നതു ഹിംസയാണു്. അനാവശ്യമായി ഒരു ചെടിയിലെ പൂവു് ഇറുക്കുന്നതു പോലും ഹിംസയാണെന്നു പറയാം. സ്വാര്‍ത്ഥതയ്ക്കുവേണ്ടി, സ്വന്തം സുഖസൗകര്യങ്ങള്‍വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി, ഏതൊരു ജീവിയോടു ചെയ്യുന്ന ദ്രോഹവും ഹിംസയാണു്. എന്നാല്‍, സമൂഹത്തിന്റെ ശ്രേയസ്സിനുവേണ്ടി ഒരു വ്യക്തിയെ വേദനിപ്പിക്കേണ്ടതായി വന്നാല്‍ക്കൂടി, അതിനെ ഹിംസയുടെ കൂട്ടത്തില്‍പ്പെടുത്തുവാന്‍ കഴിയില്ല. മഹാഭാരതയുദ്ധത്തെ ധര്‍മ്മയുദ്ധമായി കരുതുന്നതു് അതുകൊണ്ടാണു്.