മുന്‍ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍കലാമിന്റെ വിയോഗ വേളയിൽ അമ്മയുടെ അനുസ്മരണം
****
നന്മയുടെ പ്രതീകം അതായിരുന്നു ഡോക്ടര്‍ അബ്ദുള്‍കലാം മോന്. ഋഷിതുല്യമായ ഉള്‍കാഴ്ചയോടെ ചുറ്റുമുള്ള ലോകത്തെ നോക്കികണ്ട മഹാനായിരുന്നു അദ്ദേഹം. ശ്രേഷ്ഠനായ ഒരു ശാസ്ത്രജ്ഞനും മനുഷ്യ സ്നേഹിയും ദീര്‍ഘദര്‍ശിയുമായിരുന്നു അദ്ദേഹം. സ്വന്തം ശാസ്ത്രപ്രതിഭയെ അദ്ദേഹം മനുഷ്യസ്നേഹവുമായി ഇണക്കി ചേര്‍ത്തു. മഹത്തായ സ്വപ്നങ്ങള്‍ കാണാനും ആത്മവിശ്വാസത്തോടെ അവയെ സാക്ഷാത്കരിക്കാനും അദ്ദേഹം യുവതലമുറയെ പഠിപ്പിച്ചു. ഭരണാധികാരിയും ജനതയും തമ്മിലുള്ള വിടവ് അദ്ദേഹം ഇല്ലാതാക്കി. അനവധി പ്രാവശ്യം കലാംമോനെ കണ്ടിട്ടുണ്ട്. നീണ്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

അദ്ദേഹം വള്ളിക്കാവ് കോളേജില്‍ പ്രസംഗിക്കാന്‍ വന്നപ്പോഴാണ് ആദ്യമായി ആശ്രമത്തില്‍ വരുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹം എന്താണെന്ന് തിരക്കിയപ്പോള്‍ ”ഒരു ലക്ഷം ചെറുപ്പക്കാരോടെങ്കിലും നേരിട്ട് സംസാരിക്കണം. ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് അവരുടെ സ്വപ്നങ്ങളാണെന്ന് സന്ദേശം നല്‍കണം. അതാണെന്റെ ആഗ്രഹം” എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ അമ്മ അമൃതവര്‍ഷത്തിലെ ഒരു ദിവസം ചെറുപ്പക്കാരായ കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രോഗ്രാം വയ്ക്കുകയും ചെയ്തു. കുറേ കുട്ടികള്‍ക്ക് പ്രചോദനം നല്കാന് കഴിഞ്ഞു.
ചെല്ലുന്നിടത്തെല്ലാം അദ്ദേഹം വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും യുവസമൂഹത്തിന്റെയും ആത്മവീര്യത്തെ തട്ടിയുണര്‍ത്തി. നിസ്വാര്‍ത്ഥമായ നമ്മുടെ ഏതാഗ്രഹവും പരമാത്മാവിന്റെ കൃപയാല്‍ സാക്ഷാത്കരിക്കുകതന്നെ ചെയ്യും എന്നതാണ് ഇത് തെളിയിക്കുന്നത്. ഒരു കവിയുടെ ഹൃദയവും ആര്‍ദ്രതയും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞന് ഒരു കൊച്ചു കുഞ്ഞിന്റെ കണ്ണുകളില്‍ വിരിയുന്ന അത്ഭുതത്തോടും നിഷ്കളങ്കതയോടുമാണ് പ്രപഞ്ചത്തെ നോക്കി കാണുന്നത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഇതു ശരിയായിരുന്നു. അറിവിന്റെ മുമ്പില്‍ എന്നും അദ്ദേഹം ഒരു കുഞ്ഞിനെ പോലെ എളിയവനും തുടക്കകാരനുമായിരുന്നു. ഒരു പക്ഷേ ഇതാണ് മറ്റെല്ലാവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
പ്രസിഡന്റായിരുന്നപ്പോള്‍ ഇവിടെ വരുകയും രാഷ്ട്രപതിഭവനിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടുള്ള പൂന്തോട്ടത്തില്‍ വളരെ നേരം അമ്മയോടൊപ്പം നടന്ന്, ഓരോ ചെടിയുടെയും പൂവിന്റെയും ഇതളിന്റെയും കഥ ഒരു കുഞ്ഞിനെപ്പോലെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഭാരതത്തെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ പങ്കുവച്ചു. കഞ്ഞുങ്ങളെക്കുറിച്ചും യുവതലമുറയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ആശങ്കകള്‍ പറഞ്ഞു. അവര്‍ക്കെങ്ങനെ പ്രചോദനം നല്‍കാം, നേര്‍വഴിക്ക് നയിക്കാം എന്ന കാര്യങ്ങള്‍ സംസാരിക്കുകയും അതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു.
നന്മയുടെ മാത്രം നറുമണമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശരീരം നമ്മെ വിട്ടുപോയി. ഭാരതത്തിന്റെ മുന്‍പ്രസിഡന്റ് എന്ന നിലയില്‍ ചരിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ആ വ്യക്തിത്വം. അദ്ദേഹത്തിന്റെ ഉത്കൃഷ്ടമായ ചിന്തകളും പരിശുദ്ധമായ അദ്ദേഹത്തിന്റെ ജീവിതവും എന്നും പരിമണം പകര്‍ന്ന് നമ്മോടെപ്പം ഉണ്ടാകും.
30-7-2015

 Download Amma App and stay connected to Amma
Download Amma App and stay connected to Amma