United Nations Academic Impact – START/Amrita University
Conference on Technology for Sustainable Development

മുഖ്യ പ്രഭാഷണം, ശ്രീ മാതാ അമൃതാനന്ദമയീ ദേവി,
അമൃത സര്‍വ്വകലാശാല ചാന്‍സിലര്‍
യു എന്‍, ന്യൂയോര്‍ക്ക്, ജൂലായ് 8, 2015

ഇവിടെ കൂടിയിരിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും നമസ്‌കാരം. ഇങ്ങനെയൊരവസരം ഒരുക്കിയ യൂ.എന്‍ – യൂ.എന്‍.ഏ.ഐ എന്നീ സംഘനകളോടും ഈ കൂട്ടായ്മക്ക് പിറകില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്മാരോടും എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിച്ചുകൊള്ളട്ടെ.

അടിസ്ഥാനപരമായി, ആദ്ധ്യാത്മിക ചിന്തയും പ്രവൃത്തിയും ജീവിതവ്രതമാക്കിയൊരു വ്യക്തിയാണ് ഞാന്‍. ‘അങ്ങനെയൊരാള്‍ക്ക് ഇവിടെയെന്തു് കാര്യം’ എന്ന് ഇവിടെയിരിക്കുന്ന കുറച്ചെങ്കിലും പേര്‍ക്ക് സംശയം തോന്നിയാല്‍ അതില്‍ അതിശയിക്കാനില്ല. ഒരുപക്ഷെ ഞാന്‍ മുറുകെ പിടിച്ചിരിക്കുന്ന വിശ്വാസപ്രമാണങ്ങള്‍ തന്നെയായിരിക്കാം എന്നെ നിങ്ങളുടെ മുന്‍പില്‍ കൊണ്ടുനിര്‍ത്തിയത്. ആത്മീയതത്വങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ജീവിക്കുമ്പോഴും ലോകത്തിന്റെ ഭാവി, പ്രകൃതിയുടെ സുരക്ഷ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അതിന്റെ താളാത്മകത ഇവയെ കുറിച്ചൊക്കെ ഞാന്‍ ആഴത്തില്‍ ചിന്തിക്കാറുണ്ട്. അങ്ങനെ ചിന്തിക്കുന്തോറും പ്രപഞ്ചത്തിന്റെ സന്തുലിതമായ നിലനില്പിന് സയന്‍സിന്റെയും സങ്കേതികവിദ്യയുടെയും ആദ്ധ്യാത്മികതയുടെയും ഒത്തുചേരല്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നു എന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ഈ കാലഘട്ടവും നമുക്ക് ചുറ്റിനും നടക്കുന്ന സംഭവങ്ങളും അത് ആവശ്യപ്പെടുന്നു.

സയന്‍സും സങ്കേതികവിദ്യയും മനുഷ്യന്റെ നിയന്ത്രണത്തിലൊതുങ്ങാത്ത വിധത്തില്‍ കുതിച്ചുവളരുകയാണ്. ഈ പോക്ക് എങ്ങോട്ടാണെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ചുറ്റിനും നോക്കുമ്പോള്‍, ഓരോ പുതിയതരം വസ്തുക്കള്‍ നിര്‍മ്മിക്കുന്നവരും അത് വിപണിയിലെത്തിക്കുന്നവരും, ഉപഭോക്താക്കളും എല്ലാം ഒരുതരം വിഭ്രാന്തിയില്‍ അകപ്പെട്ടിരിക്കുന്ന പോലെയാണ് തോന്നുന്നത്. വലിയൊരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു കൊച്ചുകുട്ടി കയറിയാല്‍ എന്തായിരിക്കും സംഭവിക്കുക? ഇന്നത്തെ ലോകത്തില്‍ മനുഷ്യന്റെ അവസ്ഥയും ഏതാണ്ടിതുപോലെ ആയിരിക്കുകയാണ്.

ഇന്ന് തിന്നാനും കുടിക്കാനും കേള്‍ക്കാനും കാണാനുമുള്ള സകല സാധനങ്ങളും വീട്ടിലിരുന്ന് ഓഡര്‍ ചെയ്താല്‍ മിനിട്ടുകള്‍ക്കുള്ളില്‍ നമ്മള്‍ ഇരിക്കുന്നിടത്ത് എത്തിച്ച് തരും. പുതിയതും പഴയതും ഉപയോഗിച്ചതുമായ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകണ്ട. എങ്ങും തിരഞ്ഞ് നടക്കുകയോ വേണ്ട. എന്തിനും ഏതിനും വെബ്‌സൈറ്റുകള്‍. ഇന്റര്‍നെറ്റ് വിപ്ലവം സൃഷ്ടിക്കുകയാണ്. വളരെ നല്ല കാര്യം. വിരല്‍ത്തുമ്പൊന്നമര്‍ത്തിയാല്‍ എന്തും വാങ്ങാം. ഒന്നൊഴിച്ച്… സ്‌നേഹം.

എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍ കെട്ടിയിട്ട്, അതില്‍ കിടന്ന് ഉറക്കം കിട്ടാതെ ഉറക്ക ഗുളിക കഴിക്കുന്നവരുണ്ട്, അതില്‍ കിടന്ന് ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. മുറിയാണ് ആനന്ദം കൊടുത്തിരുന്നതെങ്കില്‍ ഇങ്ങനെ ഉണ്ടാകേണ്ട കാര്യമില്ല. അപ്പോള്‍, ആനന്ദം മനസ്സിനെയും കൂടി ആശ്രയിച്ചിരിക്കുന്നു. മനസ്സിനെ എയര്‍ കണ്ടീഷന്‍ ചെയ്യുന്ന തത്ത്വമാണ് ആദ്ധ്യാത്മികത.

ഇന്ന്, നമ്മള്‍ എവിടെ ചെന്നാലും ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടിയില്ലെങ്കില്‍ വെപ്രാളമാണ്. പക്ഷെ, ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രം പോര, ‘ഇന്നര്‍നെറ്റി’ലേയ്ക്കുള്ള കണക്ഷനും ശരിയാക്കണം. അകവും പുറവും ഒരു പോലെ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നതാണ് ആദ്ധ്യാത്മികത.

മനുഷ്യസമൂഹത്തിനെന്താണ് സംഭവിക്കുന്നത്? ജീവിതത്തിന്റെ അതിവേഗതയിലും തിരക്കിലും പെട്ട് അവന്‍ മൂല്യങ്ങളെ പാടെ വിസ്മരിക്കുന്നു, അല്ലെങ്കില്‍ തീരെ ലഘൂകരിച്ച് കാണുന്നു. വ്യക്തിതലം മുതല്‍ അങ്ങേയറ്റം വരെയുള്ളവര്‍ ഒറ്റയായും കൂട്ടമായും ചെയ്തു കൂട്ടുന്ന അധര്‍മ്മത്തിനും അക്രമങ്ങള്‍ക്കുമെല്ലാം നാം ഓരോ ന്യായങ്ങള്‍ കണ്ടെത്തി അത് സമൂഹ മനസ്സില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നു.

പ്രാചീനകാലം മുതല്‍ക്കേ ലോകത്തില്‍ യുദ്ധവും സംഘര്‍ഷവും വര്‍ണ്ണവര്‍ഗ്ഗവ്യത്യാസങ്ങളും സാമുദായികവും കുടുംബപരവുമായ കലഹങ്ങളും ഒക്കെ നിലനിന്നിരുന്നു. പക്ഷെ, നമ്മുടെ പൂര്‍വ്വികന്മാര്‍ക്ക് ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് വ്യത്യസ്ഥമായിരുന്നു. വ്യക്തിയുടെയും പ്രപഞ്ചത്തിന്റെയും ബാഹ്യമായ നിലനില്പു മാത്രം കണക്കിലെടുത്തുകൊണ്ടുള്ള ഒരു ജീവിത വീക്ഷണമല്ലായിരുന്നു നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായിരുന്നത്. വ്യക്തിക്കും പ്രപഞ്ചത്തിനും ആധാരമായി നില്ക്കുന്ന അദൃശ്യമായ ശക്തിയേയും അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ ജീവിതം. ആ ശക്തിയെ ജീവിതത്തിന്റെ പ്രധാന അംശമായി അവര്‍ കണ്ടു. പലരൂപത്തിലും വര്‍ണ്ണത്തിലും കാണപ്പെടുന്നെങ്കിലും മനുഷ്യസമൂഹവും പ്രകൃതിയും സകല ജീവജാലങ്ങളും ഒരുചരടില്‍ കോര്‍ത്തിണക്കിയ മുത്തുമാലപോലെയാണെന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ടാണ് ‘പങ്കുചേരലിനും പങ്കുവെയ്ക്കലിനും പരിഗണിക്കലിനും കരുതലിനും’ അവര്‍ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കിയത്. ഇന്ന് ആ സംസ്‌കാരത്തെ നമ്മള്‍ ‘അപ്രായോഗികം പ്രാകൃതം’ എന്നൊക്കെ മുദ്രകുത്തി പിന്‍തള്ളി.

മനുഷ്യജീവിതത്തിന്റെ ഏതൊരു മേഖല എടുത്ത് നോക്കിയാലും ധാരാളിത്വത്തിന്റെ നടുവില്‍ തീതിന്ന് ജീവിക്കുന്നവരെയാണ് നമുക്ക് കൂടുതല്‍ കാണാന്‍ കഴിയുന്നത്. അതിമോഹം മനുഷ്യനെ അന്ധനാക്കിയിരിക്കുന്നു. അതിന്റെ ഫലമായി മനുഷ്യത്വഹീനമായ പ്രവൃത്തികള്‍ വര്‍ദ്ധിച്ച് വരുന്നു. മനഃക്ലേശവും മാനസിക പരിമുറക്കവും മനുഷ്യനെ ഇതുവരെയില്ലാത്ത എല്ലാ പുതിയതരം രോഗങ്ങള്‍ക്കും അടിമയാക്കുന്നു.

ഏത് വഴിക്ക് സഞ്ചരിക്കണം എന്നറിയാതെ ഒരു നാല്‍ക്കവലയില്‍ പകച്ച് നില്‍ക്കുന്ന വ്യക്തിയെ പോലെ ആയിരിക്കുന്നു മാനവരാശി. ഇതുവരെയും സയന്‍സിനേയും സങ്കേതിക വിദ്യയേയും മാത്രം ആശ്രയിച്ചാണ് മനുഷ്യര്‍ ജീവിച്ചത്. എന്നാല്‍, ഇന്നത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ആത്മീയചിന്ത കൂടി ഒപ്പം ചേര്‍ത്ത് പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നുന്നത്.

ഇടക്കിടെയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍, ഭീതിയുളവാക്കുന്ന വിധത്തില്‍, കാലവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഭൂമിയിലും പ്രകൃതിയിലും വരുന്ന മാറ്റങ്ങള്‍, ഇവയൊക്കെ മനുഷ്യന്റെ പ്രയത്‌നം കൊണ്ട് മാത്രം തടുത്ത് നിര്‍ത്താന്‍ കഴിയുമോ എന്ന് മനസ്സിരുത്തി ചിന്തിക്കേണ്ടതാണ്.

നമ്മുടെ പൂര്‍വ്വികര്‍ പ്രകൃതിയുമായി ഇണങ്ങിചേര്‍ന്നാണ് ജീവിച്ചിരുന്നത്. അവര്‍ വൃക്ഷം വെട്ടുന്നതിനും നല്ല ദിവസം നോക്കും. നടുന്നതിനും നല്ല ദിവസം നോക്കും. ഒരു വൃക്ഷം വെട്ടുന്നതിന് മുമ്പ്, ആദ്യം പൂജ ചെയ്ത് അനുവാദം ചോദിക്കും. പിന്നെ, ”എന്റെ ആവശ്യത്തിനു വേണ്ടി നിങ്ങളെ വെട്ടുകയാണ്, തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണേ.” എന്നിങ്ങനെ മാപ്പു ചോദിക്കും. എന്നിട്ടേ വെട്ടുകയുള്ളൂ. എന്നാല്‍ ഇന്ന് ഒരു നന്ദിയും നിയന്ത്രണവുമില്ലാത്ത രീതിയില്‍ പ്രകൃതിയേയും നിയന്ത്രണമില്ലാതെ വൃക്ഷങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

എന്റെ ചെറുപ്പകാലത്ത് ഏതാണ്ടൊരു അമ്പതു വര്‍ഷത്തിനുമുമ്പേ കയ്യോ കാലോ മുറിഞ്ഞാല്‍, അണുബാധ ഏല്ക്കാതിരിക്കാന്‍ മുറിവില്‍ പശുവിന്റെ ചാണകം പുരട്ടുമായിരുന്നു. മുറിവു പെട്ടെന്ന് ഉണങ്ങും. എന്നാല്‍ ഇന്ന് മുറിവില്‍ ആ ചാണകം തട്ടിയാല്‍ സെപ്റ്റിക്കാകും. ഒരു പക്ഷേ ഇന്‍ഞ്ചക്ഷന്‍ എടുത്തില്ലെങ്കില്‍ മരിച്ചു പോകാന്‍ തന്നെ സാധ്യതയുണ്ട്. അന്ന് ഔഷധമായിരുന്നത് ഇന്ന് വിഷമായിരിക്കുന്നു.

ഈ പ്രപഞ്ചത്തിന് ഒരു താളമുണ്ട്; ഈ വിശ്വത്തിനും ഇതിലെ സകലജീവിരാശികള്‍ക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു ‘നെറ്റ്‌വര്‍ക്ക്’ പോലെയാണീ പ്രപഞ്ചം. നാലുപേര് പിടിച്ചു നില്‍ക്കുന്ന ഒരു വലയുടെ ഒരു കോണില്‍ ചെറിയൊരു ചലനമുണ്ടായാല്‍ അതിന്റെ തരംഗങ്ങള്‍ വലയുടെ എല്ലാ ഭാഗങ്ങളിലും പ്രതിഫലിക്കും. അതുപോലെ നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഒറ്റയായോ കൂട്ടമായോ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ഈ പ്രപഞ്ചമായ വലയുടെ എല്ലാ കോ ണുകളിലും പ്രതിഫലിക്കും.

അവരു മാറിയിട്ട് നമ്മള്‍ മാറാം എന്നു കരുതിയാല്‍ നടക്കില്ല. അവരു മാറിയില്ലെങ്കിലും നമ്മള്‍ മാറിയാല്‍ ഒരു മാറ്റം കൊണ്ടു വരാം. നമുക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് നോക്കണം. അതുകൊണ്ടു അമ്മയ്ക്ക് ഒരു അപേക്ഷ എല്ലാവരോടുമുണ്ട്, നമ്മള്‍ ‘മദേര്‍സ് ഡേയും ഫാദേര്‍സ് ഡേയും” ഗംഭീരമായി ആഘോഷിക്കുന്നത് പോലെ പ്രകൃതിയെ ആദരിക്കാനും ആരാധിക്കാനും ഒരു ദിവസം ഉണ്ടാകണം. നമ്മള്‍ എല്ലാം എടുത്ത് നശിപ്പിച്ച് പോകുകയാണ്, പകരം ഭൂമിക്ക് ഒരു വീടെന്നു വച്ച്, പുതുവര്‍ഷത്തില്‍ ഒരു വൃക്ഷം നടും എന്ന ഒരു പ്രതിജ്ഞ എല്ലാവരും എടുക്കുന്നതു നല്ലതായിരിക്കും എന്നെനിക്ക് തോന്നുകയാണ്.

ഇന്ന് ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് സ്ഥാനമില്ലാതായിരിക്കുന്നു. അത് അപ്രായോഗികവും ആവശ്യമില്ലാത്തതുമാണെന്നാണ് പൊതുവെയുള്ള ധാരണ. മനുഷ്യനും പ്രകൃതിയും ഒന്നിച്ചു നീങ്ങുമ്പോഴാണ് ലോകത്തിനും പ്രപഞ്ചത്തിനും താളാത്മകത ഉണ്ടാകുന്നത്. ഇന്ന് മനുഷ്യന്‍ അവന്റെ കണ്ടുപിടുത്തത്തിനു മാത്രമാണ് മുന്‍തൂക്കം കൊടുക്കുന്നത്. ഏതൊരു എഞ്ചിനും അതു തുരുമ്പെടുക്കാതെ സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഓയില്‍ ഇടണം. അതുപോലെ ജീവിതത്തെ സുഖകരമായി മുന്നോട്ടു നയിക്കുന്ന ഓയില്‍ മൂല്യങ്ങളാണ്. ആദ്ധ്യാത്മികതയില്‍ കൂടി മാത്രമേ അതു ലഭിക്കുകയുള്ളൂ എന്നാണ് അമ്മയ്ക്ക് തോന്നുന്നത്.

രണ്ടു തരത്തിലുള്ള വിദ്യാഭ്യാസം ഉണ്ട്. ഒന്ന് ജീവിക്കാനുള്ള വിദ്യാഭ്യാസവും രണ്ട് ജീവിതത്തിനുള്ള വിദ്യാഭ്യാസവും. ജീവിക്കാനുള്ള വിദ്യാഭ്യാസം എന്നാല്‍ വയറ്റുപ്പിഴപ്പിന് വേണ്ടി നമുക്ക് പഠിക്കണം എന്നുള്ളതാണ്. ജീവിതത്തിനുള്ള വിദ്യാഭ്യാസമെന്നാല്‍ ലോകത്തിന്റെ സ്വഭാവവും, മനസ്സിന്റെ സ്വഭാവങ്ങളും വികാരങ്ങളെയും പറ്റി പഠിക്കുന്നതാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം യന്ത്രങ്ങളുടെ ഭാഷ മാത്രം മനസ്സിലാക്കുന്ന ഒരു വിഭാഗം ജനങ്ങളെ സൃഷ്ടിക്കുക അല്ല. വിദ്യാഭ്യാസം കൊണ്ട് പ്രധാനമായും നേടേണ്ടത് സംസ്‌കാരമാണ്. പരിഷ്‌ക്കാരികളാകുവാന്‍ വിദ്യാഭ്യാസം വേണമെന്നില്ല.

നീന്തുപഠിച്ചവന്‍ സമുദ്രത്തില്‍ തിരയെ ആസ്വദിക്കുന്നു, അല്ലാത്തവന്‍ തളര്‍ന്നു വീഴുന്നു. ഇതുപോലെയാണ് ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിക്കുന്നത്. വരുന്നതിനെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു മനോഭാവം നമ്മളില്‍ ഉണ്ടാക്കിയെടുക്കുന്നതാണ് ആദ്ധ്യാത്മികത. ആദ്ധ്യാത്മികത ഒരു സയന്‍സാണ്, അവഗണിക്കാന്‍ കഴിയാത്ത അറിവിന്റെ ഒരു ശാഖയാണ്. ശാസ്ത്രലോകം ബാഹ്യമായ അന്വേഷണങ്ങളിലൂടെ കണ്ടെത്തിക്കൊണ്ടിരിക്കുന്ന പ്രപഞ്ചരഹസ്യങ്ങള്‍ കഠിനമായ ആത്മാന്വേഷണത്തിന്റെ മാര്‍ഗ്ഗങ്ങളിലൂടെ കണ്ടെത്തിയവരുടെ വാക്കുകളും അനുഭവങ്ങളുമാണ് ആത്മീയഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നത്.

ഗണിതശാസ്ത്രവും ഊര്‍ജ്ജതന്ത്രവും യുക്തിചിന്തയും കൊണ്ട് മാത്രം മാറ്റുരച്ച് നോക്കിയാല്‍ അതിന്റെ തനിമ നമുക്ക് ഗ്രഹിക്കാന്‍ സാധിക്കില്ല. ഒരു കൊച്ചുകുഞ്ഞിന്റെ മനസ്സിലും കണ്ണിലും വിരിയുന്ന വിസ്മയത്തിന്റെയും വിശ്വാസത്തിന്റെയും കണ്ണിലൂടെ മാത്രമേ അതിനെ സമീപിക്കാന്‍ കഴിയൂ. പ്രഗത്ഭന്മാരും പ്രശസ്തന്മാരുമായ ശാസ്ത്രജ്ഞന്മാര്‍ ഈ പ്രപഞ്ചത്തെ നിഗൂഢതകള്‍ നിറഞ്ഞ ഒരു മഹാശ്ചര്യമായിട്ടാണ് കണ്ടിട്ടുള്ളത്. അവരുടെ അന്വേഷണങ്ങള്‍ക്ക് ഒരു കൊച്ചുകുഞ്ഞിന്റെ ജിജ്ഞാസയും വിശ്വാസവും ഉണ്ടായിരുന്നു. വാസ്തവത്തില്‍ പല ഭൗതിക ശാസ്ത്രജ്ഞന്മാരും അവരുടെ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അത്തരം വിശ്വാസികള്‍ ആയിരുന്നു. പക്ഷെ, അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ശാസ്ത്രലോകത്തോട് പ്രാര്‍ത്ഥിക്കാം. പഞ്ചസാരയും മണ്ണും ചേര്‍ന്ന് കിടന്നാല്‍ യുക്തിചിന്തയ്ക്ക് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ പഞ്ചസാര ഉറുമ്പു വന്നു നുകരുന്നുണ്ട്. അത് ഹൃദയത്തിന്റെ ഭാഷയാണ്, കാരുണ്യത്തിന്റെ ഭാഷയാണെന്നാണ് എനിക്കു തോന്നുന്നത്.

”ഞാന്‍ ജനിച്ച ഗ്രാമത്തില്‍ തൊണ്ണൂറു ശതമാനം ആളുകളും അന്നന്നു ജോലി ചെയ്തു ജീവിക്കുന്നവരാണ്. അവര്‍ക്ക് വാല്‍വിന് അസുഖം വന്നാലോ ഹാര്‍ട്ടറ്റാക്കു വന്നാലോ വാല്‍വ് വിദേശരാജ്യങ്ങളില്‍ നിന്നു മേടിക്കാനുള്ള അത്രയും പണം ഇല്ലാത്തതുകൊണ്ട് അവരാരും ഓപ്പറേഷന്‍ ചെയ്യുകയോ വാല്‍വ് മാറ്റിവയ്ക്കുകയോ ചെയ്ത് കണ്ടില്ല. അതുകൊണ്ട് എഴുപതു വയസ്സു വരെ ജീവിക്കേണ്ടവര്‍ മുപ്പതും നാല്‍പ്പതും വയസ്സില്‍ മരിച്ചു. അന്ന് അവ നമ്മുടെ രാജ്യത്ത് ഉണ്ടാക്കിയിരുന്നെങ്കില്‍ വളരെ വിലകുറച്ചു കിട്ടിയേനേ, അവരെയെല്ലാം രക്ഷിക്കാനും പറ്റിയേനേ. ആ സമയത്താണ് റിസര്‍ച്ച് ഇങ്ങനെ സാധുക്കള്‍ക്കു കൂടി സഹായകമാകുന്ന രീതിയില്‍ ചെയ്യുന്നത് നല്ലതായിരിക്കും എന്നൊരു മനോഭാവം മനസ്സില്‍ ഉണര്‍ന്നത്.

ശിശുമരണങ്ങള്‍ ഉണ്ടായപ്പോള്‍ ഞങ്ങള്‍ ഗ്രാമങ്ങളിലേക്ക് അന്വേഷിക്കാന്‍ അയച്ചു. പല ഗ്രാമങ്ങളിലും ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തുമ്പോള്‍, ചിലയിടങ്ങളില്‍ സ്ത്രീകള്‍ ഒരു തരം പച്ചില കഴിക്കുന്നതു കണ്ടു. എന്തിനാണ് ഈ ഇലകള്‍ കഴിക്കുന്നു എന്നു ചോദിച്ചപ്പോള്‍, അവര്‍ പറഞ്ഞു, ”ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു മാസത്തില്‍ പത്തു ദിവസത്തോളമേ ജോലി കിട്ടാറുള്ളൂ. ആ വരുമാനം കൊണ്ട് ഒരു മാസം തികയ്ക്കണം. അപ്പോള്‍ കുറച്ച് ഭക്ഷണമേ കഴിക്കാന്‍ കിട്ടുകയുള്ളൂ. ഈ പച്ചില കഴിച്ചാല്‍ വിശപ്പറിയില്ല. ആഹാരം കുറച്ച് കഴിച്ചാല്‍ മതി.” വിശപ്പറിയാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ പച്ചിലകള്‍ കഴിച്ചത്. ഇങ്ങനെയുള്ള സ്ത്രീകള്‍ പ്രസവിച്ചാല്‍ എങ്ങനെ പോഷകാംശമുള്ള കുട്ടികള്‍ ഉണ്ടാകും? അപ്പോള്‍ തീര്‍ച്ചയായിട്ടും സ്ത്രീകളെയാണ്, അമ്മമാരെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

വേറൊരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ അവിടെ ഭക്ഷണം ഉണ്ട്. അവരു പറഞ്ഞു ‘ഭര്‍ത്താവ് കുടിച്ചിട്ട് വന്ന് നമ്മളെ പിടിച്ച് തല്ലുകയും ബഹളം വയ്ക്കുകയും ചെയ്യും, ഉള്ള ഭക്ഷണം പോലും കഴിക്കാന്‍ പറ്റുന്നില്ല. എന്തു ചെയ്യാനാ ഞങ്ങള്‍ പഠിച്ചിട്ടില്ല’. അപ്പോള്‍ ആ സമയത്ത് എനിക്കു തോന്നി ഇവര്‍ക്ക് എന്തെങ്കിലും ഒരു തൊഴില്‍ പഠിപ്പിച്ചു കൊടുത്താല്‍ ഇവര്‍ക്ക് സ്വയം പര്യാപ്തമാകാന്‍ പറ്റും. ഇങ്ങനെ ഇടികൊണ്ട് കഷ്ടപ്പെടേണ്ട ആവശ്യമില്ലല്ലോ. അങ്ങനെയാണ് തൊഴില്‍ പഠിപ്പിക്കാന്‍ അമ്മ തുടങ്ങിയത്.

വേറെ സ്ഥലത്തു ചെന്നപ്പോള്‍ പറഞ്ഞു, ”ഗവര്‍മെന്റില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ട്. പക്ഷെ, ഭര്‍ത്താക്കന്മാര്‍ തന്നെ ഞങ്ങളുടെ ഒപ്പുപോലെ ഇട്ടിട്ട് പൈസ എടുത്തു കൊണ്ടുപോയി കുടിക്കുകയാണ്.” അതുകൊണ്ട് അവര്‍ക്കും കഷ്ടമായി. അവര്‍ക്ക് അക്ഷരങ്ങള്‍ പഠിപ്പിച്ചു കൊടുക്കണമെന്ന് തോന്നി. അങ്ങനെ അക്ഷരങ്ങള്‍ പഠിപ്പിച്ചു കൊടുത്തു. അങ്ങനെ ഓരോരോ സന്ദര്‍ഭങ്ങളില്‍, ഓരോ അനുഭവത്തില്‍ നിന്നും പല പല കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇന്നത്തെ ലോകത്തിന്റെ ഒരു വലിയ ശാപമായി തീര്‍ന്നിരിക്കുകയാണ്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. ഒരു ഭാഗത്ത് പൊക്കമേറിയ കുന്നും മറുഭാഗത്ത് അഗാധമായ താഴ്‌വരയും. ഇതാണ് ഇന്ന് ലോകത്തിന്റെ സ്ഥിതി. ചിലര്‍ കോടികള്‍ ചിലവാക്കി ആഡംബരമായ ജീവിതം നയിക്കുന്നു. മറ്റുള്ളവര്‍ ഒരു നേരത്തെ ഭക്ഷണത്തിനോ മരുന്നിനോ പൈസയില്ലാതെ വിശന്നും വേദനിച്ചും കഴിയുന്നു. ഈ വിടവുകള്‍ നികത്താന്‍ ഇനിയും നമ്മള്‍ വൈകിയാല്‍ അത് വലിയ സംഘര്‍ഷത്തിലും തെരുവുയുദ്ധത്തിലും കലാശിക്കും എന്നാണ് എനിക്കു തോന്നുന്നത്. ഇവര്‍ തമ്മിലുള്ള വിടവു നികത്താന്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഒരു പാലം നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്.

മനുഷ്യനിലെ എല്ലാ നന്മകളെയും നശിപ്പിക്കുന്ന, അവനിലെ എല്ലാ കഴിവുകളെയും നശിപ്പിക്കുന്ന മഹാവിപത്താണ് ദാരിദ്ര്യം. എല്ലാവിധ മൂല്യങ്ങളെയും നശിപ്പിക്കും.  ഒരു വിദേശരാജ്യത്ത് കുറേ കുട്ടികള്‍ അമ്മയുടെ ദര്‍ശനത്തിനു വന്നു. അവര്‍ പലരും അമ്മയ്ക്കു ചിത്രങ്ങള്‍ വരച്ചു കൊണ്ടു തന്നു. ഒരു ഗ്രൂപ്പ് കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ യുദ്ധകപ്പലുകളും ബോംബുകളും ഉണ്ടായിരുന്നു. ഒരു കുട്ടി ക്രിസ്തുവിന്റെയും മറിയയുടെയും ചിത്രം വരച്ചു. എന്നാല്‍ അവരുടെ കൈകളിലും തോക്കു വരച്ചിരിക്കുന്നു. എവിടെ നിന്നു വന്ന കുഞ്ഞുങ്ങളാണെന്ന് നോക്കിയപ്പോഴാണ് അണ്ടര്‍ വേള്‍ഡ് ജോലി ചെയ്യുന്നവരുടെ മക്കളാണെന്ന് മനസ്സിലായത്.
കുഞ്ഞുങ്ങളോട് ചോദിച്ചു ‘മേരിയുടെയും ക്രിസ്തവിന്റെയും കൈയ്യില്‍ തോക്കെന്തിനാ മക്കളെ ?’
ആ കുട്ടി പറഞ്ഞു, ”വിശക്കുമ്പോള്‍ അവര്‍ക്ക് ഭക്ഷണം കഴിക്കണ്ടേ?
തോക്കു കാണിച്ചാല്‍ മറ്റുള്ളവര്‍ പൈസ കൊടുക്കും, അങ്ങനെ ഭക്ഷണം കഴിക്കാമല്ലോ”
”മോനെ, തോക്കു കാണിച്ചാലെ പണം കിട്ടുകയുള്ളോ?” എന്ന് അമ്മ ചോദിച്ചോള്‍
അവന്‍ പറഞ്ഞു, ”എന്റെ അച്ഛന്‍ തോക്കു ചൂണ്ടി പൈസ മേടിച്ചാണ് ഞങ്ങളെ വളര്‍ത്തുന്നത്.”
”അച്ഛന് ആരോഗ്യമില്ലെ ജോലിക്ക് പോകാന്‍?” അമ്മ ചോദിച്ചു.
അവന്‍ പറഞ്ഞ മറുപടി, ”തീര്‍ച്ചയായിട്ടും ആരോഗ്യമുണ്ട്, ജോലിക്കും പോയി. പക്ഷെ പ്രൈവറ്റ് സ്ഥാപനമായതുകൊണ്ട് ഭംഗിയുള്ളവരെ മാത്രമേ ജോലിക്ക് എടുക്കുന്നുള്ളൂ. വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസം നോക്കുന്നു. അതുകൊണ്ട് കുറച്ചുപേര്‍ക്കേ ജോലി കിട്ടുന്നുള്ളൂ. അതിനാല്‍ അച്ഛന് ജോലി കിട്ടിയില്ല. അപ്പോള്‍ ഇങ്ങനെയാണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തുന്നത്.”

ഇതുപോലെ, സ്വന്തം അനുഭവം, അല്ലെങ്കില്‍ കണ്ടു വളര്‍ന്ന ദൃശ്യങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്നു. അങ്ങനെ ദാരിദ്ര്യവും അപകര്‍ഷതാബോധവും കാരണം ചെറുപ്രായത്തില്‍തന്നെ കുട്ടികളുടെ മനസ്സില്‍ അക്രമവാസന വളരുന്നു. ക്രമേണ സമൂഹത്തില്‍ മൂല്യങ്ങള്‍ ക്ഷയിക്കുന്നു. ഇവിടെയാണ് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രസക്തി. ആദ്ധ്യാത്മികതയെ പുച്ഛമായിട്ടാണ് പലര്‍ക്കും തോന്നുന്നത്. എന്താണ് ആദ്ധ്യാത്മികത? കാരുണ്യം എന്നത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരുന്നതാണ് ആദ്ധ്യാത്മികത. ആത്മീയത്തിന്റെ തുടക്കവും കാരുണ്യത്തിലാണ് അതിന്റെ പൂര്‍ണ്ണതയും കാരുണ്യത്തിലാണ്. കാരുണ്യം എന്ന ഒരൊറ്റ പദം പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്നാല്‍ ലോകത്തില്‍ നടമാടുന്ന തൊണ്ണൂറു ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും.
ബോധവല്‍ക്കരണമാണ് ആവശ്യം. പ്രമേഹമുള്ളൊരാള്‍ക്ക് മരുന്ന് കൊടുത്താലും അവര്‍ പഞ്ചസാര കഴിച്ചാല്‍ ഷുഗര്‍ കൂടും. അപ്പോള്‍, മരുന്നിനേക്കാള്‍ ഉപരി ബോധവല്‍ക്കരണമാണ് വേണ്ടത്.

നമ്മള്‍ ഗ്രാമങ്ങള്‍ ദത്തെടുത്തതില്‍ കക്കൂസുകള്‍ കെട്ടികൊടുത്തിട്ട് പിന്നീട് അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അറിഞ്ഞത്, അവര്‍ കക്കൂസിനെ അമ്പലം പോലെ ഇടയ്ക്കിടെ തുറന്നു നോക്കും, പിന്നെയും അതിനെ അടച്ചിടുന്നു, അവര്‍ പഴയ സ്ഥലത്തു തന്നെ വിസര്‍ജ്ജനം ചെയ്യുന്നു എന്നെല്ലാമാണ്. അപ്പോള്‍ അവരെ വിളിച്ചിട്ട് ”ഇങ്ങനെ ചെയ്താല്‍ കുഞ്ഞുങ്ങള്‍ക്ക് പലരീതിയിലുള്ള അസുഖങ്ങളുണ്ടാക്കും. അതില്‍ നിന്നു കൊക്കപ്പുഴു ഉണ്ടാകും, അത് കയറിയിട്ട് രക്തം കുടിക്കും, അങ്ങനെ ശരീരം ആരോഗ്യഹീനമാകും. മറ്റു പല ക്രിമികീടങ്ങള്‍ നമുക്ക് അസുഖം സൃഷ്ടിക്കും.” എന്നിങ്ങനെ അവര്‍ക്കു വിശദീകരിച്ചു കൊടുത്തപ്പോള്‍, അവരെല്ലാം മാറി, കക്കൂസുകളെ ഉപയോഗിക്കാന്‍ തുടങ്ങി.

സേവനമെന്ന പദം ഫലവത്താകണമെങ്കില്‍ വിവേകബുദ്ധി ആവശ്യമാണ്. കാരുണ്യമാണെങ്കിലും ജ്ഞാനമില്ലെങ്കില്‍ അത് നമുക്കും മറ്റുള്ളവര്‍ക്കും സമൂഹത്തിനും ദോഷമേ ഉണ്ടാക്കുകയുള്ളൂ. ഒരു കുരങ്ങന്‍ പുഴ തീരത്ത് ഇരിക്കുകയായിരുന്നു. പുഴയില്‍ ഒരു മീന്‍ വെള്ളത്തില്‍ ചാടി കളിക്കുന്നതു കണ്ടു. കുരങ്ങനു തോന്നി ‘കഷ്ടമേ മീന്‍ കരയ്ക്കു കയറാന്‍ വേണ്ടി ശ്രമിക്കുകയായിരിക്കും’ അലിവു തോന്നി ആ മീനിനെ ചാടിപ്പിടിച്ചു കരയ്ക്കിട്ടു. നിമിഷംകൊണ്ട് അത് മരിച്ചു പോയി. ഈ കുരങ്ങ് ആദ്യം മത്സ്യത്തോട് ‘നിന്നെ ഞാന്‍ രക്ഷിക്കട്ടെ?’ എന്ന് ചോദിച്ചിരുന്നെങ്കിലോ? അത് പറഞ്ഞേനെ ‘കരയ്ക്കു വീണാല്‍ ഞാന്‍ മരിച്ചു പോകും’ എന്ന്. കരയ്‌ക്കെടുക്കും മുന്‍പ് ആ കുരങ്ങന്‍ മത്സ്യത്തിന്റെ മനസ്സറിയാന്‍ ശ്രമിച്ചില്ല. ജ്ഞാനം ഇല്ലാത്ത കര്‍മ്മം എന്നു പറയുന്നത് കുരങ്ങന്‍ മത്സ്യത്തെ രക്ഷിക്കാന്‍ ശ്രമിച്ചതുപോലെയാണ്. നമ്മുടെ കര്‍മ്മങ്ങളില്‍ മനസ്സും ബുദ്ധിയും സമന്വയിക്കണം.

അമ്മയുടെ ധാരാളം അനുഭവങ്ങളില്‍ നിന്ന് ഒരു സംഭവം പറയാം. ഒരിക്കല്‍ ഏതാണ്ട് പത്തുവയസ്സുള്ള ഒരു കുഞ്ഞിനെയും കൊണ്ട് കുറച്ചുപേര്‍ അമ്മയുടെ അടുത്തു വന്നു. അവര്‍ പറഞ്ഞു ഇവന്റെ അച്ഛന്‍ നേരത്തെ മരിച്ചു പോയി. അമ്മയും സഹോദരിയും ഉണ്ടായിരുന്നു. അവര്‍ തീപ്പട്ടി കമ്പനിയില്‍ ജോലി ചെയ്തു ജീവിക്കുന്നവരാണ്. അമ്മയ്ക്ക് കിഡ്‌നിക്ക് അസുഖം വന്നു. അവര്‍ക്ക് ജോലിക്ക് പോവാന്‍ കഴിയാതെയായി. അപ്പോള്‍ മോള്‍ മാത്രമായി ജോലിക്ക് പോകുന്നത്. കിട്ടുന്ന പണം മരുന്നിനും ഭക്ഷണത്തിനും അല്പാല്പം ചെലവഴിച്ച് അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. അതിനിടെ ബാലവേല നിര്‍ത്തലാക്കിയപ്പോള്‍ ഫാക്ടറിയുടെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഫാക്ടറിയും പൂട്ടി. പിന്നെ ഇവര്‍ക്ക് വഴിയില്ലാതായി. ഒരു ദിവസം മകനെ സ്‌കൂളില്‍ പറഞ്ഞുവിട്ട് ആ അമ്മയും മകളും ആത്മഹത്യ ചെയ്തു. ആ മോനാണിത്. അതുകൊണ്ട് അമ്മ ഈ കുട്ടിയെ എടുത്ത് പഠിപ്പിച്ച് വളര്‍ത്തണം. നോക്കു, ബുദ്ധിയും മനസ്സും മാത്രം ഉപയോഗിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചാല്‍, പ്രശ്‌നത്തിന്റെ ഒരുവശം മാത്രമേ കാണുന്നുള്ളൂ. മറുഭാഗം കാണാതെ പോകുകയാണ്.

ആദ്ധ്യാത്മികം കൊണ്ടെന്താ പ്രയോജനം എന്നു ചോദിച്ചാല്‍, ആവശ്യവും ആഡംബരവും വേര്‍തിരിച്ചറിയുക എന്നുള്ളതാണ്. നമ്മള്‍ നൂറു ഡോളറിന്റെ വാച്ച് കെട്ടിയാലും സമയം അറിയാം, അമ്പതിനായിരം ഡോളറിന്റെ വാച്ച് കെട്ടിയാലും സമയം അറിയാന്‍ കഴിയും. ആവശ്യത്തിനെടുത്ത് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതാണ്. വെള്ളമുള്ള നൂറു കുടത്തിലും സൂര്യന്റെ പ്രതിബിംബം കാണമെങ്കിലും സൂര്യന്‍ ഒന്നെയുള്ളൂ. ഇതുപോലെ, എല്ലാത്തിലും അടങ്ങിയിരിക്കുന്ന ആത്മാവ് ഒന്നാണ്. തന്റെ വലതു കൈ വേദനിച്ചാല്‍ ഇടതു കൈ തലോടുന്നതു പോലെ, മറ്റുള്ളവരുടെ ദുഃഖം തന്റെ ദുഃഖമായും മറ്റുള്ളവരുടെ സന്തോഷം തന്റെ സന്തോഷമായും കണ്ട് അവരെ സ്‌നേഹിക്കാനും സേവിക്കാനുമുള്ള തത്ത്വമാണ് നമ്മള്‍ ആദ്ധ്യാത്മികത്തില്‍ കൂടി ഗ്രഹിക്കുന്നത്.

ഇന്ന് ലോകത്തില്‍ രണ്ട് തരത്തിലുള്ള ദാരിദ്ര്യം ഉണ്ട്. ഒന്ന് ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടാതെ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ രണ്ട് സ്‌നേഹവും കാരുണ്യവും ലഭിക്കാതെ ദാരിദ്ര്യം അനുഭവിക്കുന്നവര്‍. ഇതില്‍ രണ്ടാമത്തെതാണ് ആദ്യം എടുക്കേണ്ടത്. കാരണം, മനസ്സില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടെങ്കില്‍ ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടാത്തവരെ നമ്മള്‍ നിറഞ്ഞ മനസ്സോടെ സഹായിക്കുകയും സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യും.

ഒരു ഗ്രാമത്തില്‍ ഒരു മഹാത്മാവിന്റെ മനോഹരമായൊരു വിഗ്രഹം ഉണ്ടായിരുന്നു. ഇരുകൈകളും മുന്നിലേയ്ക്ക് ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന വിഗ്രഹത്തിന്റെ കഴുത്തില്‍ ഒരു ലോക്കറ്റ് കിടന്നിരുന്നു. അതില്‍ ”എന്റെ കൈകളിലേയ്ക്ക് വരൂ” എന്ന് എഴുതിയിരുന്നു. കാലക്രമത്തില്‍ വിഗ്രഹത്തിന്റെ രണ്ടും കൈയ്യും നഷ്ടപ്പെട്ടു പോയി. അപ്പോള്‍ ജനങ്ങള്‍ ഒരു കമ്മിറ്റി കൂടി. അതില്‍ ഒരാള്‍ പറഞ്ഞു ഈ വിഗ്രഹം മാറ്റി വേറെ വയ്ക്കാം. വേറൊരാള്‍ പറഞ്ഞു കൈ രണ്ടും മാറ്റിയിട്ട് വേറെ രണ്ടു കൈ വയ്ക്കാം. വേറൊരാള്‍ പറഞ്ഞു കൈയ്യും മാറ്റണ്ട വിഗ്രഹവും മാറ്റണ്ട ഇങ്ങനെയിരിക്കട്ടെ. വേറൊരാള്‍ ചോദിച്ചു ‘കഴുത്തില്‍ കിടക്കുന്ന ലോക്കറ്റില്‍ എന്റെ കൈകളിലേക്ക് വരൂ എന്നല്ലേ, കൈയ്യൊട്ടില്ല താനും, പിന്നെ അതെങ്ങനെ ശരിയാകും.’ അപ്പോള്‍ അവരുടെയിടയിലുണ്ടായിരുന്ന ഒരു വൃദ്ധന്‍ പറഞ്ഞു. ‘അതിനടിയില്‍ ”എന്റെ കൈ നിങ്ങളിലൂടെ” എന്നുകൂടി എഴുതി ചേര്‍ക്കുക.’

നമ്മള്‍ ഈശ്വരന്റെ കൈകള്‍ ആവണം. കണ്ണുകള്‍ ആകണം. കാതുകളാകണം. നമ്മളുടെ പ്രചോദനവും ശക്തിയും വീര്യവും അവിടുന്നാകണം. അപ്പോള്‍ ഭയമോ ആശങ്കയോ പാപബോധമൊ നമ്മളെ തീണ്ടുകയില്ല.

സൂര്യന് എന്തായാലും മെഴുകുതിരിയുടെ ആവശ്യമില്ല. അതുപോലെ ഈശ്വരന് നമ്മളില്‍ നിന്നും ഒന്നും വേണ്ട. ഈ ശരീരത്തിന് രണ്ടായാലും നാശമുണ്ട്. അപ്പോള്‍ പിന്നെ തുരുമ്പിച്ചു പോകുന്നതിനേക്കാളും തേഞ്ഞു പോകുന്നതല്ലേ നല്ലത്. ഒരു പുഴുവും ഭക്ഷണം കഴിക്കുന്നു, ഇണചേരുന്നു, കുട്ടികളെ സൃഷ്ടിക്കുന്നു. അതിനപ്പുറം മനുഷ്യന്‍ എന്തു ചെയ്യുന്നു. നമ്മളൊന്നു ചിന്തിക്കുക, നമ്മള്‍ ഇതിലും വ്യത്യസ്തമായി എന്താണ് ചെയ്യുന്നത്? നമ്മള്‍ പ്രകൃതിയെ ഒന്നു കൂടെ നശിപ്പിച്ചിട്ട് പോകുന്നതായിട്ടാണ് കാണുന്നത്. അത് മനസ്സിലാക്കി നമുക്ക് സമൂഹത്തിന് വേണ്ടി എന്തു ചെയ്യാന്‍ പറ്റും എന്നു ചിന്തിക്കുന്നത് നല്ലതാണ്.

ഈശ്വരനുണ്ടോ ഇല്ലയോ എന്നത് തര്‍ക്ക വിഷയമായിരിക്കാം പക്ഷെ ദുഃഖിക്കുന്ന മനുഷ്യരില്ലെന്ന് ആരും പറയില്ല. അവരെ സേവിക്കുന്നതാണ് അമ്മ ഈശ്വര പൂജയായി കാണുന്നത്. ആ ത്യാഗബുദ്ധി എല്ലാവരിലും ഉണരട്ടെ. അതു മാത്രമല്ല സ്‌േനഹത്തിന്റേയും കാരുണ്യത്തിന്റേയും നിസ്വാര്‍ത്ഥതയുടേയും ത്യാഗത്തിന്റേയും നീരുറവകള്‍ മനുഷ്യ മനസ്സില്‍ നിന്ന് ഇനിയും വറ്റിപ്പോയിട്ടില്ലെന്ന് മക്കളിലൂടെ തന്നെ ലോകം അറിയട്ടെ.

അമ്മയുടെ ചെറുപ്രായത്തില്‍, ജനിച്ച ഗ്രാമത്തില്‍, ആയിരം കുടുംബങ്ങള്‍ക്ക് വെള്ളമെടുക്കാന്‍ ഒരു പൈപ്പാണുണ്ടായിരുന്നത്. രാവിലെ വെള്ളത്തിന് നിന്നാല്‍ ചിലപ്പോള്‍ രാത്രിയിലാകും ഒരു കുടം വെള്ളം കിട്ടുന്നത്. ചിലപ്പോള്‍ കിട്ടുക തന്നെ ഇല്ല. അങ്ങനെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അങ്ങനെ വളര്‍ന്ന ഞാനായതുകൊണ്ട് ഇപ്പോഴും വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ എവിടെയെങ്കിലും പൈപ്പ് പൊട്ടി വെള്ളം പോകുന്നത് കണ്ടാല്‍, ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നു പോകുന്നതുപോലെ തോന്നും. വല്ലാതെ വിഷമം തോന്നും. റോഡില്‍ ചെന്ന് ആരെയെങ്കിലും കണ്ട് ഇതൊന്നു ശരിയാക്കിക്കാന്‍ സാധിച്ചെങ്കില്‍ എന്നു ചിന്തിച്ച് വിഷമിച്ച് ചുറ്റും നോക്കും. ഇല്ലാതെ വളര്‍ന്നതുകൊണ്ടാണ് എനിക്ക് ആ ഭാവം കൂടുതലും തോന്നാന്‍ ഇടയായത്.  ഇല്ലായ്മ കൊണ്ട് അതു മനസ്സിലാക്കാന്‍ പറ്റി, ശ്രദ്ധ ഉണ്ടായി.

നമ്മുടെ അമ്മ ഒരു കുഞ്ഞിനെ രണ്ടുവയസ്സു വരെ മടിയിലിരുത്തി വളര്‍ത്തും. എന്നാല്‍ ഈ ഭൂമി ജീവിതകാലം മുഴുക്കെ നമ്മളെ മടിയിലിരുത്തുന്ന ആളാണ്. ആ അമ്മയോടുള്ള കടമ നമ്മള്‍ മറക്കരുത്. ആ തത്ത്വം മനസ്സിലാക്കി ഓരോന്നിലും ശ്രദ്ധ കൊണ്ടു വരണം. അതുകൊണ്ട് ഒരു അപേക്ഷ ഉള്ളത് ലോകം മുഴുക്കെയുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള കുട്ടികളെ പറ്റുന്ന രീതിയില്‍ രണ്ടു മാസത്തേയ്‌ക്കെങ്കിലും ഗ്രാമങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പിനായി അയക്കണം. അവര്‍ അവിടെ പോകുമ്പോള്‍ തീര്‍ച്ചയായിട്ടും പാവപ്പെട്ടവരെ കാണാനും ദുഃഖങ്ങള്‍ നേരിട്ട് കേള്‍ക്കാനും മനസ്സിലാക്കാനും കുഞ്ഞുങ്ങള്‍ക്ക് അവസരം കിട്ടും. ഇത്തരം ദുഃഖങ്ങള്‍ കേട്ടിട്ട് കുട്ടികളെകൊണ്ട് പേപ്പറുകള്‍ എഴുതിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. അപ്പോള്‍ അവരുടെ മനസ്സിലെ കാരുണ്യം ഉണരും. അപ്പോള്‍ ആഡംബരത്തിനായി ചിലവാക്കുന്പോഴും എടുക്കുമ്പോഴും ഇങ്ങനെയുള്ളവരും ലോകത്തിലുണ്ട് എന്ന ചിന്ത കൂടി അവര്‍ക്കു വരും. അത് മനസ്സില്‍ കാരുണ്യം വരുത്തും. അപ്പോള്‍ പണക്കാരനും പാവപ്പെട്ടവനും എന്ന വിടവ് വരാന്‍ വഴിയുണ്ടാകില്ല, പാവപ്പെട്ടവരെക്കൂടി ഉയര്‍ത്തിയെടുക്കാന്‍ സാധിക്കും.

ഇന്നത്തെ യൂണിവേഴിസിറ്റികള്‍, അവിടെ ജോലി ചെയ്യുന്ന ഗവേഷകരുടെ വളര്‍ച്ചയും സ്ഥാനകയറ്റവും തീരുമാനിക്കുന്നത് അവര്‍ എത്ര ഫണ്ട് കൊണ്ടുവന്നു, എത്ര പേപ്പറുകള്‍ സമര്‍പ്പിച്ചു, ബുദ്ധിപരമായി അവരെന്തെല്ലാം നേട്ടങ്ങള്‍ കൈ വരിച്ചു എന്നതിനെ ആശ്രയിച്ചാണ്. അതിനോടൊപ്പം സമൂഹത്തിലെ താഴേക്കിടയില്‍ പെടുന്നവര്‍ക്ക് അവരുടെ ഗവേഷണങ്ങള്‍ എത്രമാത്രം ഉപകരിച്ചു. എത്ര കണ്ട് നമുക്ക് അവരെ സഹായിക്കാന്‍ പറ്റി എന്നതു കൂടി പരിഗണിക്കുകയാണെങ്കില്‍ അത് സ്വര്‍ണ്ണത്തിന് പരിമണം കൂടി വന്നതു പോലെയാകും. ആ ഒരു ഭാവം കൊണ്ടുവരുന്നതു എല്ലാ രീതിയിലും നല്ലതായിരിക്കും. അതിനൊന്നു ശ്രമിക്കുന്നത് നല്ലതാണ്.

സയന്‍സിനെ ആദ്ധ്യാത്മികതയില്‍ നിന്നും അകറ്റി നിര്‍ത്തിയതാണ് പോയ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാപം. ഒന്നായി, കൈകോര്‍ത്ത് പോകേണ്ടിയിരുന്ന വിജ്ഞാനത്തിന്റെ രണ്ട് പ്രധാനപ്പെട്ട ശാഖകളെ വേര്‍പെടുത്തി, ആധുനികശാസ്ര്തത്തിന്റെ വക്താക്കളെന്നും മതവിശ്വാസങ്ങളുടെ പ്രതിനിധികളെന്നും മുദ്രകുത്തി. ഈ രണ്ടു ശാഖകളും ഒന്നുചേര്‍ന്നു പോയാല്‍ തീര്‍ച്ചയായും ഇതില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കും.

മനുഷ്യവംശത്തിന്റെയും സമസ്തജീവജാലങ്ങളുടെയും പ്രകൃതിയുടെയും നമ്മള്‍ വസിക്കുന്ന ഈ ഭൂമിയുടെയും ഒക്കെ ഭാവിയും നിലനില്പിനേയും നിര്‍ണ്ണയിക്കുമെന്ന് ഭയപ്പെടുന്ന കാലാവസ്ഥാ വ്യതിയാനവും, അടുത്തിടെ ലോകമെമ്പാടും കൂടെക്കൂടെ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും ഒക്കെ ഒരു പക്ഷേ സയന്‍സിനെ ആദ്ധ്യാത്മികതയില്‍ നിന്നും അകറ്റിയതുകൊണ്ടായിരിക്കാം. അവ ഒത്തുചേര്‍ന്നു പോകുന്നെങ്കില്‍ നമുക്കൊരു വ്യത്യാസം കൊണ്ടുവരാന്‍ സാധിച്ചേക്കാം. ഈ ഭൂമി കുലക്കത്തിനുമൊക്കെ വ്യത്യാസം ഉണ്ടാവും. പണ്ടുള്ളവര്‍ പ്രകൃതിയെ അത്രകണ്ട് സ്‌നേഹിച്ച് ആരാധിച്ച് ജീവിച്ചതാണ്. അതുപോലൊരു നല്ല മനസ്സ് പ്രകൃതിയോട് എല്ലാവര്‍ക്കും ഉണ്ടാകട്ടെ.

നമ്മുടെ ജീവിതവൃക്ഷം സ്‌നേഹമാകുന്ന മണ്ണില്‍ ഉറച്ചുനില്ക്കട്ടെ. സദ്കര്‍മ്മങ്ങളാകട്ടെ അതിലെ ഇലകള്‍. അനുകമ്പാപൂര്‍ണ്ണമായ വാക്കുകളാകട്ടെ അതിലെ പുഷ്പങ്ങള്‍. ശാന്തിയാകട്ടെ അതിലെ ഫലങ്ങള്‍. സ്‌നേഹത്തില്‍ ഒന്നായിത്തീര്‍ന്ന ഒരു കുടുംബമായി ലോകം വളര്‍ന്നു വികസിക്കട്ടെ. അങ്ങനെ ശാന്തിയും സമാധാനവും കളിയാടുന്ന ഒരു ലോകത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം പ്രയത്‌നിക്കാം.

മൂന്നു കാര്യങ്ങള്‍ ഒത്തു ചേരണമെന്ന് പറയും, കാലം പ്രയത്‌നം ഈശ്വരകൃപ. എങ്കിലേ നമുക്ക് ഏതൊരു കര്‍മ്മവും പൂര്‍ണ്ണമാക്കാന്‍ പറ്റുകയുള്ളൂ. നമ്മള്‍ എവിടെയ്‌ക്കെങ്കിലും യാത്ര പുറപ്പെട്ടാല്‍, സമയത്തിനു വണ്ടിയില്‍ കയറിയാലും ചിലപ്പോള്‍ അപകടം സംഭവിച്ച് യാത്ര മുടങ്ങാം. അഥവാ അപകടമില്ലാതെ വിമാനതാവളത്തിലെത്തിയാലും കാലാവസ്ഥാ വ്യതിയാനം അല്ലെങ്കില്‍ പ്രകൃതിക്ഷോഭം അല്ലെങ്കില്‍ എഞ്ചിന്‍ കേടായി തുടങ്ങിയ കാരണങ്ങളാല്‍ യാത്ര മുടങ്ങാം. അപ്പോള്‍ കാലവും പ്രയത്‌നവും ഉണ്ടായിട്ടും ഈശ്വരകൃപ ഇല്ലാത്തതിനാല്‍ തടസ്സം ഉണ്ടായി. അപ്പോള്‍ ഇതു മൂന്നും ഉണ്ടെങ്കിലേ കര്‍മ്മം പൂര്‍ണ്ണമാക്കാന്‍ പറ്റൂ. ആ കൃപ കിട്ടാന്‍ നമ്മളില്‍ നിന്ന് നല്ല കര്‍മ്മം ഉണ്ടാകണം. എല്ലാവര്‍ക്കും അതിനുള്ള ശക്തിയും പ്രചോദനവും ഉണ്ടാകട്ടെ. കൃപ അനുഗ്രഹിക്കട്ടെ.