സ്വയം നന്നാവുക
മക്കളേ, വ്യക്തികള്‍ ചേര്‍ന്നാണു സമൂഹം ഉണ്ടാകുന്നതു്. ഓരോരുത്തരുടെയും ചിന്തയും പ്രവൃത്തിയുമാണു ജനങ്ങളുടെ സംസ്കാരം രൂപപ്പെടുത്തുന്നതു്. മറ്റുള്ളവര്‍ നന്നായതിനുശേഷം ഞാന്‍ നന്നാകാം എന്നു ചിന്തിക്കുന്നതിനു പകരം, നമ്മള് ആദ്യം നന്നാകാന്‍ ശ്രമിക്കണം. നമ്മുടെ മനോഭാവം മാറിയാല്‍ ലോകത്തില്‍ മുഴുവന്‍ നന്മ ദര്‍ശിക്കുവാന്‍ നമുക്കു കഴിയും. നമ്മില്‍ മാറ്റമുണ്ടായാല്‍, അതു മറ്റുള്ളവരിലും പ്രതിഫലിക്കും. നമ്മള് നല്കുന്നതു മാത്രമേ നമുക്കു തിരിയെ ലഭിക്കുകയുള്ളൂ എന്നു മക്കള്‍ എപ്പോഴും ഓര്‍ക്കണം.

കൊടുക്കൽ വാങ്ങലുകൾ
നമ്മുടെ ഹൃദയം ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും രക്തം പ്രവഹിപ്പിക്കുന്നു. അതില്‍നിന്നും ആ കോശങ്ങള്‍ക്കു പോഷണം ലഭിക്കുന്നു. തിരിച്ചു്, ആ രക്തം ഹൃദയത്തിലേക്കുതന്നെ പ്രവഹിക്കുന്നു. ഇതിനു തടസ്സം സംഭവിച്ചാല്‍ ജീവഹാനിക്കുതന്നെ കാരണമാകും. അതിനാല്‍ ഹൃദയത്തെപ്പോലെ നമ്മളും വാങ്ങിക്കാന്‍ മാത്രമല്ല, കൊടുക്കാനും പഠിക്കണം. കൊടുത്താല്‍ മാത്രമേ നമുക്കു തിരിയെ ലഭിക്കുകയുള്ളൂ.
നമ്മള് ജീവശൃംഖലയിലെ കണ്ണിയാണു്. ഒന്നിൻ്റെ കുറവു്, മറ്റുള്ളവയെയും ബാധിക്കും. നമ്മുടെ ഓരോ പുഞ്ചിരിക്കും ഓരോ വാക്കിനും ഓരോ പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്തുവാനുള്ള ശക്തിയുണ്ടെന്നു നാം മനസ്സിലാക്കണം. അതിനാല്‍ നമ്മുടെ കര്‍മ്മങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷവും സംതൃപ്തിയും ഉളവാക്കുവാന്‍ നാം ശ്രദ്ധിക്കണം. ലോകത്തിലെ തിന്മ കണ്ടു നിരാശരായി നാം പിന്മാറരുതു്. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നതു നമുക്കു തെറ്റുചെയ്യുവാനുള്ള പ്രേരണയാകരുതു്. ഇരുട്ടിനെ പഴി പറയുന്നതിനു പകരം ഒരു ചെറിയ ദീപമെങ്കിലും കൊളുത്തുവാനാണു മക്കള്‍ ശ്രമിക്കേണ്ടതു്. അതിനു കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞ പക്ഷം, മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടു് ഉണ്ടാകാതിരിക്കുവാനെങ്കിലും ശ്രദ്ധിക്കണം.
ഇതെങ്ങനെ സാധിക്കും എന്നു മക്കള്‍ ചിന്തിച്ചേക്കാം. എളുപ്പ വഴി, ഈശ്വരാര്‍പ്പണമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക എന്നതാണു്. നമ്മുടെ ഓരോ കര്‍മ്മവും ഈശ്വരപൂജയായി കാണുവാന്‍ നമുക്കു സാധിക്കണം. അങ്ങനെയായാല്‍ നമ്മുടെ ഓരോ കര്‍മ്മവും നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷപ്രദവും പ്രയോജനപ്രദവും ആയിത്തീരുന്നതു കാണുവാന്‍ കഴിയും.
കൊടുക്കൽ വാങ്ങലുകൾ – ഒരു അനുഭവം
ഒരു മകന് അമ്മയോടു വന്നു പറഞ്ഞതു് ഓര്‍ക്കുകയാണു്. പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണു്. ആ മകനു എം.ബി.ബി.എസ്സ്.നു പോകാന്‍ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഒരു മാര്‍ക്കിൻ്റെ കുറവു കാരണം സീറ്റു കിട്ടിയില്ല. പിന്നീടു്, കുറെനാള്‍ ഒന്നിനും പോയില്ല. അവസാനം വീട്ടുകാരുടെ നിര്‍ബ്ബന്ധം കാരണം ബാങ്ക്ടെസ്റ്റ് എഴുതി. അതില്‍ ജയിച്ചു. ബാങ്കില്‍ ക്ലര്‍ക്കായി ജോലിയും കിട്ടി.
അതിനുശേഷമാണു് അമ്മയുടെ അടുത്തുവന്നതു്. അമ്മയോടു വന്നു പറഞ്ഞു, ”അമ്മേ, എനിക്കു് എപ്പോഴും ഭയങ്കര ദേഷ്യമാണു്. ആരു വന്നാലും, എനിക്കവരോടു് ഒന്നു ചിരിക്കുവാനോ സ്നേഹത്തോടെ പെരുമാറുവാനോ പറ്റുന്നില്ല. ഇതുമൂലം എനിക്കു ജോലിതന്നെ തുടര്ന്നുകൊണ്ടുപോകുവാന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടു്.” ആ മോന് വളരെ വിഷമത്തോടെയാണു് അതു പറഞ്ഞതു്.
അപ്പോള്‍ അമ്മ ചോദിച്ചു, ”മോനേ, നിൻ്റെ ആത്മാര്‍ത്ഥ സുഹൃത്തു നിൻ്റടുത്തേക്കു് ഒരാളെ അയയ്ക്കുകയാണെങ്കില്, നീ അദ്ദേഹത്തോടു് എങ്ങനെ പെരുമാറും?”. ”ചിരിച്ചു കൊണ്ടു സ്നേഹത്തോടെ പെരുമാറും.” ”അപ്പോള്‍ നല്ല രീതിയില്‍ പെരുമാറാന്‍ മോനു കഴിയും. അമ്മതന്നെ, ഒരാളെ ബാങ്കില്‍ നിൻ്റെ അടുത്തേക്കു് അയച്ചാല്‍ എങ്ങനെയായിരിക്കും നീ പെരുമാറുക?” ”അമ്മ അയച്ചതായതുകൊണ്ടു വളരെ സ്നേഹത്തോടെ പെരുമാറും.”
അമ്മ പറഞ്ഞു, ”അങ്ങനെയെങ്കില്‍, നിൻ്റെ മുന്നിലെത്തുന്ന ഓരോരുത്തരെയും ഈശ്വരന് അയച്ചതാണെന്നു ചിന്തിച്ചു മോന് ശ്രമിച്ചു നോക്കുക. തീര്‍ച്ചയായും മോനു വ്യത്യാസമുണ്ടാകും.”
അതിനുശേഷം ആ മോൻ്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി. തൻ്റെ ജോലി, ഈശ്വരസേവയായി ചെയ്യുവാന്‍ ആ മോനു കഴിഞ്ഞു. അതിലൂടെ ആ മോനും സന്തോഷമായി; കൂടാതെ തൻ്റെ അടുത്തു വരുന്നവരിലേക്കും ആ സംതൃപ്തി പകരുവാന്‍ കഴിഞ്ഞു. നമ്മുടെ കര്‍മ്മങ്ങള്‍ ഈശ്വരപൂജയായി ചെയ്യുന്നതിലൂടെ, നമുക്കു മാത്രമല്ല, സമൂഹത്തിനാകെ അതിൻ്റെ പ്രയോജനം ലഭിക്കുന്നു. നമ്മള് ഈ ഒരു മനോഭാവമാണു വളര്‍ത്തി എടുക്കേണ്ടതു്.

Download Amma App and stay connected to Amma