നാം ഏതു പരിസ്ഥിതിയിലും അതിനെ നേരിടാനാവശ്യമായ മനോധൈര്യത്തിനു വേണ്ടി മാത്രമേ പ്രാര്‍ത്ഥിക്കാവൂ.

സീതയുടെ സ്വയംവര മണ്ഡപത്തിലേക്കു ശ്രീരാമന്‍ കയറി വരുകയാണു്. മിഥിലാവാസികള്‍ രാമനെക്കണ്ട മാത്രയില്‍ത്തന്നെ, ”ഓ! ഇദ്ദേഹം എത്രയോ സുന്ദരന്‍, കരുത്തന്‍, ഗുണവാന്‍! ഈശ്വരാ, ആ വില്ലുകുലയ്ക്കുവാനായി ഇദ്ദേഹത്തിനു ശക്തി കൊടുക്കണേ” എന്നാണു പ്രാര്‍ത്ഥിച്ചതു്.

ശ്രീരാമന്‍ അകത്തേക്കു കടന്നപ്പോള്‍, സ്വയംവരത്തില്‍ സീതയെ നേടാനുള്ള ആഗ്രഹത്തോടെ അവിടെ എത്തിയിരുന്ന രാജാക്കന്മാരെല്ലാം അദ്ദേഹത്തെ മനസാ ഇങ്ങനെ ശപിച്ചു, ”ഇയാളെ എന്തിനാണു് ഇവിടേക്കു വരുത്തിയതു്? ഇങ്ങേരു വന്നതു കാരണം നമുക്കുള്ള അവസരം നഷ്ടമാകുമോ? നമുക്കു സീതയെ കിട്ടുന്ന കാര്യം സംശയം തന്നെ. ഇയാള്‍ ഇവിടെ നിന്നും പോയാല്‍ മതിയായിരുന്നു.” എന്നിങ്ങനെ അവര്‍ സാഹചര്യത്തെ ശപിച്ചു കൊണ്ടേയിരുന്നു.

ഈ സമയം ശ്രീരാമനെ ദര്‍ശിച്ച സീതയാകട്ടെ, ”ഈശ്വരാ! ഇത്രയും ഭാരമുള്ള വില്ലു് അവിടുന്നു് എന്തിനാണു നിര്‍മ്മിച്ചതു്? ഇതിൻ്റെ ഭാരമൊന്നു കുറച്ചു കൊടുത്തു കൂടേ?” എന്നിങ്ങനെ പരിസ്ഥിതിയെ മാറ്റാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു.

ഇതില്‍ മിഥിലാവാസികളുടെ പ്രാര്‍ത്ഥനയാണു ശരിയായ പ്രാര്‍ത്ഥന. അവരുടെ മനോഭാവമാണു ശരിയായിട്ടുള്ളതു്. അവര്‍ പരിസ്ഥിതിയെ മാറ്റുവാനല്ല പ്രാര്‍ത്ഥിച്ചതു്. അതിനെ നേരിടാന്‍ വേണ്ട ശക്തി നല്കണേ എന്നായിരുന്നു അവരുടെ പ്രാര്‍ത്ഥന. ഇതുപോലെ, നാം ഏതു പരിസ്ഥിതിയിലും അതിനെ നേരിടാനാവശ്യമായ മനോധൈര്യത്തിനു വേണ്ടി മാത്രമേ പ്രാര്‍ത്ഥിക്കാവൂ. എന്നാല്‍, പ്രാര്‍ത്ഥന വെറും കുട്ടിത്തമാകാനും പാടില്ല.